പാലക്കാട്: കെഎസ്ആർടിസി സ്റ്റാന്‍ഡിൽ ബസിൽ കയറുന്ന തിരക്കിനിടെ വ്യാപക പോക്കറ്റടി. ഇന്നലെ രാത്രി 8.45 നാണ് സംഭവം. രണ്ടുപേർക്കാണ് പണവും മൊബൈൽ ഫോണും നഷ്ടമായത്.
ഒരു യാത്രക്കാരന്റെ 17,000 രൂപയും എടിഎം കാർഡുകളും മറ്റുരേഖകളും നഷ്ടമായി. മറ്റൊരു യാത്രക്കാരന്റെ മൊബൈൽഫോൺ നഷ്ടമായി. പാലക്കാട്- കോഴിക്കോട് ടൗൺ ടു ടൗൺ ബസിൽ കയറുന്നതിനിടെയാണ് പോക്കറ്റടി നടന്നത്. ഈ റൂട്ടിൽ ഒരുമണിക്കൂറോളം ബസ് സർവീസ് നടത്താതിരുന്നതിനെ തുടർന്ന് രൂപപ്പെട്ട വൻ തിരക്കാണ് പോക്കറ്റടിക്ക് വഴിവച്ചതെന്നു യാത്രക്കാർ പറഞ്ഞു.
ബസ് പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ രാത്രികാലങ്ങളിൽ വ്യാപക പോക്കറ്റടി നടക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടു.