ലോറി നിയന്ത്രണംവിട്ട് കെട്ടിടത്തിൽ ഇടിച്ചുണ്ടായ അപകടം.
മലപ്പുറം: പെരിന്തൽമണ്ണ -കോട്ടക്കൽ റോഡിലെ പുത്തൂർ ഇറക്കത്തിൽ തിരുച്ചിറപ്പള്ളിയിൽനിന്ന് കോട്ടക്കലിലേക്ക് തണ്ണിമത്തൻ ലോഡുമായി വന്ന ഐഷർ ലോറി നിയന്ത്രണംവിട്ട് സമീപത്തെ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ മലപ്പുറം അഗ്നിരക്ഷാ സേന, ലോറിയുടെ കാബിനിൽ കുടുങ്ങി സാരമായ പരിക്കേറ്റ ഡ്രൈവർ നിഷാന്തിനെ (23) ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാബിൻ പൊളിച്ചു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ക്ലീനർ മുരുകേശനെ (49) നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടത്തെ തുടർന്ന് ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
മലപ്പുറം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ മുഹമ്മദ് ഹബീബു റഹ്മാൻ, മറ്റു സേന അംഗങ്ങളായ പി. മുഹമ്മദ് ഷിബിൻ, കെ.പി. അരുണ്‍ലാൽ, കെ.സി. മുഹമ്മദ് ഫാരിസ്, പി. അഭിനന്ദ്, പി.പി. വിജി, വി.പി. നിഷാദ്, എ. രാകേഷ്, സച്ചിൻ, ഹോം ഗാർഡ് വി. ബൈജു, തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Tags : Nattuvisesham DistrictNews DeepikaNews