നെയ്യാറ്റിന്‍കര: വോട്ടെണ്ണല്‍ കഴിഞ്ഞ് എല്‍ഡിഎഫ് അധികാരത്തിലേയ്ക്ക്. തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ നഗരസഭാ പരിധിയില്‍ ഉയരുന്ന ചോദ്യം ആരായിരിക്കും ചെയര്‍പേഴ്സണ്‍ എന്നതാണ്.
2015 മുതല്‍ അഞ്ചു വര്‍ഷക്കാലം നഗരസഭയെ നയിച്ച മുന്‍ ചെയര്‍പേഴ്സണ്‍ ഡബ്ല്യു.ആര്. ഹീബയുടെ പേരാണ് കൂടുതല്‍ പ്രവര്‍ത്തകരും പറയുന്നത്. സിപിഎം നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റി അംഗമാണ് ഹീബ. തവരവിള വാര്‍ഡില്‍ നിന്നും കൗണ്‍സിലറായി വീണ്ടും വിജയിച്ച ഹീബ അധ്യാപക സംഘടനാ രംഗത്തും സജീവമാണ്.
അതേ സമയം, ചെയര്‍പേഴ്സണ്‍ സ്ഥാനത്തേയ്ക്ക് പുതുമുഖത്തെ പരിഗണിക്കാനാണ് സാധ്യതയെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. മുന്‍ കൗണ്‍സിലറെയോ നവാഗതയെയോ ഈ പരിഗണന ലഭിക്കാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. വൈസ് ചെയര്മാന് സ്ഥാനത്തേയ്ക്ക് കെ.കെ ഷിബുവിന്റെയും ആര്.വി. വിജയബോസിന്റെയും പേരുകള്‍ ഉയരുന്നുണ്ട്. ഇരുവരും മുന്‍ വൈസ് ചെയര്മാന്മാരാണ്. സിപിഎം ഏരിയാ കമ്മിറ്റി അംഗങ്ങളാണ് രണ്ടുപേരും. ഡബ്ല്യൂ.ആര്. ഹീബ ചെയര്‍പേഴ്സണായും കെ.കെ. ഷിബു വൈസ് ചെയര്‍മാനായും നിയോഗിക്കപ്പെട്ടാല്‍ 2015 ലെ ഭരണസമിതിയുടെ തനിയാവര്‍ത്തനമാകും.
21നു കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയ്ക്കുശേഷം മാത്രമേ ചെയര്‍പേഴ്സണെയും വൈസ് ചെയര്മാനെയുമൊക്കെ തീരുമാനിക്കുകയുള്ളൂ എന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ പ്രതികരിച്ചത്. എല്‍ഡിഎഫ് മുന്നണിയില്‍ സിപിഎമ്മിനു പുറമേ മൂന്നു സീറ്റുള്ള സിപിഐയും ഒരു സീറ്റ് നേടിയ കേരള കോണ്‍ഗ്രസ് -എമ്മും ഉള്‍പ്പെടുന്നു.
ഇക്കഴിഞ്ഞ ഭരണസമിതിയില്‍ പ്രതിസന്ധി ഒഴിവാക്കാന്‍ കേരള കോണ്‍ഗ്രസ് - എം പ്രതിനിധിക്ക് വൈസ് ചെയര്‍പേഴ്സണ്‍ പദവി നല്കുകയുണ്ടായി. ഈയൊരു അധിക സീറ്റിന്റെ പിന്‍ബലത്തിലായിരുന്നു എല്‍ഡിഎഫിന്റെ ഭരണം. ഇക്കുറി ഇടതിനോട് ആഭിമുഖ്യമുള്ള സ്വതന്ത്രന് അടക്കം 25 സീറ്റ് ലഭിച്ചതോടെ കേരള കോണ്‍ഗ്രസ് -എമ്മിനെ ഏതു വിധത്തില്‍ ഭരണസമിതിയില്‍ കൂടെ കൂട്ടും എന്നത് ഇപ്പോള്‍ പ്രവചിക്കാനാവില്ല.
പക്ഷെ, മൂന്നു സീറ്റ് കരസ്ഥമാക്കിയ സിപിഐ യ്ക്ക് ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പദവി ലഭിക്കും. 12 സീറ്റ് സ്വന്തമാക്കിയ യുഡിഎഫ് പ്രധാന പ്രതിപക്ഷമാണെങ്കിലും ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം ലഭ്യമാകും. നേരത്തെയുള്ള കൗണ്‍സിലിലെ രണ്ടു സീറ്റ് കൂടി നഷ്ടപ്പെടുത്തി ഏഴു സീറ്റുകളിലൊതുങ്ങിയ ബിജെപി പതിവുപോലെ പ്രതിപക്ഷത്ത് തുടരു