ലഖ്നൗ: റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് പ്രസിഡന്റ് ധൻരാജ് പീമൽ നത്വാനിയെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സമാജ്വാദി പാർട്ടിക്ക് എതിരെ വിമർശനങ്ങൾ കത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വർഷത്തെ രാഷ്ട്രീയ ജീവിതത്തെ പ്രശംസിച്ച് ധൻരാജ് നത്വാനി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദീർഘമായ കുറിപ്പാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രിയായി തുടങ്ങിയ മോദിയുടെ യാത്രയെ 'അടിയുറച്ച നിശ്ചയദാർഢ്യത്തിന്റെയും രാഷ്ട്രനിർമാണ പ്രതിബദ്ധതയുടെയും' മാതൃകയെന്നാണ് നത്വാനി വിശേഷിപ്പിച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ എസ്പിയുടെ സുരക്ഷിതമായ രണ്ട് സീറ്റുകളിൽ ഒന്നിലേക്ക് കോർപ്പറേറ്റ് നേതാവായ നത്വാനിയെ പരിഗണിച്ചതിൽ പാർട്ടിയുടെ മുഖ്യ അജണ്ടയായ 'പിഡിഎ' (പിഛ്ഡെ, ദളിത്, അൽപസംഖ്യക് - പിന്നോക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങൾ) വാദത്തിന് തിരിച്ചടിയേറ്റതായി എതിരാളികൾ ആരോപിക്കുന്നു.
ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് കസ്റ്റഡിയിലെടുക്കപ്പെട്ടതിനെ നത്വാനി അപലപിച്ചിരുന്നുവെങ്കിലും, തൊട്ടുപിന്നാലെ അദ്ദേഹം മോദിയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത് എസ്പിയും ബിജെപിയും തമ്മിലുള്ള അന്തർധാരയാണ് വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ എതിരാളികൾ ആരോപിക്കുന്നു.
എന്നാൽ പരമ്പരാഗത രാഷ്ട്രീയ തട്ടകങ്ങൾക്ക് പുറത്തേക്ക് കോർപ്പറേറ്റ്, വ്യാവസായിക മേഖലകളുമായി ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് സമാജ്വാദി പാർട്ടിയുടെ വിശദീകരണം. എങ്കിലും പാർട്ടിക്കുള്ളിൽ നിന്നും സഖ്യകക്ഷികളിൽ നിന്നും ഇതിനെതിരെ എതിർപ്പ് ഉയരുന്നുണ്ട്.