District News
പത്തനംതിട്ട: വൈഎംസിഎ പത്തനംതിട്ട സബ് റീജണൽ ചെയർമാനായി ഫാ. ഷൈജു കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു. വൈഎംസിഎ സംസ്ഥാന എക്യുമെനിക്കൽ ഫോറം ചെയർമാൻ, സംസ്ഥാന മിഷൻ ആൻഡ് ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രക്കാനം വൈഎംസിഎ പ്രസിഡന്റാണ്. ജനറൽ കൺവീനറായി റീജൺ ഫിനാൻസ് കോ-ഓർഡിനേറ്ററും ഇലന്തൂർ വൈഎംസിഎ അംഗവുമായ സ്കറിയ തോമസും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് ചെയർമാന്മാരായി ജെ.കെ.ടി. ജോർജ് (ഓമല്ലൂർ), ജസ്റ്റിൻ ജോർജ് മാത്യു (പത്തനംതിട്ട) എന്നിവരെയും വിവിധ കൺവീനർമാരായി ജോൺ സകറിയ (തൂവയൂർ)- ട്രെയിനിംഗ്, രാജു ജോൺ (മല്ലശേരി) - മിഷൻ ആൻഡ് ഡെവലപ്മെന്റ്, ഏബ്രഹാം ജോർജ് (കൈപ്പട്ടൂർ) - യൂത്ത് -വുമൺ, പി.വി. തോമസ് (നന്നുവക്കാട് നോർത്ത്) - സ്പോർട്സ്, വർഗീസ് ജി. കുരുവിള (കടമ്പനാട്) - മീഡിയ ആൻഡ് കമ്യൂണിക്കേഷൻ, ആനി സജി (നന്നുവക്കാട്) - വിമൻസ് ഫോറം, കെ.എ. സുരേഷ് (എനാത്ത്) - യുവത, കെ.എസ്. ജോസ് (കുമ്പഴ) - സീനിയർ സിറ്റിസൺ ഫോറം എന്നിവരെയും തെരഞ്ഞെടുത്തു.
District News
അടൂർ: സ്വാതന്ത്ര്യദിനാഘോഷം ഉൾപ്പെടെ ദേശീയ പ്രാധാന്യമുള്ള പൊതുപരിപാടികൾക്കു വർഷങ്ങളായി വേദിയായിരുന്ന ഗാന്ധിസ്മൃതി മൈതാനം ഇത്തവണയും സജ്ജമല്ല. നവീകരണത്തിന്റെ പേരിൽ പൊളിച്ചിട്ടിരിക്കുന്ന ഗാന്ധിസ്മൃതി മൈതാനത്ത് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും നടത്താനാകില്ല.
60 ലക്ഷം രൂപ ചെലവിൽ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ച മട്ടാണ്. നഗരത്തിന്റെ സാംസ്കാരിക കേന്ദ്രമായ മൈതാനം ഇപ്പോൾ നിർമാണാവശിഷ്ടങ്ങളും വലിയ കുഴികളും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയാണ്. മൈതാനത്ത് ടൈലുകൾ പാകുന്നതിനായി വലിയ കുഴികൾ എടുത്തെങ്കിലും തുടർപ്രവർത്തനങ്ങൾ നടന്നില്ല. പഴയ ഓപ്പൺ സ്റ്റേജ് മാറ്റി ആധുനിക രീതിയിലുള്ള ഇൻഡോർ സ്റ്റേജ് നിർമിക്കുന്നതിനുള്ള ജോലികളും അനിശ്ചിതത്വത്തിലാണ്.
പൊതുജനങ്ങൾക്കായി നിർമിക്കാനിരുന്ന ടോയ്ലറ്റ് നിർമാണവും പാതിവഴിയിൽ നിലച്ചു. നേരത്തേയുണ്ടായിരുന്ന റേഡിയോ കിയോസ്ക് തകർന്നതിനെത്തുടർന്ന് പുതിയത് സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിനും നടപടിയായിട്ടില്ല.
നവീകരണ പ്രവർത്തനങ്ങൾ നിലച്ചതോടെ മൈതാനത്തിന്റെ ശുചീകരണവും കൃത്യമായി നടക്കുന്നില്ലെന്ന പരാതിയുണ്ട്. മൈതാനത്തിനുള്ളിൽ ഭംഗിക്കായി വെള്ളം കെട്ടിനിർത്തുന്ന രണ്ട് സംവിധാനങ്ങളിൽ അഴുക്കുവെള്ളം കെട്ടിക്കിടക്കുകയാണ്. ഇതോടെ കൊതുകുകളും ഈച്ചകളും മറ്റ് പ്രാണികളും പെരുകിയിട്ടുണ്ട്. സമീപത്തെ ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാരും വ്യാപാരികളും കൊതുകുശല്യം മൂലം ഏറെ ബുദ്ധിമുട്ടുകയാണ്.
അടൂരിലെ സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം, സംയുക്ത ക്രിസ്മസ് ആഘോഷം തുടങ്ങി നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന പ്രധാന പരിപാടികൾക്കെല്ലാം വർഷങ്ങളായി വേദിയായിരുന്നത് ഗാന്ധിസ്മൃതി മൈതാനമായിരുന്നു. നഗരത്തിലെ സമ്മേളനങ്ങളുടെയും സാംസ്കാരിക പരിപാടികളുടെയും സിരാകേന്ദ്രമായിരുന്നു മൈതാനം.
സ്വാതന്ത്ര്യദിനാഘോഷം ഉൾപ്പെടെയുള്ള പ്രധാന പരിപാടികൾ നടക്കേണ്ട സമയത്തും മൈതാനം തുറന്നുകൊടുക്കാൻ കഴിയാത്തതിൽ നഗരവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.
District News
പത്തനംതിട്ട: പാചകവാതകം പൈപ്പുലൈനിലൂടെ നേരിട്ടു വീടുകളിൽ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക നിയന്ത്രണ ബോർഡിന്റെ (പിഎൻജിആർബി)ദേശീയ പ്രചാരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
പരസ്പര ബന്ധിതമായ ഭൂഗർഭ പ്രകൃതിവാതക പൈപ്പ് ലൈനിലൂടെ ഗാർഹിക, വാണിജ്യ, വ്യവസായിക ഉപഭോക്താക്കൾക്ക് പൈപ്പ് ചെയ്ത പ്രകൃതി വാതകവും കംപ്രസ് ചെയ്ത പ്രകൃതി വാതകവും വിതരണം ചെയ്യുന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി പത്തനംതിട്ട ,കുളനട, കോഴഞ്ചേരി, തിരുവല്ല, എന്നിവിടങ്ങളിൽ പുതിയ ഗ്യാസ് സ്റ്റേഷനുകൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.
2021 ലാണ് ജില്ലയെ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അംഗീകാരം ലഭിച്ച് അഞ്ചുവർഷം പിന്നിടുമ്പോഴും പദ്ധതി നടപ്പാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാൻ സർക്കാരിനും ജില്ലാ ഭരണകൂടത്തിനും സാധിച്ചിട്ടില്ല.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ സഹകരണത്തോടെയാണ് ഇതിനാവശ്യമായ ഗ്യാസ് പ്ലാന്റുകൾ നിർമിക്കാൻ നിർദേശം നൽകിയിരുന്നത്. ഇതിനായി കുളനടയിൽ പ്ലാന്റിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചിരുന്നു.
മറ്റു ജില്ലകൾ ബഹുദൂരം മുന്നിൽ
11 ജില്ലകൾക്കാണ് നേരത്തേ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ അംഗീകാരം ലഭിച്ചിരുന്നത്. ഇതിൽ എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വീടുകളിലേക്ക് വർഷങ്ങൾക്ക് മുമ്പുതന്നെ കണക്ഷൻ നൽകിത്തുടങ്ങിയിരുന്നു.
അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് കുടിവെള്ള കണക്ഷൻ മാതൃകയിലാണ് പ്രകൃതിവാതക കണക്ഷൻ നൽകുന്നത്. പുതിയ കണക്ഷൻ എടുക്കാൻ 7000 രൂപയോളം പ്രാരംഭ ചെലവ് ഉപഭോക്താക്കൾക്ക് വരുന്നുണ്ട്. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി ) ശൃംഖലകൾ കേരളത്തിൽ വിപുലീകരിക്കുന്നതിന് ശക്തമായ നടപടികളാണ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സീകരിച്ചുവരുന്നത്.
ആദ്യഘട്ടത്തിൽ വാഹനങ്ങൾക്ക് ആവശ്യമായ സിഎൻജിയും തുടർന്ന് വാണിജ്യ വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ വാതകവും വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായ ശേഷമാകും വീടുകളിലേക്ക് പാചകവാതകം നേരിട്ട് വിതരണം ചെയ്യുക. അടുത്ത പത്ത് വർഷത്തിനുള്ളിൽ 120,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയിൽ കേന്ദ്ര ഗവൺമെന്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
100 ശതമാനം അപകടരഹിതം
നൂറുശതമാനവും അപകടരഹിതമാണ് ഈപദ്ധതി. സാധാരണ നമുക്ക് ലഭിക്കുന്ന പാചകവാതകസിലിണ്ടറുകൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണ് വിതരണം ചെയ്യുന്നതെന്ന് വ്യാപക പരാതിയുണ്ട്. കാലാവധി കഴിഞ്ഞതും ദ്രവിച്ചു തുടങ്ങിയതുമായ സിലിണ്ടറുകൾവരെ വിതരണം ചെയ്യുന്നതായാണ് പരാതിയുയരുന്നത്. പ്ലാന്റുകളിൽനിന്ന് എത്തിക്കുന്ന സിലിണ്ടറുകൾ അതേപടി പരിശോധനകൾ ഒന്നും നടത്താതെയാണ് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. കൂടാതെ പല സിലിണ്ടറുകളിലും മാലിന്യം കലർന്ന പൊടികൾ ഉള്ളതായും അത് സ്റ്റൗവിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായും പരാതികളുണ്ട്. സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കുന്നതോടെ ഈ പരാതികളെല്ലാം തന്നെ പരിഹരിക്കാം.
ഉപഭോക്താക്കളിൽനിന്ന് ഇൻഷ്വറൻസ് തുക ഈടാക്കാതെ 50 ലക്ഷം രൂപയോളം അപകട പരിരക്ഷ നൽകുന്നുണ്ട്.
അപകടം മൂലം ഒരാൾ മരണപ്പെട്ടാൽ 10 ലക്ഷം രൂപ വ്യക്തിഗത അപകട പരിരക്ഷ ലഭിക്കും. ഒരു അപകടത്തിന് 30 ലക്ഷം രൂപവരെയുള്ള ചികിത്സാ പോളിസിയിലൂടെ ലഭിക്കും. ഒരാൾക്ക് നാല് ലക്ഷം രൂപ വരെയാണ് ചികിത്സാ ധനസഹായം. വസ്തുവകകൾക്കുണ്ടാകുന്ന നാശനഷ്ടത്തിനും നാലു ലക്ഷം രൂപ ലഭിക്കും. പരമാവധി ഒരു അപകടം നടന്നാൽ 50 ലക്ഷം രൂപവരെ അപകട ഇൻഷ്വറൻസ് ലഭ്യമാണ്.
District News
കോഴഞ്ചേരി: കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ കിസാൻസഭ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.വി. വസന്തകുമാർ. കിസാൻസഭ ജില്ലാ നേതൃക്യാമ്പ് മാരാമൺ റിട്രീറ്റ് സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീരകർഷകർ, നെല്ല്, റബർ, പച്ചക്കറി തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാവരും നിരവധിയായ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്. കേന്ദ്ര സർക്കാർ രാസവളത്തിന്റെ സബ്സിഡി എടുത്തുകളഞ്ഞതോടെ വളംവിലവർധന താങ്ങാൻ കഴിയാത്തതായി.
എല്ലാ വിഭാഗം കര്‍ഷകരുമായി ആശയവിനിമയം നടത്തി പ്രശ്നപരിഹാരത്തിനാവശ്യമായ പഠനം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരുകള്‍ക്ക് നല്‍കും.
ഈ രംഗത്തെ യൂറോപ്യന്‍ മാതൃക പരിശോധിച്ചും നിര്‍ദേശങ്ങള്‍ നല്‍കും. കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശക്തമായ ഇടപെടലിനാണ് കിസാന്‍സഭ ശ്രമിക്കുന്നതെന്നും വസന്തകുമാര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ആര്. രാജേന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. കെ.എം. ദിനകരന്, എ.പി. ജയന്, ജെ. വേണുഗോപാലന്‍ നായര്‍, കെ. ദേവകി, ഡി. സജി, കെ.ജി. രതീഷ് കുമാര്‍, ശരത്ചന്ദ്രകുമാര്‍, എസ്. അഖില്‍, ബാബു പാലക്കല്‍, സത്യാനന്ദപ്പണിക്കര്‍, രേഖ അനില്‍, വി.സി. അനില്‍കുമാര്‍, പ്രസന്ന ചന്ദ്രന്‍പിള്ള, ടി. മുരുകേഷ് എന്നിവര്‍ പ്രസംഗിച്ചു.
District News
കോന്നി: തവളപ്പാറയിൽ ജനവാസ മേഖലയിലിറങ്ങിയ വന്യമൃഗം മൂരിക്കിടാവിനെ കൊന്നു. തവളപ്പാറ കാനപ്പള്ളിൽ ലാലിച്ചന്റെ മൂരിക്കിടാവിനെയാണ് സമീപത്തെ റബർത്തോട്ടത്തിൽ ഇന്നലെ പുലർച്ചെ ചത്ത നിലയിൽ കണ്ടെത്തിയത്.
കിടാവിന്റെ ശരീരത്തിന്റെ പകുതിയോളം വന്യമൃഗം ഭക്ഷിച്ച നിലയിലായിരുന്നു. പ്രദേശത്തെത്തിയത് പുലിയോ കടുവയോ ആണെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. സംഭവത്തെത്തുടർന്ന് ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്ത് വന്യമൃഗശല്യം അതീവ രൂക്ഷമാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും വാർഡ് അംഗം എൻ. കുമാർ ആവശ്യപ്പെട്ടു. തവളപ്പാറ മേഖലയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണസമിതി ഉടനടി തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനവാസ മേഖലയിൽ വന്യമൃഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. മൃഗത്തെ പിടികൂടാൻ കാമറകളും കൂടും സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
District News
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുകയും തുടർന്ന് വീട്ടിലെത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തയാളെ 29 വർഷം തടവിനും 1.16 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചു.
കോഴിക്കോട് നരിക്കുന്നിയിൽ മണ്ണാറച്ചാലിൽ എൻ. സനോജ് (41)നെയാണ് കോടതി ശിക്ഷിച്ചത്. പെൺകുട്ടിയുടെ വീട്ടിലെത്തി പ്രണയം നടിച്ചു കുട്ടിയെ വിശ്വസിപ്പിച്ച ഇയാൾ 2025 ജൂൺ 27നും 30നും ഇടയിലുള്ള ദിവസങ്ങളിൽ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
കോയിപ്രം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന പി.എം. ലിബി ചാർജ് ചെയ്ത് അന്വേഷണം നടത്തിയ കേസിൽ പത്തനംതിട്ട അതിവേഗ പോക്സോ കോടതി ജഡ്ജി ടി. മഞ്ജിത്താണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എസ്ഐ ഹസീന സഹായിയായി പ്രവർത്തിച്ചു.
District News
റാന്നി: സംശയത്തിന്റെ പേരില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും മര്‍ദനദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് റിമാൻഡില്‍. വടശേരിക്കര ചെറുകുളഞ്ഞി പടിയറ വീട്ടില്‍ റെജി (54)യെയാണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ റെജിയെ റിമാന്‍ഡ് ചെയ്തു. റാന്നി എസ്ഐ എസ്. സിബി, എസ് സിപിഒ സോണി ജോസഫ്, സിപിഒമാരായ അനീഷ്, നിതിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
തൊടുപുഴ: സ്വാതന്ത്ര്യ സമരകാലത്തെ കഷ്ടപ്പാടിന്റെ കഥകള്‍ കരിങ്കുന്നം ഒറ്റല്ലൂര്‍ കിഴക്കേമനയ്ക്കല് ആഗസ്തി മത്തായിയുടെ മനസില്‍നിന്നു മായുന്നില്ല. ക്വിറ്റ് ഇന്ത്യ സമരകാലത്ത് കെ.വി. തോമസ്, ചെറിയാന് ജെ. കാപ്പന്, കെ.എം. ചാണ്ടി എന്നിവര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്ത വ്യക്തിയാണ് നൂറിന്റെ നിറവിലെത്തിയ ആഗസ്തി മത്തായി. തിരുവിതാംകൂര്‍ പ്രക്ഷോഭകാലത്ത് ഇദ്ദേഹത്തിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
തുടര്‍ന്ന് നേതാക്കളുടെ നിര്‍ദേശപ്രകാരം ഒളിവില്‍ക്കഴിഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമാണ് കേസ് പിന്‍വലിച്ചത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ കൈയൊപ്പു ചാര്‍ത്തിയ താമ്രപത്രം ലഭിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ഡല്‍ഹിക്കു വിളിപ്പിച്ച് ആദരവ് നല്‍കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ആദരവും സ്വാതന്ത്ര്യസമര സേനാനിയായ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗതകാല ഓര്‍മകളുമായി ഒറ്റല്ലൂരിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വിശ്രമജീവിതം നയിക്കുകയാണ്.
District News
ഇടുക്കി: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് 21ന് ചെറുതോണിയില്‍ തുടക്കമാകും. ജില്ലാതല സമാപനം സെപ്റ്റംബര്‍ അഞ്ചിന് തൊടുപുഴയില്‍ നടക്കും. 21ന് ഉച്ചയ്ക്ക് രണ്ടിന് വിവിധ കലാരൂപങ്ങളും ബാന്‍ഡ് സംഘവും അണിനിരക്കുന്ന ഓണം ഘോഷയാത്രയോടെ പരിപാടികള്‍ക്ക് തുടക്കമാകും.
പ്രാദേശിക കലാരൂപങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാകും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുക. ഓരോ നിയോജക മണ്ഡലത്തിലും ഓണാഘോഷം സംഘടിപ്പിക്കും. ജില്ലയില്‍ മൂന്നാര്‍, ചെറുതോണി, കുമളി, രാജക്കാട്, തൊടുപുഴ എന്നിവിടങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഓണാഘോഷത്തോടനുബന്ധിച്ച് 21 മുതല്‍ 31 വരെ ഇടുക്കി ഡാം സന്ദര്‍ശിക്കാന്‍ അവസരമൊരുക്കും. ഡാമില്‍ പ്രകാശാലങ്കാരവും ഒരുക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷ്യമേളയും നടക്കും. പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക.
15.50 ലക്ഷം രൂപയാണ് ഓണാഘോഷ പരിപാടികളുടെ സംഘാടനത്തിനായി ജില്ലയ്ക്കു സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ആലോചനായോഗത്തില്‍ റോയി കെ. പൗലോസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോണ്‍, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
District News
ഇടുക്കി: ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഇന്ന് ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 8.40ന് പരേഡ് ആരംഭിക്കും. ഇടുക്കി ഹെഡ്ക്വാര്‍ട്ടേഴ്സ് റിസര്‍വ് ഇന്‍സ്പെക്ടര്‍ പി.എച്ച്. ജമാല്‍ പരേഡ് കമാന്‍ഡറാകും. രാവിലെ ഒമ്പതിന് മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് പരിശോധിക്കും. മാര്ച്ച്പാസ്റ്റിനു ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പരേഡ് കമാന്‍ഡര്‍മാര്‍ക്കുള്ള ട്രോഫികളും അദ്ദേഹം വിതരണം ചെയ്യും.
കുളമാവ് ജവഹര്‍ നവോദയ വിദ്യാലയ, വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ വിദയാര്‍ഥികള്‍ ദേശഭക്തിഗാനം ആലപിക്കും. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, എന്‍സിസി സീനിയര്‍ ഡിവിഷന്, എന്‍സിസി ജൂണിയര്‍ ഡിവിഷന്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ബാന്‍ഡ് സംഘങ്ങള്‍ എന്നിവര്‍ പരേഡില്‍ അണിനിരക്കും.
വാഴത്തോപ്പ് സെന്റ് ജോര്‍ജ് എച്ച്എസ്എസ്, പാവനാത്മ കോളജ് മുരിക്കാശേരി, സിയോണ്‍ പബ്ലിക് സ്കൂള്‍, ജവഹര്‍ നവോദയ, പൈനാവ് എംആര്‍എസ്, എസ്എന്‍ എച്ച്എസ്എസ് നങ്കിസിറ്റി, ഫാത്തിമ മാത കോളജ് കൂമ്പന്‍പാറ, കേന്ദ്രീയ വിദ്യാലയ പൈനാവ് എന്നീ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പരേഡില്‍ പങ്കെടുക്കും.
സ്വാതന്ത്ര്യദിന റാലി അടിമാലിയിൽ
അടിമാലി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി അടിമാലി. അറ്റാഡ്സിന്റെ ആഭിമുഖ്യത്തിൽ അടിമാലി പഞ്ചായത്ത്, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബശ്രീ സ്വയംസഹായ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായി ട്രേഡ് യൂണിയൻ സംഘടനകൾ, ക്ലബ്ബുകൾ, പെൻഷൻ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെ ആവേശപൂർവം അണിനിരക്കുന്ന മഹാപ്രകടനം രാവിലെ 10ന് അടിമാലി ഹൈസ്കൂൾ മൈതാനത്തിൽനിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാവിലെ ഒന്‍പതിന് പതാക ഉയർത്തും. 10ന് അടിമാലി ഗവ. ഹൈസ്കൂൾ മൈതാനത്തുനിന്ന് ബാൻഡ് സെറ്റുകൾ, ചെണ്ടമേളം, നാടൻ കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, പ്രച്ഛന്നവേഷങ്ങൾ, കരാട്ടെ, കളരി തുടങ്ങി വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ റാലി ആരംഭിക്കും.
പോലീസ് ഇൻസ്പെക്ടർ പി.എം. റഷീദ് ഫ്ലാഗ് ഓഫ് ചെയ്യും. റാലിക്കു ശേഷം നടക്കുന്ന സ്വാതന്ത്ര്യദിന സമ്മേളനത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് പൊടിപാറ സന്ദേശം നൽകും. ഡീൻ കുര്യാക്കോസ് എംപി, എഫ്. രാജ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുക്കും.
റാലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകൾക്കും കോളജുകൾക്കും ട്രോഫിയും കാഷ് അവാർഡ് നൽകുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, മികച്ച കലാരൂപങ്ങൾ എന്നിവയ്ക്കും കാഷ് അവാർഡുകൾ നൽകും .
District News
തൊടുപുഴ: ഉത്സവകാലത്ത് അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ പൂഴ്ത്തിവച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. തൊടുപുഴയില്‍ സപ്ലൈകോയുടെ ജില്ലാതല ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓണക്കാലത്ത് 1,65,000 മെട്രിക് ടണ്‍ അരിയാണ് സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കടകളിലൂടെയും മാവേലി സ്റ്റോറുകള്‍ വഴിയും സപ്ലൈകോ വഴിയും ലഭ്യമാക്കുന്നത്. സാധാരണ ലഭിക്കുന്ന നോര്‍മല്‍ വിഹിതം, സപ്ലൈകോയുടെ സബ്സിഡി വിഹിതം, സെപ്റ്റംബര്‍ മാസത്തെ അലോട്ട്മെന്റ് ഓഗസ്റ്റില്‍ കൊടുക്കുന്നത് ഉള്‍പ്പെടെയാണിത്.
മൂന്നു മെഗാ ട്രേഡ് ഫെയറുകളാണ് സിവില്‍ സപ്ലൈസ് വകുപ്പ് നടപ്പിലാക്കുന്നത്. ഇതിനു പുറമേ ജില്ലാ ഫെയറുകളും എല്ലാ നിയോജകമണ്ഡലത്തിലും പ്രാദേശിക ഫെയറുകളും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ആതിര ജോഷി ആദ്യ വില്‍പ്പന നടത്തി. വൈസ് ചെയര്മാന് കെ. ദീപക്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ്, തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.കെ. സ്മിത, ജില്ലാ സപ്ലൈ ഓഫീസര്‍ ബീന ഭദ്രന്, സപ്ലൈകോ മേഖലാ മാനേജര്‍ എം. ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
തൊടുപുഴ: ജില്ലാ ആശുപത്രിയില്‍ മന്ത്രി കെ. മുരളീധരന് സന്ദര്‍ശനം നടത്തിയ വേളയില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ചികിത്സാ നിഷേധമോ ചികിത്സാ പിഴവോ അനാവശ്യമായ കാലതാമസമോ ഉണ്ടായിട്ടില്ല.
കഴിഞ്ഞ 10ന് രാവിലെ തൊടുപുഴ ജില്ലാ ആശുപത്രി കാഷ്വാലിറ്റിയില്‍ ചികിത്സയ്ക്കെത്തിയ രണ്ടു കുട്ടികളുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് തെറ്റായ വാര്‍ത്തയ്ക്കു കാരണമായത്. സംഭവത്തെക്കുറിച്ച് ആശുപത്രി സൂപ്രണ്ട് നടത്തിയ പരിശോധനയില്‍, രണ്ടു രോഗികള്‍ക്കും ആവശ്യമായ ചികിത്സയും വിദഗ്ധ ചികിത്സാ നിര്‍ദേശങ്ങളും സമയബന്ധിതമായി ലഭിച്ചതായി കണ്ടെത്തി.
പനി ബാധിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രണ്ടു വയസുകാരിയായ പെണ്‍കുട്ടിക്ക് ആവശ്യമായ അടിയന്തര ചികിത്സകള്‍ സമയബന്ധിതമായി നല്‍കിയതായും തുടര്‍ചികിത്സ ആവശ്യമായ സാഹചര്യത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റിയതായും ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
രാവിലെ 9.47നാണ് കുട്ടിയെ പനിയെത്തുടര്‍ന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. ഡ്യൂട്ടി ഡോക്ടര്‍ കുട്ടിയെ പരിശോധിച്ച് പനി കുറയ്ക്കുന്നതിനുള്ള മരുന്നും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനുള്ള ഒആര്‍എസ് ലായനിയും നല്കി. ശരീരോഷ്മാവ് കുറയ്ക്കുന്നതിനായി ഇളംചൂടുവെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കുകയും ചെയ്തു. പനി കുറയാത്തതിനെത്തുടര്‍ന്ന് കുട്ടിയെ ശിശുരോഗവിദഗ്ധന് പരിശോധിക്കുകയും നിരീക്ഷണത്തില്‍ തുടരുകയും ചെയ്തു.
തുടര്‍ന്ന് 12ഓടെ കുട്ടിക്ക് അപസ്മാരമുണ്ടായി. ഉടന്‍തന്നെ ഡ്യൂട്ടി ഡോക്ടര്‍ ആവശ്യമായ മരുന്നും ചികിത്സയും നല്കി. ശിശുരോഗ വിദഗ്ധനെ വിവരം അറിയിക്കുകയും വിദഗ്ധന്റെ നിര്‍ദേശപ്രകാരം തുടര്‍ചികിത്സ നല്‍കുകയും ചെയ്തു.
അപസ്മാരം നിയന്ത്രണവിധേയമാക്കുന്നതിനുള്ള ആവശ്യമായ ചികിത്സകള്‍ നല്‍കിയതിനെത്തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടു. തുടര്‍ന്നുള്ള നിരീക്ഷണത്തിനിടെ കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ന്യൂറോളജി വിദഗ്ധന്റെ അഭിപ്രായവും തേടി. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആവശ്യമായ മരുന്നു നല്കി.
കുട്ടിയുടെ തുടര്‍ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങളുള്ളആശുപത്രിയില് വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യം കണക്കിലെടുത്ത് ശിശുരോഗ വിദഗ്ധന്റെയും ന്യൂറോളജി വിദഗ്ധന്റെയും നിര്‍ദേശപ്രകാരം പ്രത്യേക സൗകര്യങ്ങളുള്ള ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
ഇതിനിടെ, മറ്റൊരു കുട്ടിയുമായി കാഷ്വാലിറ്റിയിലെത്തിയ ഒരു സ്ത്രീ മാധ്യമപ്രവര്‍ത്തകരോട് പരാതി പറയുന്നത് ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് മന്ത്രി കെ. മുരളീധരന് അടിയന്തരമായി അന്വേഷണം നടത്താന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്കി. ആശുപത്രി സൂപ്രണ്ട് കാഷ്വാലിറ്റിയിലെത്തി പരാതിക്കാരിയുമായി സംസാരിക്കുകയും ചികിത്സാ രേഖകള്‍ പരിശോധിക്കുകയും ചെയ്തു.
അവരുടെ കുട്ടി പേവിഷബാധയ്ക്കെതിരായ വാക്സിനേഷന്റെ മൂന്നാമത്തെ ഡോസ് സ്വീകരിക്കുന്നതിനായാണ് ആശുപത്രിയിലെത്തിയതെന്ന് വ്യക്തമായി.കുട്ടിയെ നേരത്തേതന്നെ ഡോക്ടര്‍ പരിശോധിക്കുകയും വാക്സിനേഷന് നല്‍കുന്നതിനുള്ള നിര്‍ദേശം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് വാക്സിനേഷനായി കാത്തിരിക്കുകയായിരുന്നുവെന്നും പരിശോധനയില്‍ വ്യക്തമായി.
ഇരു സംഭവങ്ങളിലും നടത്തിയ വിശദമായ പരിശോധനയില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുകോ, ചികിത്സ നല്കുന്നതില് അനാവശ്യമായ കാലതാമസം ഉണ്ടാകുകയോ ചികിത്സാ പിഴവ് സംഭവിക്കുകയോ ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മന്ത്രിയുടെ സന്ദര്‍ശനത്തിലും ചികിത്സാ സേവനങ്ങള്‍ക്ക് തടസമുണ്ടായില്ല.
മന്ത്രി ആശുപത്രി സന്ദര്‍ശിച്ച സമയത്ത് കാഷ്വാലിറ്റിയില്‍ രണ്ടു ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.45ഓടെ മന്ത്രി ആശുപത്രി സന്ദര്‍ശിച്ച് മടങ്ങിയ സമയത്തും രോഗികളുടെ ചികിത്സയിലും പരിചരണത്തിലും യാതൊരു തടസവും ഉണ്ടായിട്ടില്ല. ആശുപത്രിയില്‍ മന്ത്രിയുടെ മീറ്റിംഗ് നടക്കുന്ന ഹാളില്‍ കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരോ നഴ്സുമാരോ പങ്കെടുത്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
District News
മറയൂർ: മറയൂർ പഞ്ചായത്തിൽ ചിന്നവരയിലെ കൃഷിയിടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ഗോത്രവാസിയെ കണ്ടെത്തി. വട്ടവട കൂടല്ലാർകുടി ഊർ സ്വദേശി രാജനെ (50) യാണ് കാലിൽ പരിക്കേറ്റ നിലയിൽ വെള്ളിയാഴ്ച പുലർച്ചെ കണ്ടെത്തിയത്.
നാട്ടുകാർ പരിക്കേറ്റ രാജനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. പരിക്ക് ഗുരുതരമായതിനാൽ കാന്തല്ലൂർ റെയ്ഞ്ച് ഓഫീസർ ഷിനു എസ്. മുഹമ്മദിന്റെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാലിന്റെ മുട്ടിനു താഴെ പൂർണമായും പരിക്കേറ്റിട്ടുണ്ട്. കാട്ടുപോത്ത് ഓടിച്ചപ്പോൾ വീണതാണെന്നാണ് പറയുന്നത്. ചുറ്റുമുള്ള കൃഷിയിടങ്ങളിൽ സംരക്ഷണ വേലിയുള്ളതിനാൽ കാട്ടുപോത്തിന്റെ സാന്നിധ്യത്തിന് സാഹചര്യമില്ലായെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
കാന്തല്ലൂർ റേഞ്ചിലെ ഉദ്യോഗസ്ഥരും മറയൂർ ചന്ദന ഡിവിഷൻ റാപ്പിഡ് റെസ്പോൺസ് ടീമംഗങ്ങളും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് കഴിഞ്ഞില്ലയെന്ന് റെയ്ഞ്ച് ഓഫീസർ ഷിനു എസ്. മുഹമ്മദ് പറഞ്ഞു. കൂടുതൽ വിശദമായ അന്വേഷണം നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു.
രാജൻ ആനക്കാൽപ്പെട്ടിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച ജോലി നിർത്തി പോവുകയാണെന്ന് സ്ഥല ഉടമയോടു രാജൻ പറഞ്ഞിരുന്നു. സാധനങ്ങളുമായി പോകുകയും ചെയ്തു. രാത്രി കൃഷിയിടത്തിൽ എത്തി. രാത്രി പത്തോടെയാണ് അപകടം ഉണ്ടായത് എന്ന് രാജൻ പറഞ്ഞു.
ബോധരഹിതനായി കിടന്ന രാജനെ പുലർച്ചെയാണ് നാട്ടുകാർ കണ്ടത്. രാജന് പരിക്കേറ്റതിനെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മറയൂർ പോലീസിലും വിവരം അറിയിച്ചിട്ടുള്ളതായും റെയ്ഞ്ച് ഓഫിസർ ഷിനു എസ്. മുഹമ്മദ് പറഞ്ഞു.
District News
തൊടുപുഴ: മകള്‍ നല്കിയ വ്യാജ പീഡനക്കേസില്‍ അച്ഛനെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. അയ്യപ്പന്‍കോവില്‍ മേരികുളം സ്വദേശിക്കെതിരേ ഉപ്പുതറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി ജി.ആര്. ബില്കുല് വെറുതെ വിട്ടത്.
2024 സെപ്റ്റംബറിലാണ് പ്രായപൂര്‍ത്തിയാകാത്ത മകള്‍ അച്ഛനെതിരേ വ്യാജ പീഡന പരാതി നല്‍കുന്നത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം അച്ഛൻ പീഡനത്തിനിരയാക്കിയെന്നാണ് മകള്‍ പരാതി നല്‍കിയത്. എന്നാല്‍, കോളജ് വിദ്യാര്‍ഥിനിയായ മകളും ഒരു യുവാവുമായുള്ള ബന്ധത്തെ അച്ഛൻ എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ വഴക്കു പറഞ്ഞതിന്റെ വിരോധത്തിലും ബന്ധത്തിന് തടസമായ അച്ഛനെ ഒഴിവാക്കുന്നതിനുമായി മകളും കാമുകനും ചേര്‍ന്ന് വ്യാജ പീഡനക്കേസ് ചമക്കുകയായിരുന്നു.
പിതാവ് ജയിലിലായതിനു ശേഷം പെണ്‍കുട്ടിയുടെ വീട്ടില്‍ രാത്രിയെത്തിയ കാമുകനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ക്കെതിരേ പീഡനത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണവേളയില്‍ മകള്‍ കാമുകന് അനുകൂലമായി മൊഴി നല്‍കിയതിനെത്തുടര്‍ന്ന് കോടതി ഇയാളെ വെറുതെ വിട്ടു. പിന്നീട് പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം പോയി. പിതാവിനെതിരേയുള്ള കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും ഇളയ സഹോദരനെയും പ്രതിഭാഗം കോടതിയില്‍ സാക്ഷികളാക്കി വിസ്തരിച്ചു. പ്രതിഭാഗത്തിന്റെ വാദം വിശ്വസനീയമാണെന്നു കണ്ടെത്തി കോടതി പ്രതിയെ വെറുതെ വിടുകയായിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ ജോബി ജോര്‍ജ്, ബൈജു ഏബ്രാഹം, ജയിംസ് കാപ്പന്, ബൈജു ബാലകൃഷ്ണന്, ബിനീഷ് വിജയന്, അലന് ബെന്നി എന്നിവര്‍ ഹാജരായി.
District News
തൊടുപുഴ: മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആലക്കോട് പഞ്ചായത്തിലെ ചവര്‍ണ ലക്ഷംവീട് കോളനി ഭാഗത്തെ ഇരുപത്തഞ്ചോളം കുടുംബങ്ങളുടെ പുനരധിവാസം അനിശ്ചിതത്വത്തില്‍. ജിയോളജി വകുപ്പിന്റെ പരിശോധനയില്‍ ഇവിടം വാസയോഗ്യമല്ലെന്നു കണ്ടെത്തിയതോടെയാണ് ഇവരുടെ തുടര്‍ന്നുള്ള ജീവിതം പ്രതിസന്ധിയിലായത്. ഈ കുടുംബങ്ങള്‍ നിലവില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലുമാണ് കഴിയുന്നത്. 34 പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.
കഴിഞ്ഞ മാസം 31ന് അതിതീവ്ര മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് ഇവിടെ വ്യാപക നാശമുണ്ടായത്. മണ്ണിടിച്ചിലില്‍ രണ്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. വീടുകളിലുണ്ടായിരുന്ന രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പതിനെട്ട് വീടുകള്‍ നിലനില്‍ക്കുന്ന പ്രദേശം പൂര്‍ണമായി താമസയോഗ്യമല്ലെന്നാണ് ജിയോളജി, റവന്യു വകുപ്പുകളുടെ പരിശോധനയില്‍ കണ്ടെത്തിയത്.
ഒരു മണിക്കൂര്‍ മഴ തുടര്‍ച്ചയായി പെയ്താല്‍ ഏഴു വീടുകളും അപകടനിലയിലാകും. അതിനാല്‍ ഇത്രയും കുടുംബങ്ങളെ പൂര്‍ണമായും ഇവിടെനിന്ന് ഒഴിപ്പിക്കേണ്ട അവസ്ഥയാണ്. ഇന്നലെ തൊടുപുഴ ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ പി.എസ്. സുലൈഖ, സ്പെഷന്‍ വില്ലേജ് ഓഫീസര്‍ ടി.കെ. സജിമോന്‍, പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, സെക്രട്ടറി അനന്തു എം. നായര്‍, ബ്ലോക്ക് പഞ്ചായത്ത് എഎക്സ്ഇ, പഞ്ചായത്തംഗം സിജി ബാബു എന്നിവരാണ് ഇന്നലെ സ്ഥലം സന്ദര്‍ശിച്ചത്.
പ്രദേശത്തുനിന്നു മാറ്റിത്താമസിപ്പിക്കേണ്ടവരുടെ പട്ടിക ഇന്നലെ റവന്യു അധികൃതര്‍ ജില്ലാ കളക്ടര്‍ക്കു കൈമാറിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ടും കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. കളക്ടറേറ്റില്‍നിന്നുള്ള ഹസാര്‍ഡ് ടീം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുണ്ടായാല്‍ മാത്രമേ ഇവരെ പുനരധിവസിപ്പിക്കാന്‍ കഴിയൂ. ഇതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി ആവശ്യപ്പെട്ടു.
District News
മൂന്നാര്‍: നാളുകളുടെ കാത്തിരിപ്പിനു ശേഷം മൂന്നാറിന് അനുവദിച്ച മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി നിര്‍മാണം അട്ടിമറിക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായി ആക്ഷേപം ഉയരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം നടത്തിയിരുന്നു. എന്നാൽ, നിർമാണം പിന്നീട് അനിശ്ചിതത്വത്തിലായി. നിര്‍ദിഷ്ട ആശുപത്രി നിര്‍മാണത്തിന് കണ്ടെത്തിയ സ്ഥലം റെഡ് സോണില്‍ ഉള്‍പ്പെട്ടതാണെന്ന സംശയം ഉയര്‍ന്നതോടെ ഇതുസംബന്ധിച്ച് പരിശോധിക്കാൻ ജില്ലാകളക്ടർ നിർദേശിച്ചിരുന്നു. ഇതാണ് നിർമാണത്തിന് തടസമായിരിക്കുന്നത്.
ആദിവാസികളും, തോട്ടം തൊഴിലാളികളും ഉള്‍പ്പെടുന്ന ഹൈറേഞ്ച് മേഖലയിലെ നിർധനരായ രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്. ജില്ലാ ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍, ഹസാഡ് അനലിസ്റ്റ്, ജില്ലാ ടൗണ്‍ പ്ലാനിംഗ് ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ വകുപ്പു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്.
പരിശോധനാ സംഘം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. എല്ലാ പരിശോധനകള്‍ക്കും ശേഷം ഗവര്‍ണര്‍ ഒപ്പുവയ്ക്കുകയും മന്ത്രിസഭ ഭരണാനുമതി നല്കി നിര്‍മാണോദ്ഘാടനം നടത്തുകയും ചെയ്ത പദ്ധതിയാണ് ചുവപ്പുനാടയിൽ കുരുങ്ങിയിരിക്കുന്നത്.
ദേവികുളത്ത് നിലവില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തോടു ചേര്‍ന്നുള്ള അഞ്ചേക്കർ ഭൂമിയാണ് ഇതിനായി അനുവദിച്ചത്. റവന്യു വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം കൈവശാവകാശത്തിൽ ആരോഗ്യവകുപ്പിന് വിട്ടുനല്‍കുകയായിരുന്നു. 2024 മേയില്‍ അശുപത്രി നിര്‍മാണത്തിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
ഒരു വര്‍ഷത്തിനകം നിർമാണം ആരംഭിച്ചില്ലെങ്കില്‍ പദ്ധതി റദ്ദാകുമെന്ന വ്യവസ്ഥ പാലിക്കാൻ കഴിയാതെവരികയും ചെയ്തിരുന്നു. സമയപരിധി അവസാനിക്കുന്ന ഘട്ടം എത്തിയതോടെ സോഷ്യൽ പ്രൊട്ടക്ഷൻ ഫോർ ജസ്റ്റീസ് കോടതിയെ സമീപിച്ചു. പദ്ധതി തുടരാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ കോടിതിയില്‍ വ്യക്തമാക്കിയതോടെ നടപടി വേഗത്തിലാക്കി നിര്‍മാണോദ്ഘാടനം നടത്തുകയായിരുന്നു.
ആദ്യം 78 കോടി രൂപയാണ് അനുവദിച്ചിരുന്നതെങ്കിലും തുക വെട്ടിക്കുറച്ച് 63.28 കോടി രൂപയാക്കി. കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയും ചെയ്തു.
നൂറുകണക്കിന് സഞ്ചാരികളെത്തുന്ന മൂന്നാറിൽ മികച്ച ചികിത്സ ആവശ്യമായിവന്നാൽ മണിക്കൂറുകളോളം യാത്ര ചെയ്ത് കോതമംഗലത്തിനോ എറണാകുളത്തിനോ പോകണ്ട സ്ഥിതിയാണുള്ളത്.
District News
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് അടിമാലിയിൽ മണ്ണിടിഞ്ഞ് വീട് നഷ്ടമായവർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. വീട് നഷ്ടപ്പെട്ടവർക്ക് ഓണത്തിന് മുൻപ് നഷ്ടപരിഹാരം നൽകുമെന്ന റവന്യുമന്ത്രി എ.പി.അനിൽകുമാറിന്റെ ഉറപ്പിനെ തുടർന്നാണ് 51 ദിവസം നീണ്ട സമരം അവസാനിപ്പിച്ചത്.
അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ് അടക്കമുള്ള നേതാക്കളാണ് മന്ത്രിയുമായി ചർച്ച നടത്തി പ്രശ്നപരിഹാരമുണ്ടാക്കിയത്. സർക്കാർ ഉറപ്പ് പാലിച്ചില്ലെങ്കിൽ വീണ്ടും സമരരംഗത്തിറങ്ങുമെന്ന് സമരസമിതി അറിയിച്ചു.
നേരത്തേ ദേശീയപാത നിർമാണക്കമ്പനിയായ ഇകെകെയുടെ അടിമാലി അമ്പലപ്പടിയിൽ പ്രവർത്തിക്കുന്ന യാഡിനു മുൻപിൽ വാടക കുടിശിക ആവശ്യപ്പെട്ട് കുടുംബങ്ങൾ സമരം നടത്തിയിരുന്നു. സമരം നാളുകൾ പിന്നിട്ടതോടെ സർക്കാർ ഇടപെട്ടാണ് വാടക കുടിശികയും വീടു നഷ്ടപ്പെട്ട ഒന്‍പതു കുടുംബങ്ങൾക്കുള്ള ധനസഹായവും നൽകിയത്.
District News
മൂന്നാർ: കടം കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടതിന്റെ പേരിലുണ്ടായ ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു. എറണാകുളം മാറംപിള്ളി സ്വദേശി ജംഷാബ് ജമാലിനാണ് (29) വെട്ടേറ്റത്. ഇയാളെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശി സുമിത് (32) മൂന്നാർ പോലീസിന്റെ പിടിയിലായി. പ്രതിയെ താമസസ്ഥലത്തുനിന്നു പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്ഐ ബിജുവിന് പരിക്കേറ്റു. ഇദ്ദേഹം കോതമംഗലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു പ്രതിയെ ഇതുവരെ പിടികിട്ടിയിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രി 12നായിരുന്നു സംഭവം. വിവിധ കേസുകളിൽ പ്രതികളായ മൂവരും വിയ്യൂർ സെൻട്രൽ ജയിലിൽവച്ചാണ് പരിചയപ്പെടുന്നത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ജംഷാബിനോട് തന്റെ വീട്ടിൽ 30,000 രൂപ നൽകാൻ സുമിത് ആവശ്യപ്പെട്ടു. സുമിത്തിന്റെ വീട്ടിൽ ഈ തുക എത്തിക്കുകയും ചെയ്തു.
പിന്നീട് വ്യാഴാഴ്ച പഴയ മൂന്നാറിലെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന ജംഷാബിനെ കാണാൻ സുജിത്ത് എത്തിയപ്പോൾ നൽകിയ പണം തിരികെ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ സുമിത് കൈവശമുണ്ടായിരുന്ന കത്തികൊണ്ട് ആക്രമണം നടത്തുകയായിരുന്നു. പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു.
District News
നെടുങ്കണ്ടം: വില്പനയ്ക്കായി സൂക്ഷിച്ച 180 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി സ്ത്രീ നെടുങ്കണ്ടം പോലീസിന്റെ പിടിയില്‍. നെടുങ്കണ്ടം പടിഞ്ഞാറെ കവലയില്‍ പച്ചക്കറിക്കട നടത്തുന്ന കല (68) യ്ക്കെതിരേ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി നെടുങ്കണ്ടം എസ്ഐ ലിജോ പി. മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ടൗണില്‍ നടത്തിയ പട്രോളിംഗിനിടെയാണ് പടിഞ്ഞാറെക്കവല പരിവര്‍ത്തനമേട് റോഡിലെ പച്ചക്കറിക്കടയ്ക്കു സമീപം ബിഗ്ഷോപ്പറുമായി നില്‍ക്കുകയായിരുന്ന സ്ത്രീ ശ്രദ്ധയില്‍പ്പെട്ടത്.
പോലീസിനെ കണ്ടതും ഇവര്‍ പരുങ്ങുന്നതായി കണ്ടു. ഇതോടെ സംശയം തോന്നിയ പോലീസ് കലയുടെ കൈവശമിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്പന്നം കണ്ടെത്തിയത്. 12 പ്ലാസ്റ്റിക് കവറുകളിലായി 15 പാക്കറ്റ് വീതം 180 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടികുടിയത്. അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്നതാണെന്നാണ് പോലീസ് പറഞ്ഞത്. ഇവര്‍ക്കെതിരേ മുമ്പും സമാനമായ കുറ്റകൃത്യത്തിന് കേസെടുത്തിട്ടുണ്ട്.
District News
ചെറുതോണി: ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞ് മൂന്നു പേർക്കു പരിക്കേറ്റു. ഓട്ടോഡ്രൈവർ പേയ്ക്കൽ സന്തോഷ് (50), യാത്രക്കാരായ ചേലച്ചുവട് ഹരിശ്രീ വ്യാപാരസ്ഥാപന ഉടമ പുതുക്കുന്നത്ത് രവി (55), രവിയുടെ ഭാര്യ സുഷമ (50) എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഓട്ടോഡ്രൈവർ സന്തോഷിനെ ആലുവ രാജഗിരി ആശുപത്രിയിലും സുഷമ, രവി എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ സിഎസ്ഐ ആശുപത്രിക്കു സമീപമായിരുന്നു അപകടം.
District News
കടുത്തുരുത്തി: മുണ്ടാറുകാര്ക്കും എഴുമാന്തുരുത്തുകാര്ക്കും വെള്ളക്കെട്ടില്‍നിന്ന് ആശ്വാസം ലഭിക്കാന്‍ ഇനിയും കാത്തിരിക്കണം. ജലനിരപ്പ് താഴ്ന്നെങ്കിലും വെള്ളം പൂര്‍ണമായും ഇറങ്ങാന്‍ ഇനിയും ദിവസങ്ങള്‍ കഴിയണം.
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ടെങ്കിലും മുറ്റത്തടക്കം ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുകയാണ്. തോടുകളും പുഴകളും സമയത്ത് തെളിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മുണ്ടാറുകാര് പറയുന്നു. പായലും പോളയും നിറഞ്ഞതോടെ വെള്ളം ഒഴുകിപ്പോകാ നാകാത്ത സ്ഥിതിയിലാണ് തോടുകളും പുഴകളും. പ്രധാനപ്പെട്ട ഇടത്തോടുകളെല്ലാം അടഞ്ഞു കിടക്കുകയാണ്. 200ല്‍ അധികം കുടുംബങ്ങളാണ് ദിവസങ്ങളായി മുണ്ടാറില്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത്. അടിയന്തരമായി തോടുകളുടെ ആഴം കൂട്ടിയില്ലെങ്കില്‍ മഴ ശക്തമാകുമ്പോള്‍ വീണ്ടും പ്രതിസന്ധിയുണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
വേമ്പനാട്ട് കായലിലേക്കാണ് ജലാശയങ്ങള്‍ വഴി ഇവിടെനിന്ന് വെള്ളം ഇറങ്ങിപ്പോ കേണ്ടത്. പാടശേഖരങ്ങളെല്ലാം തന്നെ വെള്ളം നിറഞ്ഞു കിടക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് താമസം മാറ്റിയ പലരും ഇപ്പോഴും തിരികെ വീടുകളിലേക്കെത്തിയിട്ടില്ല. വീട്ടില്‍ വന്നാല്‍ വീടും പരിസരവും വൃത്തിയാക്കുകയെന്നതാണ് കുടുംബങ്ങളുടെ പ്രധാന വെല്ലുവിളി. വീടുകള്‍ക്ക് ഉള്‍ഭാഗത്തെല്ലാം ചെളിയും മണ്ണും അടിഞ്ഞു കിടക്കുകയാണ്.
ഇഴജന്തുക്കള്‍ ഒന്നുംതന്നെ വീട്ടിനുള്ളിലില്ലെന്ന് ഉറപ്പാക്കുകയും വേണം. എങ്കില്‍ മാത്രമേ ഇവര്‍ക്ക് പഴയപോലെ വീടിനുള്ളില്‍ താമസിക്കാനാകൂ. ചുറ്റും വെള്ളം ആണെങ്കിലും ശുദ്ധമായ കുടിവെള്ളം ഇവര്‍ക്ക് പ്രതിസന്ധി തന്നെയാണ്. കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ എഴുമാന്തുരുത്തിലും മുക്കം, കാന്താരിക്കടവ്, എരുമത്തുരുത്ത് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍നിന്നും വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല. ഇതു മേഖലയിലെ നിരവധി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
District News
വൈക്കം: നൂറ്റാണ്ടു പിന്നിട്ട വൈക്കത്തെ പഴയ പോലീസ് സ്റ്റേഷൻ ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്നാവശ്യം ശക്തമായി. കേരളത്തിന്റെ നവോഥാന ചരിത്രത്തിൽ നാഴികക്കല്ലായി കണക്കാക്കുന്ന വൈക്കം സത്യഗ്രഹ സമരത്തിൽ നേതൃത്വപരമായ പങ്കുവഹിച്ച സത്യഗ്രഹ സമരനായകരെവരെ ഈ പഴയ പോലീസ് സ്റ്റേഷനിലെ കൽ തുറങ്കിലടച്ചാണ് ക്രൂരമർദ്ദനത്തിനിരയാക്കിയത്.
സത്യഗ്രഹ സമരനായകരിൽ ഒരാളായ ഇ.വി. രാമസ്വാമിനായ്ക്കരെ അടക്കം ഈ പോലീസ് സ്റ്റേഷനിലെ ജയിലിലടച്ചിരുന്നു. പെരിയോർ ഇ.വി. രാമസ്വാമി നായക്കരുടെ സമരപോരാട്ടങ്ങളെ ആസ്പദമാക്കി സത്യരാജ് നായകനായി ചിത്രീകരിച്ച ചലച്ചിത്രം പെരിയോറിന്റെ കുറെ ഭാഗങ്ങൾ വൈക്കത്തെ പഴയ പോലീസ് സ്റ്റേഷനും വൈക്കത്തെ പഴയ ബോട്ടുജെട്ടിയുമൊക്കെയായിരുന്നു.
ചരിത്രത്തിന്റെ ഭാഗമായ പോലീസ് സ്റ്റേഷൻ ഇടക്കാലത്ത് ഓടുകൾ മാറ്റി ചോർച്ച തടഞ്ഞിരുന്നു. നിലവിൽ പോലീസുകാർ വിശ്രമകേന്ദ്രമായി ഉപയോഗിച്ചുവരികയാണ് പഴയ പോലീസ് സ്റ്റേഷൻ. പഴയ പോലീസ് സ്റ്റേഷൻ ചരിത്ര സ്മാരകമായി നിലനിർത്താൻ പദ്ധതി തയാറാക്കണമെന്ന ജനങ്ങളുടെ നിരന്തരാവശ്യത്തെത്തുടർന്ന് കെ.അജിത്ത് എംഎൽഎ ആയിരുന്ന സമയം പദ്ധതി തയാറാക്കിയിരുന്നെങ്കിലും പദ്ധതി സാങ്കേതികത്വത്തിൽ കുടുങ്ങിയതിനാൽ യാഥാർഥ്യമായില്ല.
ചരിത്ര സ്മാരകമായി വൈക്കത്തെ പഴയ പോലീസ് സ്റ്റേഷനെ പരിരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
വൈക്കം: ഗാന്ധിജിയെ വിദ്യാർഥിയായിരിക്കുമ്പോൾ തൊട്ടതിന്റെ അദ്ഭുതം പിൽക്കാലത്ത് മലയാള സാഹിത്യത്തിലെ സുൽത്താനായിമാറിയിട്ടും വൈക്കം മുഹമ്മദ് ബഷീറിനെ വിട്ടുപോയിരുന്നില്ല.
തലയോലപ്പറമ്പ് ഗവൺമെന്റ് യുപി സ്കൂളില്‍ മുഹമ്മദ് ബഷീര്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി വൈക്കം സത്യഗ്രഹവും മഹാത്മാഗാന്ധിയുടെ വരവുമുണ്ടാകുന്നത്. അന്ന് വൈക്കം സത്യഗ്രഹത്തിനെത്തിയ ഗാന്ധിജിയെ തൊടാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പലകുറി തന്റെ രചനകളിലുടെ പരാമർശിച്ചിട്ടുണ്ട്.
ഗാന്ധിജി കയറിയ കാറിന്റെ സൈഡില്‍ തൂങ്ങിയിരുന്നാണ് ബഷീര്‍ ഗാന്ധിജിയുടെ വലതുതോളില്‍ തൊട്ടത്. ഈ സംഭവത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ വഴക്ക് പറഞ്ഞെന്നും ഗാന്ധിജി പട്ടിണി മാറ്റുമോയെന്ന് ഉമ്മ ചോദിച്ചതായും ബഷീര്‍ പറഞ്ഞിട്ടുണ്ട്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചാല്‍ പട്ടിണി മാറുമെന്ന മറുപടിയും ബഷീർ ഉമ്മയ്ക്ക് നൽകിയിരുന്നു. സ്കൂൾ വിദ്യാർഥിയായിരിക്കെ ഗാന്ധിജിയോടുള്ള ആരാധനമൂലമാണ് ബഷീർ സ്വാതന്ത്ര്യ സമരത്തിലേക്ക് ആകൃഷ്ടനായത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായിരുന്ന അദ്ദേഹം ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായി കുട്ടിക്കാലത്തുതന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. കോഴിക്കോട്ട് നടന്ന ഉപ്പുസത്യാഗ്രഹ സമരത്തിൽ ബഷീർ സജീവമായി പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം ക്രൂരമായി പോലീസ് മർദ്ദനങ്ങൾക്ക് ഇരയാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ ജയിൽ ഉൾപ്പെടെയുള്ളവയിൽ അദ്ദേഹം തടവുകാരനായിരുന്ന കാലഘട്ടം അദ്ദേഹത്തിന്റെ ജീവിതത്തിലും എഴുത്തിലും വലിയ സ്വാധീനം ചെലുത്തി. യുവാവായിരിക്കെ അദ്ദേഹം ഖദർ വസ്ത്രങ്ങൾ മാത്രം ധരിച്ച് സ്വാതന്ത്ര്യസമര സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അദ്ദേഹം സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങി എഴുത്തിൽ വ്യാപൃതനായി. ബഷീറിന്റെ പല കൃതികളിലും ജയിൽ അനുഭവങ്ങളും സ്വാതന്ത്ര്യസമര കാലത്തെ ഓർമകളും പ്രതിഫലിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ മതിലുകൾഎന്ന നോവൽ ജയിൽ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടതാണ്. സ്വാതന്ത്ര്യ സമരകാലവും അക്കാലത്തെ അനുഭവങ്ങളും മനുഷ്യ സ്നേഹവും ദീനാനുകമ്പയുമൊക്കെ ബഷീറിന്റെ രചനകളെ ഏറെ ജീവസുറ്റവയാക്കിയിട്ടുണ്ട്.
80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആഹ്ലാദ ആരവങ്ങളിൽ ഭരതം മുഖരിതമാകുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിനെപോലുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ദീപ്തസ്മരണയും പ്രോജ്ജ്വലിക്കുകയാണ്.
District News
ചങ്ങനാശേരി: പത്തുദിവസം പിന്നിട്ടിട്ടും മൂലേപ്പുതുവല്‍ മേപ്രാല്‍ റോഡിലെ വെള്ളക്കെട്ട് ഇറങ്ങുന്നില്ല. ഈ റോഡിന്റെ പല ഭാഗങ്ങളും ചെളിവെള്ളവും പോളയും തിങ്ങിനിറഞ്ഞ നിലയിലാണ്. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു യാത്രക്കാര്‍ വെള്ളത്തിലൂടെ നീന്തിയാണ് എസി റോഡില്‍ എത്തിച്ചേരുന്നത്. ഓരോ മഴക്കാലത്തേയും ദുരിതത്തിന് മോചനമുണ്ടാകണമെങ്കില്‍ ഈ റോഡ് ഉയര്‍ത്തി നിര്‍മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
പായിപ്പാട് പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ ചങ്ങനാശേരി-ആലപ്പുഴ റോഡിലെ കിടങ്ങറ ഈസ്റ്റ് ഭാഗത്തുനിന്നും ഇടവന്തറ, അറുനൂറില്‍ പുതുവല്‍, നക്രാല്‍, മൂലേപ്പുതുവല്‍, കോമങ്കേരിച്ചിറ വഴി മേപ്രാലിലേക്കുള്ള റോഡാണിത്. കാല്‍നൂറ്റാണ്ട് മുന്‍പ് സി.എഫ്. തോമസ് എംഎല്‍എയുടെ ശ്രമഫലമായാണ് മൂന്നരകിലോമീറ്റര്‍ ദൂരംവരുന്ന ഈ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നത്. എസി റോഡില്‍ മേപ്രാല്‍ ജംഗ്ഷന്‍മുതല്‍ ദൈവംപറമ്പ് ക്ഷേത്ര ജംഗ്ഷന്‍വരെ റോഡ് ഒരടിയോളം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞയാഴ്ചയിലെ മഴയില്‍ ഈ ഭാഗത്തും വെള്ളം കയറിയെങ്കിലും മഴയുടെ ശക്തികുറഞ്ഞപ്പോള്‍ ഇവിടുത്തെ വെള്ളം ഇറങ്ങി. ഉയര്‍ത്താത്ത റോഡ് ഭാഗത്താണ് ഇപ്പോള്‍ വെള്ളക്കെട്ട് തുടരുന്നത്.
വെള്ളപ്പൊക്ക സമയമാകുമ്പോള്‍ ഈ റോഡില്‍ പൂര്‍ണമായും വെള്ളം കയറുന്നത് പതിവാണ്. ഇതോടെ റോഡും പാടശേഖരങ്ങളും തിരിച്ചറിയാനാകാത്ത അവസ്ഥയില്‍ വെള്ളം കയറുന്നതിനൊപ്പം പോളയും മാലിന്യങ്ങളും തിങ്ങുകയുമാണ് പതിവ്. വെള്ളക്കെട്ടുണ്ടായാല്‍ പിന്നെ വള്ളത്തിലാണ് ഈ റോഡിലെ സഞ്ചാരം. രോഗികളെയും വയോജനങ്ങളെയും ആശുപത്രിയില്‍ എത്തിക്കുന്നത് അതിസാഹസികമായാണ്.
District News
ചങ്ങനാശേരി: ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ 96-ാം ജന്മദിനത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചാരിറ്റി വേൾഡുമായി സഹകരിച്ച് ചങ്ങനാശേരി ഗവ. താലൂക്ക് ആശുപത്രിയിൽ രോഗികൾക്കായി ഉച്ചഭക്ഷണം വിതരണം ചെയ്തു. സെക്രട്ടറി പ്രഫ. പി.ജെ. തോമസ്, ഫൗണ്ടീഷൻ അംഗങ്ങളായ പ്രഫ. അനിയൻകുഞ്ഞ്, ടോണി കല്ലുകളം എന്നിവർ നേതൃത്വം നൽകി. ചാരിറ്റി വേൾഡ് പ്രവർത്തകരായ ജോണ്സൺ, ജിജി തറയിൽ എന്നിവർ പങ്കെടുത്തു.
District News
ചങ്ങനാശേരി: ചങ്ങനാശേരി വാഴൂർ റോഡിൽ വലിയകുളത്ത് വയോജനങ്ങൾക്ക് ഇരിക്കാനും ചിരിക്കാനും രസിക്കാനും ഇരിപ്പിടങ്ങൾ സജ്ജമായി. വലിയകുളം വികസനത്തിന്റെ ഭാഗമായി വലിയകുളം റസിഡന്റ്സ് അസോസിയേഷനാണ് വയോജനങ്ങൾക്കായി ഇരിപ്പിടങ്ങളും ചുറ്റുപാടും ചെടികളും വച്ചുപിടിപ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം വിനു ജോബ് എംഎൽഎ നിർവഹിച്ചു.
റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സോജപ്പൻ മാത്യു അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി എസ്. അഷാദ് മുഖ്യപ്രഭാഷണം നടത്തി. റോസമ്മ മണമേൽ, ഷെർലി തോമസ്, സിബിച്ചൻ തെക്കേക്കര, മഞ്ചു ജോസഫ് എന്നിവർ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: ഓണക്കാലത്ത് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ കൂട്ടായ ആലോചനകളും കര്‍ശന നടപടികളും വേണമെന്ന ആവശ്യം ശക്തമാകുന്നു. അനധികൃത പാര്‍ക്കിംഗും അനധികൃത വഴിവാണിഭങ്ങളും കര്‍ശനമായി നിരോധിക്കാന്‍ നടപടി ഉണ്ടാകണം. കാവാലം ബസാര്‍ റോഡ് ഉള്‍പ്പെടെ റോഡുകളിലേക്ക് സാധനസാമഗ്രികള്‍ ഇറക്കി വച്ച് വില്പന നടത്തുന്നത് കര്‍ശനമായി തടയണം.
നഗരത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തണം. പച്ചക്കറികിറ്റുകളും തുണിത്തരങ്ങളും ഫുട്പാത്തുകളിലേക്ക് ഇറക്കി വച്ച് വില്പന നടത്തുന്നതിനും നിയന്ത്രണം ഉണ്ടാകണം. വാഹനങ്ങളുടെ തോന്നിയപടിയിലുള്ള പാര്‍ക്കിംഗും അനുവദിച്ചിരിക്കുന്ന സമയത്തിനുമുമ്പ് തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതും നിയന്ത്രിക്കാന്‍ നടപടിവേണം.
അസീസി റോഡ് ജംഗ്ഷനിലെ
കുരുക്കിനു പരിഹാരം കാണണം
മാര്‍ക്കറ്റ് റോഡിനെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന അസീസി റോഡിന്റെ വികസനം വഴിമുട്ടിയതും ഈ റോഡ് വണ്വേയാക്കാനുള്ള നടപടികളും വൈകുന്നതും മാര്‍ക്കറ്റ് റോഡില്‍ കുരുക്ക് സൃഷ്ടിക്കുകയാണ്. അസീസി റോഡില്‍നിന്നും മാര്‍ക്കറ്റ് റോഡിലേക്കും തിരികെയും വാഹനങ്ങള്‍ നിര്‍ബാധം ഓടുന്നതാണ് മാര്‍ക്കറ്റ് റോഡിനെ അനുദിനം കുരുക്കിലാക്കുന്നത്.
ചങ്ങനാശേരിയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കുളള ബസുകളും മാര്‍ക്കറ്റിലേക്കുള്ള ചരക്കു വാഹനങ്ങളും കൂടിയാകുമ്പോള്‍ അസീസി റോഡ് ജംഗ്ഷന് അക്ഷരാര്‍ഥത്തില്‍ കുരുങ്ങുകയാണ് പതിവ്. രണ്ട് വര്‍ഷംമുമ്പ് ഈ റോഡിന്റെ വികസനത്തിന് പദ്ധതിയിട്ടെങ്കിലും പാളിപ്പോയിരുന്നു.
മെത്രാപ്പോലീത്തന്‍ പള്ളി, പോലീസ് സ്റ്റേഷൻ, സ്കൂളുകള്‍, ബാങ്കുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാവാലം ബസാര്‍, അസംപ്ഷന്‍ കോളജിലേക്കുള്ള പി.പി. ജോസ് റോഡുകളിലെ പാര്‍ക്കിംഗും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
District News
നെടുംകുന്നം: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപിക കളര്‍ ഇന്ത്യ സീസണ് അഞ്ച് ചങ്ങനാശേരി മേഖലാതല മത്സര ഉദ്ഘാടനവും വിദ്യാഭ്യാസ-പാഠ്യേതര രംഗങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം നടത്തുന്ന നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് സ്കൂളില്‍ സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കൈതപ്പറമ്പില് അധ്യക്ഷത വഹിച്ചു.
ദീപിക കളര്‍ ഇന്ത്യ ചിത്രരചനാ മത്സരത്തിന്റെ മേഖലാതല ഉദ്ഘാടനം ചങ്ങനാശേരി എംഎല്‍എ വിനു ജോബ് നിര്‍വഹിച്ചു.
വിദ്യാര്‍ഥികളില്‍ പഠനത്തോടൊപ്പം ദേശസ്നേഹവും സര്‍ഗാത്മക മികവും വളര്‍ത്തിയെടുക്കുന്നതില്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് സ്കൂളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത എന്ന മഹത്തായ സന്ദേശമുയര്‍ത്തിയും ലഹരിക്കെതിരേ ശക്തമായ ബോധവത്കരണം ലക്ഷ്യമിട്ടും ദീപിക സംഘടിപ്പിക്കുന്ന സംരംഭം ഏറെ മാതൃകാപരമാണെന്നും, വര്‍ണ-വിവേചനങ്ങളില്ലാതെ നാം ഒന്നാണെന്ന ചിന്ത കുട്ടികളില്‍ ഉറപ്പിക്കാന്‍ ഇത്തരം വേദികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീപിക സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയും വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തു.
സ്കൂള്‍ ട്രസ്റ്റ് സെക്രട്ടറി ഏബ്രഹാം ജോസ്, പ്രിന്‍സിപ്പല്‍ ടിന്റു മാത്യു, വൈസ്പ്രിന്‍സിപ്പല്‍ ഫാ. ജോണ്സണ് ചാലക്കല്‍, ഡിഎഫ്സി സംസ്ഥാന വനിതാ പ്രസിഡന്റ് ആന്‍സി ചേന്നോത്ത്, ഡിഎഫ്സി അതിരൂപതാ വൈസ്പ്രസിഡന്റ് ജോണ്‍സി ജോണ്‍ കാട്ടൂര്‍, സ്കൂള്‍ ഹെഡ് ബോയ് കെവിന് ക്രിസിന്, ഹെഡ് ഗേള്‍ ആന്മരിയ ജോബി എന്നിവര്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വര്‍ണാഭമായ ദേശഭക്തി കലാപരിപാടികളും ക്ലാസ് അടിസ്ഥാനത്തില്‍ ചിത്രരചനാ മത്സരങ്ങളും നടന്നു.
District News
കോട്ടയം: ചിങ്ങം പിറക്കും മുമ്പേ ഓണത്തിരക്കിലമര്‍ന്ന് കോട്ടയം നഗരം. കഴിഞ്ഞ രണ്ടു ദിവസമായി രാവിലെ മുതല്‍ രാത്രിവരെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. എംസി റോഡിലൂടെ ഏറ്റുമാനൂര്‍ ഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങള്‍ കുമാരനല്ലൂരില്‍ എത്തുമ്പോള്‍ മുതല്‍ കുരുക്കിലാകും. ഈ വാഹനങ്ങള്‍ നാഗമ്പടം റെയില്‍വേ മേല്‍പാലം കടക്കണമെങ്കില്‍ മണിക്കൂറുകളോളം സമയമെടുക്കും. കോടിമത ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ഏറെ സമയമെടുത്താണ് ബേക്കര്‍ ജംഗ്ഷന്, നാഗമ്പടം, ചെമ്പരത്തിമൂട്, ചവിട്ടുവരി എന്നിവിടങ്ങള്‍ കടന്നുപോകുന്നത്.
ചങ്ങനാശേരി ഭാഗത്തു നിന്നുമെത്തുന്ന വാഹനങ്ങള്‍ നാട്ടകം സിമന്റ് കവലയില്‍ എത്തുമ്പോള്‍ മുതല്‍ കുരുങ്ങും. ഈ വാഹനങ്ങള്‍ കോടിമത മേല്‍പാലം കടക്കുമ്പോഴും മണിക്കൂറുകള്‍ കഴിയും. ഇതേ അവസ്ഥ തന്നെയാണ് കെകെ റോഡിലും. ഈ റോഡിലൂടെ എത്തുന്ന വാഹനങ്ങള്‍ കഞ്ഞിക്കുഴി മുതല്‍ കുരുക്കിലാണ്. കോട്ടയം-കുമരകം റോഡിലും നഗരത്തിലെ ഇടറോഡുകളിലുമെല്ലാം കഴിഞ്ഞു രണ്ടു ദിവസങ്ങളായി വാഹനങ്ങള്‍ മുഴുവന്‍ കുരുങ്ങുകയാണ്.
നഗരം മുഴുവന്‍ കുരുക്കിലാകുന്നതോടെ ബേക്കര്‍ ജംഗ്ഷനില്‍നിന്ന് വാഹനങ്ങള്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് കടന്നു പോകണമെങ്കില്‍ ഏറെ സമയമെടുക്കും. പലപ്പോഴും ബേക്കര്‍ ജംഗ്ഷന്, ശാസ്ത്രി റോഡ്, തിരുനക്കര ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍നിന്നും ആകാശപ്പാതയ്ക്കു കീഴിലേക്കെത്തുന്ന വാഹനങ്ങള്‍ മുഴുവന്‍ കുരുക്കിലാകും. എല്ലാ സമയത്തും ഇവിടെ ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാണെങ്കിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ദിവസങ്ങളായി കോട്ടയം ചന്തയിലും നഗരത്തിലെ വസ്ത്ര വ്യാപാര ശാലകള്‍, ജ്വല്ലറികള്‍ തുടങ്ങി ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിലും ഇടറോഡുകളിലുമുള്ള അനധികൃത പാര്‍ക്കിംഗാണ് ഗതാഗതക്കുരുക്ക് വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്നും വ്യാപക പരാതിയുണ്ട്.
ബൈപാസ് റോഡുകള്‍ പലരും ഉപയോഗിക്കാറില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നഗരം ഓണാഘോഷത്തില്‍ മുങ്ങുന്നതോടെ നഗരത്തിലെ വാഹനത്തിരക്ക് പതിന്മടങ്ങായി വര്‍ധിക്കും. അടിയന്തരമായി നഗരത്തില്‍ ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
സിഗ്നൽ പ്രശ്നം, കുരുക്ക് രൂക്ഷം
നഗരത്തിലെ ഏറെ തിരക്കുള്ള ബേക്കര്‍ ജംഗ്ഷനില്‍ ഒട്ടുമിക്ക സമയങ്ങളിലും സിഗ്നല്‍ ലൈറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍കാലങ്ങളില്‍ സിഗ്നല്‍ ലൈറ്റുകള്‍ ഗതാഗതക്കുരുക്ക് വര്‍ധിപ്പിച്ചതോടെ പോലീസ് ഉദ്യോഗസ്ഥന് തന്നെ ഗതാഗത നിയന്ത്രിച്ചു വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതാണ് കുരുക്ക് വര്‍ധിപ്പിക്കുന്നതെന്നും പരാതിയുണ്ട്.
ഇവിടെ സെന്‍ട്രല്‍ ജംഗ്ഷനിൽനിന്ന് വന്നു നാഗമ്പടം ഭാഗത്തേക്കു വാഹനങ്ങള്‍ കടന്നു പോകുന്നതിനു കൂടുതല്‍ സമയവും കുമരകം റോഡില്നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് സെന്‍ട്രല്‍ ജംഗ്ഷനിലേക്കു പോകാന്‍ കുറഞ്ഞ സമയവുമാണ് നൽകിയിരിക്കുന്നത്. ഇതാണ് കുരുക്കിനു കാരണമെന്നും പരാതിയുണ്ട്. ഇതിനിടയില്‍ ചില വാഹനങ്ങള്‍ ട്രാഫിക് നിയമം തെറ്റിച്ചു പോകുന്നതും പതിവു കാഴ്ചയാണ്.
District News
ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി.
തിരുവല്ല മഞ്ഞാടി പുളിക്കാത്തറയില് പ്രവീണ്‍ (37), പുതുപ്പള്ളി കോട്ടൂര്‍ ആദിത്യകുമാര്‍ (19) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ഇതുവരെ എട്ട് പേർ അറസ്റ്റിലായി.
District News
കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗിന്റെ കോളജ് ഡേ ആഘോഷം ‘ഒഡീസി -2026’ കോളജ് ഓഡിറ്റോറിയത്തില്‍ കലാപരിപാടികളോടെ സംഘടിപ്പിച്ചു.
കിടങ്ങൂര്‍ കോളജ് ഓഫ് എന്‍ജിനിയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. ഒജസ് തോമസ് ലീ ഉദ്ഘാടനം നിര്‍വഹിച്ചു. വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് കൗണ്‍സിലര്‍ സിസ്റ്റര്‍ റിന്‍സി എസ്വിഎം അധ്യക്ഷത വഹിച്ചു. കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ സ്റ്റീവ് മാത്യു, പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജോസീന, എല്‍എല്‍എം ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത, ഹോസ്പിറ്റല്‍ ചാപ്ലിന് ഫാ. ജോസ് കടവില്‍ ചിറയില്‍, വൈസ് ചെയര്‍പേഴ്സണ്‍ ബെന്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ കലാ-കായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
District News
കോട്ടയം: വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷനും ഫിലിം ആന്‍ഡ് ഓഡിയോ വിഷ്വല്‍ കള്‍ച്ചറല്‍ സൊസൈറ്റിയും ചേര്‍ന്ന് അന്താരാഷ്ട്ര റീല്‍സ് ആന്‍ഡ് ഷോര്‍ട്സ് മത്സരം സംഘടിപ്പിക്കും. മത്സരത്തിന്റെ ലോഗോ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു.
മരിയിന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി അപര്‍ണ ശ്രീകുമാര്‍ ഏറ്റുവാങ്ങി. വേള്‍ഡ് മലയാളി ഓര്ഗനൈസേഷന് ജോയിന്റ് സെക്രട്ടറി അസീസ് കുമാരനല്ലൂര്‍ അധ്യക്ഷത വഹിച്ചു.
ഫില്‍കോസ് പ്രസിഡന്റ് ജിജോ വി. ഏബ്രഹാം, ജനറല്‍ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷിന്‍സ് മാത്യു, ടോമി കല്ലാനി, ജോയി തോമസ്, എം.പി. ബിജു, സാജന് അച്ചന്‍കുഞ്ഞ്, ബൈജു ബസന്ത്, ആശിഷ് മുറിക്കവേലി എന്നിവര്‍ പ്രസംഗിച്ചു.
മുപ്പത് സെക്കന്‍ഡ് മുതല്‍ രണ്ട് മിനിറ്റ് വരെയാണ് സമയം. പ്രമേയങ്ങള്‍ അയക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ അഞ്ച് വൈകുന്നേരം അഞ്ചു വരെ. സമ്മാനദാനം സെപ്റ്റംബര്‍ 30. ഫോൺ: 9446352085, 6282840568.
District News
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ആട് വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭ്യമാക്കി.
തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണം അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശേരി നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ലൗലി ജോര്‍ജ് അധ്യക്ഷത വഹിച്ചു.
കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, സിജോ തോമസ്, ബെസി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
District News
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി ഒപി വിഭാഗത്തിലെ എക്സ്റേ യൂണിറ്റ് തകരാറിലായിട്ട് അഞ്ച് മാസം പിന്നിട്ടു. ആശുപത്രിയിലെ വിവിധ ഒപി കളിൽ ചികിത്സതേടുന്ന ഭൂരിഭാഗം രോഗികൾക്കും എക്സ് റേഎടുക്കേണ്ടി വരുന്നുണ്ട്. എന്നാൽ ഒപിയിലെ യൂണിറ്റ് പണിമുടക്കിയതോടെ രോഗികൾ വലിയ കഷ്ടതയാണ് നേരിടുന്നത്.
നിലവിൽ ഒപി വിഭാഗത്തിൽനിന്ന് ഏറെ അകലെയുള്ള പുതിയ സർജറി ബ്ലോക്കിൽ പ്രവർത്തിക്കുന്ന യൂണിറ്റിനെയാണ് രോഗികൾ എക്സ്റേ എടുക്കുന്നതിന് സമീപിക്കുന്നത്. എന്നാൽ അത്രയുംദൂരം പോകാൻ മടിക്കുന്ന രോഗികൾ ഒപി വിഭാഗത്തിനു സമീപത്തായി പ്രവർത്തിക്കുന്ന ജില്ലാ സഹകരണ ആശുപത്രിയുടെ കീഴിലുള്ള ഡിസിഎച്ചിലാണ് അമിത ഫീസ് കൊടുത്ത് എക്സ്റേ എടുക്കുന്നത്.
എന്നാൽ, കഴിഞ്ഞ ദിവസം ഇവിടെയും എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം തകരാറിലായത് രോഗികളെ വീണ്ടും വലച്ചു. ഇതോടെ എക്സ്റേ എടുക്കേണ്ട രോഗികൾ പുതിയ സർജിക്കൽ ബ്ലോക്കിലെ യൂണിറ്റിനെ സമീപിച്ചത് ഇവിടെ വലിയ തിരക്കിനിടയാക്കി. ഒപിയിൽ എക്സ്റേ യൂണിറ്റ് ആരംഭിക്കേണ്ടത് രോഗികളെ സംബന്ധിച്ച് അത്യാപേക്ഷിതമാണ്. അതേസമയം തകരാറിലായ കാലപ്പഴക്കം ചെന്ന എക്സ്റേ യൂണിറ്റ് മാറ്റി പുതിയത് സ്ഥാപിക്കാനുള്ള നടപടികൾ നടന്നു വരുന്നതായാണ് വിവരം.
District News
നെടുമങ്ങാട് : കണ്ണമ്മൂല വിഷ്ണു കൊലക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം. ഒന്നാം പ്രതി കുപ്രസിദ്ധ ഗുണ്ട കണ്ണമ്മൂല കൊല്ലൂർ വയൽ നികത്തിയ വീട്ടിൽ പരട്ട അരുൺ എന്ന ആർ.അരുൺ, രണ്ടാം പ്രതി കണ്ണമ്മൂല തോട്ടരികത്ത് വീട്ടിൽ ആർ.ലല്ലു, മൂന്നാം പ്രതി കണ്ണമ്മൂല തോട്ടുവരമ്പിൽ വീട്ടിൽ പൂച്ച എന്ന ബി.രാജേഷ്, നാലാം പ്രതി കണ്ണമ്മൂല മുടുമ്പിൽ വീട്ടിൽ സനൽകുമാർ എന്ന എം.സഞ്ജു, അഞ്ചാം പ്രതി കണ്ണമൂല കുളവരമ്പിൽ വീട്ടിൽ ബോൾജി എന്ന് വിളിപ്പേരുള്ള എസ്.ശ്രീനാഥ്,ആറാം പ്രതി പട്ടം പി.ടി.സി നഗറിൽ മഠത്തുവിളാകം വീട്ടിൽ വിജീഷ് എന്ന വി.വിഷ്ണു,ഏഴാം പ്രതി കണ്ണമ്മൂല കുളവരമ്പിൽ വീട്ടിൽ ഷേട്ടി മനു എന്ന ജെ.മനു എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ.
എട്ടു മുതൽ പന്ത്രണ്ടു വരെ പ്രതികളായ ഡിനി ബാബു,ജയൻ,അജീഷ്, ഉണ്ണിക്കൃഷ്ണൻ, ദിലീപ് എന്നിവരെ വെറുതെ വിട്ടു.ജീവപര്യന്തം തടവിന് പുറമെ,വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ 20 വർഷം കഠിനതടവും അനുഭവിക്കണം.പ്രതികളായ ഓരോരുത്തരും 1,75,000 രൂപ വീതം പിഴയൊടുക്കണം.കേസിലെ രണ്ടാം സാക്ഷിയായ കൊല്ലപ്പെട്ട വിഷ്ണുവിന്റെ അമ്മ ബിന്ദുകുമാരിക്ക് പിഴത്തുകയിൽ നിന്നും അഞ്ച് ലക്ഷം രൂപ നൽകാനും ഒന്നാം സാക്ഷി വിഷ്ണുവിന്റെ അച്ഛൻ ജോസ് എന്ന അനിൽകുമാറിനും മൂന്നാം സാക്ഷി ജോസിന്റെ സഹോദരി ലൈലയ്ക്കും 3 ലക്ഷം രൂപ വീതം നൽകാനും കോടതി വിധിയായി. നെടുമങ്ങാട് എസ്.സി/എസ്.ടി പ്രത്യേക കോടതി ജഡ്ജി ഷാജഹാനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2016 ഒക്ടോബർ 7 നായിരുന്നു കൊലപാതകം.18-കാരനായ വിഷ്ണുവിനെ അച്ഛനമ്മമാരുടെ മുന്നിലിട്ട് കൊലപ്പെടുത്തിയതായാണ് കേസ്.വിഷ്ണുവിന്റെ മാതാപിതാക്കൾക്കും അച്ഛന്റെ സഹോദരിക്കും ഗുരുതര പരിക്കേറ്റിരുന്നു. എട്ടാം പ്രതിയുടെ സഹോദരനെ വെട്ടിക്കൊന്ന കേസിലെ പ്രതികളുമായി വിഷ്ണുവിന്റെ അച്ഛനുണ്ടായിരുന്ന അടുപ്പമാണ് കൊലയ്ക്ക് കാരണമായത്.കേസിൽ വിഷ്ണുവിന്റെ അച്ഛന്റെ സഹോദരി ലൈലയുടെ മകൻ ആദിത്യൻ പ്രധാന സാക്ഷിയായി വിസ്തരിക്കപ്പെട്ടിരുന്നു.
സംഭവസമയത്ത് ഏഴ് വയസായിരുന്നു ആദിത്യന്.ഒന്നാം പ്രതി അരുൺ പേട്ട,മെഡിക്കൽ കോളജ്,വഞ്ചിയൂർ സ്റ്റേഷനുകളിലായി കാപ്പ ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണ്.പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത വിഷ്ണു കൊലക്കേസിൽ ആകെ 48 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.144 തൊണ്ടി വസ്തുക്കളും 6 തെളിവ് രേഖകളും കോടതിയിൽ ഹാജരാക്കി.പട്ടികജാതി -പട്ടികവർഗ അതിക്രമം തടയൽ നിയമം കൂടി ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഷാനിഹാൻ അന്വേഷണ ഉദ്യോഗസ്ഥനും അഡ്വ.സാജൻ പ്രസാദ് സ്പെഷൽ പ്രോസിക്യൂട്ടറുമായിരുന്നു.
District News
തിരുവനന്തപുരം: സ്ത്രീകൾക്ക് നിർഭയമായി ഏത് സമയത്തും കേരളത്തിലെവിടെയും നടക്കാൻ സാധിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും ഇക്കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാകണമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. സ്ത്രീകളെ സ്വയംപര്യാപ്തമാക്കുന്ന പുതുയുഗ കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രാത്രിയിൽ സ്ത്രീകൾ ഒത്തു ചേരുന്നതിലൂടെ വലിയ സന്ദേശമാണ് സമൂഹത്തിന് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച രാത്രി നടത്തം പരിപാടിയുടെ ഉദ്ഘാടനം പാളയം മാർക്കറ്റ് ജംഗ്ഷനിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ്, വനിതാ ശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബാ ജോർജ്, വകുപ്പ് ഡയറക്ടർ വിഘ്നേശ്വരി , വിവിധ വനിതാ കൂട്ടായ്മ ഭാരവാഹികൾ ഉൾപ്പെടെ രാത്രി നടത്തത്തിൽ പങ്കെടുത്തു. വനിതകളോടൊപ്പമുള്ള രാത്രി നടത്തത്തിൽ മുഖ്യമന്ത്രിയും കാൽനടയായി ഒപ്പം കൂടി. പാളയം ജംഗ്ഷനിൽ നിന്നും ആയൂർവേദ കോളജ് ജംഗ്ഷൻ വരെയായിരുന്നു രാത്രി നടത്തം.
District News
തിരുവനന്തപുരം: കൺസ്യൂമർ ഫെഡ് നിർമിക്കുന്ന ഉത്പന്നങ്ങൾ യൂറോപ്പിലും ഗൾഫിലുമടക്കം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. കൺസ്യൂമർ ഫെഡിന്റെ ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം സെക്രട്ടേറിയറ്റിന് എതിർവശത്ത് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഉത്പന്നങ്ങൾ കേരള ബ്രാൻഡ് എന്ന പേരിൽ വിഴിഞ്ഞം തുറമുഖം വഴി കയറ്റുമതി ചെയ്യും .
കൺസ്യൂമർഫെഡിനൊപ്പം സ്ത്രീകളെയും സ്വയം പര്യാപ്തതയിലെത്തിക്കാനുള്ള നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു മന്ത്രി എം.ലിജു അധ്യക്ഷനായിരുന്നു. കൺസ്യൂമർ ഫെഡിലൂടെ 2000 ഓണ വിപണിയാണ് നടത്തുന്നതെന്നും 100 കോടിയുടെ ഉത്പന്നങ്ങൾ സബ്സിഡി നിരക്കിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.മുരളീധരൻ ആദ്യ വിൽപന നിർവഹിച്ചു.ഓണക്കാലത്ത് ഹോട്ടലുകളിൽ മായം കലർന്ന ഭക്ഷണം വിൽക്കുന്നത് തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശനമായ പരിശോധനയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കൺസ്യൂമർ ഫെഡ് ചെയർമാൻ പി.എം.ഇസ്മായിൽ, വൈസ് ചെയർമാൻ വി.കെ.രാജൻ, മാനേജിംഗ് ഡയറക്ടർ ആർ.ശിവകുമാർ, ജോയിന്റ് രജിസ്ട്രാർ ബിന്ദു, കൗൺസിലർ ഹരികുമാർ എന്നിവർ പങ്കെടുത്തു.
District News
തിരുവനന്തപുരം: ജില്ലയിലെ 13 സ്റ്റേഷനുകളിൽ ഇൻസ്പെക്ടർ എസ്എച്ച്ഒമാരെയും 20 സർക്കിളുകളിൽ ചുമതലയുള്ള ഇൻസ്പെക്ടർമാരെയും നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
ഇൻസ്പെക്ടർ എസ്എച്ച്ഒ സംവിധാനം ഭൂരിഭാഗം സ്റ്റേഷനുകളിലും എസ്ഐമാരെ നിയമിച്ചു നടപ്പാക്കിയ ശേഷം പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നിയമനം. സർക്കിളുകളിൽ നിയമിതരായ ഇൻസ്പെക്ടർമാർക്ക് രണ്ടു സ്റ്റേഷനുകളുടെ വീതം മേൽനോട്ട ചുമതലയാണ് ഉള്ളത്.
തിരുവനന്തപുരം സിറ്റിയിലെ ഏഴ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാരാണ് എസ്എച്ച്ഒമാർ. സിറ്റിയിൽ ഏഴു സർക്കിളുകളുമുണ്ടാകും.
റൂറൽ ജില്ലയിലെ ആറിടത്ത് ഇൻസ്പെക്ടർ എസ്എച്ച്ഒയും 13 സർക്കിളുകളിലുമാണ് നിയമനം.
നിയമിതരായവർ:
•തിരുവനന്തപുരം സിറ്റിയിലെ സർക്കിൾ ചുമതലയുള്ള ഇൻസ്പെക്ടർമാർ: വി. പ്രതാപ്കുമാർ- പേരൂർക്കട, വി. അജീഷ്- വട്ടിയൂർക്കാവ്, ശ്രീലാൽ ചന്ദ്രശേഖരൻ- നേമം, വി.എം. ശ്രീകുമാർ- കോവളം, ജി.പി. സജുകുമാർ- ശ്രീകാര്യം, എച്ച്.എസ്. ഷാനിഫ്- പേട്ട, പി. അജിത്കുമാർ- പൂന്തുറ.
•തിരുവനന്തപുരം സിറ്റിയിലെ ഇൻസ്പെക്ടർ എസ്എച്ച്ഒമാർ: എസ്. സതീഷ്കുമാർ- കന്‍േറാണ്‍മെന്റ്, വി.എസ്. സുധീഷ്കുമാർ- മ്യൂസിയം, ഡി. ഗിരിലാൽ- ഫോർട്ട്, വി.എസ്. വിപിൻ- തന്പാനൂർ, കെ. ഹേമന്ത്കുമാർ- വിഴിഞ്ഞം, ജി. പ്രദീപ്കുമാർ- കഴക്കൂട്ടം, ആർ.എസ്. ശ്രീകാന്ത്- മെഡിക്കൽ കോളജ്.
• തിരുവനന്തപുരം റൂറൽ ഇൻസ്പെക്ടർ എസ്എച്ച്ഒമാർ- വി.കെ ശ്രീജേഷ്- ആറ്റിങ്ങൽ, വി. സാജു- മംഗലപുരം, എം.ആർ. പ്രസാദ്- നെടുമങ്ങാട്, അമൃത് സിംഗ് നായകം- കാട്ടാക്കട, പി.വി. വിനേഷ്കുമാർജ നെയ്യാറ്റികര, ആർ. സജീവ്- പാറശാല.
• തിരുവനന്തപുരം റൂറലിലെ സർക്കിൾ ചുമതലയുള്ള ഇൻസ്പെക്ടർമാർ- കെ. കണ്ണൻ- പൂവാർ, പി. ശ്രീകുമാരൻ നായർ- വെള്ളറട, ജെ. സന്തോഷ്കുമാർ- ബാലരാമപുരം, എം. ഉമേഷ്- മലയിൻകീഴ്, വി. ഷിബു- ആര്യനാട്, ടി. മഹേഷ്- മാറനല്ലൂർ, പി. ഷാജിമോൻ- പാലോട്, സുനിൽഗോപി- പോത്തൻകോട്, എസ്. സന്തോഷ്കുമാർ- അരുവിക്കര, ജി. പ്രൈജു- കടയ്ക്കാവൂർ, ഡി. ദീപു- കല്ലന്പലം, പി. രാജേഷ്- വർക്കല, എം.ആർ. മൃദുൽകുമാർ- വെഞ്ഞാറമൂട്,
District News
തിരുവനന്തപുരം: ഭാരതത്തിന്റെ ബഹിരാകാശ പദ്ധതിയുടെ പിതാവ് ഡോ വിക്രം സാരാഭായിയെ രാജ്യം ഭാരതരത്നം നൽകി ആദരിക്കണമെന്ന് മന്ത്രി ടി. സിദ്ദിഖ്. ഡോ വിക്രം സാരാഭായിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് വിക്രം സാരാഭായി അമിറ്റി സെന്റർ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോക ബഹിരാകാശ ഭൂപടത്തിൽ ഭാരതത്തിനും തിരുവനന്തപുരത്തിനും അവിസ്മരണീയമായ ഒരു സ്ഥാനം നേടിത്തന്ന അപൂർവ വ്യക്തിത്വമാണ് ഡോ വിക്രം സാരാഭായി. പള്ളിയേയും അൾത്താരയേയും ആദ്യത്തെ ശാസ്ത്ര ലബോറട്ടറിയും റോക്കറ്റ് അസംബ്ലി വർക്ക് ഷോപ്പ് ആക്കിമാറ്റി മാനവ പുരോഗതിക്ക് വേണ്ടി ശാസ്ത്രത്തെയും വിശ്വാസത്തെയും ഒരുമിപ്പിച്ച ക്രാന്തദർശികൾ ആയിരുന്നു ഡോ.വിക്രം സാരാഭായിയും അന്നത്തെ തിരുവനന്തപുരം ബിഷപ്പ് പീറ്റർ ബർണാഡ് പെരേരയുമെന്ന് അദ്ദേഹം പറഞ്ഞു.
ഐഎസ്ആർഒയും വി എസ് എസ് സി യും ലോകത്തിന്റെ നെറുകയിൽ നിൽക്കുന്പോൾ ഇതിന് അടിത്തറ പാകിയ യുഗപുരുഷന് തിരുവനന്തപുരത്തന്റെ ഹൃദയഭാഗത്ത് ഗാംഭീര്യമുള്ള വെങ്കല പ്രതിമ സ്ഥാപിക്കണമെന്നും ഇതിനായി, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഏകോപിച്ചുള്ള പ്രവർത്തനത്തിന് താൻ മുൻകൈ എടുക്കുമെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.
അമിറ്റി സെൻറർ കോഡിനേറ്റർ ജോണ്‍ വിനേഷ്യസ് അധ്യക്ഷത വഹിച്ചു. മോണ്‍ ഇ. വിൽഫ്രഡ്, വി എസ് എസ് സി മുൻ ഡപ്യൂട്ടി ഡയറക്ടർ ഷെവലിയർ കോശി എം ജോർജ്, വി എസ് എസ് സി സെൻട്രൽ സ്കൂൾ മുൻ പ്രിൻസിപ്പൽ എച്ച് പി ശർമ, കൗണ്‍സിലർമാരായ ആർ ഹരികുമാർ, എസ്. ഷേർളി, ഡോ ഇ വത്സലകുമാർ,അമിറ്റി സെൻറർ കണ്‍വീനർ നവീൻ നീലകണ്ഠൻ, സെക്രട്ടറി ദീപക് ജോസ്, എസ്.വി.അരുണ്‍ പ്രസാദ് ,സൂരജ് കെ നായർ, മെൽവിൻ വിനോദ്, സൂരജ് കുമാർ, ഗ്രേഷ്യസ് പെരേര, ജേക്കബ് റോക്കി, ഷാഹുൽഹമീദ്,ജോർജ് കുലാസ് തുടങ്ങിയവർ പ്രസംഗിച്ചു
District News
തിരുവനന്തപുരം: ലോ കോളജുകളിലെ പരീക്ഷ മൂല്യനിർണയത്തിൽ അപാകതകളുണ്ടെന്നാരോപിച്ച് എസ്എഫ്ഐ യും എബിവിപിയും കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. രജിസ്ട്രാറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. തൊട്ടു പിന്നാലെ പോലീസ് നടപടിക്കെതിരേ എസ്എഫ്ഐ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്കു മാർച്ച് നടത്തി.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം തുടങ്ങിയത്. മൂല്യനിർണയത്തിലെ അപാകത, കേരള സർവകലാശാല ലോ കോളജുകളിലെ പുനർ മൂല്യനിർണയം വരുത്തിയ മാറ്റങ്ങൾ എന്നീ വിഷയം ഉന്നയിച്ചാണ് സർവകലാശാല രജിസ്ട്രാറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു പ്രവർത്തകർ. ഇതിനിടയിൽ പ്രവർത്തകരെ പോലീസ് ഇവിടെ നിന്നും ബലം പ്രയോഗിച്ചു നീക്കി. സമാധാനപരമായി പ്രതിഷേധിച്ച പെണ്‍കുട്ടികൾ അടക്കമുള്ള പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു നീക്കിയെന്നാരോപിച്ചു എസ്എഫ്ഐ രംഗത്തെത്തി.
പിന്നാലെ പാളയം യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ നിന്നും എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് പോലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവമുണ്ടായി. ലോ കോളജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം കാർത്തികയുടെ കാൽ പോലീസ് ചവിട്ടി ഒടിച്ചെന്നും പ്രവർത്തകരെ അക്രമിച്ചെന്നും ആരോപിച്ചാണ് എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവർ പോലീസിനു നേരെ തിരിഞ്ഞത്.
ഇതിനിടയിൽ ഒരു കൂട്ടം പ്രവർത്തകർ വഴുതക്കാടുള്ള സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കും മാർച്ച് നടത്തി. വിമൻസ് കോളജിനു മുന്നിൽ വച്ച് പോലീസ് പ്രവർത്തകരെ തടഞ്ഞു. മുൻകൂട്ടി അറിയിപ്പു കിട്ടാത്തതിനാൽ ബാരിക്കേഡുകൾ സജ്ജമാക്കാൻ കഴിയാതെ വന്നതോടെ പോലീസ് വാനുകൾ റോഡിന് കുറുകെയിട്ടും കയർ കെട്ടിയുമാണ് പോലീസ് പ്രവർത്തകരെ നേരിട്ടത്. ഇവിടെ വച്ചും പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു. വിഷയത്തിൽ എസ്എഫ്ഐ നേതാക്കൾ വിസിയുമായി ചർച്ചയ്ക്കുള്ള ശ്രമം നടത്തിയെങ്കിലും വൈസ് ചാൻസലർ സമയം അനുവദിച്ചില്ല. അതേസമയം വിഷയത്തിൽ എൽഎൽബി വിദ്യാർഥികളുടെ കൂട്ടായ്മയും സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. എബിവിപി പ്രവർത്തകർ കേരള സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലും സംഘർഷം.
പ്രകടനമായെത്തിയ എബിവിപി പ്രവർത്തകരെ പോലീസ് സർവകലാശാല ആസ്ഥാനത്തിനു മുന്നിൽ ബാരിക്കേഡ് തീർത്ത് തടഞ്ഞു. എന്നാൽ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാൻ കൂട്ടാക്കിയില്ല.
ഇതിനിടയിൽ പ്രതിഷേധവുമായി സർവകലാശാല ഓഫീസ് വളപ്പിനുള്ളിലേക്കു കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
District News
നെടുമങ്ങാട് : വഞ്ചുവം- അങ്കണവാടി റോഡ് ചെളിക്കളമായി. കുട്ടികൾ ചെളിയില്‍ തെന്നിവീണ് അപകടം സംഭവിക്കാത്ത ദിവസങ്ങളുമില്ല.
വഞ്ചുവം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് പുത്തന്‍ കരിക്കകം വഴി അങ്കണവാടിയിലെത്തുന്ന റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ ഭരണസമിതി പത്തുലക്ഷം രൂപ ചെലവിട്ട് റോഡ് നവീകരിച്ചു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിലവില്‍ റോഡ് ചെളിക്കളം തന്നെ.
പ്രതിദിനം നൂറുകണക്കിന് ആളുകളാണ് ഈ റോഡിലൂടെ യാത്രചെയ്യുന്നത്. ഇരുചക്രവാഹനത്തില്‍ വരുന്നവരുടെ കണ്ണൊന്ന് തെറ്റിയാല്‍ ചെളിക്കളത്തില്പ്പെട്ടതു തന്നെ. പഞ്ചായത്തിനുള്ളിലെങ്ങും ഇത്ര ഗതികെട്ട മറ്റൊരു റോഡില്ല.
പുതിയപദ്ധതിയില്‍ റോഡിന്റെ നവീകരണത്തിന് മൂന്നുലക്ഷം രൂപ വകയിരുത്തിയതായും എന്നാല്‍ ഇതുകൊണ്ടൊന്നും പ്രശ്നം പരിഹരിക്കാനാവില്ലെന്നും വാര്‍ഡ് അംഗം ചുള്ളിമാനൂര്‍ അക്ബര്‍ഷാ പറഞ്ഞു .
District News
കിളിമാനൂർ: മഹാദേവേശ്വരത്ത് തെരുവ് നായ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ജനങ്ങൾ ആശങ്കയിൽ. പഴയകുന്നുമ്മേൽ പഞ്ചായത്ത് പരിധിയിലെ മഹാദേവേശ്വരം ക്ഷേത്രത്തിന്റെ മുൻവശത്തുള്ള റോഡിൽ ആണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.
പഞ്ചായത്ത് ഇടപെട്ട് ചത്തുപോയ തെരുവ് നായയെ പാലോട് വെറ്ററിനറി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി റാബിസ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശവാസികൾ ആശങ്കയിലായി. തെരുവുനായയുടെ ആക്രമണത്തിനിരയായ മൂന്നുപേർക്കും ആദ്യഡോസ് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്.
ഇനി ആർക്കെങ്കിലും കടിയേറ്റിട്ടുണ്ടെങ്കിൽ അടിയന്തരമായി പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ വീടുകളിൽ വളർത്തു നായ്ക്കൾക്ക് കടിയേറ്റിട്ടുണ്ടെങ്കിൽ വിവരം പഞ്ചായത്തിനെയോ പഞ്ചായത്ത് വെറ്ററിനറി ഹോസ്പിറ്റലിലോ അടിയന്തരമായി അറിയിക്കേണ്ടതാണ്. നായ്ക്കൾക്ക് പ്രതിരോധ വാക്സിൻ നൽകണം.
റാബിസ് കൺട്രോൾ വിഭാഗത്തിന്റെയും ആർആർടി ടീമിന്റെയും സേവനം ഇക്കാര്യത്തിൽ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഗൗരവത്തോടെ കണ്ട് നടപടി സ്വീകരിച്ചു വരികയാണെന്ന് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.
District News
കാട്ടാക്കട: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത റിട്ട.ആർമി ഉദ്യോഗസ്ഥന് ഇരുപത്തി രണ്ടര വർഷത്തെ കഠിനതടവിനും 120000 രൂപ പിഴയ്ക്കും കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദ് ശിക്ഷ വിധിച്ചു.
വെള്ളനാട് വാളിയറ മഠത്ത് വീട്ടിൽ താമസിക്കുന്ന അനിൽകുമാർ (53)നെയാണ് ശിക്ഷിച്ചത്. 2025 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. അന്നത്തെ കാട്ടാക്കട ഡിവൈഎസ്പി ആയിരുന്ന എൻ ഷിബു ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
District News
കല്ലമ്പലം: ഓണാഘോഷ തർക്കം സംഘർഷമായി. നാല് പേർ റിമാൻഡിൽ. ചാവർകോട് സ്വദേശികളായ അനീഷ് എന്ന ഹരിലാൽ (34), ഉണ്ണി എന്ന സുമേഷ് (34), ബിജു (47), പൊടി എന്നറിയപ്പെടുന്ന വിനോദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കല്ലമ്പലം വെട്ടിയറ സ്വദേശിയെ ആക്രമിച്ച സംഭവത്തിൽ ആണ് അറസ്റ്റ്.
ഓണാഘോഷത്തിന്റെ ഭാഗമായി നിർമ്മിച്ച അത്തത്തിട്ട പൊളിച്ചുമാറ്റാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. 11-ന് രാത്രി ജോലി കഴിഞ്ഞ് ചാവർകോട് നിന്ന് വീട്ടിലേക്ക് നടന്നുപോകുകയായിരുന്നവെട്ടിയറ സ്വദേശിയെ പ്രതികളിൽ ഒരാൾ തടഞ്ഞുനിർത്തി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് മറ്റ് പ്രതികളും ചേർന്ന് നിലത്തിട്ട് മർദിക്കുകയും അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. കേസിൽ ഉൾപ്പെട്ട നാലും, ആറും പ്രതികളെ ഉടൻ പിടികൂടുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.
District News
നെടുമങ്ങാട് : ചാണിച്ചൽകടവ് പാലത്തിലെ അപകടാവസ്ഥയും മാലിന്യ നിക്ഷേപവും തടയാൻ ഇരുമ്പ് വല സ്ഥാപിക്കുന്നതിൽ പരസ്പരം പഴിചാരി ഇറിഗേഷൻ - മരാമത്ത് ഉദ്യോഗസ്ഥർ.നദീതീര സംരക്ഷണവുമായി ബന്ധപ്പെട്ടതിനാൽ ഇറിഗേഷൻ വകുപ്പാണ് നടപടി സ്വീകരിക്കേണ്ടതെന്നാണ് പിഡബ്ലിയുഡി (നദികളും പാലങ്ങളും) അസി.എക്സിക്യൂട്ടീവ് എൻജിനിയറുടെ വാദം.എന്നാൽ 1965-ൽ പട്ടം തണുപിള്ളയുടെ ഭരണകാലത്ത് അരുവിക്കരയിലെത്താൻ നിർമ്മിച്ച പാലമാണിതെന്നും സുരക്ഷാ നടപടി സ്വീകരിക്കേണ്ടത് പി.ഡബ്ളിയു.ഡി ആണെന്നും ഉറച്ചു നിൽക്കുകയാണ് ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനിയർ.
പാലത്തിന്റെ ഇരുവശത്തും കൈവരിയേക്കാൾ പൊക്കത്തിൽ ഇരുമ്പു വല സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച നാട്ടുകാരോടാണ് ഉദ്യോഗസ്ഥരുടെ കൈയൊഴിയൽ.തലസ്ഥാന നഗരവുമായി മലയോര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ചാണിച്ചൽകടവ് പാലം.
ആറ് പതിറ്റാണ്ടു മുമ്പ് പണിത കരിങ്കല്ല് നിർമിത പാലത്തിന്റെ തറനിരപ്പ് പലപ്പോഴായി മാറി മാറിയുള്ള സിമന്റ് കോൺക്രീറ്റിംഗിലൂടെയും ടാറിംഗിലൂടെയും കൈവരിക്കൊപ്പം ഉയർന്ന നിലയിലാണ്.ശ്രദ്ധ പിഴച്ചാൽ യാത്രക്കാർ ആറ്റിൽ പതിക്കും.ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ വീതിയുള്ള പാലത്തിൽ എതിരെ വരുന്ന വാഹനം റോഡിൽ ഒതുക്കിയിടുകയേ നിവൃത്തിയുള്ളു.പരിസരവാസികളായ അനേകമാളുകൾ കുട്ടികളെ അങ്കണവാടിയിലും എൽ.പി സ്കൂളിലും മൈലം ജി.വി.രാജ സ്കൂളിലും എത്തിക്കുന്നതും പാലത്തിലൂടെ കാൽനടയായി സഞ്ചരിച്ചാണ്.നാല് പ്രധാന പാറക്വാറികൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത്,ക്വാറി മെറ്റീരിയൽ നിറച്ച് 12 വീലുള്ള ഹെവി ലോറികളുൾപ്പടെ നൂറുകണക്കിന് വാഹനങ്ങളും ഇതിലെ കടന്നുപോകുന്നുണ്ട്. കിഴക്കേക്കോട്ട,പേരൂർക്കട,നെടുമങ്ങാട്,കാട്ടാക്കട, വെള്ളനാട് ഡിപ്പോകളിലെ ട്രാൻ.ബസുകളും യാത്രക്കാരെ കുത്തിനിറച്ച് കടന്നുപോകും.വാഹനങ്ങൾ കടത്തിവിടാൻ പാലത്തിന്റെ കൈവരി ചേർന്നു നിന്ന് ആറ്റിൽ വീഴുന്നവർ ഏറിവരികയാണ്.ആറ്റിൽ വീണു മരിച്ചവരും നിരവധിയാണ്.
നേരത്തെ, നെടുമങ്ങാട് - വെള്ളനാട് റോഡിൽ കൂവക്കുടി പാലത്തിലും സമാനമായ സ്ഥിതിവിശേഷം നിലനിന്നിരുന്നു.ഇവിടെ,തദ്ദേശ സ്ഥാപനങ്ങൾ സർക്കാർ സഹായത്തോടെ ഇരുമ്പ് സുരക്ഷാവല സ്ഥാപിച്ച മാതൃക ചാണിച്ചൽകടവ് പാലത്തിലും നടപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
District News
നെയ്യാർഡാം : വൻ പ്രഖ്യാപനങ്ങളോടെ ലക്ഷങ്ങൾ ചെലവഴിച്ച് തുടങ്ങിയ ഔഷധത്തോട്ടം പദ്ധതി ഒടുവിൽ എങ്ങുമെത്തിയില്ല. ഒടുവിൽ ഉദ്ഘാടന ശില മാത്രം ബാക്കി.
നിർദിഷ്ട അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് പദ്ധതിയുടെ ഭാഗമായാണ് നെയ്യാർവന്യജീവി സങ്കേതത്തിൽപ്പെടുന്ന കാപ്പുകാട്ടിൽ ഔഷധത്തോട്ടം പദ്ധതി തുടങ്ങിയത്. അപൂർവ്വവും വംശനാശം നേരിടുന്നതുമായ സസ്യങ്ങളെ സംരക്ഷിക്കാനും നട്ടുവളർത്താനും അത് പുറം നാട്ടിൽ വിൽക്കാനും പഠന-ഗവേഷങ്ങൾക്കുമാണ് പദ്ധതി തയ്യാറാക്കിയത്. അഗസ്ത്യമലയിലെ അപൂർവ്വസസ്യങ്ങൾ ശേഖരിക്കുകയും ആദിവാസികളായ കാണിക്കാരുടെ സഹായത്തോടെ അത് നട്ടുവളർത്താനുമായിരുന്നു പദ്ധതി. ഇത് പ്രകാരം നിരവധി സസ്യങ്ങളാണ് ഇവിടെ നട്ടത്. ഇതിനായി ഏതാണ്ട് അഞ്ച് ഹെക്ടറോളം സ്ഥലം വേർതിരിക്കുകയും അവിടെ കമ്പി വേലി കെട്ടി സുരക്ഷിതമാക്കുകയും ചെയ്തു. കാണിക്കരെ നിയോഗിച്ച് കാട്ടിൽ നിന്നും ഔഷധങ്ങളെ കണ്ടെത്തി നാട്ടുകാരെ കൂടി ഉൾപ്പെടുത്തി തോട്ടം വിപുലമാക്കുകയും ചെയ്തു.
ഇതിനായി വനം വകുപ്പിൽ ഒരു വിഭാഗം തന്നെ ഉണ്ടാക്കി പദ്ധതി വിപുലമാക്കാൻ നടപടികൾ ആരംഭിക്കുകയും ചെയ്തു. പദ്ധതിയ്ക്കായി തുടക്കത്തിൽ 25 ലക്ഷത്തോളം രൂപ ചിലവഴിക്കുകയും ചെയ്തു. നിരവധി തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത പദ്ധതി 1996 നവംബർ 21 ന് അന്നത്തെ വനം മന്ത്രി കടവൂർശിവദാസൻ ഉദ്ഘാടനം നടത്തുകയും ചെയ്തു.
വൻ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ നിരവധി പ്രഖ്യാപനങ്ങളും ഉണ്ടായി. ഇതിനിടെ ആയുർവേദ ഔഷധനിർമ്മാതക്കളെ സമീപിച്ച് ഔഷധങ്ങളുടെ കച്ചവടവും ഉറപ്പിച്ചു. പഠിക്കാനും ഗവേഷണം നടത്താനും നിരവധി പേരാണ് ഇവിടെ എത്തിയത്. ഉദ്ഘാടനത്തിനുശേഷം മൂന്ന് വർഷം കഴിഞ്ഞപ്പോൾ ഫണ്ട് അനുവദിക്കാതെയായി. സസ്യങ്ങളെ പരിപാലിക്കുന്നത് നിറുത്തി. ഔഷധഭൂമിയിൽ കാട് കയറി തുടങ്ങി. ഇവിടെ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ പിൻവലിച്ചു.പിന്നെ പരിപാലിക്കാൻ താൽക്കാലിക വനപാലകരെ നിയോഗിച്ചു. അതോടെ പദ്ധതി തകർന്നു.
ഇതിനിടെ നിരവധി തവണ പദ്ധതി പുനരജ്ജീവിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഏതാണ്ട് അരക്കോടിയലേറെ തുക വിനിയോഗിച്ച പദ്ധതിയാണ് ഇപ്പോൾ കാടുകയറി നശിക്കുന്നത്.
District News
കല്‍പ്പറ്റ: മലയാളികള്‍ക്ക് സംതൃപ്തിയോടെയും സമാധാനത്തോടെയും ഓണം ആഘോഷിക്കാന്‍ ശക്തമായ വിപണി ഇടപെടലാണ് ഇക്കുറി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്.
സപ്ലൈകോയുടെ ജില്ലാ ഓണം ഫെയര്‍ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സപ്ലൈകോ സജ്ജീകരിക്കുന്ന ഓണ വിപണികളിലൂടെ അവശ്യ സാധനങ്ങള്‍ കുറഞ്ഞവിലയില്‍ ലഭ്യമാക്കുന്നതിന് പുറമേ ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ സാധാരണക്കാരന് പ്രാപ്തമാക്കുക കൂടിയാണ്.
ഓണക്കാലത്തെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വിലക്കയറ്റവും തടയാന്‍ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തും. താങ്ങാവുന്ന വിലയില്‍ ഗുണനിലവാരമുള്ള പച്ചക്കറി ലഭ്യത ഉറപ്പാക്കാന്‍ ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവ വഴി സംസ്ഥാനത്തുടനീളം രണ്ടായിരം പച്ചക്കറി മാര്‍ക്കറ്റുകള്‍ കൃഷി വകുപ്പ് തുറക്കും. ഇതിനായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നെല്‍ കര്‍ഷകര്‍ക്ക് ജൂണ്‍ അവസാനം വരെയുള്ള കുടിശിക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ ഇതിനോടകം നടപടി സ്വീകരിച്ചു. ഇതിനായി 150 കോടി രൂപ അനുവദിക്കുകയും ഈ തുകയുടെ വിതരണം ആരംഭിക്കുകയും ചെയ്തു.
ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുകയാണെന്ന് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് അധ്യക്ഷത വഹിച്ചു.
കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ പി. വിശ്വനാഥന് ആദ്യ വില്പന നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഗിരീഷ് കല്‍പ്പറ്റ, സപ്ലൈകോ മേഖലാ മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ജില്ലാ സപ്ലൈ ഓഫീസര്‍ പി.എസ്. പ്രവീണ്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കല്‍പ്പറ്റ: അടിയന്തരാവസ്ഥക്കാലത്ത് വനം വകുപ്പ് പിടിച്ചെടുത്ത കൃഷിഭൂമി തിരിച്ചുപിടിക്കുന്നതിന് കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ വയനാട് കളക്ടറേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം പന്ത്രണ്ടാം വര്‍ഷത്തില്‍.
2015 ഓഗസ്റ്റ് 15നാണ് കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ കളക്ടറേറ്റിന്റെ പ്രധാന പ്രവേശന കവാടത്തോട് ചേര്‍ന്ന് പന്തല്‍ കെട്ടി സത്യഗ്രഹം ആരംഭിച്ചത്. സമരം 11 വര്‍ഷം പിന്നിട്ടിട്ടും കുടുംബത്തിന് നീതി ലഭിച്ചില്ല. പിടിച്ചെടുത്തത് കൃഷിഭൂമിയാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാനും കുടുംബത്തിന് മുമ്പില്‍ നീതിയിലേക്കുള്ള വാതില്‍ തുറന്നിടാനും വനം വകുപ്പ് സന്നദ്ധമാകുന്നില്ല.
കാഞ്ഞിരത്തിനാല്‍ കുടുംബം 1967ല്‍ കുട്ടനാടന്‍ കാര്‍ഡമം കമ്പനിയില്‍നിന്നു വാങ്ങിയ കൃഷിഭൂമിയാണ് 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ്(വെസ്റ്റിംഗ് ആന്‍ഡ് അസൈന്മെന്റ്)നിയമം ഉപയോഗപ്പെടുത്തി 1976ല്‍ വനം വകുപ്പ് അധീനതയിലാക്കിയത്. ഇതിനെതിരായ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ച കോഴിക്കോട് വനം ട്രൈബ്യൂണല്‍ 1978 നവംബര്‍ ആറിന് വനം വകുപ്പ് നടപടി അസാധുവാക്കിയതാണ്. എന്നാല്‍ ഇതേ ട്രൈബ്യൂണല്‍ 1985ല്‍ വിപരീത ഉത്തരവ് പുറപ്പെടുവിച്ചു. പിന്നാലെ ഭൂമിയുടെ ആധാരം സര്‍ക്കാര്‍ റദ്ദുചെയ്തു. ഇതോടെ കൊടുമുടി കയറിയതാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ കഷ്ടകാലം.
കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഭൂമി വിട്ടുകൊടുക്കാനുള്ള 2006 ഒക്ടോബര്‍ 11ലെ മന്ത്രിസഭായോഗ തീരുമാനവും തുടര്‍ നടപടികളും പാഴ്വേലയായി മാറുകയാണ് ചെയ്തത്. 1985ലെ വനം ട്രൈബ്യൂണല്‍ ഉത്തരവ് നിലനില്‍ക്കേയാണ് കുടുംബത്തില്‍നിന്നു ഭൂനികുതി സ്വീകരിക്കാന്‍ 2007 നവംബറില്‍ സര്‍ക്കാര്‍ ഉത്തരവായത്.
ലഭ്യമായ രേഖകളില്‍ വനം എന്ന് പറയുന്ന ഭൂമിക്ക് നികുതി സ്വീകരിച്ചതിനെതിരേ പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചതാണ് സര്‍ക്കാര്‍ നടപടികള്‍ക്ക് തിരിച്ചടിയായത്.
വനം വകുപ്പ് പിടിച്ചെടുത്തത് കൃഷിഭൂമിയാണെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് മുമ്പിലുണ്ട്. എങ്കിലും കുടുംബത്തിന് നീതി ലഭ്യമാക്കുന്നതില്‍ പ്രധാന തടസമായ 1985ലെ ഫോറസ്റ്റ് ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിക്കുന്നതിന് ഭരണതലത്തില്‍ ഉത്സാഹമില്ല. കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങളെ നേരില്‍ കേള്‍ക്കുകയും രേഖകള്‍ പരിശോധിക്കുകയും സ്ഥലപരിശോധന നടത്തുകയും ചെയ്ത ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ 2025മേയ് 28ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ഭൂമി വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തിന് ഉത്തരവ് ഇന്നോളം ഇറങ്ങിയില്ല. കാഞ്ഞിരത്തിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട് ഉദ്യാഗസ്ഥതലത്തില്‍ നടന്ന ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വനം ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയവ വെളിച്ചംകാണാന്‍ സഹായകമാകുന്നതാണ് ജൂഡീഷല്‍ അന്വേഷണം.
കാഞ്ഞിരത്തിനാല്‍ കുടുംബം നേരിടേണ്ടിവന്ന നീതി നിഷേധവും മനുഷ്യാവകാശ ലംഘനകളും പരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ചും വിവിധ രേഖകള്‍ ഉള്‍പ്പെടുത്തിയും വയനാട് സ്വദേശിയായ മാധ്യമപ്രവര്ത്തന് ജോസ് കുര്യന് സൂപ്രീം കോടതി ചീഫ് ജസ്റ്റീസിന് കത്ത് അയച്ചിരുന്നു. ഇതിന്റെ
അടിസ്ഥാനത്തില്‍ 2025 ജൂലൈയില്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത സൂപ്രീം കോടതി പിഐഎല്‍ സെല്‍ നിര്‍ദേശിച്ചതനുസരിച്ച് കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റി (കെല്‍സ) കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നിയമസഹായം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്. യുഡിഎഫ് സര്‍ക്കാര്‍ നൂറുദിന കര്‍മ പരിപാടികളില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂപ്രശ്നം പരിഹരികുമെന്ന് കരുതുന്നവര്‍ കുറവല്ല.
District News
പുല്‍പ്പള്ളി: ടൗണിനോട് ചേര്‍ന്ന മുണ്ടക്കാമറ്റംക്കവലയില് കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടുപന്നികള്‍ വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു.
ഇടത്തംപറമ്പില്‍ ബേബിയുടെ 25 സെന്റ് സ്ഥലത്തെ കപ്പ, ചേമ്പ്, ചേന, വാഴ, കമുക്, കാപ്പി തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. വിളവെടുപ്പിന് പാകമായ ചേനകള്‍ പൂര്‍ണമായും നശിപ്പിച്ചു. പ്രദേശത്തെ നിരവധി കര്‍ഷകരുടെ കപ്പ, വാഴ, ചേമ്പ് ഉള്‍പ്പടെയുള്ള കൃഷികളും നശിപ്പിച്ചു. ആഴ്ചകളായി കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും ഷൂട്ടര്‍മാരെ ഉപയോഗിച്ച് കാട്ടുപന്നികളെ തുരത്താന്‍ നടപടിയുണ്ടായില്ലെന്നാണ് കര്‍ഷകരുടെ പരാതി.
കൂട്ടമായെത്തുന്ന കാട്ടുപന്നികള്‍ വീടിന്റെ മുറ്റത്തു വരെയെത്തി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. കാട്ടുപന്നിക്കൂട്ടങ്ങളെ ഭയന്ന് സന്ധ്യ മയങ്ങിയാല്‍ വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. വനംവകുപ്പിന്റെ ഷൂട്ടര്‍മാരെ ഉപയോഗിച്ച് പന്നികളെ തുരത്താനാവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
District News
കടുവയെ പിടികൂടാന്‍ വ്യാപക തെരച്ചിലസുല്ത്താന് ബത്തേരി: ചീരാല്‍–നമ്പ്യാര്‍കുന്ന് മേഖലയില്‍ മാസങ്ങളായി തുടരുന്ന വന്യജീവി ഭീഷണിക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍മസമിതിയുടെ നേതൃത്വത്തില്‍ പഴൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തി.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പ്രദേശവാസികള്‍ പങ്കെടുത്തു. പഴൂര്‍ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. മാസങ്ങളായി പുലിയുടെയും കടുവയുടെയും ആക്രമണത്തില്‍ നിരവധി വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടിട്ടും വനവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം വഴിയാത്രക്കാരുടെ മുന്നിലേക്ക് കടുവ ചാടിയ സംഭവം ഉണ്ടായിട്ടും അനങ്ങാപ്പാറ സമീപനമാണ് വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെ സമരക്കാര്‍ പറഞ്ഞു. വന്യജീവികളെ കൂടുവച്ച് എത്രയും വേഗം പിടികൂടുക, വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ട ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ചീരാല്‍–നമ്പ്യാര്‍കുന്ന് മേഖല നിലവില്‍ മേപ്പാടി ഫോറസ്റ്റ് റേഞ്ചിന്റെ കീഴിലായതിനാല്‍ വന്യജീവി ഇറങ്ങിയ വിവരം അറിയിച്ചാല്‍ വനപാലകര്‍ സ്ഥലത്തെത്താന്‍ മണിക്കൂറുകള്‍ വൈകുന്നതായും നാട്ടുകാര്‍ ആരോപിച്ചു. പ്രദേശത്തെ തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചു.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന് ധര്‍ണ ഉദ്ഘാടനം ചെയ്തു. കര്‍മസമിതി ചെയര്മാന് കെ.ആര്. സാജന് അധ്യക്ഷത വഹിച്ചു. നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരന് ആത്താര്‍, ജനപ്രതിനിധികളായ അമല്‍ ജോയ്, ഷീജ സതീഷ്, വി.ടി. ബേബി, ഷീജ രാജു, എം.എസ്. ഫെബിന്, സമരസമിതി കണ്‍വീനര്‍ എം.എ. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.
കടുവയെ പിടികൂടാന്‍ വ്യാപക തെരച്ചിൽ
സുല്‍ത്താന്‍ബത്തേരി: ചീരാല്‍ പ്രദേശത്ത് വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും ദിവസങ്ങളായി ഭീതി സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കടുവയെ പിടികൂടാന്‍ വനംവകുപ്പ് തെരച്ചില്‍ ശക്തമാക്കി. വയനാട്ടിലെ വിവിധ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) സംഘങ്ങളെ ഏകോപിപ്പിച്ച് 40 അംഗങ്ങളടങ്ങുന്ന പ്രത്യേക സംഘത്തെ പ്രദേശത്ത് വിന്യസിച്ചു. കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനും സഞ്ചാരപാത നിരീക്ഷിക്കുന്നതിനുമായി പ്രദേശത്ത് വിപുലമായ കോമ്പിംഗ് പരിശോധന തുടരുകയാണ്. തെര്‍മല്‍ കാമറ സംവിധാനമുള്ള ഡ്രോണുകള്‍ ഉപയോഗിച്ച് രാത്രികാല നിരീക്ഷണവും വിവിധ മേഖലകളില്‍ ശക്തമാക്കിയിട്ടുണ്ട്. കടുവയെ സുരക്ഷിതമായി പിടികൂടുന്നതിനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ നിരന്തര നിരീക്ഷണവും തെരച്ചില്‍ പ്രവര്‍ത്തനങ്ങളും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ജനകീയ സമിതിയുടെ ആവശ്യങ്ങള്‍ക്ക്
പരിഹാരം കാണും: ഡിഎഫ്ഒ
സുല്‍ത്താന്‍ ബത്തേരി: ചീരാല്‍ പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരം കാണുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലി അറിയിച്ചു.
കഴിഞ്ഞദിവസം സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഡിഎഫ്ഒ ഉറപ്പ് നല്‍കിയത്. ചീരാല്‍ മേഖലയില്‍ ഭീതി സൃഷ്ടിക്കുന്ന കടുവയെ പിടികൂടാന്‍ തോട്ടാമൂല, മേപ്പാടി മേഖലകളിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായിചേര്ന്ന് സംയുക്തമായി നടപടികള്‍ ശക്തമാക്കും. കടുവയെ പിടികൂടുന്നതുവരെ ആര്‍ആര്‍ടി അംഗങ്ങള്‍ ചീരാലില്‍ ക്യാമ്പ് ചെയ്യും. കടുവയെ പിടികൂടുന്നതിനായി ആവശ്യമായ സ്ഥലങ്ങളില്‍ കൂടുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു.
ചീരാല്‍ വില്ലേജിനെ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വന്യജീവി ആക്രമണങ്ങളില്‍ കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ലഭിക്കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്ന സമരസമിതിയുടെ ആവശ്യവും പരിഗണിക്കാമെന്ന് ഡിഎഫ്ഒ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പഴൂര്‍ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ സമരസമിതി നടത്തിവന്ന സമരം അവസാനിപ്പിച്ചത്.
District News
സുൽത്താൻ ബത്തേരി: നഗരസഭയുടെ കൈവശമുള്ള മൂന്ന് ഏക്കർ ഭൂമിയിൽ ഡിബിഒടി വ്യവസ്ഥയിൽ ബസ് ടെർമിനൽ, ഷോപ്പിംഗ് കോംപ്ലക്സ് നിർമാണ അനുമതി നൽകാമെന്ന് പറഞ്ഞ് "ഗ്ലോബൽ വെഞ്ചർ’ എന്ന പാർട്ണർഷിപ്പ് കന്പനിയിൽ നിന്ന് കോടികൾ കൈപ്പറ്റിയതായി യുഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അഴിമതി നടത്തുന്നതിന് ദുരൂഹത സൃഷ്ടിച്ച് ടെൻഡർ നടപടിക്രമങ്ങളിൽ നിയമപരമായ കാര്യങ്ങളൊന്നും പൂർത്തീകരിച്ചിട്ടില്ലെന്നും സംഭവത്തിൽ അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് 2025 സെപ്റ്റംബർ 15 ലെ കൗണ്‍സിൽ തീരുമാനപ്രകാരം നഗരസഭ വാർഡ് 22ലെ രാജീവ് ഗാന്ധി ബൈപാസിനു സമീപം പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, വാർഡ് 24ൽ റഹീം മെമ്മോറിയൽ റോഡിന് സമീപത്തെ പഴയ മാർക്കറ്റ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ്/ലോഡ്ജ് സമുച്ചയം എന്നിവ ഡിബിഒടി വ്യവസ്ഥയിൽ നിർമിക്കുന്നതിന് താത്പര്യപത്രം ക്ഷണിക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്നതിന് സർക്കാരിലേക്ക് അയക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ഗവണ്മെന്റിലേക്ക് കത്ത് നൽകുന്നതിന് മുന്‍പ് താത്പര്യപത്രം ക്ഷണിക്കുന്നതിന് പത്രപരസ്യം നൽകുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ എസ്ബിഎം/ഡിബിഒടി/2025/1 എന്ന നന്പറിൽ സെൻട്രൽ ബസ് ടെർമിനൽ വികസിപ്പിക്കുന്നതിനും കോമേഴ്സ്യൽ കോംപ്ലക്സ് നിർമിക്കുന്നതിനും ടെൻഡർ പരസ്യം നൽകുകയും ചെയ്തു. ഇത്തരമൊരു നടപടിക്ക് അപ്പോഴത്തെ നഗരസഭ ചെയർമാനോ സെക്രട്ടറിക്ക് പോലുമോ അധികാരമില്ലായിരുന്നുവെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. പിന്നീട് ടെൻഡർ പരസ്യത്തിൽ പേരുമാറ്റി.
എന്നാൽ രണ്ടാമത്തെ പദ്ധതിക്ക് താത്പര്യ പത്രമോ ടെൻഡർ നടപടികളോ പൂർത്തീകരിച്ചിട്ടില്ല. ഡിബിഒടി എന്ന കണ്സെപ്റ്റിനോ താത്പര്യപത്രം ക്ഷണിക്കുന്നതിനോ ടെൻഡർ നടപടികൾ നടത്തുന്നതിനോ ടെക്നിക്കൽ കമ്മിറ്റിയുടെയോ ഗവണ്മെന്റിന്റെയോ അംഗീകാരം ലഭിക്കാതെ എല്ലാ കരാർ വ്യവസ്ഥകളെയും ലംഘിച്ച് നഗരസഭയുടെ മൂന്ന് ഏക്കർ ഭൂമി അന്നത്തെ നഗരസഭ ചെയർമാനും സിപിഎം പാർട്ടി നേതാവും ചില ഉദ്യോഗസ്ഥരും ചേർന്ന് സാന്പത്തിക ലാഭത്തിനുവേണ്ടി 51 വർഷത്തേക്ക് സ്വകാര്യ കന്പനിക്ക് തീറെഴുതി നൽകുന്ന നടപടിയാണ് ഉണ്ടായത്.
താത്പര്യപത്രം ക്ഷണിക്കാനുള്ള അനുമതി ഗവണ്മെന്റിൽ നിന്നും ലഭ്യമാകുന്നതിന് മുൻപ് കരാർ ഉറപ്പിച്ചു. നഗരസഭയ്ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ വരുമാനം നഷ്ടപ്പെടുത്തി ഭൂമി സ്വകാര്യ കന്പനിക്ക് തീറെഴുതിയ നടപടിയിൽ സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ബത്തേരി മുനിസിപ്പൽ യുഡിഎഫ് ചെയർമാൻ കെ.എം. ഷബീർ അഹമ്മദ്, യുഡിഎഫ് നേതാക്കളായ ഉമ്മർ കുണ്ടാട്ടിൽ, സി.കെ. ഹാരിഫ്, ബാബു പഴുപ്പത്തൂർ, റിയാസ് കൂടത്താൽ എന്നിവർ പങ്കെടുത്തു.
District News
മാനന്തവാടി: കാക്കകളെ പേടിച്ച് ഹെല്‍മറ്റും കവണയും കുടയുമായി പുറത്തിറങ്ങുന്ന നാല് പേര് കൗതുക കാഴ്ചയാണ് പയ്യമ്പള്ളിക്കാര്ക്ക്.
മനുഷ്യരെ കണ്ടാല്‍ കാക്കകള്‍ സാധാരണ ഒഴിഞ്ഞുമാറുകയാണ് പതിവ്. എന്നാല്‍ മാനന്തവാടി പയ്യമ്പള്ളിയില്‍ ബേബി, ജോര്‍ജ്, തോമസ്, ദേവസ്യ എന്നിവരെ കൊത്താന്‍ ശ്രമിച്ചും ചുറ്റും കൂടിയും കാക്കകളുടെ ശല്യം ദിവസങ്ങളായി തുടരുകയാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ആദ്യം കാക്ക അക്രമിക്കാന്‍ സമീപത്തുണ്ടോ എന്ന് നോക്കേണ്ട അവസ്ഥയിലാണിവര്‍.
ബേബിയാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. വീട്ടില്‍ നിന്നും ടൗണിലെത്തി തിരിച്ച് പോകുന്നതുവരെ കാക്ക പിന്തുടര്ന്ന് കൊത്താന്‍ ശ്രമിക്കുകയാണ്. ഒരു മാസം മുമ്പ് ഇല്ക്ട്രിക് ലൈനില്‍ നിന്ന് ഷോക്കേറ്റ കാക്കയെ രക്ഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും രണ്ടാഴ്ചയിലേറെയായി കാക്ക പിന്തുടരുകയാണെന്നും ബേബി പറഞ്ഞു. സദാസമയവും കവണ കൈയ്യില്‍ കരുതിയാണ് ബേബിയുടെ നടത്തം.
മറ്റു മൂന്ന് പേര്‍ക്കും സമാന അനുഭവങ്ങള്‍ തന്നെയാണ്. കാക്കയെ പേടിച്ച് കൃഷിയിടത്തില്‍ പോലും ഹെല്‍മറ്റ് ധരിക്കുകയും കുടചൂടി നടക്കേണ്ട ദുരവസ്ഥയാണ് ഇവര്‍ക്ക്.
District News
സുല്‍ത്താന്‍ ബത്തേരി: ഗവ. മെഡിക്കല്‍ കോളജ് മാനന്തവാടിയില്‍ നിലനിര്‍ത്തുന്നതിന് സ്ഥലം എംഎല്‍എയും മറ്റും നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരുടെ സമ്മര്‍ദമാണെന്ന് വയനാട് മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി സ്വതന്ത്രമൈതാനിയില്‍ വിളിച്ചുചേര്‍ത്ത വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം അഭിപ്രായപ്പെട്ടു.
കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്നു സൗജന്യമായി ലഭിച്ച ഭൂമിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രവൃത്തി ഉദ്ഘാടനവും പ്രാരംഭ പ്രവര്‍ത്തനങ്ങളും നടത്തിയതാണ്. എന്നാല്‍ പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഇല്ലാത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ പറഞ്ഞ് മടക്കിമലയില്‍ മെഡിക്കല്‍ കോളജിന് നിര്‍മാണം നടത്തേണ്ടെന്ന് തീരുമാനിച്ചു. മാനന്തവാടി ജില്ലാ ആശുപത്രി താത്കാലികമായി മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തി.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാനന്തവാടി പരിസരത്ത് മെഡിക്കല്‍ കോളജിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാനായില്ല. ഇതിനിടെ, യഥാര്‍ഥത്തില്‍ പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്തതും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു ആളുകള്‍ക്ക് എളുപ്പം എത്താവുന്നതുമായ മടക്കിമലയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് സ്ഥാപനം മാനന്തവാടിയില്‍ നിലനിര്‍ത്തുന്നതിന് എംഎല്‍എയുടെയും മറ്റും ശ്രമം. മടക്കിമല മെഡിക്കല്‍ കോളജ് പദ്ധതി ആസൂത്രിതമായി അട്ടിമറിക്കുകയാണുണ്ടായത്.
ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം ആക്ഷന്‍ കമ്മിറ്റി ലോകായുക്തയില്‍ ഫയല്‍ ചെയ്ത കേസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലഭ്യമായ ഭൂമിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാതെ സ്ഥലം തപ്പി നടക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി.
മെഡിക്കല്‍ കോളജ് മടക്കിമലയില്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു. ബത്തേരി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.വൈ. മത്തായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം(എസ്എച്ച്ആര്‍പിസി) ജില്ലാ പ്രസിഡന്റ് കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി അഡ്വ. വി.പി. യെല്‍ദോ മുഖ്യപ്രഭാഷണം നടത്തി.
ചെയര്മാന് ഡോ. എം. ബാലകൃഷ്ണന് തുടര്‍സമരപരിപാടികള്‍ വിശദീകരിച്ചു. കുന്നത്ത് അഷറഫ് (കോണ്‍ഗ്രസ്), വര്‍ഗീസ് വട്ടേക്കാട്ട് (പശ്ചിമഘട്ട സംരക്ഷണ സമിതി), കെ.വി. പ്രകാശ് (സിപിഐ-എംഎല് റെഡ് സ്റ്റാര്‍), കെ. രാജീവന് (എസ്യുസിഐ), സാം പി. മാത്യു(സിപിഐ-എംഎല്), എ.എം. ഉദയകുമാര്‍ (ഹിന്ദു ഐക്യവേദി), പി. വാസുദേവന്‍(സിസിഡബ്ല്യുഎസ്എ), ബാബു കടമന (ജൈന സമാജം), അഡ്വ. ജോസ് തണ്ണിക്കോട് എന്നിവര്‍ പ്രസംഗിച്ചു. എസ്എച്ച്ആര്‍പിസി ജില്ലാ സെക്രട്ടറി കെ.വി. ഗോകുല്‍ദാസ് മോഹന്‍ താളൂര്‍ എന്നിവർ സംസാരിച്ചു.
District News
കൽപ്പറ്റ: കേരളം പോലീസിനെ കൂടുതൽ ജനസൗഹൃദപരവും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച "എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതി പ്രകാരം ജില്ലയിലും സമഗ്ര മാറ്റങ്ങൾ.
പോലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ ഘടനാവ്യത്യാസം വരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്റ്റേഷനുകളിലും ചുമതല മാറ്റങ്ങളുണ്ടാകും. ഇൻസ്പെക്ടർ എസ്എച്ച്ഒമാരുടെ ചുമതലയിലുണ്ടായിരുന്ന ജില്ലയിലെ 18 പോലീസ് സ്റ്റേഷനുകളിൽ 15 എണ്ണത്തിന്റെയും ചുമതലകൾ സബ് ഇൻസ്പെക്ടർമാർക്ക് കൈമാറും. കൽപ്പറ്റ, ബത്തേരി സ്റ്റേഷനുകളിലും സൈബർ പോലീസ് സ്റ്റേഷനിലും ഇൻസ്പെക്ടർ എസ്എച്ച്ഒമാർക്ക് തന്നെയായിരിക്കും ചുമതല.
കേസുകളുടെ എണ്ണം, ലോ ആൻഡ് ഓർഡർ പ്രശ്നങ്ങൾ എന്നിവ പരിഗണിച്ച് കൽപ്പറ്റ, ബത്തേരി സ്റ്റേഷനുകളിലും ഐടി, സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നതിനാലും ബന്ധപ്പെട്ട കേസുകളുടെ അന്വേഷണച്ചുമതല ഇൻസ്പെക്ടറിനോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥർക്കായതിനാലും സൈബർ ക്രെെം പോലീസ് സ്റ്റേഷനിലും ചുമതല ഇൻസ്പെക്ടർക്ക് തന്നെയാക്കി നിലനിർത്തി.
ഘടനാവ്യത്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കിളുകൾ രൂപവത്കരിച്ചാണ് സർക്കിൾ ഇൻസ്പെക്ടർമാർക്ക് (സിഐ) ചുമതല നൽകുന്നത്. രണ്ടോ മൂന്നോ സ്റ്റേഷനുകൾ ഒരു സർക്കിളിന്റെ കീഴിൽ വരും. ഓരോ സർക്കിളിന്റെയും ചുമതല സർക്കിൾ ഇൻസ്പെക്ടർമാർക്ക് നൽകും.
സർക്കിൾ പരിധിയിൽപെട്ട സ്റ്റേഷനുകളുടെ മേൽനോട്ടവും പ്രധാന കേസുകളുടെ അന്വേഷണച്ചുമതലയും സർക്കിൾ ഇൻസ്പെക്ടറിനുണ്ടാവും.
ജില്ലയിൽ ഏഴു സർക്കിളുകളാണ് ഉണ്ടാവുക. ഇൻസ്പെക്ടർ ചുമതലവഹിക്കുന്ന കൽപ്പറ്റ, ബത്തേരി സ്റ്റേഷനുകൾ സർക്കിളിന്റെ പരിധിയിൽ വരില്ല. കൽപ്പറ്റ ട്രാഫിക് യൂണിറ്റ് കൽപ്പറ്റ സ്റ്റേഷനിലും ബത്തേരി ട്രാഫിക് യൂണിറ്റും മുത്തങ്ങ ഔട്ട് പോസ്റ്റും ബത്തേരി സ്റ്റേഷൻ പരിധിയിലുമാണ് വരുക. മീനങ്ങാടി സർക്കിളിനു കീഴിൽ മാത്രമാണ് മൂന്നു പോലീസ് സ്റ്റേഷനുകൾ വരുന്നത്.
ബാക്കി സർക്കിളുകൾക്ക് കീഴിൽ രണ്ടു പോലീസ് സ്റ്റേഷനുകൾ വീതമാണ് വരുന്നത്. കൂടാതെ കൺട്രോൾറൂമിന്റെ ചുമതല ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും.
ജിലയിലെ സര്‍ക്കിളുകളും ചാര്‍ജെടുക്കുന്ന ഉദ്യോഗസ്ഥനും പരിധിയില്‍
വരുന്ന സ്റ്റേഷനുകളും
വൈത്തിരി സര്‍ക്കിള്‍- പി.ജി. രാംജിത്ത്- വൈത്തിരി, മേപ്പാടി സ്റ്റേഷനുകള്‍
കമ്പളക്കാട് സര്‍ക്കിള്‍- എ. അനില്‍കുമാര്‍- കമ്പളക്കാട്, പടിഞ്ഞാറത്തറ
മാനന്തവാടി സര്‍ക്കിള്‍- എം.വി. ബിജു- മാനന്തവാടി, മാനന്തവാടി ട്രാഫിക് യൂണിറ്റ്, പനമരം തിരുനെല്ലി സര്‍ക്കിള്‍- ടി.എം. നിധീഷ്- തിരുനെല്ലി, തലപ്പുഴ, കാട്ടിക്കുളം എയ്ഡ് പോസ്റ്റ്
വെള്ളമുണ്ട സര്‍ക്കിള്‍- എ.കെ. സജീഷ്- വെള്ളമുണ്ട, തൊണ്ടര്‍നാട്
മീനങ്ങാടി സര്‍ക്കിള്‍- ബിജു ആന്റണി- മീനങ്ങാടി, അമ്പലവയല്‍, നൂല്‍പ്പുഴ, പാട്ടവയല്‍ ഔട്ട് പോസ്റ്റ്. പുല്‍പ്പള്ളി സര്‍ക്കിള്‍- എം.എ. സന്തോഷ്- പുല്‍പ്പള്ളി, കേണിച്ചിറ. കല്‍പ്പറ്റ സ്റ്റേഷന്- എ.യു. ജയപ്രകാശ്.ബത്തേരി സ്റ്റേഷന്- എന്‍. അജീഷ് കുമാര്‍.
District News
മൂലങ്കാവ്: കോടിക്കണക്കിന് രൂപ ചെലവഴിച്ച് ബത്തേരി അമ്മായിപ്പാലത്ത് നിര്‍മിച്ച പഴം,പച്ചക്കറി സംസ്കരണ-വിപണന യൂണിറ്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്ന് സെന്റ് ജൂഡ് പാരിഷ് ഹാളില്‍ ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന സമിതി യോഗം ആവശ്യപ്പെട്ടു.
കാര്‍ഷികോത്പന്നങ്ങള്‍ സംസ്കരിച്ച് വിപണിയിലെത്തിക്കാനുള്ള നൂതന സംവിധാനങ്ങളോടെ ആരംഭിച്ച യൂണിറ്റ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണ തോതില്‍ പ്രവര്‍ത്തനസജ്ജമാകാത്തതില്‍ യോഗം പ്രതിഷേധിച്ചു. വിളനാശവും ഉത്പന്നങ്ങളുടെ വിലയിടിവും മൂലം ജില്ലയിലെ കര്‍ഷകര്‍ കഷ്ടപ്പെടുകയാണ്. സാഹചര്യത്തില്‍ യൂണിറ്റ് കര്‍ഷകര്‍ക്ക് വേണ്ടവിധം പ്രയോജനപ്പെടുന്നതിന് കൃഷി മന്ത്രി പ്രത്യേക താത്പര്യമെടുക്കണമെന്ന് ആവശ്യപ്പെട്ടു. സെന്റ് ജൂഡ് ഇടവക വികാരി ഫാ. ജയ്സണ്‍ കുഴികണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് മേച്ചേരില്‍, ഡേവി മാങ്കുഴ, ജേക്കബ് ബത്തേരി, സാജു പുലിക്കോട്ടില്‍, ജോയ് പുളിക്കല്‍, ജോസ് ചുണ്ടാട്ട്, അജി തോമസ്, ബാബു വാകേരി, ജോഷി കാരക്കുന്നേല്‍, ബിജു, ചാള്‍സ് വടാശേരി എന്നിവര്‍ പ്രസംഗിച്ചു.
District News
മാനന്തവാടി: എട്ട് ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷിക്കായി ഒരുക്കിയ ഞാറ്റടി കാട്ടാന നശിപ്പിച്ചു. തിരുനെല്ലിയിലെ പോത്തുമൂല പെടലാടിയില് കെ.ടി. രാധാകൃഷ്ണന്റെ പറിച്ചു നടാന്‍ പാകമായ ഞാറ്റടിയാണ് ചവിട്ടിയും തിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ആന നശിപ്പിച്ചത്.
15 ഏക്കറോളം വയല്‍ ഉള്‍പ്പെടുന്നതാണ് പോത്തുമൂല പെടലാടി പാടശേഖരം. മഴ കിട്ടാന്‍ വൈകിയതിനാല്‍ ഇത്തവണ വൈകിയാണ് നെല്ക്കൃഷിക്കുള്ളം ഒരുക്കം തുടങ്ങിയത്. സാധാരണ ജൂലൈ 15 ഓടെ നാട്ടിപ്പണികള് പൂര്ത്തിയാകാറുള്ളതാണ്. ഒരു മാസം വൈകിയാണ് തിരുനെല്ലിയില്‍ നാട്ടിപ്പണി നടക്കുന്നത്. വരും ദിവസങ്ങളില്‍ തങ്ങളുടെ കൃഷിയിടത്തിലും ആനയെത്തുമോ എന്ന് പേടിച്ചു ഉറക്കമില്ലാതെ കാവല്ഒരുക്കി കഴിയുകയാണ് ഇവിടുത്തെ കര്‍ഷകര്‍.
ആന ഞാറ്റടി നശിപ്പിച്ചതിനാല്‍ ഒരുക്കിയമുഴുവന് വയലുകളിലും നടാന്‍ ഞാറ് തികയില്ല. അടുത്ത പാടശേഖരങ്ങളില്‍ ബാക്കി വരുന്ന ഞാറ് കിട്ടിയാല്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രാധാകൃഷ്ണന്.
District News
മേപ്പാടി: പ്രധാനമന്ത്രി ആവാസ് യോജനയില്‍ അവസാന രണ്ട് ഗഡു കിട്ടാത്തതിനാല്‍ വീടുപണിക്കുള്ള പണം കൊടുക്കാന്‍ കഴിയാതെ മുകില്പ്പീടിക രംഗസ്വാമിയും കുടുംബവും ഉഴലുന്നു.
പ്രവൃത്തി നടത്തുന്ന കരാറുകാരന് പണം ലഭിക്കാത്തതിനാല്‍ അലോസരം സൃഷ്ടിക്കുകയാണ്. ഗഡുക്കള്‍ ലഭിക്കാത്തതിനെക്കുറിച്ച് അധികൃതരോട് ആരാഞ്ഞപ്പോള്‍ തുക കിട്ടുന്നില്ലെന്നാ യിരുന്നു പ്രതികരണമെന്ന് രംഗസ്വാമി പറയുന്നു.
പക്ഷാഘാതം ബാധിച്ച രംഗസ്വമിക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. വീടുപണി തുടങ്ങിയപ്പോള്‍ മുതല്‍ ഷെഡിലായിരുന്നു താമസം. മഴവെള്ളം ഒഴുകിയെത്തുന്നതുമൂലം ഷെഡില്‍ കിടന്നുറങ്ങാന്‍ കഴിയാതായി. ഇതോടെ പണിതീരാത്ത വീട്ടിലേക്ക് മാറിയിരിക്കയാണ് കുടുംബം.
District News
മാനന്തവാടി: ആരി എംബ്രോയ്ഡറിയിലൂടെ റിക്കാർഡുകൾ സ്വന്തമാക്കി മാനന്തവാടി സ്വദേശിനി. കമ്മന "ശ്രീനയനം’ വീട്ടിൽ നയന രാജാണ് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ഛായാചിത്രം ആരി എംബ്രോയ്ഡറിയിലൂടെ തയാറാക്കി ഈ അപൂർവ നേട്ടം കൈവരിച്ചത്.
ഒരൊറ്റ ചിത്രത്തിലൂടെ "ഇന്റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡ്സ്’ "ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ്’ എന്നീ നേട്ടങ്ങളാണ് നയന സ്വന്തമാക്കിയത്. മാനന്തവാടി ബിആർസിയിലെ സ്പെഷൽ എഡ്യൂക്കേറ്ററായി സേവനമനുഷ്ഠിക്കുന്ന നയന ഏതാനും മാസങ്ങൾക്ക് മുന്‍പാണ് ഇത്തരമൊരു സംരംഭത്തിലേക്ക് തിരിഞ്ഞത്. അതീവ ശ്രദ്ധയും ക്ഷമയും ആവശ്യമായ സംരംഭം വിജയത്തിലെത്തിച്ചതിന്റെ സന്തോഷത്തിലാണിവർ.
ഡോ. അബ്ദുൾ കലാമിന്റെ ഛായ ചിത്രമാണ് ആരി എംബ്രോയ്ഡറിയിൽ ജീവൻ തുടിക്കുന്ന രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചത്. കലാമിന്റെ സ്റ്റെൻസിൽ രീതിയിലുള്ള ചായാ ചിത്രത്തിൽ ഒന്‍പത് മണിക്കൂറിനുള്ളിലാണ് എംബ്രോയ്ഡറി പൂർത്തിയാക്കിയത്. ഇന്ത്യയിൽ സോളോ ആയി ഇത്രയും വലിയൊരു എംബ്രോയ്ഡറി പൂർത്തിയാക്കുന്ന ആദ്യ വ്യക്തികൂടിയാണ് നയന. റിക്കാർഡിൽ ഇടം പിടിച്ചതിന്റെ സ്ഥികരണ ഇ മെയിൽ ലഭിച്ചതായി ഇവർ പറഞ്ഞു. കുടുംബാംഗങ്ങളിൽ നിന്ന് ലഭിച്ച പൂർണ പിന്തുണയും പ്രോത്സാഹനവുമാണ് നേട്ടത്തിന് പിന്നിലെന്നും നയന കൂട്ടിച്ചേർത്തു.
District News
മലപ്പുറം: പെരിന്തൽമണ്ണ -കോട്ടക്കൽ റോഡിലെ പുത്തൂർ ഇറക്കത്തിൽ തിരുച്ചിറപ്പള്ളിയിൽനിന്ന് കോട്ടക്കലിലേക്ക് തണ്ണിമത്തൻ ലോഡുമായി വന്ന ഐഷർ ലോറി നിയന്ത്രണംവിട്ട് സമീപത്തെ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ മലപ്പുറം അഗ്നിരക്ഷാ സേന, ലോറിയുടെ കാബിനിൽ കുടുങ്ങി സാരമായ പരിക്കേറ്റ ഡ്രൈവർ നിഷാന്തിനെ (23) ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാബിൻ പൊളിച്ചു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ക്ലീനർ മുരുകേശനെ (49) നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടത്തെ തുടർന്ന് ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
മലപ്പുറം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ മുഹമ്മദ് ഹബീബു റഹ്മാൻ, മറ്റു സേന അംഗങ്ങളായ പി. മുഹമ്മദ് ഷിബിൻ, കെ.പി. അരുണ്‍ലാൽ, കെ.സി. മുഹമ്മദ് ഫാരിസ്, പി. അഭിനന്ദ്, പി.പി. വിജി, വി.പി. നിഷാദ്, എ. രാകേഷ്, സച്ചിൻ, ഹോം ഗാർഡ് വി. ബൈജു, തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
District News
നിലന്പൂർ: ഓണത്തെ വരവേൽക്കാൻ നിലന്പൂരിലെ പൂപ്പാടം ഒരുങ്ങി. നിലന്പൂർ താമരക്കുളത്തെ സ്വകാര്യവ്യക്തിയുടെ ഒരേക്കറോളം സ്ഥലത്താണ് നിലന്പൂർ നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെണ്ടുമല്ലി പൂന്തോട്ടം ഒരുക്കിയത്. ഓണാവേശത്തിൽ നടന്ന പൂക്കൃഷിയുടെ വിളവെടുപ്പ് നഗരസഭാ ചെയർപേഴ്സണ്‍ പദ്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അഗതിമന്ദിരത്തിലേക്ക് പൂക്കൾ നൽകിയായിരുന്നു ഉദ്ഘാടനം.
നിലന്പൂർ നഗരസഭയിലെ ജനങ്ങൾക്ക് ഇത്തവണ ഓണപ്പൂക്കളം ഒരുക്കാൻ നിലന്പൂരിന്റെ മണ്ണിൽ നൂറുമേനിയോടെ വിളവെടുപ്പിന് ഒരുങ്ങി നിൽക്കുകയാണ് താമരക്കുളത്തെ ചെണ്ടുമല്ലികൾ. തരിശ് രഹിത നിലന്പൂരിന്റെ ഭാഗമായാണ് പൂക്കൃഷി ചെയ്തതെന്നും സൂര്യകാന്തി ഉൾപ്പെടെ തുടർന്ന് കൃഷി ചെയ്യാൻ താത്പര്യമുണ്ടെന്നും നഗരസഭയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗം കൂടിയാണ് പൂക്കൃഷിയെന്നും ചെയർപേഴ്സണ്‍ പറഞ്ഞു. അയ്യങ്കാളി പദ്ധതിയിലൂടെ പച്ചക്കറി കൃഷി നടത്തുമെന്നും അവർ പറഞ്ഞു. കുടുംബശ്രീയുടെ മേൽനോട്ടത്തിലാണ് പൂകൃഷി നടത്തുന്നത്.
ഉൗട്ടിയിൽ നിറഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലി തോട്ടങ്ങൾക്ക് കിടപിടിക്കുന്ന ചെണ്ടുമല്ലി പാടമാണ് നിലന്പൂരിലുമുള്ളത്. നിലന്പൂർ മഹാറാണി ഗോൾഡ് പാർക്ക് ഉടമ ഷൈജു കെ. ഡേവിഡ് ആണ് തന്റെ സ്ഥലം പൂക്കൃഷിക്കായി നൽകിയത്.
ചടങ്ങിൽ നഗരസഭ കൗണ്‍സിലർ ഫ്രാൻസിസ് അന്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കുമഞ്ചേരി ഷൗക്കത്തലി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുസ്തഫ കളത്തുംപടിക്കൽ, മുംതാസ് ബാബു, സ്മിത മോൾ, മേരീസ് ഷിബു, സുരേഷ് പാത്തിപ്പാറ, കൗണ്‍സിലർമാരായ ഷഫീക്ക് മണലോടി, റസിയ അള്ളംന്പാടം, ഇസഹാഖ് അടുക്കത്ത്, സിഡിഎസ് പ്രസിഡന്റ് സാലി ബിജു, നിഷ, നിഷിദ, കൃഷി ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.