കോട്ടയം: ഓണം കഴിഞ്ഞിട്ടും സവാള വില കുതിച്ചുയരുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വരവ് കുറഞ്ഞതോടെ വിപണിയില്‍ സവാളയുടെ വില ചില്ലറ വിപണയില്‍ കിലോഗ്രാമിന് 60മുതല്‍ 80 രൂപ വരെയായി ഉയര്‍ന്നു.
മൊത്തവിലയിലും വര്‍ധനവുണ്ട്. 50 രൂപയ്ക്കു ലഭിച്ചിരുന്ന സവാള ഗ്രേഡ് അനുസരിച്ച് 54 രൂപ മുതലുള്ള മൊത്ത വിലയിലാണ് വ്യാപാരികള്‍ക്കു ലഭിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ലഭിച്ചിരുന്ന സവാളയ്ക്ക് ഇപ്പോള്‍ ഇരട്ടിയിലധികമാണ് വില.
മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും സവാള ഉത്പാദന കേന്ദ്രങ്ങളില്‍ ഉണ്ടായ കനത്തമഴയും കാലാവസ്ഥാ വ്യതിയാനവും കൃഷിയെ സാരമായി ബാധിച്ചു. ഇതു സംസ്ഥാനത്തേക്കുള്ള സവാളയുടെ വരവ് കുറയാന്‍ കാരണമായി. വിപണിയില്‍ ആവശ്യത്തിന് സാധനങ്ങള്‍ എത്താതായതോടെയാണ് വിലക്കയറ്റം രൂക്ഷമായത്.
ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ വ്യത്യസ്ത ഗ്രേഡുകളിലുള്ള സവാള ലഭ്യമാണ്. മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഡിമാൻഡുള്ളതു പൂനയില്‍നിന്നുള്ള സവാളയ്ക്കാണ്. ഇതിന്റെ വിലയാണ് കിലോഗ്രാമിന് 80 രൂപ. മറ്റു സ്ഥലങ്ങളില്‍നിന്നു ലഭിക്കുന്ന സവാളയുടെ വില ഇതില്‍ താഴെയാണ്.
ഹോട്ടലുകളെയും ഭക്ഷണശാലകളെയും നടത്തുന്നവരെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇപ്പോഴത്തെ സവാള വിലവര്‍ധന. കറികളില്‍ ഒഴിവാക്കാനാവാത്ത സവാളയുടെ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതത്തെയും നേരിട്ട് ബാധിക്കുന്നുണ്ട്. വിപണിയിലെ ഈ വിലക്കയറ്റം തടയാന്‍ അടിയന്തര ഇടപെടലുകള്‍ വേണമെന്നാണ് സാധാരണക്കാരുടെ ആവശ്യം. വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരുമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കള്‍.