മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരുടെ സുരക്ഷയുമായും ഹേമ കമ്മിറ്റി റിപ്പോർട്ടുമായും ബന്ധപ്പെട്ടു ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. താൻ ഉന്നയിക്കുന്ന ആരോപണങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടാത്തതിനെത്തുടർന്നാണു നിരാഹാരസമരമെന്നും സംവിധായകൻ വ്യക്തമാക്കി.
മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിലാണെന്ന ആരോപണം അന്വേഷിക്കുക, തനിക്കെതിരെയുള്ള കള്ളക്കേസിന്റെ ഗൂഢാലോചന അന്വേഷിക്കുക, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുക, അതിലെ സെക്സ് റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കുക എന്നിവയാണ് സനലിന്റെ പ്രധാന ആവശ്യങ്ങൾ. നിരാഹാര വേദിക്കു മുന്നിലായി തന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ബാനറും സംവിധായകൻ പ്രദർശിപ്പിച്ചിട്ടുണ്ട്.
തനിക്കു ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ തെരുവിൽ പ്രദർശിപ്പിച്ചാണ് സനൽകുമാർ സമരം നടത്തുന്നത്. താൻ ഉന്നയിക്കുന്നതു വ്യക്തിപരമായ ആവശ്യങ്ങളല്ലെന്നും വലിയ സംഘത്തിനെതിരെയുള്ള പോരാട്ടമായതിനാൽ പൊതുജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും സംവിധായകൻ പറഞ്ഞു.