പാലാ: കേരളത്തിലെ ഏറ്റവും മികച്ച ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനായി സംസ്ഥാന കൃഷി വകുപ്പിന്റെ അവാര്‍ഡ് കരസ്ഥമാക്കിയ പാലാ സാന്തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയെ കാര്‍ഷിക സര്‍വകലാശാല ആദരിച്ചു.
തൃശൂര്‍ വെള്ളായനിക്കരയില് കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ അഗ്രിബിസിനസ് ഇന്‍കുബേഷന്‍ സെന്ററില്‍ നടന്ന യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തരബിരുദ പരീക്ഷാ വിജയദിനാഘോഷ വേളയില്‍ വൈസ് ചാന്‍സലര്‍ ഡോ.ടി.സജിതാ റാണിയില്‍ നിന്ന് ആദരസൂചകമായ മെമന്റോ പാലാ സാന്തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിനു വേണ്ടി ചെയര്‍മാനും പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ റീജിയണ്‍ കോഓര്‍ഡിനേറ്ററുമായ സിബി മാത്യു കണിയാംപടിയും ഡയറക്ടര്‍ ബോര്‍ഡംഗവും കര്‍ഷക ബാങ്ക് പദ്ധതിയുടെ പ്രോജക്ട് ഓഫീസറുമായ പി.വി. ജോര്‍ജ് പുരയിടവും സംയുക്തമായി ഏറ്റുവാങ്ങി.
യൂണിവേഴ്സിറ്റി ഡീന്‍ ഡോ.സുരേന്ദ്ര ഗോപാല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. അഗ്രിബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ മേധാവി ഡോ. കെ.പി.സുധീർ, യൂണിവേഴ്സിറ്റി എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ ഡോ. ബിനൂപ് ബോണി, അഗ്രികള്‍ച്ചര്‍ എന്‍ജനിയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഡോ.പി.കെ. സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.