ന്യൂഡൽഹി: ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചെങ്കിലും തങ്ങളുടെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി. സമരക്കാർ ഉന്നയിച്ച നാല് പ്രധാന ആവശ്യങ്ങളിൽ ഒന്നാമത്തേത് മാത്രമാണ് ധർമ്മേന്ദ്ര പ്രധാന്റെ രാജി. ബാക്കിയുള്ള നിർണായക ആവശ്യങ്ങൾ കൂടി നേടിയെടുക്കുന്നതുവരെ ഡൽഹി ജന്തർമന്തറിലും രാജ്യവ്യാപകമായും സമരം ശക്തമായി തുടരുമെന്ന് സിജെപി നേതൃത്വം വ്യക്തമാക്കി.
ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, പ്രതിഷേധത്തിൽ പങ്കെടുത്ത ഒരാൾക്കെതിരെ പോലും ഒരുതരത്തിലുള്ള നിയമനടപടികളും സ്വീകരിക്കരുത്, സമരത്തിന് നേരെ അതിക്രമം കാട്ടിയ റാപ്പിഡ് ആക്ഷൻ ഫോഴ്സും ഡൽഹി പോലീസും പരസ്യമായി മാപ്പ് പറയുക എന്നീ ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവച്ചിരിക്കുന്നത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ സിജെപിയും പ്രതിപക്ഷവും ശക്തമായ പ്രക്ഷോഭം തുടരുന്നതിനിടയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പദവി ഒഴിഞ്ഞത്. ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം രാജിക്കത്ത് അയച്ചുനൽകുകയായിരുന്നു. മന്ത്രിയുടെ രാജി ആവശ്യമില്ലെന്നായിരുന്നു ആദ്യം കേന്ദ്ര സർക്കാരിന്റെ നിലപാടെങ്കിലും, പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാർ ഉറച്ചുനിന്നതോടെ സർക്കാരിന് ഒടുവിൽ വഴങ്ങേണ്ടി വന്നു.
മന്ത്രിയുടെ രാജി സമരത്തിന് ലഭിച്ച വലിയൊരു വിജയമാണ്.വിദ്യാർഥികൾക്ക് നീതി ലഭിക്കുന്നത് വരെ പോരാട്ടത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോക്കമില്ലെന്ന് സിജെപി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.