Kerala
കണ്ണൂർ: സർക്കാരിന്റെ ക്ഷേമപദ്ധതി പ്രഖ്യാപനത്തിൽ കർഷക ക്ഷേമനിധി പെൻഷൻ പദ്ധതിയെ ഒഴിവാക്കിയതിൽ സിപിഐയിൽ പ്രതിഷേധം. രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ 2021 ഡിസംബറിലാണു കർഷക പെൻഷൻ പദ്ധതിക്കു തുടക്കം കുറിച്ചത്.
കൃഷിമന്ത്രി പി. പ്രസാദ് പലതവണ ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി ചർച്ച നടത്തിയെങ്കിലും പണമില്ലെന്നു പറഞ്ഞ് കർഷക പെൻഷൻ പദ്ധതിയുടെ ഫയലിൽ ഇതുവരെയും ഒപ്പിട്ടിട്ടില്ല. എന്നാൽ, ബുധനാഴ്ച സർക്കാർ പ്രഖ്യാപിച്ച ക്ഷേമപദ്ധതികളിൽ കർഷക ക്ഷേമപെൻഷൻ പദ്ധതിയെ അവഗണിക്കുകയായിരുന്നു.
ധനവകുപ്പിന് പതിനായിരം കോടി രൂപയുടെ അധിക ബാധ്യത വരുന്ന നിരവധി പദ്ധതികളാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ബാധ്യത സർക്കാരിനു താങ്ങാനാവത്തതല്ലെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞത്. ഇതാണ്, കൃഷിവകുപ്പ് ഭരിക്കുന്ന സിപിഐയെ പ്രകോപിതരാക്കുന്നത്. കർഷക ക്ഷേമനിധി പെൻഷൻ പദ്ധതിയെക്കുറിച്ച് നവംബർ നാലിനു സിപിഐ സംസ്ഥാന കൗൺസിലിൽ ചർച്ച ചെയ്യും.
സിപിഐയുടെ കർഷക ഘടനയായ അഖിലേന്ത്യാ കിസാൻ സഭ പ്രതിനിധികൾ ഉൾപ്പെടെ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. കർഷക ക്ഷേമപെൻഷൻ പദ്ധതി ധനവകുപ്പ് അംഗീകരിക്കാത്തതിനെതിരേ അഖിലേന്ത്യാ കിസാൻ സഭ സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തിയിരുന്നു.
എന്നാൽ, തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പ് പദ്ധതിക്കു ധനവകുപ്പ് അംഗീകാരം നല്‍കാമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പു നല്കുകയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാന കൗൺസിൽ വിഷയം ചർച്ച ചെയ്യുന്നത്.
കർഷക ക്ഷേമനിധി പെൻഷനായുള്ള കർഷക രജിസ്ട്രേഷൻ ഓൺലൈൻ മുഖാന്തരം നടത്തുന്നതിനുള്ള സോഫ്റ്റ്വേർ 2021 ഡിസംബർ ഒന്നിനാണ് കൃഷിമന്ത്രി തുറന്നുകൊടുത്തത്. എന്നാൽ, 2025 ഒക്ടോബർ 30 വരെ 15,559 പേരുടെ രജിസ്ട്രേഷൻ മാത്രമാണ് പൂർത്തിയായിരിക്കുന്നത്.പെൻഷൻ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ നടത്തേണ്ട ഓഫീസുകളുടെ പ്രവർത്തനവും ഫണ്ടില്ലാത്തതിനാൽ അനിശ്ചിതത്വത്തിലാണ്.
കർഷക പെൻഷൻ പദ്ധതിയിൽ ചേർന്നവർക്ക് 2027 ജനുവരി മുതൽ പെൻഷൻ കൊടുത്തു തുടങ്ങേണ്ടതാണ്. എന്നാൽ, തുകയും മറ്റാനുകൂല്യങ്ങളും സർക്കാർ ഇതുവരെയും തീരുമാനിച്ചിട്ടില്ല.
National
ന്യൂഡൽഹി: പിഎം ശ്രീ ധാരണാപത്രം റദ്ദാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
പിഎം ശ്രീയുടെ ധാരണാപത്രം മരവിപ്പിക്കാതെ വിട്ടുവീഴ്ചയ്ക്കില്ല. പാർട്ടി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം ആവശ്യപ്പെട്ടു. തുടക്കം മുതലേ സിപിഐ ഈ പദ്ധതിയെ എതിർക്കുന്നുണ്ട്. പദ്ധതിയെ അംഗീകരിക്കണമെന്ന ഒരു സമ്മർദത്തിനും വഴങ്ങില്ലെന്ന് ഡി. രാജ വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ്. അതുകൊണ്ട് സിപിഐ എതിർപ്പ് വ്യക്തമാക്കി. ഇക്കാര്യം സെക്രട്ടറിയേറ്റിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ചർച്ച ചെയ്തു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും സിപിഐയുടെ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ധാരണാപത്രം മരവിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും ചർച്ചകൾ തുടരുമെന്നും ഡി. രാജ പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
സിപിഐ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. എല്ലാ പ്രശ്നവും തീരുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചയുടെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം പിഎം ശ്രീ പദ്ധതിയിൽനിന്നും കേരളം പിൻമാറണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടതായാണ് വിവരം. കരാറിൽ ഒപ്പിട്ടതിൽ കടുത്ത എതിർപ്പും ബിനോയ് വിശ്വം ശിവൻകുട്ടിയെ അറിയിച്ചു.
മുന്നണി മര്യാദകൾ ലംഘിച്ചു. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ ധാരണാപത്രത്തിൽ ഒപ്പുവച്ച നടപടി ശരിയായില്ല. നയപരമായ കാര്യങ്ങളിൽ ഇങ്ങനെയല്ല തീരുമാനം എടുക്കേണ്ടത്.
ഇത് പെട്ടന്നുവന്ന പദ്ധതിയല്ല. സിപിഎമ്മും സിപിഐയും വർഷങ്ങളായി എതിർക്കുന്ന പദ്ധതിയാണിത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞുകൊണ്ട് ധാരണാപത്രത്തിൽ ഒപ്പുവച്ചത് ശരിയായില്ലെന്നും ബിനോയ് വിശ്വം മന്ത്രിയെ അറിയിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ ഉലഞ്ഞ് എൽഡിഎഫ് നേതൃത്വം. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്.
ഘടകക്ഷികളെ ഇരുട്ടിൽ നിര്‍ത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടുമെന്നാണ് സൂചന. 40 ദിവസം കൂടി കഴിഞ്ഞാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പെത്തും. ആറ് മാസം കഴിഞ്ഞാൽ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പും.
മൂന്നാം പിണറായി സര്‍ക്കാരിനായി സിപിഎം സര്‍വ ശക്തിയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തിലാണ് മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കം കടുത്ത നിലപാട് വേണമെന്ന് സിപിഐ യോഗത്തിൽ ചര്‍ച്ച ഉയരുന്നത്. സിപിഎമ്മിനെ നന്ദിഗ്രാം ഓർമ്മിപ്പിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിന് പിന്നാലെ സിപിഐയെ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചത് നല്ലകാര്യമാണെന്നും സിപിഐ എന്ന പാർട്ടിക്ക് കേരളത്തിൽ റെലവൻസില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
പിണറായി കുനിയാൻ പറഞ്ഞാൽ ബിനോയ് വിശ്വം മുട്ടിലിഴയുമെന്നും അദ്ദേഹം പരിഹസിച്ചു. ആദ്യം കുറെ ബഹളം വയ്ക്കും പിന്നെ കീഴടങ്ങും. മാവോയിസ്റ്റു വെടിവയ്പിൽ കുറെ അധരവ്യായാമം നടത്തി. പിന്നെ എഡിജിപി അജിത് കുമാർ വിഷയത്തിൽ ഇപ്പം മൂക്കിൽ കയറ്റിക്കളയുമെന്ന ഗീർവാണം. അങ്ങനെ എത്രയെത്ര കീഴടങ്ങലുകൾ.
എൻഇപിയും അംഗീകരിക്കും എസ്ഐആറും നടപ്പാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. പൗരത്വ രജിസ്റ്ററും കേരളത്തിൽ വരും. കേന്ദ്രം നടപ്പാക്കുന്നതെല്ലാം കേരളത്തിൽ നടപ്പായിരിക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
സഖാവ് ബിനോയ് വിശ്വം വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയുടെ ആപ്തവാക്യം ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നതുമാത്രമാണെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
Kerala
പാലക്കാട്: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ ബിജെപിയുടെ വർഗീയ അജണ്ട നടപ്പിലാക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദിയുടെ വീട്ടിൽ നിന്നല്ല കേന്ദ്ര ഫണ്ട് നൽകുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തങ്ങൾ അധികാരത്തിൽ വരുന്നതിന് മുമ്പാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കിയതെന്നും സതീശൻ വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ സിപിഐയെ പരിഹസിച്ച സതീശൻ, എന്തിനാണ് നാണംകെട്ട് എൽഡിഎഫിൽ നിൽക്കുന്നതെന്ന് ചോദിച്ചു. ഏതു സിപിഐ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്റെ പരാമർശം.
അതേസമയം, സിപിഐയെ മുന്നണിയിലേക്ക് ക്ഷണിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു. എൻഡിഎയിൽ നിന്നും എൽഡിഎഫിൽ നിന്നും നിരവധിപാർട്ടികൾ യുഡിഎഫിലേക്ക് വരാനായി കാത്തു നിൽക്കുന്നുണ്ട്. എന്നാൽ നിലവിൽ ചർച്ചകൾ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.