പാൻ ഇന്ത്യൻ സൂപ്പർതാരം പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സുപ്രധാന അപ്ഡേറ്റ് പുറത്ത്. രണ്ടാം ഭാഗത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായതായി സംവിധായകൻ നാഗ് അശ്വിൻ പറഞ്ഞു. പത്തു ദിവസത്തെ ഷൂട്ടിംഗ് ആണ് പൂർത്തിയായത്.
ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന 'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ പങ്കെടുക്കുന്പോഴാണു കൽക്കിയുടെ വിശേഷങ്ങൾ സംവിധായകൻ പങ്കുവച്ചത്. സിനിമയുടെ ഷൂട്ടിംഗ് എപ്പോൾ പുനരാരംഭിക്കും എന്ന ചോദ്യത്തിന്, പ്രഭാസിന്റെ ഡേറ്റുകൾ ലഭ്യമാകുന്നമുറയ്ക്കു തുടർച്ചയായ ഷെഡ്യൂളിലേക്കു കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമിതാഭ് ബച്ചനും കമൽ ഹാസനും പങ്കെടുത്ത രംഗങ്ങളാണ് ആദ്യ ഷെഡ്യൂളിൽ പ്രധാനമായും ചിത്രീകരിച്ചതെന്നാണു സൂചന. മുമ്പ് സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിലൂടെ പങ്കുവച്ചിരുന്നു. രണ്ടാം ഭാഗത്തിൽ അമിതാഭ് ബച്ചനും കമൽ ഹാസനും തമ്മിലുള്ള പോരാട്ടമായിരിക്കും പ്രധാന ആകർഷണം.
ഹാനു രാഘവപുടിയുടെ 'ഫൗജി' ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ തിരക്കിലാണ് പ്രഭാസ്. ഇതിന്റെ തിരക്കുകൾ പൂർത്തിയായശേഷമായിരിക്കും താരം 'കൽക്കി 2'വിന്റെ അടുത്ത ഷെഡ്യൂളിൽ എത്തുക.