എടപ്പാള്‍: ഓണം എത്താന്‍ ദിവസങ്ങള്‍ ഇനിയും ബാക്കിനില്‍ക്കെ നേന്ത്രക്കായക്ക് വില കുതിക്കുന്നു. കര്‍ണാടക തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള വരവ് കായകള്‍ കുറഞ്ഞതും വന്യമൃഗ ശല്യവും മറ്റു കാലാവസ്ഥ വ്യതിയാനങ്ങളും മൂലം നാടന്‍ കുലകള്‍ക്ക് വന്ന ക്ഷാമവുമാണ് വില വര്‍ധനവിന് കാരണം.
കഴിഞ്ഞ ആഴ്ച വരെ വരവ് കായകള്‍ക്ക് റീട്ടെയിലായി 45 രൂപ ഉണ്ടായിരുന്നത് 65-70 ഇടയില്‍ എത്തിനില്‍ക്കുകയാണ്. നാടന്‍ കായക്ക് കിലോ വില 90 രൂപ കടന്നു. ഓണം സീസണാകുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത. ഓണ നാളുകളില്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത കാഴ്ചക്കുലകള്‍ക്ക് ഇത്തവണ കിലോ വില 100 കടക്കാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.