പാലക്കാട്: സൂപ്പർ മാർക്കറ്റിന്റെ മറവിൽ ലഹരി വില്പന നടത്തിയ കൊല്ലങ്കോട് മേഖലയിലെ പുകയില ഉത്പന്ന മൊത്തവ്യാപാരി എക്സൈസ് പിടിയിൽ. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കൊല്ലങ്കോട് എക്സൈസ് ഇൻസ്പെക്ടർ തൻസിൽ താഹക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പയലൂർ ഭാഗത്തു നടത്തിയ റെയ്ഡിലാണ് പയലൂർ തച്ചക്കോറ സ്വദേശി അബ്ദുൾ ബഷീർ മകൻ ഷാജഹാൻ (43) 35 കിലോ പുകയില ഉത്പന്നങ്ങൾ സഹിതം എക്സൈസിന്റെ പിടിയിലായത്.
വിദ്യാർഥികൾക്കടക്കം മൊത്തമായും ചില്ലറയായും ലഹരിവില്പന നടത്തുന്ന പ്രധാന കണ്ണിയാണ് പിടിയിലായത്. കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട പ്രദേശങ്ങളിൽ ചെറുകിടവ്യാപാരികൾക്ക് മൊത്തമായും ചില്ലറയായും ഇയാൾ ലഹരി വില്പന നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പാലിച്ചുവരികയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
Tags : Nattuvisesham District News