ജിഎംഎഫ് പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുന്നു
കൊളോൺ: ഗ്ലോബൽ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള മുപ്പത്തിയേഴാമത് അന്തർദേശീയ പ്രവാസി സംഗമത്തിന് ജർമനിയിൽ തിരിതെളിഞ്ഞു. ജർമനിയിലെ ഐഫലിലെ ഓയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ തിങ്കളാഴ്ച വൈകുന്നേരം എട്ടുമണിക്ക് നടന്ന ചടങ്ങിൽ ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു.
ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, സണ്ണി വേലൂക്കാരൻ (പ്രസിഡന്റ്, ജിഎംഎഫ് ജർമനി), അപ്പച്ചൻ ചന്ദ്രത്തിൽ (ട്രഷറർ, ജിഎംഎഫ് ജർമനി), എബ്രഹാം നടുവിലേഴത്ത്, സിറിയക് ചെറുകാട് (വിയന്ന) എന്നിവർ ചേർന്നാണ് ഉദ്ഘാടനകർമം നിർവഹിച്ചത്.
സിറിയക് ചെറുക്കാടിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം പ്രാർഥനാഗാനം ആലപിച്ചു. ജിഎംഎഫ് ജർമനി പ്രസിഡന്റ് സണ്ണി വേലൂക്കാരൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ലോക കേരളസഭ അംഗം ജോസ് കുമ്പിളുവേലിൽ ആശംസകൾ നേർന്നു.

ജോസ് തോമസ് പരിപാടികൾ നിയന്ത്രിക്കുകയും മോഡറേറ്റ് ചെയ്യുകയും ചെയ്തു. സംഗമത്തിൽ മുൻപ് പങ്കാളികളാവുകയും പിന്നീട് മൺമറഞ്ഞുപോവുകയും ചെയ്ത പ്രിയപ്പെട്ടവരെ സ്മരിച്ചുകൊണ്ട് ചടങ്ങിൽ ഒരു മിനിറ്റ് മൗനമാചരിച്ചു.
ഉദ്ഘാടന ദിവസത്തെ ആകർഷകമാക്കാൻ യൂറോപ്പിലെ പ്രശസ്ത ഗായകനായ സിറിയക് ചെറുക്കാട് (വിയന്ന) നയിച്ച സംഗീതവിരുന്നും ഒപ്പം ഊർജ്ജസ്വലമായ ഡിജെ പാർട്ടിയും അരങ്ങേറി. ഇത് സംഗമത്തിന്റെ ആദ്യദിനത്തിന് വലിയ കൊഴുപ്പേകി.
അഞ്ച് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഈ പ്രവാസി സംഗമത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. വിവിധ സെമിനാറുകൾ, ഗൗരവമേറിയ ചർച്ചകൾ, മനോഹരമായ കലാ-സാഹിത്യ സായാഹ്നങ്ങൾ, യോഗ സെഷനുകൾ, ഗാനമേളകൾ എന്നിവ ഇതിലുൾപ്പെടുന്നു. ജൂലൈ 17നാണ് സംഗമത്തിന് തിരശീല വീഴുക.
ജെമ്മ ഗോപുരത്തിങ്കൽ, അപ്പച്ചൻ ചന്ദ്രത്തിൽ, സണ്ണി വേലൂക്കാരൻ, എൽസി വേലൂക്കാരൻ, ബൈജു പോൾ, എബ്രഹാം നടുവിലേഴത്ത്, മേരി ക്രീഗർ, സിറിയക് ചെറുകാട് എന്നിവരാണ് ഈ ജനപ്രിയ പ്രവാസി സംഗമത്തിന് നേതൃത്വം നൽകുന്നത്.
Tags : GlobalMalayaliFederation GMFGermany PravasiSangam