Kerala
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ ആക്രമിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ തിങ്കളാഴ്ച വിധി പറയും. നടന്‍ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. കേസില്‍ എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പറയുന്നത്.
2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് അശ്ലീലവീഡിയോ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തന്നെയും മറ്റൊരു നടിയെയും ചേര്‍ത്ത് അതിജീവിത ഗോസിപ്പുകള്‍ പ്രചരിപ്പിച്ചു എന്നു നടന്‍ ദിലീപ് സംശയിച്ചു. ഈ ബന്ധം ആദ്യ ഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകര്‍ന്നു. തുടര്‍ന്ന് ദിലീപ് ഭീഷണി മുഴക്കുകയും ഇരയുടെ കരിയര്‍ തകര്‍ക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
അതിജീവിതയെ മാനസികമായി തളര്‍ത്താനും അപമാനിക്കാനും ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ നഗ്‌ന ദൃശ്യങ്ങളും ലൈംഗിക പ്രവൃത്തികളും ചിത്രീകരിക്കാന്‍ നിര്‍ദേശിച്ചു. ഒന്നരക്കോടി രൂപ വാഗ്ദാനം നല്‍കി. 2013ല്‍ കൊച്ചിയിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു.
രഹസ്യവിചാരണ
2018 മാര്‍ച്ച് എട്ടിനാണ് കേസിന്‍റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരം പ്രത്യേക വനിതാ ജഡ്ജിയെ കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി നിയോഗിച്ചു. രഹസ്യ വിചാരണയാണ് നടന്നത്. പിന്നീട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു.
261 സാക്ഷികളെ വിസ്തരിച്ച കേസില്‍ 28 പേര്‍ കൂറുമാറിയിരുന്നു. ആദ്യ കുറ്റപത്രത്തിലെ ഏതാനും പേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ചിലര്‍ മാപ്പുസാക്ഷിയായിരുന്നു. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
Movies
ഇന്ത്യന്‍ ചലച്ചിത്രസമ്പ്രദായങ്ങളെ വെല്ലുവിളിക്കുകയും പരമ്പരാഗത രീതികളെ മാറ്റിമറിക്കുകയും ചെയ്ത നടനായതുകൊണ്ടാണ് 'ഹീ-മാന്‍ ഓഫ് ബോളിവുഡ്' എന്ന് ധര്‍മേന്ദ്രയെ വിളിക്കുന്നത്. തന്റെ 87-ാം വയസില്‍ ശബാന ആസ്മിയെ ചുംബിച്ചുകൊണ്ട് ധര്‍മേന്ദ്ര വെള്ളിത്തിരയില്‍ മറ്റൊരു ഞെട്ടിക്കലും നടത്തി. ആ ചുംബനരംഗം അപ്രതീക്ഷിതമായിരുന്നു. കരണ്‍ ജോഹര്‍ ചിത്രത്തിലെ മാസ്മരിക അനുഭവം കൂടിയായിരുന്നു ആ രംഗം.
1960-ല്‍ പുറത്തിറങ്ങിയ 'ദില്‍ ഭി തേര ഹം ഭി തേരെ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇതിഹാസനടന്‍ വെള്ളിത്തിരയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ എന്നും മുന്നിലായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പരിശോധിച്ചാല്‍ വ്യത്യസ്തവും പരമ്പരാഗതശൈലികളെ വെല്ലുവിളിക്കുന്നതുമായിരുന്നു എന്നു കാണാന്‍ കഴിയും. സംവിധായകരും നിര്‍മാതാക്കളും എതിരഭിപ്രായം ഉന്നയിക്കുമ്പോഴും ആ താരമൂല്യത്തിനു മുന്നില്‍ നിഷ്പ്രഭമാകുകയായിരുന്നു.
2003ല്‍ ആയിരുന്നു എല്ലാവരും ഞെട്ടിയ വെള്ളിത്തിരയിലെ ആ രംഗം. 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി'യില്‍ 87 വയസുകാരനായ ധര്‍മേന്ദ്ര 73 വയസുകാരിയായ നടി ഷബാന ആസ്മിയെ ചുംബിച്ചുകൊണ്ട് പ്രായം എന്ന സങ്കല്പങ്ങളെ തകര്‍ത്തെറിഞ്ഞു. കരണ്‍ ജോഹര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, ആഞ്ജലി ആനന്ദ് തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍.
ചിത്രത്തിലെ ചുംബനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ധര്‍മേന്ദ്രയുടെ മറുപടി ഇങ്ങനെയായിരുന്നു: 'ഇത്, എനിക്ക് വളരെ എളുപ്പമാണ്. ഷബാനയും ഞാനും പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തിയതായി കേട്ടു. അതേസമയം, ഷബാന പൂര്‍ണ പിന്തുണ നല്‍കി. എന്നാല്‍, ആളുകള്‍ ഇതു പ്രതീക്ഷിച്ചിരുന്നില്ലെന്നു ഞാന്‍ കരുതുന്നു. ഞാന്‍ അവസാനമായി ഒരു ചുംബനരംഗം ചെയ്തത് നഫീസ അലിക്കൊപ്പം ആയിരുന്നു, അക്കാലത്ത് ആളുകള്‍ അതിനെ സ്വീകരിച്ചിരുന്നു.'
"പ്രണയത്തിനു പ്രായപരിധിയില്ല. കരണ്‍ ജോഹര്‍ ഞങ്ങളോടു രംഗം വിവരിച്ചപ്പോള്‍, ഞാന്‍ ആവേശഭരിതനായില്ല. ഞങ്ങള്‍ അത് സിനിമയ്ക്ക് ആവശ്യമാണെന്നു കരുതി. ഞാന്‍ അതു ചെയ്യുമെന്നു പറഞ്ഞു. പ്രായം ഒരു സംഖ്യ മാത്രമാണ്, പ്രായം കണക്കിലെടുക്കാതെ രണ്ട് ആളുകള്‍ പരസ്പരം ചുംബിക്കുന്നതിലൂടെ അവരുടെ സ്നേഹമാണു വെളിപ്പെടുന്നത്. ഷബാനയും ഞാനും അതു ചെയ്യുമ്പോള്‍ ഒരുതരത്തിലുമുള്ള അസ്വസ്ഥതയും അനുഭവപ്പെട്ടില്ല...' ധര്‍മേന്ദ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം, പവന് ഹാന്‍സ് ശ്മശാനത്തില്‍ ഐതിഹാസിക നടനു ഷബാന ആസ്മി തന്റെ പ്രിയ നടന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. നിറകണ്ണുകളോടെയാണ് ഷബാന തന്റെ പ്രിയ സുഹൃത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകന് അഗസ്ത്യ നന്ദയോടൊപ്പമുള്ള ഇക്കിസ് ആണ് ധര്‍മേന്ദ്രയുടെ അവസാന ചിത്രം.
Movies
അമേരിക്കയിലും കാനഡയിലും റിക്കാര്‍ഡ് കളക്‌ഷന്‍ നേടി ബാഹുബലി ദി എപ്പിക്. സൂപ്പര്‍താരം പ്രഭാസ്, റാണ ദഗുബതി, അനുഷ്ക ഷെട്ടി, സത്യരാജ്, രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ഈ മാഗ്നം ഓപസ് വലിയ ആവേശമാണു പ്രേക്ഷകരില്‍ സൃഷ്ടിച്ചത്. ബോക്സ് ഓഫീസിലെ റിക്കാര്‍ഡ് നേട്ടം, 'ബാഹുബലി' നിത്യഹരിതമാണെന്നും പ്രേക്ഷകര്‍ ഇപ്പോഴും ബിഗ് സ്ക്രീനില്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നതിന്‍റെ തെളിവായിരുന്നു ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും ചേര്‍ന്നുള്ള പുതിയ റിലീസ്.
ബാഹുബലി, ബാഹുബലി 2 എന്നീ രണ്ട് സിനിമകള്‍ സംയോജിപ്പിച്ച് ഒറ്റ സിനിമയാക്കി മാറ്റിയ മാഗ്നം ഓപസ് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ, സവിശേഷമായ പുനര്‍-റിലീസ് രീതിയായിരുന്നു. കൂടാതെ, ഇതുവരെ കാണാത്ത സീനുകളും ഉള്‍പ്പെടുത്തി. മികച്ച ദൃശ്യവിരുന്നു നല്‍കുന്നതില്‍ ബാഹുബലി ചിത്രങ്ങള്‍ പ്രേക്ഷകമനസില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് എന്നതിന്‍റെ തെളിവുകൂടിയായിരുന്നു രണ്ടു ചിത്രങ്ങള്‍ ചേര്‍ത്തുള്ള പുതിയ റിലീസിനു ലഭിച്ച സ്വീകരണം.
വെങ്കി ബോക്സ് ഓഫീസിന്‍റെ കണക്കനുസരിച്ച്, ബാഹുബലി-ദി എപ്പിക് വടക്കേ അമേരിക്കന്‍ ബോക്സ് ഓഫീസില്‍ 8.26 കോടി രൂപ നേടി. മേഖലയില്‍ ഇന്ത്യന്‍ റീ-റിലീസ് ചിത്രത്തിനു ലഭിക്കുന്ന എക്കാലത്തെയും റിക്കാര്‍ഡ് കളക്‌ഷനാണിത്. അമേരിക്കയില്‍നിന്നാണ് കൂടുതല്‍ കളക്‌ഷന്‍ നേടിയത്.
ഇന്ത്യയിൽ
ഇന്ത്യയില്‍ ബാഹുബലി ദി എപ്പിക് ബോക്സ് ഓഫീസ് കുതിപ്പ് ഏതാണ്ട് അവസാനിച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം, 20 ദിവസത്തിനുള്ളില്‍ 33.48 കോടിയിലേറെ രൂപയുടെ വരുമാനം നേടിയിട്ടുണ്ട്. ജിഎസ്ടി കണക്കുകള്‍ പ്രകാരം, മൊത്തം കളക്‌ഷന്‍ 39.5 കോടി രൂപ. (നേരിയ വ്യത്യാസങ്ങള്‍ വരാം).
Movies
തിരുവനന്തപുരം: വിവാദങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കവേ റാപ്പര്‍ വേടനെത്തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തിയത് പലരെയും അമ്പരപ്പിച്ചു. മഹാരഥന്‍മാരും അധ്യാപകരും കവികളുമൊക്കെ വിരാജിച്ചിരുന്ന സിംഹാസനത്തിലേക്കാണ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി റാപ്പര്‍ വേടനെയും കൈപിടിച്ചു ഇരുത്തിയിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് പത്തു പുരസ്‌കാരങ്ങള്‍ നേടിയതില്‍ പ്രധാനപ്പെട്ടത് ഗാനരചനയ്ക്കു വേടനു ലഭിച്ച പുരസ്‌കാരമാണ്. അപ്രതീക്ഷിതമായാണ് വേടനെ തേടി പുരസ്‌കാരം എത്തിയത്.
വിയര്‍പ്പു തുന്നിയ കുപ്പായം എന്ന ഗാനത്തിലെ വരികള്‍ക്കാണ് വേടനെ മികച്ച ഗാനരചയിതാവായി അവാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്തത്. പീഡനക്കേസുകളില്‍ അടക്കം കുരുങ്ങി കരിയര്‍തന്നെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന വേളയിലാണ് ഹിരണ്‍ദാസ് മുരളിയെന്ന വേടനെത്തേടി സംസ്ഥാന അവാര്‍ഡ് എത്തിയിരിക്കുന്നത്. ലൈംഗികാരോപണക്കേസുകളില്‍ കുടുങ്ങിയ ഈ തൃശൂര്‍ സ്വദേശി വിദേശത്തേക്കു പോകാന്‍ കോടതി നല്‍കിയ ഹര്‍ജിയിലും ഇന്ന് അനുകൂല തീരുമാനം കിട്ടിയിരുന്നു.
പ്രണയവും കാത്തിരിപ്പും വിരഹവുമൊക്കെയാണ് വിയര്‍പ്പു തുന്നിയ കുപ്പായത്തിന്റെ ഇതിവൃത്തം. സാധാരണക്കാരന്റെ ജീവിതത്തെ സ്പര്‍ശിച്ചു നില്‍ക്കുന്ന കാര്യങ്ങളാണ് ഗാനത്തില്‍ പറയുന്നത്. 2020ലാണ് വേടന്‍ സംഗീതരംഗത്തേക്കു ചുവടുവയ്ക്കുന്നത്. വോയ്‌സ് ഓഫ് ദി വോയ്‌സ് ലെസ് എന്ന സംഗീത ആല്‍ബവുമായി തുടക്കം. ജാതി മൂലം പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിഹ്വലതകളായിരുന്നു പ്രമേയം. ഇതു 1.8 കോടിയിലേറെ കാഴ്ചക്കാരെ യു ട്യൂബില്‍ നേടി. ഇതോടെ വേടന്‍ ശ്രദ്ധിക്കപ്പെട്ടു.
2021ല്‍ നായാട്ട് എന്ന ചിത്രത്തിലെ നരബലി എന്ന ട്രാക്കിലൂടെ ചലച്ചിത്ര രംഗത്തും എത്തി. എന്നാല്‍, പിന്നീട് നിരവധി വിവാദങ്ങള്‍ ഈ യുവാവിനെ ചുറ്റിപ്പറ്റി ഉയര്‍ന്നു. നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരേ ലൈംഗിക ആരോപണവുമായി രംഗത്തുവന്നു. ചിലതൊക്കെ കേസുകളായി മാറി. ബുക്ക് ചെയ്തിരുന്ന പരിപാടികള്‍ പലതും കാന്‍സല്‍ ചെയ്യേണ്ടിവന്നു.