പാലക്കാട്: പാലക്കുഴി വെള്ളച്ചാട്ടത്തിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട്ടിൽ നിന്നെത്തിയ അഞ്ചംഗ വിനോദസഞ്ചാര സംഘത്തിലെ ഭാനുപ്രിയയാണ് മരിച്ചത്. ഭാനുപ്രിയക്കൊപ്പം അപകടത്തിൽപ്പെട്ട യുവാവിനെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
ശക്തമായ മഴയെ തുടർന്ന് വിനോദസഞ്ചാരികൾക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ യാത്രാ നിരോധനം അറിയാതെ എത്തിയ സംഘമാണ് അപകടത്തിൽപെട്ടത്. ശക്തമായ ഒഴുക്കിൽപ്പെട്ട് വെള്ളച്ചാട്ടത്തിലേക്ക് വീണ ഇരുവരും പാറക്കെട്ടുകൾക്കിടയിൽ അകപ്പെടുകയായിരുന്നു.
ഭാനുപ്രിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.