തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ അധ്യക്ഷ സ്ഥാനങ്ങളിലേക്ക് ആരാകും എത്തുകയെന്നതിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചു. സാധാരണ മുന്നണികൾ നടത്തി വരാറുള്ളതു പോലെ അധ്യക്ഷസ്ഥാനങ്ങളിൽ വീതം വയ്പു തന്നെയാകും കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലും ഇത്തവണയും നടക്കാൻ സാധ്യത. ഘടകകക്ഷികളെയും പാർട്ടികളിലെ ഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്തിയുള്ള ധാരണയാണ് മുന്നണികൾ നടപ്പാക്കുന്നത്. ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നഗരസഭകളിൽ ചെയർമാൻ, വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങളിലും ആരെത്തുമെന്ന കാര്യത്തിൽ അടുത്ത ദിവസം തന്നെ ധാരണയാകും.
യുഡിഎഫ് തകർപ്പൻ വിജയം നേടിയ ജില്ലാ പഞ്ചായത്തിൽ ഇത്തവണ അധ്യക്ഷ സ്ഥാനം വനിതാ സംവരണമാണ്. കോണ്‍ഗ്രസിന് പത്തും കേരള കോണ്‍ഗ്രസിന് നാലും അംഗങ്ങൾ ഉൾപ്പെടെ യുഡിഎഫിന് 14 സീറ്റുകളും എൽഡിഎഫിന് മൂന്നു സീറ്റും ലഭിച്ചു. കഴിഞ്ഞ തവണ 10 സീറ്റുമായി അധികാരത്തിലെത്തിയ എൽഡിഎഫ് ആദ്യ രണ്ടു വർഷം സിപിഐ, പിന്നീട് രണ്ടു വർഷം സിപിഎം, ഒരു വർഷം കേരള കോണ്‍ഗ്രസ് -എം എന്നിങ്ങനെയാണ് അധ്യക്ഷസ്ഥാനം വീതിച്ചുനൽകിയത്.
ജില്ലാ പഞ്ചായത്തിൽ ഇത്തവണ കോണ്‍ഗ്രസിന് അധ്യക്ഷ സ്ഥാനം ലഭിച്ചാൽ പ്രഥമ പരിഗണന വാഗമണ്‍ ഡിവിഷനിൽനിന്നു വിജയിച്ച മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബുവിനാണ്.
പാന്പാടുംപാറ ഡിവിഷനിൽനിന്നു വിജയിച്ച ജില്ലാ വൈസ് പ്രസിഡന്റ് മിനി പ്രിൻസിനും സാധ്യതയുണ്ട്. കേരള കോണ്‍ഗ്രസിന്റെ നാലു വനിതാ സ്ഥാനാർഥികളാണ് ജയിച്ചത്. അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നതിൽ മുന്നിലുള്ളത് കരിങ്കുന്നം വാർഡിൽനിന്നു വിജയിച്ച വനിതാ കേരള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷീല സ്റ്റീഫനാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് ഷീല സ്റ്റീഫൻ.
തൊടുപുഴ നഗരസഭയിലും ചെയർപേഴ്സണ്‍ പദവി വനിതാ സംവരണമാണ്. ഇവിടെ കോണ്‍ഗ്രസിന് പത്തും മുസ്ലിം ലീഗിന് എട്ടും കേരള കോണ്‍ഗ്രസിന് മൂന്നും സീറ്റുകളാണുള്ളത്.
കോണ്‍ഗ്രസിന് ചെയർപേഴ്സണ്‍ പദവി ലഭിച്ചാൽ നടുക്കണ്ടം വാർഡിൽനിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി നിഷാ സോമനെ പരിഗണിക്കും. പെരുക്കോണി വാർഡിൽനിന്നു വിജയിച്ച ലിറ്റി ജോസഫാണ് പരിഗണിക്കാനിടയുള്ള മറ്റൊരു വനിത അംഗം. മുസ്ലിം ലീഗിൽ മുൻ ചെയർപേഴ്സണ്‍ സഫിയ ജബ്ബാർ ഉൾപ്പെടെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
കട്ടപ്പന നഗരസഭയിൽ യുഡിഎഫ് തുടർഭരണം പിടിച്ചതോടെ യുഡിഎഫ് ജില്ലാ കണ്‍വീനർ ജോയി വെട്ടിക്കുഴി ചെയർമാൻ ആകാനാണ് സാധ്യത. കട്ടപ്പനയിൽ ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ എഐസിസി അംഗം ഇ.എം.ആഗസ്തി പരാജയപ്പെട്ടതോടെയാണ് ജോയി വെട്ടിക്കുഴിക്ക് സാധ്യത തെളിഞ്ഞത്. എന്നാൽ ഐ ഗ്രൂപ്പ് പ്രതിനിധി തോമസ് മൈക്കിളിന്റെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്.
ഇ.എം. ആഗസ്തിയുമായി അടുത്ത ബന്ധം പുലർത്തുന്ന തോമസ് മൈക്കിളിന്റെ പേര് ചെയർമാൻ സ്ഥാനത്തേക്ക് സജീവമായി ഉയരുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിലും യുഡിഎഫിനാണ് ഭരണം ലഭിച്ചത്. ഒരു ബ്ലോക്ക് മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്. ഇവിടെയും അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള ചർച്ചകൾ സജീവമാണ്. ഗ്രാമ പഞ്ചായത്തുകളിൽ ഉപ്പുതറ, പള്ളിവാസൽ, രാജകുമാരി, മണക്കാട് എന്നിവിടങ്ങളിൽ രണ്ടു മുന്നണികളും തുല്യവോട്ടുകളാണ് നേടിയത്. ഇതിൽ ഉപ്പുതറ പഞ്ചായത്തിൽ എട്ടു സീറ്റുകൾ വീതമാണ് രണ്ടു മുന്നണികളും നേടിയത്. ഇവിടെ ഒരു സീറ്റ് ബിജെപിയും ഒരു സീറ്റ് സ്വതന്ത്രയും നേടി. ഇവരുടെ നിലപാടായിരിക്കും നിർണായകം.
മണക്കാട് പഞ്ചായത്തിൽ അഞ്ച് സീറ്റുകൾ വീതമാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ നേടിയത്. 20-ട്വന്റി രണ്ടു സീറ്റുകളും ബിജെപി രണ്ടു സീറ്റുകളും നേടി. 20-ട്വന്റി ആർക്കൊപ്പം നിൽക്കുമെന്നതാണ് ഇവിടെ എല്ലാവരും ഉറ്റുനോക്കുന്നത്.
അധ്യക്ഷ പദവിയിൽ എത്താനുള്ള നീക്കവും പാർട്ടി നടത്തിയേക്കും. മറ്റു പഞ്ചായത്തുകളിലും സ്വതന്ത്രൻമാരും റിബലുകളും അധ്യക്ഷ സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അവസാനനിമിഷം ചില നിർണായക നീക്കങ്ങൾ നടത്തിയേക്കുമെന്നാണ് സൂചനകൾ.
തൊടുപുഴ: അധ്യക്ഷപദവി വീതം വച്ചേക്കും
തൊടുപുഴ: പത്ത് വർഷത്തെ ഇടവേളയ്ക്കു ശേഷം യുഡിഎഫ് കേവല ഭൂരിപക്ഷം നേടിയ തൊടുപുഴ നഗരസഭയിൽ ചെയർപേഴ്സണ്‍, വൈസ് ചെയർമാൻ പദവികൾ വീതം വയ്ക്കുമെന്ന് സൂചന. 21 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് നഗരസഭയിൽ മേൽക്കോയ്മ നേടിയത്. കോണ്‍ഗ്രസിന് പത്തും മുസ്ലിം ലീഗിന് എട്ടും കേരളാ കോണ്‍ഗ്രസിന് സ്വത്രന്ത്രൻ ഉൾപ്പെടെ മൂന്നും സീറ്റുമാണ് ലഭിച്ചത്. ചെയർപേഴ്സണ്‍ വനിതാ സംവരണമായ നഗരസഭയിൽ യുഡിഎഫിൽ കോണ്‍ഗ്രസിന് മൂന്നും മുസ്ലിം ലീഗിന് രണ്ടും വർഷം ചെയർപേഴ്സണ്‍ പദവി ലഭിക്കുമെന്നാണ് അറിയുന്നത്.
വൈസ് ചെയർമാൻ പദവിയിൽ ഇക്കുറി മൂന്നു ടേം വീതം വയ്ക്കാനും സാധ്യതയുണ്ട്. പത്ത് സീറ്റ് നേടിയ കോണ്‍ഗ്രസിന് ആദ്യ ടേമിൽ ചെയർമാൻ പദവി വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. പകരം ആ ടേമിൽ മുസ്ലിം ലീഗിന് വൈസ് ചെയർമാൻ പദവിയും കേരളാ കോണ്‍ഗ്രസിന് സ്റ്റാൻഡിംഗ് കമ്മിറ്റികളിലെ പ്രഥമ സ്ഥാനവും കൊടുക്കണമെന്നുമാണ് ഇവരുടെ അവകാശ വാദം.
കൂടുതൽ വാർഡിൽ ജയിച്ചിരിക്കുന്ന തങ്ങൾക്ക് ആദ്യ ടേം വേണമെന്നാണ് കോണ്‍ഗ്രസ് മുനിസിപ്പൽ നേതൃത്വം ആവശ്യപ്പെടുന്നത്. അതേസമയം യുഡിഎഫിൽ ചർച്ച നടക്കുകയാണെന്നും സംസ്ഥാന നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും ഡിസിസി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു.
Tags : Presidency nattuvisesham local news