കല്ലടിക്കോട്: മുതുകുറിശി കോഴിയോടിനും റിക്രിയേഷൻ ക്ലബ്ബിനും ഇടയിൽ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതിനു പരിഹാരമായില്ല. മഴപെയ്താൽ റോഡ് മുഴുവനായി വെള്ളത്തിനടിയിലാവുന്ന സ്ഥിതിയിലാണ് നിലവിലുള്ളത്. മഴ തുടങ്ങുംമുൻപുതന്നെ പ്രദേശവാസികൾ റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യവുമായി തച്ചമ്പാറ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെംബറെ സമീപിച്ചിരുന്നു.
എന്നാൽ ശക്തമായ മഴ തുടങ്ങിയിട്ടും പരിഹാരമായില്ലെന്നു നാട്ടുകാർ പറയുന്നു. തച്ചമ്പാറ കുണ്ടൻതോട് മുതൽ മുതുകുറിശി പാറ്റ വരെയുള്ള റോഡ് തങ്ങളുടേതല്ലെന്ന് രേഖാമൂലം എഴുതിനൽകാൻ ആവശ്യപ്പെട്ടപ്പോൾ അധികൃതർ ഒഴിഞ്ഞുമാറുകയും ചെയ്തെന്നു മെംബർ പറഞ്ഞു. പിന്നീട് സ്ഥലം പഞ്ചായത്ത് അധികൃതർ സന്ദർശിച്ചെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.
വെള്ളക്കെട്ട് സ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പാൽ സൊസൈറ്റിയിലേക്ക് പോകുന്നവർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. റോഡിലെ വെള്ളം താഴുമ്പോൾ മഴയിൽ കുത്തിയൊലിച്ചു വന്ന മണ്ണിൽ ആളുകൾ തെന്നിവീഴുന്നതും പതിവാണ്.