District News
പാലക്കാട്: ഉപരിപഠനസാധ്യതകളെക്കുറിച്ചും പുതിയ കാലത്തെ തൊഴിൽ മേഖലകളെക്കുറിച്ചും വിദ്യാർഥികളിൽ അവബോധം നൽകുന്നതിനായി പറന്പിക്കുളത്ത് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ആസ്പിറന്റ് ലേർണിംഗ് അക്കാദമി ട്രെയിനേഴ്സായ അബ്ദുറഹ്മാൻ അൻവർ, അശ്വതി, കരിയർ ഗൈഡൻസ് പരിശീലകൻ അബ്ദുൾറഹ്മാൻ, ഡിഡിയു ജികെവൈ ജില്ലാ പ്രോഗ്രാം മാനേജർ പ്രിയങ്ക എന്നിവർ പത്താം ക്ലാസ്, പ്ലസ് ടു പഠനത്തിന് ശേഷം വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാവുന്ന വിവിധ കോഴ്സുകൾ, പ്രവേശന പരീക്ഷകൾ, സ്കോളർഷിപ്പുകൾ, ആധുനിക തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് ക്ലാസെടുത്തു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെ ആദരിച്ചു. മുതലമട സിഡിഎസ് ചെയർപേഴ്സണ്‍ ജി. അരുണ അധ്യക്ഷയായി. പറന്പിക്കുളം ടൈഗർ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രോഗ്രാം മാനേജർ ജി. ജിജിൻ, വാർഡ് മെംബർ മണികണ്ഠൻ, സിഡിഎസ് മെംബർ സിന്ധു, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. അനുരാധ്, കെ.ആർ. ഗീത തുടങ്ങിയവർ പങ്കെടുത്തു.
District News
കല്ലടിക്കോട്: പ്രാഥമിക കേന്ദ്രത്തിലെ സായാഹ്ന ഒപി ചികിത്സ നിർത്തലാക്കിയതിനെതിരെ സിപിഎം കരിമ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും ധർണയും നടത്തി. സിപിഎം കരിമ്പ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.പി. സജി ധർണ ഉദ്ഘാടനം ചെയ്തു. കെ.സി. ഗിരീഷ് അധ്യക്ഷത വഹിച്ചു.
സി.കെ. ജയശ്രീ, പി.ജി. വത്സൻ, എം. ചന്ദ്രൻ, എം.യു. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. കരിമ്പയിലെ സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന ഈ ആശുപത്രിയെ തകർക്കുവാനുള്ള പഞ്ചായത്ത് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് സിപിഎം നേതൃത്വം നൽകുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി പറഞ്ഞു
District News
ചിറ്റൂർ: ആളിയാറിൽനിന്നു അർഹതപ്പെട്ട വെള്ളം വാങ്ങിച്ചെടുത്ത് ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്ത് കർഷകർക്ക് കൃഷിയിറക്കാനും ഇറക്കിയ കൃഷിക്ക് വെള്ളം വിടണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന താലൂക്ക് ഓഫീസ് മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി. രാജൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി മുരളി, സിപിഎം ഏരിയ സെക്രട്ടറി ആർ. ശിവപ്രസാദ്, മണി എന്നിവർ പ്രസംഗിച്ചു. അണിക്കോടിൽ നിന്നും നൂറിലധികം പേർ പ്രകടനമായാണ് താലൂക്ക്് ഓഫീസ് മാർച്ചിനെത്തിയത്.
District News
വടക്കഞ്ചേരി: പാലക്കാട്-വടക്കഞ്ചേരി ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലം കൊല്ലത്തറ ഭാഗത്ത് റോഡിന്റെ മിനുസക്കൂടുതലിൽ വാഹനങ്ങൾ തെന്നിമാറി അപകടങ്ങൾ ഉണ്ടാകുന്നത് കൂടുന്നു. രണ്ടാഴ്ച മുമ്പ് പാതയോരത്ത് നിർത്തിയിട്ട കാറിൽ കണ്ടെയ്നർ നിയന്ത്രണംതെറ്റി ഇടിച്ച് കോയമ്പത്തൂർ സ്വദേശിയായ യുവാവ് മരിച്ച സംഭവമുണ്ടായി.
ഒരാഴ്ച മുമ്പ് ഇവിടെ അടുത്തുതന്നെ സ്വകാര്യ ബസിനു പിറകിൽ ലോറിയിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം നടന്നു.
വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ നിൽക്കാതെ തെന്നിപോകുന്നതാണ് അപകടങ്ങൾ ഉണ്ടാക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. മഴയുള്ള സമയത്തും വാഹനങ്ങളുടെ ടയറുകൾ തേയ്മാനം വന്നതുമാണെങ്കിൽ അപകടസാധ്യതയും വളരെ കൂടുതലാണ്. ടാറിംഗ് പെട്ടെന്ന് കേടുവന്ന് കുഴിയാകാതിരിക്കാൻ മതിയായ അനുപാതത്തിൽ മെറ്റൽ മിശ്രിതം ചേർക്കാതെ ടാർ മാത്രം കൂടുതൽ ഉപയോഗിക്കുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് പറയുന്നു. പാതയിൽ ഗ്രിപ്പ് ഉണ്ടാകും വിധം നിർമാണം നടത്തണമെന്നാണ് ആവശ്യം. മൂന്ന് വർഷം മുമ്പ് ഇവിടെയടുത്താണ് ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാർഥികളടക്കം ഒമ്പതുപേർ മരിച്ചത്.
District News
പാലക്കാട്: കനത്ത മഴയെത്തുടർന്ന് ജില്ലയിൽ ദുരിതാശ്വാസ ക്യാന്പ് ആരംഭിച്ചു. മലന്പുഴ 1 വില്ലേജിലെ അയ്യപ്പൻപൊറ്റ സാംസ്കാരിക നിലയത്തിലാണ് ക്യാന്പ് പ്രവർത്തനമാരംഭിച്ചത്. നിലവിൽ പറച്ചാത്തി ഉന്നതിയിലെ നാല് പട്ടികവർഗ കുടുംബങ്ങളിലെ അംഗങ്ങളെയാണ് ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
ക്യാന്പിൽ ആകെ 13 പേരാണുള്ളത്. ഇതിൽ 5 പുരുഷന്മാരും 3 സ്ത്രീകളും 5 കുട്ടികളും ഉൾപ്പെടുന്നു. പ്രത്യേക കരുതൽ ആവശ്യമുള്ള വിഭാഗങ്ങളിൽപെട്ട ഒരു ഗർഭിണിയും അറുപത് വയസ്സിനു മുകളിൽ പ്രായമുള്ള മൂന്ന് മുതിർന്ന പൗരന്മാരും ക്യാന്പിലുണ്ട്.
District News
വടക്കഞ്ചേരി: സ്വയം പ്രവർത്തിപ്പിക്കാവുന്ന പ്രിന്റിംഗ് മെഷീനിന്റെ സോഫ്റ്റ് ലോഞ്ച് ചെയ്ത് വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജ്. പൂർവ വിദ്യാർഥിയുടെ സ്റ്റാർട്ടപ്പ് കമ്പനി വികസിപ്പിച്ച ആശയത്തിന് പൂർണ പിന്തുണ നൽകുന്നുവെന്ന് കോളജ് ഡയറക്ടർ ഫാ.ഡോ.മാത്യു ഇല്ലത്തുപറമ്പിൽ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. വെബ് സൈറ്റ് വഴിയോ മെഷീനിൽ നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്തോ വ്യക്തികളുടെ ഫോണിൽനിന്നും കമ്പ്യൂട്ടറിൽ നിന്നും അനായാസമായി മെഷീനിലേക്ക് പ്രിന്റ് ചെയ്യാനാവശ്യമായ ഡോക്യുമെന്റ് അയക്കാം.
അതാത് മെഷീനിൽനിന്ന് പ്രിന്റ് എടുത്ത ഉടനെ സ്വയം ഡിലീറ്റാകുന്ന സുരക്ഷിതവും എളുപ്പവുമുള്ള ഈ പ്രിന്റിംഗ് രീതി ഉപയോഗിക്കുന്നതിലൂടെ വ്യക്തികളുടെ രേഖകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാൻ സാധിക്കുമെന്ന് ഈ സാങ്കേതികവിദ്യ വികസിപ്പിച്ച പൂർവ വിദ്യാർഥിയും കമ്പനി സ്ഥാപകനുമായ അജി ഫ്രാൻസിസ് പറഞ്ഞു. സഹസ്ഥാപകരായ രഞ്ജിത്ത് സുകുമാരൻ, അമൽനാഥ് റാം എന്നിവർ മെഷീൻ ഉപയോഗരീതികൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. നെന്മാറ സ്വദേശികളാണിവർ. പ്രിൻസിപ്പൽ ഡോ. ഇന്ദുകല, ഐഇഡിസിയുടെ നോഡൽ ഓഫിസർമാരും അധ്യാപകരുമായ ജിന്റോ ജോൺ, അമിത, ഡോണ എന്നിവർ കണ്ടെത്തലിനെ അഭിനന്ദിച്ചു.
District News
പാലക്കാട്: സൂപ്പർ മാർക്കറ്റിന്റെ മറവിൽ ലഹരി വില്പന നടത്തിയ കൊല്ലങ്കോട് മേഖലയിലെ പുകയില ഉത്പന്ന മൊത്തവ്യാപാരി എക്സൈസ് പിടിയിൽ. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കൊല്ലങ്കോട് എക്സൈസ് ഇൻസ്പെക്ടർ തൻസിൽ താഹക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പയലൂർ ഭാഗത്തു നടത്തിയ റെയ്ഡിലാണ് പയലൂർ തച്ചക്കോറ സ്വദേശി അബ്ദുൾ ബഷീർ മകൻ ഷാജഹാൻ (43) 35 കിലോ പുകയില ഉത്പന്നങ്ങൾ സഹിതം എക്സൈസിന്റെ പിടിയിലായത്.
വിദ്യാർഥികൾക്കടക്കം മൊത്തമായും ചില്ലറയായും ലഹരിവില്പന നടത്തുന്ന പ്രധാന കണ്ണിയാണ് പിടിയിലായത്. കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട പ്രദേശങ്ങളിൽ ചെറുകിടവ്യാപാരികൾക്ക് മൊത്തമായും ചില്ലറയായും ഇയാൾ ലഹരി വില്പന നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പാലിച്ചുവരികയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
District News
കൊല്ലങ്കോട്: പുലിസാന്നിധ്യം സ്ഥിരീകരിച്ച കൊല്ലങ്കോട് ചീരണിയിൽ വനംവകുപ്പ് അധികൃതർ പിടികൂടാനായി കൂടു സ്ഥാപിച്ചു. മൂന്നാഴ്ച മുൻപാണ് കാളികുളമ്പിലും പരിസരപ്രദേശങ്ങളിലും പുലിയെ സമീപവാസികൾ നേരിൽ കണ്ടത്.
തുടർന്ന് വനംവകുപ്പ് അധികൃതർ പുലിയെ കണ്ടതായി പറയപ്പെടുന്ന സ്ഥലത്ത് കാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തിവരുന്നതിനിടെ ചൊവ്വാഴ്ച കാമറയിൽ പുലിയുടെ ചിത്രം കണ്ടിരുന്നു. ഇതിനിടെതുടർന്ന് ഫോറസ്റ്റ് ഓഫീസർ അസിസ്റ്റന്റ് സെക്ഷൻ ഫോറസ്റ്റർ കൃഷ്ണദാസ്, ആർആർടി ടീം മറ്റും സമീപവാസികളുടെ സാന്നിധ്യത്തിലാണ് കൂട് സ്ഥാപിച്ചത്. സമീപവാസികൾ രാത്രിസഞ്ചാരം ഒഴിവാക്കാനും പകൽ സമയത്ത് തനിച്ച് സഞ്ചാരം പാടില്ലെന്നും വനംവകുപ്പ് അധികൃതർ നിർദേശം നൽകിയിരിക്കുകയാണ്.
District News
വടക്കഞ്ചേരി: ടൗണിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ 500 വാഹനങ്ങൾക്ക് പിഴ ചുമത്തി. അനധികൃതമായി പാർക്ക് ചെയ്ത കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കുമാണ് പിഴ ചുമത്തിയത്. വാഹനങ്ങളുടെ നമ്പർ പ്രകാരം ഉടമകൾക്ക് പിഴ അടക്കാനുള്ള സന്ദേശം നൽകുകയായിരുന്നു.
വടക്കഞ്ചേരി ടിബി ജംഗ്ഷൻ മുതൽ റോഡിന്റെ ഇരുവശങ്ങളിലും ബസ് സ്റ്റാൻഡിനകത്തും നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് പിടികൂടിയത്. കടകളിലക്കും മറ്റു സ്ഥാപനങ്ങളിലേക്കും വരുന്നവർ റോഡരികിൽ വാഹനം നിർത്തരുതെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരും. ആലത്തൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുരേഷ് കെ. വിജയൻ, എഎംവിഐ മാരായ സോണി സോളമൻ, ജിയോ ജെ. വാഴപ്പിള്ളി, ടി.പി. സനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
District News
പാലക്കാട്: ഹയർ സെക്കൻഡറി തുല്യത പരീക്ഷ 10 മുതൽ ഓഗസ്റ്റ് രണ്ട് വരെ നടക്കും. ജില്ലയിൽ 12 കേന്ദ്രങ്ങളിലായി 1739 പേർ പരീക്ഷ എഴുതും. സാക്ഷരതാമിഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പരീക്ഷ നടത്തുന്നത്. 1400 സ്ത്രീകളും 339 പുരുഷന്മാരുമാണ് പരീക്ഷ എഴുതുക. 306 പേർ പട്ടികജാതി വിഭാഗത്തിലും 26 പേർ പട്ടികവർഗ വിഭാഗത്തിലും 12 പേർ ഭിന്നശേഷിക്കാരുമാണ്.
ജനപ്രതിനിധികളും ആശാ പ്രവർത്തകരും പരീക്ഷ എഴുതുന്നവരിൽ ഉൾപ്പെടും. ആലത്തൂർ ജിജി എച്ച്എസ്എസിൽ പരീക്ഷ എഴുതുന്ന അരങ്ങാട്ടുപറന്പിലെ 76 വയസുള്ള കൃഷ്ണൻകുട്ടിയാണ് ജില്ലയിലെ പ്രായം കൂടിയ പഠിതാവ്. 23 വയസ് പ്രായമുള്ള അഞ്ച് പേരാണ് ജില്ലയിലെ പ്രായം കുറഞ്ഞ പഠിതാക്കൾ. ഒറ്റപ്പാലം ഈസ്റ്റ് ജിജി എച്ച്എസ്എസ്, ചിറ്റൂർ ജിജി എച്ച്എസ്, അഗളി ജിവി എച്ച്എസ്എസ്, ആലത്തൂർ ജിജിഎച്ച്എസ്എസ്, പാലക്കാട് പിഎംജി എച്ച്എസ്എസ്, പട്ടാന്പി ഗവ. എച്ച്എസ്എസ്, ചെർപ്പുളശേരി ജിഎച്ച്എസ്, പത്തിരിപ്പാല ജിവി എച്ച്എസ്എസ്, കണ്ണാടി എച്ച്എസ്എസ്, കല്ലടി എച്ച്എസ്എസ്, കുമരംപുത്തൂർ എച്ച്എസ്എസ,് ശ്രീകൃഷ്ണപുരം, വട്ടേനാട് ജിവിഎച്ച്എസ്എസ് എന്നിവയാണ് ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങൾ.
ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ജൂലൈ 11ന് ആരംഭിച്ച് ഓഗസ്റ്റ് രണ്ടിനും ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ ജൂലൈ 10ന് ആരംഭിച്ച് ഓഗസ്റ്റ് ഒന്നിനും സമാപിക്കുമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.
District News
നെല്ലിയാമ്പതി: രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം നെല്ലിയാമ്പതിയിൽ വീണ്ടും കനത്ത മഴ. ശക്തമായ മഴയെതുടർന്ന് നെല്ലിയാമ്പതി-നെന്മാറ വനപാതയിൽ ചെറുനെല്ലിക്ക് സമീപം മണ്ണിടിച്ചിലും മരം വീഴ്ചയും ഉണ്ടായതോടെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
സംഭവത്തെതുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി ഏകദേശം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വീണ മരം മുറിച്ചുമാറ്റി. ഇതോടെ പാതയിലെ ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. മഴ തുടരുന്നതിനാൽ മലയോര മേഖലയിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
District News
കൂറ്റനാട്: ആനക്കരയിൽ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. കുന്പിടി മേലേഴിയം മുള്ളൻപറന്പിൽ ശ്രീദേവിയുടെ ഓടുമേഞ്ഞ വീടിന്റെ അടുക്കള ഭാഗത്തേക്കാണ് സമീപത്തെ പറന്പിലെ മുരിക്ക് മരം കടപുഴകി വീണത്. ഇതേത്തുടർന്ന് മേൽക്കൂരയും ചുവരും തകർന്നു. വീടിന്റെ മറ്റു ചുവരുകൾക്ക് വിള്ളൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അപകടവിവരമറിഞ്ഞ് ആനക്കര പഞ്ചായത്ത് പ്രസിഡന്റ് അംബിക, വില്ലേജ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.
District News
പട്ടാന്പി: മുതുതല പഞ്ചായത്ത് 8 -ാം വാർഡിൽ ചെറുതുരുത്തി പഞ്ചകർമ ആയുർവേദിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ ചികിത്സാ ക്യാന്പ് സംഘടിപ്പിച്ചു.
പെരുമുടിയൂർ ബോഗണ്‍വില്ല റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ക്യാന്പ് മുതുതല പഞ്ചായത്ത് പ്രസിഡന്റ് കെ.പി. മണി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സി. മുകേഷ് അധ്യക്ഷത വഹിച്ചു. ജി.കെ. നായർ, ഡോ.വി.കെ. മുഹമ്മദ്, ഡോ. രേഷ്മ രാജ്, വാർഡ് മെംബർ കെ.മുഹമ്മദാലി, പി.കെ. ശിവൻ കല്ലാറ്റ് എന്നിവർ പ്രസംഗിച്ചു.
District News
പെരിഞ്ഞനം: നിർദിഷ്ട ദേശീയപാതയിൽ പെരിഞ്ഞനം ബീച്ച്റോഡിൽ മേൽപാലത്തിനടിയിൽ പൊളിച്ചിട്ടിരിക്കുന്ന കാനയിൽ കാർ കുടുങ്ങി. കാട്ടൂരിലേക്ക് പോവുകയായിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഏഴ്ംഗ കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്. ഇന്നലെയാണ് സംഭവം.
ആദ്യം ഥാർ വാഹനം ഉപയോഗിച്ച് കെട്ടിവലിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മറ്റു പരിശ്രമങ്ങളൊന്നും ഫലവത്താകാത്തതിനെതുടർന്ന് ദേശീയപാത കരാർ നിർമാണ കമ്പനിയായ ശിവാലയയുടെ ജെസിബിയെത്തി കാർ പുറകിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. കാറിന്റെ ബോണറ്റ് ഉൾപ്പടെ ചെറിയതോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
മേൽപ്പാലത്തിനടിയിൽ പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായ റോഡിൽ പൊളിച്ചിട്ടിരിക്കുന്ന കാനയിലെ വെള്ളക്കെട്ട് വലിയ അപകടങ്ങൾക്കു സാധ്യതയുണ്ട്. നേരത്തെ പെരിഞ്ഞനത്തെക്കു പോകുന്നതിനിടെ ട്രെയിലർ വാഹനത്തിന്റെ പിന്നിലെ ചക്രം കാനയിൽപ്പെട്ടു അപകടം ഉണ്ടായിരുന്നു. ഇതേതുടർന്ന് അന്നും ദേശീയ പാത കരാർ കമ്പനിയുടെ ജെസിബിയെത്തി മാറ്റുകയായിരുന്നു. സ്കൂൾ വിദ്യാർഥികളുൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ കാൽനടയായും വാഹനത്തിലും പോകുന്ന തീരദേശത്തെ അതിപ്രധാന പാതയിലാണ് ഈ ദുരിതയാത്ര.
District News
മറ്റത്തൂര്‍: ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റും മഴയും മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നാശം വിതച്ചു. ശക്തമായ കാറ്റില്‍ മോനൊടി മാരാന് പാലത്തിന് സമീപം തേക്കാനത്ത് ജേക്കബിന്റെ ഓട് മേഞ്ഞ വീടിന് മീതെ തേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ ഓടിഞ്ഞും മറിഞ്ഞും വീണ് നാശനഷ്ടങ്ങള്‍ ഉണ്ടായി. തേക്ക്, റബര്‍, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവയാണ് കാറ്റില്‍ വീണത്.
വെള്ളിക്കുളങ്ങര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ 11 കെവി ലൈനിലേക്ക് മരങ്ങള്‍ വീണതിനെ തുടര്‍ന്ന് പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടു. വെള്ളിക്കുളങ്ങര 33 കെവി സബ് സ്റ്റേഷനില്‍ നിന്ന് കാരിക്കടവ് ആദിവാസി ഉന്നതിയിലേക്കുള്ള 11 കെവിലൈനില് മരങ്ങള്‍ വീണ് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു.
District News
എസ്എൻപുരം: പൊരിബസാർ ആമണ്ടൂരിൽ തെരുവ്നായയുടെ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്നുപേർക്കു പരിക്ക്. പൊരിബസാറിൽ ലോട്ടറിടിക്കറ്റ് വിൽപ്പന നടത്തുന്ന ദീലീപിനും, ഒരു കുട്ടിക്കും, മറ്റൊരാൾക്കുമാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാവിലെ കടയുടെ മുമ്പിൽ നിൽക്കുമ്പോളായിരുന്നു ദിലീപിന് നായയുടെ കടിയേറ്റത്.
മറ്റു രണ്ടുപേരെയും ഉച്ചയോടെയാണ് തെരുവുനായ ആക്രമിച്ചത്. ഇവരെ കൊടുങ്ങല്ലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പ്രദേശത്ത് തെരുവുനായ ശല്യം വർധിച്ചു വരുന്നതായും സ്കൂൾ വിദ്യാർഥികളും, സ്ത്രീകളും, വയോജനങ്ങൾക്കും മാത്രമല്ല പൊതുവേ ആർക്കും തന്നെ സധൈര്യം വഴി നടക്കാനാകാത്ത അവസ്ഥയാണ്.
പഞ്ചായത്തധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. സമീപത്തെ മതിലകം, കയ്പമംഗലം പഞ്ചായത്തുകളിലും തെരുവുനായ ശല്യം രൂക്ഷമാണ്. കയ്പമംഗലം പഞ്ചായത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധിപേരെ തെരുവ് നായ കടിച്ചിരുന്നു.
District News
കൊടുങ്ങല്ലൂർ: കത്തിച്ചു നശിപ്പിക്കാൻ ശ്രമിച്ച 178 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കൊടുങ്ങല്ലൂർ ആറാട്ടുവഴിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുറ്റിക്കാട്ടിൽ വീട്ടിൽ അഫ്സൽ (പെപ്പ -26) എന്നയാളാണ് പിടിയിലായത്.
അഫ്സൽ കഞ്ചാവ് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും സംയുക്തമായി ഇയാൾ താമസിച്ചിരുന്ന ആറാട്ടുവഴിയിലെ വാടകവീട്ടിൽ റെയ്ഡ് നടത്തി. പോലീസ് വീട് മുഴുവൻ വിശദമായി പരിശോധിച്ചെങ്കിലും ആദ്യം കഞ്ചാവ് കണ്ടെത്താനായില്ല. ഇതിനിടെ വീടിനുള്ളിൽ പുക നിറയുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ്സംഘം അടുക്കളയിലെ അടുപ്പ് പരിശോധിച്ചപ്പോഴാണ് പ്രതി കഞ്ചാവ് കത്തിച്ച് നശിപ്പിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയത്. തുടർന്ന് 178 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
ഡിവൈഎസ്പിയുടെ നിർദേശാനുസരണം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. രമേശിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അതുൽ മോഹൻ, അറഫാത്ത്, എഎസ്ഐ സുരേഷ്, എസ്സിപിഒ കിഷോർ ചന്ദ്രൻ, ജിഎസ്സിപിഒ ജിജിൻ ജെയിംസ്, സിപിഒ ജിഷ ജോയ് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡിലെ ഉദ്യോഗസ്ഥരും ചേർന്നാണ് റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്ത പ്രതിയെ ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് മാറ്റി.
District News
ഇരിങ്ങാലക്കുട: മാധ്യമരംഗത്ത് വേഗതയേക്കാള്‍ പ്രാധാന്യം സത്യത്തിനാണെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്. ദുരിതം അനുഭവിക്കുന്നവരുടെ ശബ്ദം സമൂഹത്തില്‍ എത്തിക്കാനും നന്മയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് പകരാനും മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന സേവനം അഭിനന്ദനാര്‍ഹമാണ്.
ഒരു മാധ്യമപ്രവര്‍ത്തകന്റെ ദൗത്യം വാര്‍ത്ത കണ്ടെത്തുക മാത്രമല്ല സത്യം കണ്ടെത്തുകയും അത് ഉത്തരവാദിത്വത്തോടുകൂടെ ജനങ്ങളിലേക്ക് എത്തിക്കുകയുമാണെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍, പിആര്‍ഒമാരായ ഫാ. ജിനോ മാളക്കാരന്‍, ജോസ് അളിയത്ത്, ദീപിക സീനിയര്‍ സബ്എഡിറ്റര്‍ സെബി മാളിയേക്കല്‍, രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, കേരളസഭ ഡയറക്ടര്‍ ഫാ. ജെയിസണ്‍ വടക്കുംഞ്ചേരി, ഫാ. ലിന്റോ പനംകുളം, ഫാ. ജോസഫ് തൊഴുത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
ഇരിങ്ങാലക്കുട: മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രമാണ് ഫലദായകമാകുന്നത് എന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. വിദ്യാജ്യോതി മതബോധനകേന്ദ്രത്തില്‍ നടന്ന വിശ്വാസ പരിശീലന അവാര്‍ഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു.
വിശ്വാസ പരിശീലനത്തിന്റെ പുതിയ മാര്‍ഗരേഖയും വിവിധ കൂദാശകള്‍ക്കായി ഉപയോഗിക്കാവുന്ന ഇംഗ്ലീഷ് നമസ്കാര പുസ്തകവും മാര്‍ പോളി കണ്ണൂക്കാടന്‍ പ്രകാശനം ചെയ്തു. ടെഡ് ഫെസ്റ്റ് (വിശ്വാസ പരിശീലകരുടെ സംഗമം) അനുബന്ധമായി പുറത്തിറക്കിയ സോവനീര്‍ മോണ്‍. ആന്റു ആലപ്പാടന്‍ പ്രകാശനം ചെയ്തു.
സീറോ മലബാര്‍ പ്രതിഭ സാമുവല്‍ ഷീജനെ രൂപത ആദരിച്ചു. വിശ്വാസ പരിശീലനത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെയും സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ എ പ്ലസ് നേടിയ അധ്യാപകരെയും ആദരിച്ചു. സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.
കയ്യെഴുത്ത് മാസിക മത്സരത്തിലും ഇന്റന്‍സീവ് ഫെയ്ത്ത് ലാബ് ഡയറി പ്രവര്‍ത്തനത്തിലും മികച്ച പ്രകടനം കാഴ്ചവച്ച യൂണിറ്റുകള്‍ക്കും ഫൊറോനകള്‍ക്കും ട്രോഫിയും ക്യാഷ് അവാര്‍ഡും നല്കി. മതബോധന സെക്രട്ടറി സിസ്റ്റര്‍ ലൈസ സിഎംസി, രൂപത ആനിമേറ്റര്‍മാരായ കെ. മാര്സന് തച്ചില്‍, ജോ വര്‍ഗീസ് ഡെന്നി എന്നിവര്‍ പ്രസംഗിച്ചു. രൂപത മതബോധന ഡയറക്ടര്‍ റവ.ഡോ. റിജോയ് പഴയാറ്റില്‍ സ്വാഗതവും അസോസിയേറ്റ് ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍ നന്ദിയും രേഖപ്പെടുത്തി.
District News
ചാലക്കുടി: സ്കൂൾ മതിൽ പൊളിച്ചിട്ടത് വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടി ഉയർത്താനാകാതെ അധികൃതർ വലയുന്നു. ചാലക്കുടി ഗവ. ഗേൾസ് ഹൈസ്കൂളിന്റെ ഒരു ഭാഗത്തെ മതിലാണ് മുന്‍പ് അധികൃതർതന്നെ പൊളിച്ചിട്ടത്.
സ്കൂൾ മതിൽ പുറമ്പോക്കിലാണെന്ന പരാതിയുടെ പേരിലാണ് വർഷങ്ങൾക്കുമുൻപ് അധികൃതർ പൊളിച്ചത്. വർഷങ്ങളായി സ്കൂളിന്റെ ഒരു ഭാഗം തുറന്നു കിടക്കുകയാണ്. പകൽ സമയത്തുപോലും സ്കൂൾ സാമൂഹ്യവിരുദ്ധരുടെയും തെരുവു നായ്ക്കളുടെയും ഭീഷണിയിലാണ്.
-
District News
ഇരിങ്ങാലക്കുട: റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുട റോയല്‍സിന്റെ ഈ വര്‍ഷത്തെ ആദ്യ പ്രൊജക്റ്റായ ഗിഫ്റ്റ് ഓഫ് ഹോപ്പ് ന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്ക് നല്കുന്ന സൗജന്യ ഡയാലിസിസ് കിറ്റുകളുടെ വിതരണോദ്ഘാടനം കുഴിക്കാട്ടുശേരി മറിയം തെരേസ ഹോസ്പിറ്റലില്‍ നടന്നു.
മറിയം തെരേസ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുട റോയല്‍സ് പ്രസിഡന്റ് പി.എസ്. കണ്ണന് കിറ്റുകള്‍ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഹോസ്പിറ്റല്‍ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആനി, ക്ലബ് സെക്രട്ടറി ബിനു പോള്‍, ഭാരവാഹികളായ ഡോക്ടര്‍ ഡിന്റോ സേവിസ്, ഷാജു ജോര്‍ജ്, ടി.ജെ. പ്രിന്‍സ് എന്നിവര്‍ പങ്കെടുത്തു.
District News
ഒരു ദിവസത്തെ വാടക 1.50 ലക്ഷമാക്കാൻ നീക്കം
ഗുരുവായൂർ: കണ്ണന്റെ സന്നിധിയിലെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കലകൾ അവതരിപ്പിക്കുകയെന്നത് എല്ലാകാരന്മാരും ഏറെ പുണ്യമായാണ് കരുതുന്നത്. ഏറ്റവും കൂടുതൽ നൃത്ത അരങ്ങേറ്റം നടത്തുന്ന ഇടമാണ് മേൽപ്പുത്തൂർ ഓഡിറ്റോറിയം. ഇതിന്റെ വാടക കുത്തനെ കൂട്ടാനാണ് ദേവസ്വം ആലോചിക്കുന്നത്.
ഒരു മുഴുവൻ ദിനം ഓഡിറ്റോറിയം എടുക്കുന്നതിന് ജിഎസ്ടി ഉൾപ്പെടെ 1.5ലക്ഷം ആക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ ഒരു മുഴുവൻ ദിവസത്തിന് 85000 ത്തോളമാണ് ഈടാക്കുന്നത്. ഒന്നരമണിക്കൂർ വീതമുള്ള സമയത്തിന് നിലവിലുള്ള 5900 തുടരനാണ് തീരുമാനം. ഓഡിറ്റോറിയം ബുക്കിംഗ് നടത്തിയ ശേഷം കൂടുതൽ തുക ഈടാക്കി മറ്റാളുകൾക്ക് കൊടുക്കുന്ന സംഘം പ്രവർത്തിക്കുന്നതായി ആക്ഷേപം ഉണ്ട്. ഈ സംഘങ്ങളെ ഒഴിവാക്കാനാണ് വാടക കൂട്ടുന്നതെന്നാണ് അറിയുന്നത്.
എന്നാൽ ഏകാദശി വിളക്ക് ആഘോഷം, കുചേലദിനം പോലുള്ള വിശേഷ ദിവസങ്ങളിൽ മുഴുവൻ ദിന പരിപാടി നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വർധനവ് നിലവിൽ വന്നാൽ ഏറെ ബുദ്ധിമുട്ടാകും. അടുത്ത ഭരണസമിതി യോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചയുണ്ടാകും. ഓഡിറ്റോറിയം കുറ്റമറ്റ രീതിയിൽ ബുക്കിംഗ് നടത്തുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
സാധാരണക്കാരായ ഭക്തർക്കും കലാകാരന്മാർക്കും മിതമായ നിരക്കിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൈകൊള്ളണമെന്നാണ് ഭക്തരുടേയും കലാകാരന്മാരുടേയും ആവശ്യം.
District News
ഒല്ലൂർ: ടൗൺറോഡ് നിർമാണ പ്രവൃത്തികളിൽ മെല്ലെപ്പോക്ക് തുടരുന്നതിൽ അതൃപ്തി പുകയുന്നു. മാസങ്ങൾക്കു മുൻപ് തുടങ്ങിയ റോഡുപണി ഇതുവരെ പൂർത്തിയാകാത്തത് നാട്ടുകാർക്ക് ദുരിത മായി. റോഡ് നിർമാണ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ കൗൺസിലർ കരോളി ജോഷ്വ പ്രമേയം അവതരിപ്പിച്ചിരുന്നു. അശാസ്ത്രീയമായ കലുങ്ക് കാന നിർമാണം മൂലം കാനകളിൽ വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയാണ്. ഈ വെള്ളം വീടുകളിലേക്കും ഇരച്ചുകയറുന്ന സ്ഥിതിയാണ്.
ഒല്ലൂർ ടൗൺ റോഡ് പരിധിയിൽപ്പെട്ട വടക്കേ അങ്ങാടി, ഹോളി എയ്ഞ്ചൽസ് സ്കൂൾ റോഡ്, പന്തൽ റോഡ് എന്നിവിടങ്ങളിലെ പ്രദേശവാസികൾ ആണ് ദുരിതത്തിൽ കഴിയുന്നത്. ഒല്ലൂർ പള്ളിക്കുസമീപം നിർമിച്ച കൾവർട്ടിൽ വാഹനങ്ങൾ കയറിയിറങ്ങാൻ പാടുപെടുകയാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡിലെ കലുങ്ക് നിർമാണ പ്രവർത്തികൾ പൂർത്തിയാകാത്ത ത് അപകടങ്ങൾക്കും വഴി വെക്കുന്നുണ്ട്.
റോഡിലെ വെള്ളക്കെട്ട് യാത്രികർക്കും വാഹനങ്ങൾക്കും പൊതുജനങ്ങൾക്കുംദുരിതമാകുന്നുണ്ട്. നിർമാണ പ്രവൃത്തികൾ മാസങ്ങളായി പൂർത്തീകരിക്കാതെകിടക്കുകയാണെന്ന് കൗൺസിലർ കരോളി ജോഷ്വ പറഞ്ഞു. കാനകൾ സ്ലാബില്ലാതെ തുറന്നുകിടക്കുന്നത് സംബന്ധിച്ച പരാതി പൊതുമാരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്ക് നാട്ടുകാർ നേരത്തെ നൽകിയിരുന്നു. എന്നാൽ പരാതി നൽകിയിട്ടും റോഡ് നിർമാണ പ്രവർത്തികൾ അനന്തമായി നീളുന്ന സ്ഥിതിയാണ്.
കഴിഞ്ഞ സെപ്റ്റംബറിലാണ് നിർമാണ പ്രവർത്തികൾ തുടങ്ങിയത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും എങ്ങും എത്താത്ത സ്ഥിതിയാണ്. പാലയ്ക്കലിൽ റോഡു പണി നടക്കുന്നതിനാൽ പെരുമ്പിള്ളിശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂടി ഇതുവഴി വന്നതോടെ റോഡിൽ തിരക്കേറിയ സ്ഥിതിയാണ്.
District News
ചാവക്കാട്: മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഓഫീസ് മുറിയിൽ മോഷണം. 5000 രൂപയും ഒന്നര ലക്ഷം രൂപയുടെ സിസിടിവി ഡിവിആർ ഉപകരണവും മോഷണം പോയി. ഹയർസെക്കൻഡറി വിഭാഗത്തിലെ ഓഫീസ് മുറിയും അനുബന്ധ മുറികളുടെയും വാതിലിന്റെയും ഗ്രില്ലിന്റെയും പൂട്ടുകൾ പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്.
മേശയിൽ സൂക്ഷിച്ചിരുന്നരൂപയും മുറിയിൽ വച്ചിരുന്ന സിസിടിവി ഡിവിആറും ഇന്റർനെറ്റിന്റെ വയറും അനുബന്ധ ഉപകരണവും കവർന്നത്. എസ്എച്ച്ഒ വിനോദ് വലിയാട്ടൂർ, എഎസ്ഐ കെ. സാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. തൃശൂർ ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും എത്തിയിരുന്നു.
District News
തൃശൂർ: അമല, ജൂബിലി മിഷൻ ആശുപത്രികളിലെ യുഎൻഎ നഴ്സുമാരുടെ സമരത്തിന്റെ മറവിൽ അതിരൂപതയെയും അതിരൂപത അധ്യക്ഷനെയും അവഹേളിക്കാൻ ശ്രമിക്കുന്നതിനെ അപലപിച്ച് അതിരൂപത സിഎൽസി നേതൃത്വം. അതിരൂപത സിഎൽസി ഓഫീസിൽ ചേർന്ന യോഗം മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്തായ്ക്കും തൃശൂർ അതിരൂപതയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
അതിരൂപത- സംസ്ഥാന സിഎൽസി പ്രമോട്ടർ ഫാ. ഫ്രജോ വാഴപ്പിള്ളി, അതിരൂപത സിഎൽസി പ്രസിഡന്റ് ഗ്ലോറിൻ ജോയ്, നാഷണൽ സിഎൽസി സെക്രട്ടറി ഡിൽജോ തരകൻ, അതിരൂപത സെക്രട്ടറി അജയ്, ട്രഷറർ സിൽജോ, വൈസ് പ്രസിഡന്റ് ആൻതെരേസ എന്നിവർ പ്രസംഗിച്ചു. 12ന് ടൗണ്‍ഹാളിൽ നടക്കുന്ന പ്രതിരോധസംഗമത്തിന് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
District News
തൃശൂർ: നടത്തറ തിരുഹൃദയ ദേവാലയത്തിന്റെ ശതാബ്ദിയുടെ ഭാഗമായി നിർധന കുടുംബങ്ങൾക്ക് പത്തു വീടുകൾ നിർമിച്ചു നൽകി. 80 ലക്ഷം രൂപ ചെലവിട്ടാണ് വീടുകൾ പണിത് സൗജന്യമായി നൽകിയത്. 28 വീടുകളുടെ അറ്റകുറ്റപ്പണികളും നടത്തി. ഇതിന് 20 ലക്ഷം രൂപയോളം ചെലവിട്ടു. ജാതി മത വ്യത്യാസമില്ലാതെയാണ് നടത്തറ മേഖലയിലെ കുടുംബങ്ങൾക്ക് സഹായം നൽകിയത്.
ഇടവകയിലെ വിശ്വാസികളിൽനിന്നാണ് തുക സമാഹരിച്ചത്. പത്തു വീടുകളുടെ സമർപ്പണം ഇന്നു രാവിലെ 8.30 ന് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിക്കും. 2022 മുതൽ 2026 വരെ നീണ്ടുനിന്ന ശതാബ്ദി ആഘോഷത്തിൽ 38 കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ കഴിഞ്ഞതായി വികാരി ഫാ. നോബി അന്പൂക്കൻ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്ന് സഹവികാരി ഫാ. ആൽബിൻ ചൂണ്ടൽ, ട്രസ്റ്റി അംഗങ്ങളായ തോമസ് നെല്ലിശേരി, തോമസ് മുണ്ടൻമാണി, സോജൻ ചെന്പകശേരി, ലെനിൻ തട്ടിൽ തുടങ്ങിയവർ പറഞ്ഞു. പോൾസണ്‍ നെല്ലിശേരി, ബിനു പാലോക്കാരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സമിതിയായിരുന്നു നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.
District News
പടവരാട്: സെന്റ് തോമസ് ഇടവകയുടെ ഗോൾഡൻ ജൂബിലി സമാപനാഘോഷങ്ങൾക്ക് തുടക്കമായി. രാവിലെ നടന്ന സമൂഹബലിയർപ്പണത്തിനും സമർപ്പിത സംഗമത്തിനും സീറോ മലബാർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിൽ മുഖ്യകാർമികത്വം വഹിച്ചു. വൈകീട്ട് പൊതുസമ്മേളനം അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനംചെയ്തു. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ.രാജൻ എംഎൽഎ, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ, കൗണ്‍സിലർ ഹരീഷ് മോഹൻ, സിസ്റ്റർ സുപ്പീരിയർ മെൽവിൻ ക്രിസ്റ്റോ, ജനറൽ കണ്‍വീനർ ജോളി ചിറയത്ത്, ട്രസ്റ്റി ജോബി പെരുന്പുള്ളി, സെക്രട്ടറി സിജോ ജോസ്, ജോ. കണ്‍വീനർ ജോസ്മോൻ വടക്കൻ എന്നിവർ പ്രസംഗിച്ചു.
District News
കല്ലൂർ: കൊടകര ബ്ലോക്ക് പഞ്ചായത്ത് കല്ലൂർ ഡിവിഷനിലെ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മെമ്പർ എക്സലൻസ് അവാർഡ് മന്ത്രി ഒ.ജെ. ജനീഷ് വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറോൺ ജോൺ അധ്യക്ഷത വഹിച്ചു.
തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ്, അളഗപ്പനഗർ ഗ്രാമപഞ്ചായ
ത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജു കാളിയേങ്കര, ദിനിൽ പാലപ്പറമ്പിൽ, പോൾസൺ തെക്കുംപീടിക, അംഗങ്ങളായ പ്രീബനൻ ചുണ്ടേലപറമ്പിൽ, സംഗീത ദിവാകരൻ, സന്ദീപ് കണിയത്ത്, ഗ്ലാൻസൺ പള്ളിത്തറ, ജിഷ ഡേവിസ്, രമണി ചന്ദ്രൻ, ധന്യ ഷനോജ്, ജോജു ചാഴുക്കാരൻ, സജിത രാജീവ്, സിന്ധുമോൾ എന്നിവർ പ്രസംഗിച്ചു.
District News
തൃശൂർ: ചേറ്റുപുഴ കർമലമാതാ ദേവാലയത്തിൽ പരിശുദ്ധ കർമലമാതാവിന്റെ ഉത്തരീയ തിരുനാളിനും ഊട്ടു തിരുനാളിനും വിശുദ്ധ ടൈറ്റസ് ബ്രാൻഡ് സ്മയുടെ തിരുനാളിനും വികാരി ഫാ. സെബാസ്റ്റ്യൻ ആരുച്ചേരിൽ കൊടിയുയർത്തി. 16നാണ് തിരുനാളാഘോഷങ്ങൾ. അന്ന് വൈകിട്ട് 5.30ന് കുർബാന. 19ന് രാവിലെ 6.15നും 9.30നും കുർബാന, 11 ന് നേർച്ച ഭക്ഷണം വെഞ്ചരിച്ച് നൽകൽ, തുടർന്ന് ഉച്ചയ്ക്ക് രണ്ടുവരെ ഊട്ട് എന്നിവ നടക്കും.
District News
വടക്കേക്കാട്: മലബാർസ്വതന്ത്രസുറിയാനി സഭ സ്ഥാപകൻ കാട്ടുമങ്ങാട്ടെ അബ്രഹാം മാർ കൂറിലോസ്ബാവയുടെ 224-ാമത് ഓർമപ്പെരുന്നാളിന് കൊടിയേറി. ഇന്നും നാളെയുമാണ് ആ ഘോഷം. സഭ ആസ്ഥാന മായ തൊഴിയൂർ ഭദ്രാസന ദേവാലയത്തിൽ സഭ അധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്തയാണ് കൊടിയേറ്റം നിർവഹിച്ചത്.
വൈദിക ട്രസ്റ്റി ഫാ. തോമസ് കുരിയൻ, അല്മായ ട്രസ്റ്റി ഗീവർ മാണി പനക്കൽ, സഭ സെക്രട്ടറി ബിനോയ് പി. മാത്യു, വികാരി ഫാ. ബെന്ന്യാമിൻ ചിറ്റിലപ്പിള്ളി, ജനറൽ കൺവീനർ ജോഷി ജോസ് എന്നിവർ നേതൃത്വം നൽകി.
ഇന്ന് വൈകിട്ട് പദയാത്ര, കുന്നംകുളം സെന്റ് തോമസ് കുന്നത്ത് പള്ളിയിൽ നിന്ന് ഘോഷ യാത്ര, തുടർന്ന് നടക്കുന്ന അനുസ്മരണസമ്മേളനം ഡോ. സാമുവൽ മോർ തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 8.30നു ഒൻപതിന്മേൽ വിശുദ്ധകുർബാനയും, അഞ്ഞൂർ ബഹനാൻ ചാപ്പലിലേക്ക് പ്രദക്ഷിക്ഷണവും, ഭദ്രാസന ദേവാലയഅങ്കണത്തിൽ പൊതുസദ്യയും നടത്തുമെന്ന് ആഘോഷകമ്മിറ്റിക്കാർവാർത്തസമ്മേളനത്തിൽ അറിയിച്ചു.
District News
പുന്നയൂർക്കുളം: കാലവർഷം ശക്തമായതോടെ ദുരിതമായി കടലേറ്റവും. അണ്ടത്തോട് പെരിയമ്പലം മേഖലകളിൽ കടൽക്ഷോഭം രൂക്ഷമായി. ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ച ക്ഷോഭം ഇന്നലെയും തുടർന്നു.
തിരമാലകൾ അടിച്ചുകയറുന്ന തങ്ങൾപടി, 310 റോഡ്, പെരിയമ്പലം ബീച്ച് എന്നിവിടങ്ങളിലാണ് കൂടുതലും കര എടുത്തിട്ടുള്ളത്. 310 റോഡ് ബീച്ചിൽ ഷെല്ലീസ് ബീച്ച് ഫ്രണ്ട് കെട്ടിടത്തിന്റെ സുരക്ഷാ ഭിത്തി തകർന്നു. കെട്ടിടത്തിന്റെ ഏതാനും മീറ്റർ ദൂരത്തിലാണ് കടൽ എത്തിനിൽക്കുന്നത്. തങ്ങൾപ്പടി ബീച്ചിൽ ആൾതാമസമില്ലാതെ കിടന്നിരുന്ന മൂന്ന് വീടുകൾ കടലെടുത്തു. പുനർഗേഹം പദ്ധതിയുടെ ഭാഗമായി ഇവിടെയുള്ള താമസക്കാരെ മാറ്റിപ്പാർപ്പിച്ചിരുന്നു. പെരിയമ്പലം ബീച്ചിൽ തട്ടുകടകളിലേക്കും കടൽവെള്ളം ഇരച്ചുകയറുന്ന അവസ്ഥയാണുള്ളത്. നേരത്തെ കടലേറ്റമുണ്ടായ തീരങ്ങളിൽ നിരത്തിയിരുന്ന ജിയോ ബാഗുകൾ കടലെടുത്തു.
പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസൻ തളികശേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. ആബിദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
District News
തൃശൂർ: ചൊവ്വാഴ്ച രാത്രി വൈകിയും ഇന്നലെയുമുണ്ടായ കനത്ത മഴയിലും കാറ്റിലും ജില്ലയിൽ പലയിടത്തും നാശനഷ്ടം. കുറ്റൂരിൽ രാത്രി പതിനൊന്നോടെ മഴയ്ക്കൊപ്പമുണ്ടായ മിന്നൽ ചുഴലിയിൽ വൻ നാശമാണ് ഉണ്ടായത്.
വലിയ മരങ്ങളടക്കം കടപുഴകിവീണു. ഒരു വീടിനു മുകളിലെ ട്രസ് പൂർണമായും പറന്നുപോയി. കോലഴി പഞ്ചായത്തിലെ കുറ്റൂർ തവളക്കുളം ഭാഗത്താണ് ശക്തമായ മിന്നൽച്ചുഴലിയുണ്ടായത്.
ചിറ്റത്തു പറന്പിൽ ഗോപാലന്റെ വീടിന്റെ ഇരുന്പുഷീറ്റുകൾ മേഞ്ഞ ട്രസ് നൂറുമീറ്റർ പറന്ന് അടുത്ത പറന്പിൽവീണു. ഗോപാലനും പേരക്കുട്ടികളും അടങ്ങുന്ന കുടുംബം വീട്ടിലുണ്ടായിരുന്നു. ഏകദേശം അഞ്ചു ലക്ഷം രൂപ മുടക്കിയാണ് 2000 ചതുരശ്രയടി ട്രസ് പണിതത്.
District News
ചാവക്കാട്: പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ തർപ്പണത്തിരുനാളിന്റെ ഭാഗമായി ഉയർത്തിയ അലങ്കാരദീപക്കാഴ്ച ടവർ കാറ്റിൽ നിലംപതിച്ചു. ഇന്നലെ രാവിലെ എട്ടിനു ശേഷമാണ് അപകടം. പള്ളിക്കു മുൻവശത്തായി വൻ അലങ്കാര ലൈറ്റിംഗ് സംവിധാനത്തിന്റെ പണികൾ നടക്കുന്നതിനിടെയാണ് ശക്തമായ കാറ്റിൽ തകർന്നുവീണത്. ആർക്കും പരിക്കില്ല.
ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്ന തിരുനാളിന്റെ ദീപക്കാഴ്ച സ്വിച്ച് ഓൺ വെള്ളിയാഴ്ചയാണ്. ഇതിനായി ഇരുമ്പുതൂണിൽ ഉയർത്തിയ വലിയ ടവറാണ് വീണത്. ടവർ ഒടിഞ്ഞുവീണതോടെ പതിനായിരക്കണക്കിനു ബൾബുകളും നശിച്ചു. പള്ളിയുടെ കൊടിമരത്തിനും നടശാലയുടെ മേൽക്കൂരയ്ക്കും ഭാഗികമായി കേടുപറ്റി.
ഇടവകയിലെ യുഎഇ കൂട്ടായ്മയാണ് ഈ അലങ്കാര ലൈറ്റിംഗ് സംവിധാനം ഒരുക്കുന്നത്.
District News
തൃശൂർ: തെരുവുനായയുടെ ആക്രമണത്തിന് ഇരയായ 98 പേർക്ക് 63 ലക്ഷം രൂപ നഷ്ടപരിഹാരം ശിപാർശ ചെയ്ത് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി. തൃശൂർ കോർപറേഷൻ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, പാറളം, ചേർപ്പ്, കൊരട്ടി പഞ്ചായത്തുകളുടെ പരിധിയിലാണു നഷ്ടപരിഹാരം നൽകേണ്ടത്.
പേവിഷബാധയ്ക്കെതിരായ കുത്തിവയ്പിനു സ്വകാര്യ ആശുപത്രിയിൽ 21,000 രൂപ ചെലവുവരും. നഷ്ടപരിഹാരവും ഇതിനൊപ്പം ഉയരും. ജില്ലയിലാകെയുള്ള കേസുകൾ പരിഗണിച്ചാൽ നഷ്ടപരിഹാരം കോടികളാകും. അതാതു തദ്ദേശസ്ഥാപനങ്ങളാണു തുക നൽകേണ്ടത്.
ലീഗൽ സർവീസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ 109 അപേക്ഷകളാണു പരിഗണിച്ചത്. സമിതി ചെയർപേഴ്സണും ഡിഎൽഎസ്എ സെക്രട്ടറിയുമായ ടി.പി. വിൻസി, ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി. ശ്രീദേവി, മൃഗസംരക്ഷണ ഓഫീസർ ദീന ആന്റണി, തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ എസ്. ശ്യാമളാലക്ഷ്മി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആകെ 62,95,955 രൂപ നഷ്ടപരിഹാരം നൽകാനാണു ശിപാർശ.
District News
തൃശൂർ: പൂമല ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡാമിൽ നിന്നുമുള്ള അധികജലം പുറത്തേക്ക് ഒഴുക്കിവിടാൻ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അനുമതി നൽകി. ഇന്നലെ രാവിലെ പത്തരയോടെ 27.6 അടിയിലെത്തിയ ജലനിരപ്പ് 28 അടിയിൽ കൂടിയാൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയിൽ ഷട്ടറുകൾ തുറക്കാനാണ് അനുമതി.
ഡാമിൽനിന്നു പുറത്തേക്ക് ഒഴുകുന്ന വെള്ളം മലവായ് തോടുവഴി പുഴയ്ക്കൽ തോട്ടിലേക്കും എത്തിച്ചേരുന്നതിനാൽ മുളങ്കുന്നത്തുകാവ്, കോലഴി എന്നീ ഗ്രാമപഞ്ചായത്തുകളിലുള്ളവർ ജാഗ്രത പാലിക്കണം. അധികജലം ഒഴുകിവരുന്നതുമൂലം പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ തോടുകളിലും പുഴകളിലും ഇറങ്ങുന്നതിനും കുളിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുഴയിലെ മത്സ്യബന്ധനത്തിനും കർശന വിലക്കുണ്ട്.
District News
തൃശൂർ: പ്രകൃതിയുടെ മനോഹാരിതകൊണ്ട് സഞ്ചാരികളുടെ മനംകവർന്ന ഒരപ്പൻകെട്ടിൽ വികസനപ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു.
വെള്ളച്ചാട്ടവും പാറക്കെട്ടുകളും പ്രകൃതിയുടെ പച്ചപ്പുമാണ് പീച്ചി വനഗവേഷണകേന്ദ്രത്തിനോടു ചേർന്നുള്ള ഒരപ്പൻകെട്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. മഴക്കാലത്ത് വെള്ളച്ചാട്ടം കാണാനായി നിരവധി ആളുകളെത്തി തുടങ്ങിയതോടെ ഒരപ്പൻകെട്ടിനെ ജില്ലയുടെ വിനോദസഞ്ചാര ഇടനാഴിയിലെ, പ്രധാന വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിച്ചെടുക്കാനുള്ള പദ്ധതികളുമായി കഴിഞ്ഞ സർക്കാർ മുന്നോട്ടുപോയി.
സുരക്ഷാസംവിധാനങ്ങൾ, നടപ്പാതകൾ, വിശ്രമസൗകര്യങ്ങൾ, ശുചിമുറികൾ, പാർക്കിംഗ് ഏരിയ എന്നിവയും വിനോദസഞ്ചാരികളെ ധാരാളമായി ഇവിടേക്കെത്തിക്കാൻ ഗ്ലാസ് ബ്രിഡ്ജ്, സിപ് ലൈൻ, ബോട്ട് ജെട്ടി, ചെക്ക്ഡാം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച് നവീകരണ, വികസന പ്രവൃത്തികൾ വേഗത്തിലാക്കിയിരുന്നു.
മന്ത്രിയും ഒല്ലൂർ മണ്ഡലം എംഎൽഎയുമായിരുന്ന കെ. രാജന്റെ ഫണ്ടിൽനിന്ന് 4.99 കോടി രൂപ ചെലവിട്ട് ഒരപ്പൻകെട്ട് ടൂറിസം യാഥാർഥ്യമാക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയാക്കി ഒരപ്പൻകെട്ട് ടൂറിസം പദ്ധതി ഉദ്ഘാടനംചെയ്യാനും തീരുമാനിച്ചു.
എന്നാൽ തെരഞ്ഞെടുപ്പും സർക്കാരിന്റെ മാറ്റവും വന്നതോടെ വികസന പ്രവർത്തനങ്ങൾ മരവിച്ചെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നു.വൻ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ടിക്കറ്റ് കൗണ്ടർ, ഡ്രസ് മാറാനുള്ള മുറികൾ, ശുചിമുറികളുടെ പണികൾ, നടപ്പുവഴികളിൽ കന്പികൾ നാട്ടുന്ന പണികൾ തുടങ്ങിയവ മാത്രമാണ് നടക്കുന്നത്. കരാർ ഏറ്റെടുത്തവർ കാര്യമായി പണികൾ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം പണികൾ നടക്കുന്നയിടം സന്ദർശിച്ചപ്പോൾ ഒരു സ്ത്രീ മാത്രമാണ് ജോലി ചെയ്തിരുന്നതെന്ന് വാർഡ് മെന്പർ സീന വർഗീസ് പറയുന്നു.
ഒല്ലൂർ എംഎൽഎയായി കെ. രാജൻ തുടരുന്ന സാഹചര്യത്തിൽ പണികൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സുവോളജിക്കൽ പാർക്ക്, പീച്ചിഡാം, എന്നിവിടങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഒരപ്പൻകെട്ടും നവ്യാനുഭവമാകും.
District News
തൃശൂർ: അയ്യന്തോൾ പുഴയ്ക്കൽ മോഡൽ റോഡിൽ കേബിൾ വലിക്കുന്നതിനായി ഒരു കന്പനി റോഡ് വെട്ടിപ്പൊളിക്കുന്നുവെന്ന് പരാതി. കളക്ട്രേറ്റിന് മുന്നിലാണ് റോഡ് പൊളിക്കുന്നത്.
ഈ റോഡിന് ഇരുവശത്തും വൈദ്യുതി കേബിൾ, കുടിവെള്ള പൈപ്പ്, ഫോണ്‍, ഇന്റർനെറ്റ് കേബിളുകൾ തുടങ്ങിയവ തടസമില്ലാതെ സുഗമമായി കൊണ്ടു പോകാനായി വർഷങ്ങൾക്ക് മുൻപേ സുരക്ഷിതമായ കോണ്‍ക്രീറ്റ് കാനകൾ നിർമിച്ചിട്ടുണ്ട്. കേബിൾ വലിക്കുന്നതു പോലെയുള്ള പണികൾക്കു വേണ്ടി റോഡ് വെട്ടിപ്പൊളിക്കാതിരിക്കാനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കാനകൾക്കു മുകളിൽ സ്ലാബ് ഇട്ടാണ് മോഡൽ റോഡിനു ഇരുവശവും ഫുട്പാത്ത് ഉണ്ടാക്കിയിട്ടുള്ളത്. ഈ കാന നിലനിൽക്കുന്പോഴാണ് ആഴത്തിൽ റോഡ് പൊളിക്കുന്നതെന്നും പരാതിക്കാർ ആരോപിച്ചു.
മികച്ച രീതിയിൽ ടാറിംഗ് നടത്തിയ യാതൊരു തകരാറുമില്ലാത്ത റോഡാണ് പൊളിക്കുന്നത്. കന്പനിയുടെ ബോർഡ് പോലും വയ്ക്കാതെയാണ് പണികൾ നടക്കുന്നത്.
കേബിളുകൾ റോഡ് പൊളിക്കാതെ കൊണ്ടുപോകാൻ സൗകര്യമുണ്ടായിട്ടും അത് ഉപയോഗിക്കാത്തതിൽ അയ്യന്തോൾ ജനകീയ സമിതിയും യാത്രക്കാരും പ്രതിഷേധം രേഖപ്പെടുത്തി.
District News
കുറ്റിക്കോൽ: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽനിന്ന് ഇറങ്ങുന്നതിനിടെ വയോധിക റോഡിലേക്ക് തെറിച്ചുവീണു. യാത്രക്കാരി വീണതു ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു പോയതായും പരാതി. ശങ്കരംപാടി കുളിയംകുളത്തെ തമ്പായിയാണ് (75) കുറ്റിക്കോൽ ടൗണിൽ ബസിറങ്ങുന്നതിനിടെ റോഡിലേക്കു വീണത്. ഇവരെ സാരമായ പരിക്കുകളോടെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ബേഡകം പോലീസ് കേസെടുത്തു.
District News
ഉളിക്കൽ: കർണാടകത്തിൽ ഉൾവനങ്ങളിലുണ്ടായ കനത്തമഴയെത്തുടർന്ന് വയത്തൂർ പുഴയിൽ ജലവിതാനം ഉയർന്നതോടെ ഉളിക്കൽ പഞ്ചായത്തിലെ ഉളിക്കൽ - മണിപ്പാറ റോഡിലെ വയത്തൂർ പാലം വെള്ളത്തിൽ മുങ്ങി. പാലം മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ബസ് ഉൾപ്പെടെ ചെറുവാഹനങ്ങൾ മണിപ്പാറ, മണിക്കടവ്, കുന്നത്തൂർ ഭാഗങ്ങളിലേക്ക് ഇതുവഴിയാണ് പോകുന്നത്. മഴ തുടരുകയാണെങ്കിൽ ജലനിരപ്പ് ഇനിയും ഒരു മീറ്ററോളം ഉയരാനാണ് സാധ്യത.
കഴിഞ്ഞ കാലവർഷത്തിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് അപകടങ്ങളും സംഭവിച്ചിരുന്നു. പാലത്തിന്റെ ഇരുഭാഗത്തും നാട്ടുകാർ ജാഗ്രതാ നിർദേശം നൽകുന്നുണ്ട്. പുഴയുടെ ഭാഗമായ ചപ്പാത്തും മുങ്ങിയിട്ടുണ്ട്. മഴ ഇനിയും ശക്തി പ്രാപിച്ചാൽ വട്ട്യാംതോട് പാലവും മുങ്ങുന്നതിനിടയാകും.
District News
കണ്ണൂർ: പാദവാർഷിക പരീക്ഷകൾ വരാനിരിക്കെ അധ്യാപകരെ സെൻസസ് ഡ്യൂട്ടിക്കു നിയോഗിച്ചതും എൽപി, യുപി വിഭാഗങ്ങളിലെ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (എസ്ആർജി) കൺവീനർമാരുടെ ഏകദിന പരിശീലനവും സ്കൂളുകളിലെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഓഗസ്റ്റ് 13നാണ് പാദവാർഷിക പരീക്ഷകൾ തുടങ്ങുക. എന്നാൽ സെൻസസ് ഡ്യൂട്ടി, എസ്ആർജി കോഴ്സ് എന്നിവയിലായതിനാൽ മിക്ക സ്കൂളുകളിലും കൃത്യമായ രീതിയിൽ പാഠ്യഭാഗങ്ങൾ പഠിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് അധ്യാപകർ പറയുന്നു.
ഓരോ സ്കൂളുകളിലെയും പകുതിയിലേറെ അധ്യാപകരെയാണ് സെൻസസ് ഡ്യൂട്ടിക്കായി നിയോഗിച്ചത്.
ഈ മാസം ഒന്നു മുതൽ 31 വരെയാണ് സെൻസസ് ഡ്യൂട്ടി. ഈ സാഹചര്യത്തിൽ ഡ്യൂട്ടിയുള്ള അധ്യാപകർ സ്കൂളിൽ വരാത്തതിനാൽ പഠനവും നടക്കില്ല. ചിലയിടങ്ങളിൽ അധ്യാപകർ സ്കൂളിലെത്തി ഏതാനും മണിക്കൂറുകൾ പഠിപ്പിച്ച ശേഷം സെൻസസ് ഡ്യൂട്ടി ചെയ്യുകയാണ്. ഇത് അമിത ജോലി ഭാരമാണ് സൃഷ്ടിക്കുന്നതെന്ന് അധ്യാപകർ പറയുന്നു.
എസ്ആർജി കൺവീനർമാർക്കുള്ള പരിശീലനം ഉപജില്ലാ കേന്ദ്രങ്ങളിൽ പത്തിനുമുന്പ് നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. കെ -ടെറ്റ് പാസായ അധ്യാപകർക്ക് ഈ ദിവസങ്ങളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും നടത്തേണ്ടതുണ്ട്. ഇതിനായി അധ്യാപകർ പോകുന്പോൾ സ്കൂളിന്റെ പ്രവർത്തനം താളം തെറ്റുകയുമാണ്.
പാദവാർഷിക പരീക്ഷ വരാനിരിക്കെ അധ്യാപകർക്കുള്ള പരിശീലന പരിപാടികൾ, മുഖ്യാധ്യാപകരുടെ യോഗങ്ങൾ എന്നിവ താത്കാലികമായെങ്കിലും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമെന്ന ആവശ്യവും അധ്യാപകരിൽനിന്ന് ഉയരുന്നുണ്ട്.
പാഠഭാഗങ്ങൾ പഠിപ്പിച്ചു പൂർത്തിയാക്കാതെ പരീക്ഷ നടത്താനുള്ള നീക്കത്തിനെതിരെ രക്ഷിതാക്കളിൽനിന്നും എതിർപ്പ് ഉയരുന്നുണ്ട്. പാഠഭാഗങ്ങൾ പൂർണമായും പഠിപ്പിച്ചശേഷം പാദവാർഷിക പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റി നിശ്ചയിക്കണമെന്നും നിർദേശം ഉയരുന്നു.
District News
മട്ടന്നൂർ: സർവീസുകൾ വെട്ടിച്ചുരുക്കേണ്ടി വന്നതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽനിന്നു കണ്ണൂർ രാജ്യാന്തര വിമാനത്താവളം കരകയറുകയാണെന്ന് വിമാനത്താവള കമ്പനിയായ കിയാൽ പത്രക്കുറിപ്പിൽ അറിയിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ഈവർഷം മാർച്ചിൽ യാത്രക്കാരുടെ എണ്ണത്തിൽ 92 ശതമാനം കുറവാണ് കണ്ണൂരിലുണ്ടായത്. കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രതിസന്ധി ഏറ്റവും ബാധിച്ചത് കണ്ണൂരിനെയാണ്. കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 47 ശതമാനവും കൊച്ചിയിൽ 37 ശതമാനവും കുറവാണുണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിൽ 39 ശതമാനത്തിന്റെയും കുറവുണ്ടായി.
യാത്രക്കാരുടെ എണ്ണത്തിൽ ആകെ 62 ശതമാനം കുറവാണ് കണ്ണൂരിലുണ്ടായത്. കൊച്ചി വിമാനത്താവളത്തിൽ 12 ശതമാനം മാത്രമാണ് കുറഞ്ഞത്. പ്രതിസന്ധി ഒഴിഞ്ഞ് സർവീസുകൾ പുനരാരംഭിക്കാൻ തുടങ്ങിയതോടെ ഏപ്രിലിൽ 19 ശതമാനം യാത്രക്കാർ വർധിച്ചു. മേയിൽ 45 ശതമാനവും ജൂണിൽ 65 ശതമാനവും വർധനവുണ്ടായി.
ഈ മാസം 95 ശതമാനം സർവീസുകളും പുനരാരംഭിക്കാൻ സാധിച്ചിട്ടുണ്ട്. ഇതോടെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വളർച്ച കൈവരിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വളർച്ചയും സുസ്ഥിരതയും കൈവരിക്കുന്നതിന് കിയാൽ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും നിയമങ്ങളും വ്യവസ്ഥകളും പാലിച്ച് സുതാര്യതയോടെയാണു പ്രവർത്തിക്കുന്നതെന്നും കിയാൽ എംഡി സി. ദിനേശ്കുമാർ അറിയിച്ചു.
District News
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റിനെ ഇരുട്ടിൽ നിർത്തി നോക്കുകുത്തിയാക്കി മാറ്റി വൈസ് ചാൻസലറുടെ ഏകപക്ഷീയ ഭരണമാണ് നടക്കുന്നതെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ. സംസ്ഥാന ഭരണം മാറിയ സാഹചര്യത്തിൽ പുതിയ സിൻഡിക്കേറ്റ് അംഗങ്ങളുടെ നോമിനേഷൻ നടക്കേണ്ടതുണ്ട്. അതുവരെ നിലവിലെ സിൻഡിക്കേറ്റ് തുടരുക എന്നതാണ് കീഴ്വഴക്കം. എന്നാൽ നിലവിലുള്ള സിൻഡിക്കേറ്റ് യോഗം വിളിക്കാനോ ചർച്ച ചെയ്യാനോ തയാറാകാതെ വൈസ് ചാൻസലർ തനിക്കും തനിക്ക് വേണ്ടപ്പെട്ടവരുടെയും താത്പര്യമണ് നടപ്പാക്കുന്നത്.
സ്വാർഥതാത്പര്യങ്ങൾക്ക് വൈസ് ചാൻസലർ ഡോ. കെ.കെ. സാജു യൂണിവേഴ്സിറ്റിയെ മറയാക്കുകയാണെന്ന് സിൻഡിക്കേറ്റ് അംഗങ്ങളായ എൻ. സുകന്യ, എ. അശോകൻ, പ്രമോദ് വെള്ളച്ചാൽ, മോഹനചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
നിലവിലെ സിൻഡിക്കേറ്റ് തയാറാക്കിയ ബോർഡ് ഓഫ് സ്റ്റഡീസ്, എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച കോഴ്സുകൾ എന്നിവ മനഃപൂർവം വൈകിപ്പിക്കുകയാണ്. കോളജുകളിൽ പുതിയ പ്രോഗ്രാമുകൾ അനുവദിച്ചാൽ പരിശോധന നടത്തേണ്ടത് സിൻഡിക്കേറ്റ് അംഗങ്ങളാണെന്നിരിക്കെ ഇപ്പോൾ സിൻഡിക്കേറ്റിനെ വെട്ടിമാറ്റി സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർക്ക് ചുമതല നൽകി. കൂടാതെ നാഷൺ എഡ്യുക്കേഷൻ പോളിസിയുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കുകയുംചെയ്യുന്നു.
യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായി സർവകലാശാലയിലെ സീനിയർ പ്രഫസർമാരെ പരിഗണിക്കാതെ സർവകലാശാലയെ കാവിവത്കരിക്കുക എന്ന ലക്ഷ്യത്തോടെ മറ്റൊരു യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അധ്യാപകനെ എംഎംടിടിസി ഡയറക്ടറായി നിയമിക്കുകയും ചെയ്തു. ഈ അധ്യാപകനെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങളും കേസുകളും ഉണ്ടെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു.
District News
രാജപുരം: കള്ളാർ ടൗണിൽ ഫർണിച്ചർ ഷോപ്പ് തീയിട്ടു നശിപ്പിച്ചു. ഒക്ലാവ് സ്വദേശി കുഞ്ഞഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ഷോപ്പിനാണ് തീയിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നാംമൈൽ സ്വദേശി അബു എന്ന അബൂബക്കർ മുഹമ്മദ്, ഷാലോം എന്നിവരെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞഹമ്മദിന്റെ മകൻ പി.എച്ച്. സിദ്ദിഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്.
ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമികനിഗമനം. പ്രതി അബൂബക്കർ മുഹമ്മദിന് കടയുടമ കുഞ്ഞഹമ്മദിനോടുള്ള മുൻവൈരാഗ്യം മൂലമാണ് കടയ്ക്ക് തീയിട്ടതെന്നാണ് പരാതി.
District News
വെള്ളരിക്കുണ്ട്: പ്രമേഹം മൂര്ച്ഛിച്ചതിനെതത്തുടര്ന്ന് ഇരുകാലുകളും മുട്ടിനുതാഴെ മുറിച്ചുമാറ്റിയ വെള്ളരിക്കുണ്ടിലെ കൈതക്കോട്ടില്‍ റെജിമോള്‍ (52) തുടര്‍ചികിത്സയ്ക്ക് ഉദാരമതികളുടെ സഹായം തേടുന്നു.
വിവിധ ആശുപത്രികളിലെ ചികിത്സയ്ക്കായി ഇതിനകം 10 ലക്ഷത്തിലധികം രൂപ ചെലവായി. ഇപ്പോള്‍ ഇരുകാലുകളിലെയും രക്തയോട്ടം നിലച്ചിരിക്കുകയാണ്. പരസഹായമില്ലാതെ ഇരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. അതിനിടെ ഹൃദയാഘാതവുമുണ്ടായി.
നിലവില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് പോള്‍സണ്‍ കെ. ജോസഫ് കൂലിപ്പണിയെടുത്താണ് വീട്ടുചെലവും ഭാര്യയുടെ ചികിത്സയും നടത്തുന്നത്. തുടര്‍ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ബളാല്‍ പഞ്ചായത്ത് സ്ഥിരംസമിതിയംഗം ഷോബി ജോസഫ്, വാര്‍ഡ് മെംബര്‍ ഷാജന് പൈങ്ങാട്ട് എന്നിവര്‍ രക്ഷാധികാരികളായി സഹാകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് എസ്ബിഐയില്‍ അക്കൗണ്ടും തുറന്നു. അക്കൗണ്ട് നമ്പര്‍: 37680522246. ഐഎഫ്എസ് സി: sbin0071104. ഗൂഗിള്‍ പേ നമ്പര്‍: 8606712984.
District News
കെഎസ്ആർടിസി ഉൾപ്പെടെ എട്ടു ബസുകൾക്കെതിരേ നടപടി
ഇരിട്ടി: തേഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഉൾപ്പെടെ എട്ടു ബസുകൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇരിട്ടി ജോയിന്റെആർടിഒയുടെ നേതൃത്വത്തിൽ ആരംഭിച്ച ഒരാഴ്ച നീളുന്ന പ്രത്യേക പരിശോധനാ ഡ്രൈവിലാണ് നിയമനടപടി.
ആദ്യദിനത്തിൽ ബസുകളുടെ ടയറുകളാണ് പ്രധാനമായും പരിശോധിച്ചത്. ഒരു കെഎസ്ആർടിസി ബസും ഏഴ് സ്വകാര്യ ബസുകളും തേഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയതായി കണ്ടെ ത്തി. നിയമലംഘനം കണ്ടെത്തിയ വാഹനങ്ങൾ തുടർ സർവീസിന് അനുവദിച്ചില്ല.
മഴക്കാലത്ത് തേഞ്ഞുതീർന്ന ടയറുകൾ ഉപയോഗിച്ച് സർവീസ് നടത്തുന്നത് അപകടസാധ്യത ഗണ്യമായി വർധിപ്പിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.
ഇരിട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആന്റണി മൈക്കിൾ, എംവിഐമാരായ എൻ.ആർ. റിജിൻ, സി.പി. ബാബുരാജ്, എഎംവിഐമാരായ വി.പി. രാജേഷ്, ബൈജു, സജേഷ്, ഡ്രൈവർ സഹീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വരും ദിവസങ്ങളിലും ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ വ്യാപക പരിശോധന തുടരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
District News
ശ്രീകണ്ഠപുരം: ലോട്ടറിയുടെ നമ്പർ തിരുത്തി വില്പനക്കാരനിൽ നിന്ന് 2000 രൂപ തട്ടിയെടുത്തതായി പരാതി. ചെങ്ങളായി പെരുങ്കോന്ന് സ്വദേശിയായ ലോട്ടറി വില്പനക്കാരനെയാണ് തട്ടിപ്പിനിരയാക്കിയത്.
അഞ്ചിന് നറുക്കെടുത്ത സമൃദ്ധി ഭാഗ്യക്കുറിയുടെ ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകളാണ് തിരുത്തി തട്ടിപ്പ് നടത്തിയത്. 8285 എന്ന നന്പറുള്ള ടിക്കറ്റുകൾ 1000 രൂപ സമ്മാനത്തുകയുള്ള 3285 എന്നാക്കി തിരുത്തുകയായിരുന്നു.
ചെങ്ങളായി ടൗണിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ എത്തിയ ആൾ ആശുപത്രി സെക്യൂരിറ്റിക്കാരനാണെന്നാണ് ലോട്ടറി വില്പനക്കാരനോട് പറഞ്ഞത്. പിടിഎസ് ലോട്ടറി ഏജൻസി പെരുന്തൽമണ്ണ ഏജൻസിയിൽ വിറ്റ ടിക്കറ്റിലാണ് നമ്പർ തിരുത്തി ക്രമക്കേട് നടത്തിയത്.
ടിക്കറ്റ് മാറുന്നതിനായി ലോട്ടറി വില്പനക്കാരൻ ശ്രീകണ്ഠപുരത്തെ നിഷ ലോട്ടറി ഏജൻസിയിൽ എത്തി ടിക്കറ്റ് സ്കാൻ ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരം അറിഞ്ഞത്.
District News
തലശേരി: അടുക്കളയിൽ മദ്യപിക്കുന്നത് തടഞ്ഞ അമ്മയുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് മകൻ.പൊള്ളലേറ്റ ചൊക്ലി മത്തിപറമ്പ് വലിയപറമ്പത്ത് മീത്തൽ ഹൗസിൽ കല്യാണി ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ കല്യാണിയുടെ മകൻ ബാബുവിനെതിരെ ചൊക്ലി പോലീസ് കേസെടുത്തു. ജൂൺ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് പോലീസ് മൊഴിയെടുത്തിരുന്നെങ്കിലും ചായക്കലം മറിഞ്ഞ് പൊള്ളലേറ്റുവെന്നാണ് കല്യാണി പറഞ്ഞിരുന്നത്. ഇപ്പോഴാണ് പരാതി നൽകിയത്.
സ്വത്ത് ഭാഗംവച്ചു നൽകാത്തതിന്റെ വിരോധവും മകനുണ്ടായിരുന്നതായി പരാതിയിൽ പറയുന്നുണ്ട്.
District News
കണ്ണൂർ: ഓട്ടോറിക്ഷയിൽ സൂക്ഷിച്ച പണം മോഷ്ടിച്ചെന്ന സംശയത്തിൽ മർദിച്ചു എന്ന നിരവധി മോഷണ കേസുകളിലെ പ്രതിയുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കാസർഗോഡ് ചിറ്റാരിക്കാൽ ആയന്നൂർ സ്വദേശി ഷൈജു ജോസഫിന്റെ (33) പരാതിയിലാണ് ഓട്ടോ ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന രണ്ടുപേർക്കുമെതിരെ പോലീസ് കേസെടുത്തത്.
ഈ മാസം ആറിന് രാത്രി 10 ന് റെയിൽവെ സ്റ്റേഷൻ കിഴക്കേ കവാടത്തിനു മുൻവശം വച്ച് ഓട്ടോയിലെത്തിയ പ്രതികൾ മർദിച്ചെന്നാണ് പരാതി. നാലിന് പുലർച്ചെ 5.30ന് പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള കൂൾ ബാറിനു മുന്നിൽ നിർത്തിയിട്ട ഒന്നാംപ്രതിയുടെ ഓട്ടോയിൽ നിന്ന് ഡാഷ്ബോർഡ് തകർത്ത് 5500 രൂപ മോഷ്ടിച്ചുവെന്ന് പറഞ്ഞായിരുന്നത്രെ മർദനം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
District News
തൃക്കരിപ്പൂർ: വീശിയടിച്ച കാറ്റിൽ തൃക്കരിപ്പൂർ മേഖലയിൽ വ്യാപക നാശനഷ്ടം. എട്ടു വൈദ്യുതതൂണുകളാണ് ഒടിഞ്ഞുവീണു. വൈദ്യുത കമ്പികൾ പൊട്ടിവീണ് ഇളമ്പച്ചി തലിച്ചാലത്തെ പി. സുലോചനയുടെ വീട് തകർന്നു. കുടുംബാംഗങ്ങൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിനു മുകളിലൂടെ വലിച്ച വൈദ്യുത കമ്പികൾ ഇന്നലെ പുലർച്ചെ 2.30 ഓടെ ശക്തമായ കാറ്റിൽ മറിഞ്ഞു വീണാണ് അപകടമുണ്ടായത്.
സുലോചനയുടെ വീടിന്റെ കിടപ്പ് മുറിയിലേക്കാണ് മേൽക്കൂര തകർന്ന് വീണത്. മകൾ സുരഭിയുടെ മകൻ പത്താംക്ലാസ് വിദ്യാർഥി കൃഷ്ണദേവും സുലോചനയുമാണ് വീട്ടിലുണ്ടായിരുന്നത്. കഴുക്കോലും ഓടും ഇവർ കിടന്നിരുന്ന കട്ടിലിലേക്ക് ഒടിഞ്ഞു വീണ ഉടൻ ഇരുവരും വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
തൊട്ടടുത്ത കെ. ചിത്രലേഖയുടെ വീടിനു മുകളിലേക്ക് വൈദ്യുത തൂൺ ഒടിഞ്ഞ് വീണു. കെ.വി. ഉണ്ണികൃഷ്ണന്റെ വീട്ട് പറമ്പിലെ തെങ്ങ് കാറ്റിൽ കടപുഴകി റോഡിന് കുറുകെ വീണതാണ് വൈദ്യുത അപകടമുണ്ടായതിന് കാരണമായത്.
നോർത്ത് പൂച്ചോൽ-എടാട്ടുമ്മൽ റോഡിലെ കെ.വി. ശ്യാമളയുടെ വീട്ടുമുറ്റത്തെ കശുമാവും പ്ലാവും കടപുഴകിയും വീണു. വിമുക്ത ഭടൻ എം. തമ്പാന്റെ പ്ലാവും തെങ്ങും ഒടിഞ്ഞു വീണു. പകൽ മുഴുവൻ തൃക്കരിപ്പൂരിലെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി.
District News
വീട് തകർന്നു; വീട്ടുകാർ ഓടി രക്ഷപ്പെട്ടു
രാജപുരം: കനത്ത മഴയിൽ ഓടിട്ട വീട് തകർന്ന വീണു. വലിയ ശബ്ദം കേട്ട് വീട്ടുകാർ ഉടൻ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. കള്ളാറിലെ ഗീതയുടെ വീടാണ് ഇന്നലെ രാവിലെ പൂർണമായും തകർന്നുവീണത്. അപകട സമയത്ത് ഗീതയും ഭർത്താവ് ശക്തിവേലുവും മകനും വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടതോടെ മൂവരും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു.
ഉടനെ തന്നെ വീട് പൂർണമായി തകർന്നു വീണു. പുറത്തേക്ക് ഓടുന്നതിനിടെ വീണ് ശക്തിവേലുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗീതയുടെ പുതിയ വീടിന്റെ നിർമാണം പൂർത്തിയായി വരുന്നതേയുള്ളൂ. നിലവിൽ താമസിച്ചിരുന്ന പഴയ വീടാണ് തകർന്നത്.
തെങ്ങ് വീണ് വീടിന്റെ മേൽക്കൂര തകർന്നു
രാജപുരം: കള്ളാർ പഞ്ചായത്തിലെ ഒന്‍പതാം വാർഡ് പുഞ്ചക്കരയിൽ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് വീണ് മേൽക്കൂര തകർന്നു. പെരുമാനൂർ പി.കെ. ജോസഫിന്റെ വീടാണ് തകർന്നത്. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്.
അപകടസമയത്ത് വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നവർ ഉണ്ടായിരുന്നെങ്കിലും അവർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. തെങ്ങ് വീണ് വീടിന്റെ മേൽക്കൂരയ്ക്കും ഭിത്തികൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മലയോരമേഖലയിൽ മഴ ശക്തമാണ്. കനത്ത മഴയിലും കാറ്റിലും മലയോരത്ത് പരക്കെ കൃഷിനാശവും മരം വീണ് വൈദ്യുത തൂണുകൾ അടക്കം തകർന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധവും പൂർണമായി തടസപ്പെട്ട നിലയിലാണ്.
District News
കാഞ്ഞങ്ങാട്: വനംവകുപ്പിന്റെ ഊർജിത കാട്ടുപന്നി നിയന്ത്രണ ദൗത്യം മൂന്നാഴ്ച പിന്നിടുമ്പോൾ ജില്ലയിൽ ഇതുവരെ കൊന്നൊടുക്കിയത് 20 കാട്ടുപന്നികളെ മാത്രം. എന്നാൽ, അതിലേറെ എണ്ണത്തെ തുരത്തിയിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്.
കാട്ടുപന്നികൾ പതിവായി ഇറങ്ങിയിരുന്ന ഭാഗങ്ങളിലെല്ലാം വെടിയൊച്ചകൾ മുഴങ്ങിയതോടെ പന്നിക്കൂട്ടങ്ങൾ നാട്ടിലിറങ്ങുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചതായ പരാതികളും കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഉയർന്നുകേട്ടിട്ടില്ല.
കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും ഇറങ്ങി പ്രശ്നം സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലുകയെന്നതല്ലാതെ കാട്ടിനുള്ളിലെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കയറി പന്നികളെ വെടിവയ്ക്കാൻ ദൗത്യത്തിലൂടെ ഉദ്ദേശിച്ചിട്ടില്ല. ഇതുകൂടി കൊണ്ടാണ് കൊന്നൊടുക്കിയ പന്നികളുടെ എണ്ണം കുറവായത്.
ഔദ്യോഗിക രേഖകൾ പ്രകാരം 20 പന്നികളെ കൊന്നതിൽ 12 എണ്ണവും കാഞ്ഞങ്ങാട് റേഞ്ചിന്റെ പരിധിയിലാണ്. ഇതിൽ ആറെണ്ണത്തെയും കൊന്നത് കള്ളാർ പഞ്ചായത്ത് പരിധിയിൽ നിന്നാണ്. പനത്തടി, കോടോം-ബേളൂർ പഞ്ചായത്തുകളിൽ നിന്ന് രണ്ടുവീതവും വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിൽ ഓരോന്നും പന്നികളെ കൊന്നിട്ടുണ്ട്.
ദൗത്യം തുടങ്ങിയതിനു ശേഷം ഈസ്റ്റ് എളേരി, കിനാനൂർ-കരിന്തളം പഞ്ചായത്തുകളിൽ ഇതുവരെ ഒരു പന്നിയേയും കൊന്നതായി രേഖയില്ല. കാട്ടുപന്നി നിയന്ത്രണ ദൗത്യത്തിനായി വനംവകുപ്പിന്റെ അനുമതിയോടെ ഇറങ്ങിയ ഷൂട്ടർമാരുടെ സംഘത്തെ നായാട്ടുസംഘമെന്നാരോപിച്ച് ചിറ്റാരിക്കാൽ പോലീസ് തടഞ്ഞതും വിവാദമായിരുന്നു.
കാസർഗോഡ് റേഞ്ചിന്റെ പരിധിയിൽ 13 ഉം കാഞ്ഞങ്ങാട് റേഞ്ചിൽ 18 ഉം ഷൂട്ടർമാർക്കാണ് നിലവിൽ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അനുമതി നൽകിയിട്ടുള്ളത്. വരുംദിവസങ്ങളിൽ കൂടുതൽ ഷൂട്ടർമാരെ പദ്ധതിയുടെ ഭാഗമാക്കാനും ഉദ്ദേശിക്കുന്നുണ്ട്.
District News
എണ്ണപ്പാറ: മലയാറ്റുകര ഉന്നതിക്കു സമീപം പുലിയെ കണ്ടതായി നാട്ടുകാർ. കർഷകനായ ജോസാണ് രാവിലെ പത്രമെടുക്കാൻ പോകുമ്പോൾ മലയാറ്റുകരയിലെ റബർ തോട്ടത്തിൽ ആദ്യമായി പുലിയെ കണ്ടത്. സമീപവാസിയായ മടയനും അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ പുലിയെ കണ്ടതായി പറയുന്നു.
തുടർന്ന് മരുതോം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. ബാബുവിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും അമ്പലത്തറ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കനത്ത മഴയായതിനാൽ പുലിയുടെ കാൽപാടുകളോ മറ്റടയാളങ്ങളോ കണ്ടെത്താനായില്ല. നാട്ടുകാരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
രാവിലെ റബർ ടാപ്പിംഗിനു പോകുന്നവർ ഹെഡ് ലൈറ്റ് ഉപയോഗിക്കണമെന്നും രാത്രികാലങ്ങളിൽ വളർത്തുമൃഗങ്ങളുടെയോ തെരുവുനായ്ക്കളുടെയോ മറ്റു ജീവികളുടെയോ കരച്ചിൽ കേട്ടാൽ ശ്രദ്ധിക്കണമെന്നും നിർദേശം നൽകി.
District News
പനത്തടി: പനത്തടി പഞ്ചായത്ത് 12-ാം വാർഡിൽ പുളിംകൊച്ചി ചാലിനു കുറുകെ ജില്ലാ പഞ്ചായത്ത് കോൺക്രീറ്റ് പാലം അനുവദിച്ചിട്ട് നാലുവർഷം കഴിയുന്നു. 50 ലക്ഷം രൂപയുടെ ഫണ്ട് കിട്ടിയിട്ടും മറ്റെങ്ങുമില്ലാത്ത സാങ്കേതിക തടസങ്ങൾ പറഞ്ഞ് പാലംപണി നീണ്ടുപോകുമ്പോൾ പുളിംകൊച്ചി നിവാസികൾക്ക് ഈ മഴക്കാലത്തും കമുകിൻതടി കൊണ്ടുള്ള പാലം പുതുക്കിപ്പണിയാനാണ് വിധി.
2022ൽ പുളിംകൊച്ചി സ്വദേശിയായ കളക്ടറേറ്റ് ജീവനക്കാരൻ മരിച്ചപ്പോൾ മൃതദേഹം കമുകിൻപാലത്തിനു മുകളിലൂടെ ചുമന്നുകൊണ്ടുപോകുന്ന കാഴ്ച കണ്ടാണ് പാലത്തിന്റെ കാര്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും ഇടപെട്ടത്. തുടർന്ന് കോൺക്രീറ്റ് നടപ്പാലം നിർമിക്കാൻ 40 ലക്ഷം രൂപ അനുവദിച്ചു. വാഹനം പോകുന്ന പാലം തന്നെ വേണമെന്ന ആവശ്യമുയർന്നതോടെ അന്നത്തെ ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മുൻകൈയെടുത്ത് അടുത്ത വർഷം 10 ലക്ഷം രൂപ കൂടി അനുവദിച്ച് പദ്ധതി പുതുക്കി. സർക്കാർ ഏജൻസിയായ കാസർഗോഡ് കെൽ ആണ് പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തത്. പിന്നീട് ഇവിടെ സാധന സാമഗ്രികൾ എത്തിക്കാനുള്ള സാങ്കേതിക തടസം പറഞ്ഞ് അവർ പ്രവൃത്തിയിൽനിന്ന് പിന്മാറുകയായിരുന്നു. ഇക്കാര്യം ജില്ലാ പഞ്ചായത്തിനെ രേഖാമൂലം അറിയിക്കാത്തതിനാൽ റീടെൻഡർ നടപടികളും മുടങ്ങി.
സാധനസാമഗ്രികൾ എത്തിക്കാൻപോലും ബുദ്ധിമുട്ടുള്ള സ്ഥലമാണെന്നറിഞ്ഞുകൊണ്ട് കെൽ അധികൃതർ കരാർ ഏറ്റെടുത്തത് എന്തിനായിരുന്നുവെന്ന ചോദ്യവും ബാക്കിയാണ്.
പനത്തടി-റാണിപുരം റോഡിലെ പെരുതടിയിൽ നിന്ന് പുളിംകൊച്ചി വഴി കടമല റോഡ് വരെ 2.8 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ 1.3 കിലോമീറ്റർ ദൂരം വർഷങ്ങൾക്കുമുമ്പ് ടാർ ചെയ്തതാണ്. ബാക്കി ഭാഗത്തിന്റെ നവീകരണം പട്ടികവർഗ വകുപ്പ് കോർപസ് ഫണ്ട് ഉപയോഗിച്ച് നടത്താമെന്ന് 2022ൽ അറിയിച്ചിരുന്നു. എന്നാൽ, പാലം പണി വഴിമുട്ടിയതോടെ ഈ റോഡിന്റെ പ്രവൃത്തിയും മുടങ്ങി.
പുളിംകൊച്ചി കോളനിയിലെ പട്ടികവർഗ കുടുംബങ്ങളിലുള്ളവർക്ക് രോഗബാധിതരായവരെ ആശുപത്രിയിലെത്തിക്കാൻപോലും കമുകിൻപാലത്തിനു മുകളിലൂടെ ചുമന്നുകൊണ്ടുപോകേണ്ട അവസ്ഥയാണ് ഇപ്പോഴുമുള്ളത്.
മഴ കനക്കുന്നതോടെ ഈ പാലത്തിനു മുകളിലൂടെ മലവെള്ളം കുത്തിയൊഴുകും. പാലത്തിനു താഴെ 50 അടിയോളം താഴ്ചയുള്ള കൊക്കയാണ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് ഇതിനു മുകളിലൂടെ കടന്നുപോകാൻ മുതിർന്നവർക്കു പോലും ഭയമാണ്. റോഡും പാലവുമില്ലാത്തതിനാൽ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനയിറങ്ങുമ്പോൾ വനംവകുപ്പ് ജീവനക്കാർക്കുപോലും ഇവിടെ എത്തിപ്പെടാൻ പ്രയാസമാണ്.
പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി എത്രയും പെട്ടെന്ന് പാലത്തിന്റെ പ്രവൃത്തി തുടങ്ങാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇപ്പോൾ ഈ പ്രദേശം ഉൾപ്പെടുന്ന ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാമിന്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിലുണ്ടാകണമെന്നും അവർ ആവശ്യപ്പെടുന്നു.
District News
പാലാവയൽ: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് പുളിങ്ങോം-പാലാവയൽ വഴി തയ്യേനി വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി സി.പി. ജോണിന് നിവേദനം നൽകി. ഇടുക്കി നെടുംകണ്ടം കട്ടപ്പനയിൽ നിന്ന് ചെറുപുഴ വരെ സർവീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് സർവീസ് പാലാവയൽ -തയ്യേനി വരെ ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മന്ത്രിക്ക് തയ്യേനി നിവാസികളുടെ പേരിൽ നിവേദനം സമർപ്പിച്ചത്.
നിലവിൽ ചെറുപുഴയിൽ അവസാനിക്കുന്ന ഈ സർവീസ് തയ്യേനി വരെ നീട്ടിയാൽ മലയോര പ്രദേശങ്ങളിലെ നിരവധി യാത്രക്കാർക്കും വിദ്യാർഥികൾക്കും തൊഴിലാളികൾക്കും രോഗികൾക്കും ഏറെ പ്രയോജനകരമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, കാസർഗോഡ്–കണ്ണൂർ ജില്ലകളുടെ അതിർത്തി പ്രദേശമായ പാലാവയൽ, തയ്യേനി തുടങ്ങിയ കുടിയേറ്റ മേഖലയിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുന്നതിനും ടൂറിസം മേഖലയ്ക്ക് ഉണർവ് ലഭിക്കുന്നതിനും ഈ സർവീസ് സഹായകരമാകുമെന്നും നിവേദനത്തിൽ പറയുന്നു.
കോൺഗ്രസ് നേതാവ് എം.കെ. ഗോപാലകൃഷ്ണൻ, മാത്തുക്കുട്ടി പുതുപ്പറമ്പിൽ, ജോയി ഓലിക്കൽ, ബെന്നി മംഗലത്ത്, റ്റുഡു കിഴക്കേൽ എന്നിവരാണ് നിവേദനസംഘത്തിൽ ഉണ്ടായിരുന്നത്.
District News
കാസര്‍ഗോഡ്: ദേശീയപാത സര്‍വീസ് റോഡില്‍ മണ്ണിടിച്ചില്‍ തുടരുന്ന കല്ലങ്കൈ എഎല്‍പി സ്കൂള്‍ കെട്ടിടത്തിന്റെ അപകടഭീഷണിയുള്ള ഭാഗം ഉടന്‍ പൊളിച്ചുനീക്കാന്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് നിര്‍ദേശം നല്കി. കളക്ടറിന് ലഭിച്ച പരാതി പരിഗണിച്ച് കാസര്‍ഗോഡ് ആര്‍ഡിഒ എം.എസ്. വിജുകുമാര്‍ സ്ഥലപരിശോധന നടത്തി.
ദേശീയപാത നിര്‍മാണത്തിനായി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളി നില്ക്കുന്ന സ്കൂള്‍ കെട്ടിടത്തിന്റെ ഭാഗം ഏതു നിമിഷവും റോഡിലേക്ക് തകര്‍ന്നു വീഴാവുന്ന സ്ഥിതിയിലാണ്. ഈ കെട്ടിടത്തില്‍ നിലവില്‍ ക്ലാസുകള്‍ നടക്കുന്നില്ല. എന്നാല്‍, സമീപത്തെ മദ്രസയില്‍ പഠിക്കുന്ന 80 ഓളം കുട്ടികള്‍ ഈ റോഡിലൂടെയാണ് പോകുന്നത്. അതിനാല്‍ എത്രയും വേഗം ഈ ഭാഗം പൊളിച്ചുമാറ്റേണ്ടതുണ്ടെന്നും ആര്‍ഡിഒ റിപ്പോര്‍ട്ട് ചെയ്തു. ഈ കെട്ടിടത്തിന് ഈ വര്‍ഷവും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്ന് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് അറിയിച്ചു. ഉടന്‍ ഫിറ്റ്നസ് പിന്‍വലിക്കാന്‍ പഞ്ചായത്തിന് ആര്‍ഡിഒ നിര്‍ദേശം നല്കി.
District News
കാസര്‍ഗോഡ്: പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജംബോ സര്‍ക്കസ് കാസര്‍ഗോട്ട് എത്തി. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിന് എതിര്‍വശം നുള്ളിപ്പാടി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപമാണ് പ്രദര്‍ശനം ആരംഭിച്ചത്. താന്‍സാനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ കലാകാരന്മാരും, മണിപ്പൂരി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നൂറില്‍പരം കലാകാരന്മാരും അണിനിരക്കുന്ന സര്‍ക്കസാണ് ഇവിടെ നടക്കുന്നത്.
രണ്ടു മണിക്കൂര്‍ നീളുന്ന ഷോയില്‍ 30ലേറെ വിസ്മയ പ്രകടനങ്ങളുണ്ട്. എല്ലാതരം കാലാവസ്ഥയെയും അതിജീവിക്കാന്‍ കഴിയുന്ന വാട്ടര്‍പ്രൂഫ് ആന്‍ഡ് ഫയര്‍ പ്രൂഫ് ടെന്റിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.
ദിവസേന ഉച്ചക്ക് ഒന്ന്, വൈകുന്നേരം നാല്, രാത്രി ഏഴ് എന്നീ സമയങ്ങളിലാണ് പ്രദര്‍ശനം. 150, 250, 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഫോണ്‍: 62383 47006, 95628 29263. പത്രസമ്മേളനത്തില്‍ മാനേജര്‍മാരായ കെ.പി. രാജീവന്, പ്രമോദ്ചന്ദ്, മഹേഷ് മാറോളി, സര്‍ക്കസ് കലാകാരന്മാരായ ആന്റണി, വസീം അഹമ്മദ്, റിയാന എന്നിവര്‍ സംബന്ധിച്ചു.
District News
കാഞ്ഞങ്ങാട്: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ജീവ വായുവാണ് സ്വതന്ത്ര പത്രപ്രവര്‍ത്തനമെന്ന് മന്ത്രി സി.പി. ജോണ്‍. കാഞ്ഞങ്ങാട് പ്രസ്ഫോറത്തിന്റെ മാധ്യമപുരസ്കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ്ഫോറം പ്രസിഡന്റ് ഫസലുറഹ്മാന് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് വി.വി. രമേശന് മുഖ്യാതിഥിയായി.
സെക്രട്ടറി ബാബു കോട്ടപ്പാറ, രവീന്ദ്രന് രാവണീശ്വരം, എം.പി. ജാഫര്‍, അനില്‍ വാഴുന്നോറടി, ടി.വി. ഉമേശന്, എം. പ്രശാന്ത്, സി. കുഞ്ഞാമദ് ഹാജി പാലക്കി, ഐശ്വര്യ കുമാരന്, ടി.കെ. രാജന്, സുധാകരന് മടിക്കൈ, വി. സുരേഷ് മോഹന്‍, പ്രദീപ് നാരായണന്, വി.കെ. രവീന്ദ്രന്,വൈസ് പ്രസിഡന്റ് കെ.എസ്. ഹരി എന്നിവര്‍ പ്രസംഗിച്ചു.
District News
കണ്ണൂർ: പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്താൽ ഉളിക്കൽ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
District News
ആലക്കോട്: മഴയാരംഭിച്ചതോടെ മലയോരമേഖലയിൽ അട്ട ശല്യം രൂക്ഷമായി. അട്ടകൾ കാരണം കൃഷിയിടങ്ങളിൽ കയറാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കർഷകർ. വന്യമൃഗശല്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കൊപ്പം അട്ടകളും കൂടി എത്തിയതോടെ കർഷകർ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. വന്യമൃഗങ്ങൾ നാട്ടിലെക്ക് എത്തുന്നതാണ് ജനവാസമേഖലകളിലെ കൃഷിയിടങ്ങളിലും അട്ടകൾ എത്താൻ കാരണമെന്നാണ് കർഷകർ പറയുന്നത്.
കാട്ടിൽ നിന്ന് വന്യമൃഗങ്ങളുടെ ശരീരത്തിൽ ചോരകുടിക്കാനായി കയറിപ്പറ്റിയ അട്ടകൾ കൃഷിയിടത്തിലെത്തി പെരുകിയതാണെന്നാണ് കർഷകരുടെ അഭിപ്രായം. അട്ടശല്യം കാരണം കാടുപിടിച്ച പറന്പുകൾ വൃത്തിയാക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. അട്ടശല്യം രൂക്ഷമായിട്ടും ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നും പരിഹാര നടപടികൾ ഉണ്ടാകുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു.
ശരീരത്തിൽ കടിക്കുന്ന അട്ടകളെ ഉപ്പു വിതറിയും സാനിറ്റൈസർ സ്പ്രേ ചെയ്തും നശിപ്പിക്കാമെങ്കിലും കൃഷിയിടങ്ങളിൽ പെരുകുന്ന അട്ടകളെ എങ്ങിനെ നശിപ്പിക്കണമെന്നറയാതെ വലയുകയാണ് കർഷകർ.
District News
വായാട്ടുപറമ്പ്: ഇന്നലെ രാവിലെയുണ്ടായ കനത്ത മഴയിൽ റോഡ് വീടിനരികിലേക്ക് ഇടിഞ്ഞുവീണ് വീടിന് നാശനഷ്ടം. രാവിലെ 11 ഓടെ കരിവേടകംകുണ്ട് മരംകണ്ടി അബ്ദുൾ ജബ്ബാറിന്റെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തികളുടെ റോഡാണ് ഇടിഞ്ഞത്. റോഡിന് സൈഡ് കെട്ടിയിരിക്കുന്ന വളരെ ഉയരത്തിലുള്ള കൽഭിത്തി തകർന്ന് ഇതിന്റെ കല്ലുകളും മണ്ണുംകൂടി വന്നാണു വീടിന് നാശനഷ്ടം സംഭവിച്ചത്. മഴ കാരണം വീടിനു പുറത്ത് വീട്ടുകാർ ഇല്ലാത്തതുകൊണ്ടാണു വലിയ ദുരന്തം ഒഴിവായത്.
വായാട്ടുപറമ്പിൽ വടക്കേടത്ത് ജയന്റെ വീടിനു മുകളിലേക്ക് കമുക് പൊട്ടി വീണ് മേൽക്കൂരയും തകർന്നിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, പഞ്ചായത്തംഗം ജോസഫ് വെട്ടുകല്ലാംകുഴി എന്നിവർ സന്ദർശിച്ചു.