കൊളോൺ: ഗ്ലോബൽ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള മുപ്പത്തിയേഴാമത് അന്തർദേശീയ പ്രവാസി സംഗമത്തിന് ജർമനിയിൽ തിരിതെളിഞ്ഞു. ജർമനിയിലെ ഐഫലിലെ ഓയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ തിങ്കളാഴ്ച വൈകുന്നേരം എട്ടുമണിക്ക് നടന്ന ചടങ്ങിൽ ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു.
ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, സണ്ണി വേലൂക്കാരൻ (പ്രസിഡന്റ്, ജിഎംഎഫ് ജർമനി), അപ്പച്ചൻ ചന്ദ്രത്തിൽ (ട്രഷറർ, ജിഎംഎഫ് ജർമനി), എബ്രഹാം നടുവിലേഴത്ത്, സിറിയക് ചെറുകാട് (വിയന്ന) എന്നിവർ ചേർന്നാണ് ഉദ്ഘാടനകർമം നിർവഹിച്ചത്.
സിറിയക് ചെറുക്കാടിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം പ്രാർഥനാഗാനം ആലപിച്ചു. ജിഎംഎഫ് ജർമനി പ്രസിഡന്റ് സണ്ണി വേലൂക്കാരൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ലോക കേരളസഭ അംഗം ജോസ് കുമ്പിളുവേലിൽ ആശംസകൾ നേർന്നു.