കൊച്ചി: കരുവാറ്റയിലെ വയോധികന്റെ കൊലപാതക കേസിലെ പ്രതികളായ കൗമാരക്കാരായ മൂന്നു പ്രതികളെയും പൊലിസ് കസ്റ്റഡിയില്‍ വിട്ട ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ബോര്‍ഡിന്റെ നടപടി ബാലനീതി നിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി മൂന്ന് പ്രതികളും നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് ജി. ഗിരീഷ് മാറ്റിയത്. ചൊവ്വാഴ്ച വിധി പറഞ്ഞേക്കും.
ബോര്‍ഡ് ഉത്തരവ് സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവും അതുവരെ നീട്ടി. ഒബ്സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്ന കുട്ടികളെ റെയില്‍വേ, ബസ് സ്റ്റാൻഡ് പോലുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പിന്റെ പേരില്‍ കൊണ്ടുപോകാന്‍ ബോര്‍ഡ് ഉത്തരവ് ഇടയാക്കും. ഈ സാഹചര്യത്തില്‍ ജെജെ ബോര്‍ഡ് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഓഗസ്റ്റ് 16ന് രാത്രിയാണ് വയോധികനെ കരുവാറ്റയിലെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വയോധികന്റെ ബന്ധുവായ പതിമൂന്നുകാരി ആവശ്യപ്പെട്ട പ്രകാരം കൗമാരക്കാരായ പ്രതികള്‍ വയോധികനെ കൊലപ്പെടുത്തിയതെന്നാണു കേസ്.