പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: വില്പനയ്ക്കായി സൂക്ഷിച്ച 180 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി സ്ത്രീ നെടുങ്കണ്ടം പോലീസിന്റെ പിടിയില്‍. നെടുങ്കണ്ടം പടിഞ്ഞാറെ കവലയില്‍ പച്ചക്കറിക്കട നടത്തുന്ന കല (68) യ്ക്കെതിരേ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി നെടുങ്കണ്ടം എസ്ഐ ലിജോ പി. മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ടൗണില്‍ നടത്തിയ പട്രോളിംഗിനിടെയാണ് പടിഞ്ഞാറെക്കവല പരിവര്‍ത്തനമേട് റോഡിലെ പച്ചക്കറിക്കടയ്ക്കു സമീപം ബിഗ്ഷോപ്പറുമായി നില്‍ക്കുകയായിരുന്ന സ്ത്രീ ശ്രദ്ധയില്‍പ്പെട്ടത്.
പോലീസിനെ കണ്ടതും ഇവര്‍ പരുങ്ങുന്നതായി കണ്ടു. ഇതോടെ സംശയം തോന്നിയ പോലീസ് കലയുടെ കൈവശമിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്പന്നം കണ്ടെത്തിയത്. 12 പ്ലാസ്റ്റിക് കവറുകളിലായി 15 പാക്കറ്റ് വീതം 180 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടികുടിയത്. അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്നതാണെന്നാണ് പോലീസ് പറഞ്ഞത്. ഇവര്‍ക്കെതിരേ മുമ്പും സമാനമായ കുറ്റകൃത്യത്തിന് കേസെടുത്തിട്ടുണ്ട്.
Tags : Nattuvisesham DistrictNews DeepikaNews