32 കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍ നോട്ടീസ്
ഇരിങ്ങാലക്കുട: കാലവര്‍ഷം കണക്കിലെടുത്ത് മുകുന്ദപുരം താലൂക്കില്‍ മൂന്ന് സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ 32 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. ഇരിങ്ങാലക്കുട നഗരസഭയില്‍ പൊറത്തിശേരി മാടായിക്കോണം വില്ലേജില്‍ വാതില്‍മാടം കോളനി, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ തെക്കുംകര വില്ലേജില്‍ മുസാഫരിക്കുന്ന്, കാറളം പഞ്ചായത്തില്‍ കോഴിക്കുന്ന് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഭീഷണിയുള്ളതായി റിപ്പോര്‍ട്ടുള്ളത്.
2018 - 19 വര്‍ഷത്തെ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിലായിരുന്നു പരിശോധന. മണ്ണു സംരക്ഷണ വകുപ്പ്, മൈനിംഗ് ആന്‍ഡ് ജിയോളജി, ഗ്രൗണ്ട് വാട്ടര്‍, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
കാലവര്‍ഷം ആരംഭിക്കും മുമ്പ് വെള്ളപ്പൊക്കം, കടല്‍ക്ഷോഭം, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഈ പ്രദേശങ്ങളിലെ 32 കുടുംബങ്ങളോട് മാറി താമസിക്കുവാന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്കി.
മുസാഫരിക്കുന്നിലാണ് ഏറ്റവും കൂടുതല്‍ കുടുംബങ്ങളുള്ളത്. 21 കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസര്‍ മുഖേന മാറിതാമസിക്കുവാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സത്താര്‍ പനംപറമ്പില്‍, ഷംസുദ്ദീന് വലിയകത്ത്, മുഹമ്മദ് കുഴിക്കണ്ടത്തില്‍, സൈനബ കുംബളത്തുവീട്, നസീറ അറക്കപറമ്പില്‍, ആത്തിക്ക വെളുത്തേരി, ലുബീന കല്ലുവിള തേക്കേവീട്ടില്‍, ജാസ്മി പുഞ്ചപറമ്പില്‍, കൊച്ചാമി ഇടപ്പുള്ളി, ശോഭന ചെന്നറ, ഷമീറ ജാഫര്‍ കോക്കാത്തിലത്ത്, റംല ഹംസ ചീനിക്കാപുറത്ത്, അംബിക ശശി മൂത്തോളില്, മനോഹരന് വേലപറമ്പില്‍, അയ്യപ്പന് മാണാന്, ഐഷാബി തെരുവില്‍, എം.വി. പ്രീതി കോഴിപറമ്പില്‍, ലൈല അറക്കല്‍, ഷക്കീല വാഴപറമ്പില്‍, ബിന്ദു സജീവന് പണ്ണാര്ത്തില്, വി.പി. മനീഷ് വേലപ്പറമ്പില് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പൊറത്തിശേരി വാതില്‍മാടം കോളനിയില്‍ ഏഴു കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സുഹറ ബീവി അറക്കല്‍, ഗിരീഷ് പേടിയ്ക്കാട്ടുപറമ്പില്, എലുവങ്കല്‍ സുരേഷ്, കാളിക്കുട്ടി ചേനങ്ങത്ത്, കുട്ടന് മുരിങ്ങത്ത്, ഭവാനി നൊച്ചിവളപ്പില്, പാറളത്ത് കല്യാണി എന്നിവര്‍ക്കാണ നോട്ടീസ് നല്‍കിയിട്ടുള്ളത്.
കാറളം കോഴിക്കുന്നില്‍ രമേശ് മഠത്തിവീട്ടില്‍, വിമല അയ്യപ്പന് മുല്ലയ്ക്കല്, അമ്മിണി മനംപിലായ്ക്കല്, രാധാകൃഷ്ണന് വെള്ളാഞ്ചേരി എന്നീ നാല് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.