ചങ്ങനാശേരി: മാടപ്പള്ളിയില്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടാന്‍ വായ്പൂര് സ്വദേശി ഷൂട്ടര്‍ ജോസ് പ്രകാശും സംഘവും എത്തി. മാടപ്പള്ളി പഞ്ചായത്ത് 12-ാംവാര്‍ഡില്‍ കുട്ടന്‍ചിറ, കൊരണ്ടിത്താനം, മുണ്ടുകുഴി, പരപ്പൊഴിഞ്ഞ ഭാഗങ്ങളിലാണ് സംഘം പന്നികള്‍ക്കായി തെരച്ചില്‍ നടത്തിയത്. രാത്രി വൈകിയും തെരച്ചില്‍ തുടരുകയാണ്. കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായുള്ള കര്‍ഷകരുടെ പരാതിയെ തുടര്‍ന്നാണ് മാടപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ജോസ് പ്രകാശിനും സംഘത്തിനും കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി നല്‍കിയത്.
കുന്നുംപുറത്ത് ജോസ് പ്രകാശിനൊപ്പം കടക്കേത്ത് റെജി ജോസഫ്, ചിറ്റടിയില്‍ സാം സെബാസ്റ്റ്യന്‍ എന്നിവരും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സുനിമോള്‍ ചാക്കോ, മാടപ്പള്ളി വികസനസമിതി ചെയര്മാന് ബാബു കുട്ടന്‍ചിറ പഞ്ചായത്തംഗങ്ങളായ ഇന്ദുലേഖ, ഭുവനേന്ദ്രനാഥ് എന്നിവരും ഇവരുടെ ഉദ്യമത്തില്‍ പങ്കെടുത്തു.
ഏഴു വര്‍ഷത്തിനിടെ ജോസ് പ്രകാശും സംഘവും ചോര്‍ന്ന് കൊന്നൊടുക്കിത് എഴുനൂറിലേറെ കാട്ടുപന്നികളെയാണ്. പന്നിശല്യം ചൂണ്ടിക്കാട്ടിയാല്‍ ലാഭനഷ്ടങ്ങള്‍ നോക്കാതെ ജോസ് പ്രകാശ് ഓടിയെത്തുകയാണ് പതിവ്. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഇരുപതോളം പഞ്ചായത്തുകളില്‍ പന്നികളെ വെടിവയ്ക്കാന്‍ അനുമതിയുള്ള ഷൂട്ടറാണ് സംഘനേതാവായ വായ്പൂര് കുന്നുപുറത്തുവീട്ടില്‍ ജോസ് പ്രകാശ്. നെഞ്ചിനു നേരേ ചീറിയടുക്കുന്ന കാട്ടുപന്നികളെപ്പോലും വെടിവച്ചുവീഴ്ത്തിയ ഐതിഹാസിക ഷൂട്ടറാണ് ജോസ് പ്രകാശ്. കൂട്ടത്തോടെ വരുന്ന പന്നികള്‍ ഉപദ്രവകാരികളാണെന്നും ജോസ് പറഞ്ഞു.