ചവര്‍ണ ലക്ഷംവീട് കോളനി അധികൃതര്‍ സന്ദര്‍ശിക്കുന്നു.
തൊടുപുഴ: മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആലക്കോട് പഞ്ചായത്തിലെ ചവര്‍ണ ലക്ഷംവീട് കോളനി ഭാഗത്തെ ഇരുപത്തഞ്ചോളം കുടുംബങ്ങളുടെ പുനരധിവാസം അനിശ്ചിതത്വത്തില്‍. ജിയോളജി വകുപ്പിന്റെ പരിശോധനയില്‍ ഇവിടം വാസയോഗ്യമല്ലെന്നു കണ്ടെത്തിയതോടെയാണ് ഇവരുടെ തുടര്‍ന്നുള്ള ജീവിതം പ്രതിസന്ധിയിലായത്. ഈ കുടുംബങ്ങള്‍ നിലവില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലുമാണ് കഴിയുന്നത്. 34 പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.
കഴിഞ്ഞ മാസം 31ന് അതിതീവ്ര മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് ഇവിടെ വ്യാപക നാശമുണ്ടായത്. മണ്ണിടിച്ചിലില്‍ രണ്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. വീടുകളിലുണ്ടായിരുന്ന രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പതിനെട്ട് വീടുകള്‍ നിലനില്‍ക്കുന്ന പ്രദേശം പൂര്‍ണമായി താമസയോഗ്യമല്ലെന്നാണ് ജിയോളജി, റവന്യു വകുപ്പുകളുടെ പരിശോധനയില്‍ കണ്ടെത്തിയത്.
ഒരു മണിക്കൂര്‍ മഴ തുടര്‍ച്ചയായി പെയ്താല്‍ ഏഴു വീടുകളും അപകടനിലയിലാകും. അതിനാല്‍ ഇത്രയും കുടുംബങ്ങളെ പൂര്‍ണമായും ഇവിടെനിന്ന് ഒഴിപ്പിക്കേണ്ട അവസ്ഥയാണ്. ഇന്നലെ തൊടുപുഴ ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ പി.എസ്. സുലൈഖ, സ്പെഷന്‍ വില്ലേജ് ഓഫീസര്‍ ടി.കെ. സജിമോന്‍, പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, സെക്രട്ടറി അനന്തു എം. നായര്‍, ബ്ലോക്ക് പഞ്ചായത്ത് എഎക്സ്ഇ, പഞ്ചായത്തംഗം സിജി ബാബു എന്നിവരാണ് ഇന്നലെ സ്ഥലം സന്ദര്‍ശിച്ചത്.
പ്രദേശത്തുനിന്നു മാറ്റിത്താമസിപ്പിക്കേണ്ടവരുടെ പട്ടിക ഇന്നലെ റവന്യു അധികൃതര്‍ ജില്ലാ കളക്ടര്‍ക്കു കൈമാറിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ടും കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. കളക്ടറേറ്റില്‍നിന്നുള്ള ഹസാര്‍ഡ് ടീം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുണ്ടായാല്‍ മാത്രമേ ഇവരെ പുനരധിവസിപ്പിക്കാന്‍ കഴിയൂ. ഇതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി ആവശ്യപ്പെട്ടു.
Tags : Nattuvisesham DistrictNews DeepikaNews