ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജ്യസഭാ പ്രതിപക്ഷ നേതാവായി തുടരും. രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ സി.പി.രാധാകൃഷ്ണൻ വിവിധ പാർലമെന്ററി സമിതികൾ പുനഃസംഘടിപ്പിച്ചതോടെയാണ് ഖാർഗെയുടെ പുനർനിയമനം ഔദ്യോഗികമായത്.
കഴിഞ്ഞ ജൂണിൽ കർണാടകയിൽ നിന്ന് ഖാർഗെ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജൂൺ 29ന് തന്നെ അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചിരുന്നെങ്കിലും പാർലമെന്ററി സമിതികളുടെ പുനഃസംഘടനയ്ക്ക് ശേഷമാണ് നിയമനം യാഥാർഥ്യമായത്.
തമിഴ്നാട്ടിലെ മുതിർന്ന എഐഎഡിഎംകെ നേതാവ് തമ്പിദുരൈ വൈസ് ചെയർമാൻമാരുടെ പാനലിൽ ഇടം നേടി. എംപി ഫണ്ട് നിയന്ത്രിക്കുന്ന എംപി ലാഡ്സ് സമിതിയിലേക്ക് കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായ ഡോ. ജോൺ ബ്രിട്ടാസ്, ജോസ് കെ. മാണി എന്നിവരെയും ഉൾപ്പെടുത്തി.
ബിസിനസ് അഡ്വൈസറി കമ്മിറ്റി, പ്രിവിലേജ് കമ്മിറ്റി, എഥിക്സ് കമ്മിറ്റി, ഗവൺമെന്റ് അഷ്വറൻസ് കമ്മിറ്റി തുടങ്ങിയ പ്രധാന സമിതികളിലേക്കും പുതിയ അംഗങ്ങളെ ചെയർമാൻ നാമനിർദേശം ചെയ്തു.വിവിധ സമിതികളിൽ സാം സതീഷ് ബാബു, തരുൺ ചുഗ്, സുസ്മിത ദേവ്, ഹാരിസ് ബീരാൻ, സഞ്ജയ് സേത്ത്, ഉപേന്ദ്ര കുശ്വാഹ തുടങ്ങിയ നേതാക്കളും ഇടം നേടി.
വിവിധ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായി മുകുൾ വാസ്നിക്, തിരുച്ചി ശിവ, രാഘവ് ഛദ്ദ തുടങ്ങിയവരെയും നാമനിർദേശം ചെയ്തിട്ടുണ്ട്.