ചങ്ങനാശേരി മാര്‍ക്കറ്റ് റോഡില്‍ അസീസി റോഡ് ജംഗ്ഷനിലെ തിരക്ക്.
ചങ്ങനാശേരി: ഓണക്കാലത്ത് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ കൂട്ടായ ആലോചനകളും കര്‍ശന നടപടികളും വേണമെന്ന ആവശ്യം ശക്തമാകുന്നു. അനധികൃത പാര്‍ക്കിംഗും അനധികൃത വഴിവാണിഭങ്ങളും കര്‍ശനമായി നിരോധിക്കാന്‍ നടപടി ഉണ്ടാകണം. കാവാലം ബസാര്‍ റോഡ് ഉള്‍പ്പെടെ റോഡുകളിലേക്ക് സാധനസാമഗ്രികള്‍ ഇറക്കി വച്ച് വില്പന നടത്തുന്നത് കര്‍ശനമായി തടയണം.
നഗരത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തണം. പച്ചക്കറികിറ്റുകളും തുണിത്തരങ്ങളും ഫുട്പാത്തുകളിലേക്ക് ഇറക്കി വച്ച് വില്പന നടത്തുന്നതിനും നിയന്ത്രണം ഉണ്ടാകണം. വാഹനങ്ങളുടെ തോന്നിയപടിയിലുള്ള പാര്‍ക്കിംഗും അനുവദിച്ചിരിക്കുന്ന സമയത്തിനുമുമ്പ് തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതും നിയന്ത്രിക്കാന്‍ നടപടിവേണം.
അസീസി റോഡ് ജംഗ്ഷനിലെ
കുരുക്കിനു പരിഹാരം കാണണം
മാര്‍ക്കറ്റ് റോഡിനെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന അസീസി റോഡിന്റെ വികസനം വഴിമുട്ടിയതും ഈ റോഡ് വണ്വേയാക്കാനുള്ള നടപടികളും വൈകുന്നതും മാര്‍ക്കറ്റ് റോഡില്‍ കുരുക്ക് സൃഷ്ടിക്കുകയാണ്. അസീസി റോഡില്‍നിന്നും മാര്‍ക്കറ്റ് റോഡിലേക്കും തിരികെയും വാഹനങ്ങള്‍ നിര്‍ബാധം ഓടുന്നതാണ് മാര്‍ക്കറ്റ് റോഡിനെ അനുദിനം കുരുക്കിലാക്കുന്നത്.
ചങ്ങനാശേരിയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കുളള ബസുകളും മാര്‍ക്കറ്റിലേക്കുള്ള ചരക്കു വാഹനങ്ങളും കൂടിയാകുമ്പോള്‍ അസീസി റോഡ് ജംഗ്ഷന് അക്ഷരാര്‍ഥത്തില്‍ കുരുങ്ങുകയാണ് പതിവ്. രണ്ട് വര്‍ഷംമുമ്പ് ഈ റോഡിന്റെ വികസനത്തിന് പദ്ധതിയിട്ടെങ്കിലും പാളിപ്പോയിരുന്നു.
മെത്രാപ്പോലീത്തന്‍ പള്ളി, പോലീസ് സ്റ്റേഷൻ, സ്കൂളുകള്‍, ബാങ്കുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാവാലം ബസാര്‍, അസംപ്ഷന്‍ കോളജിലേക്കുള്ള പി.പി. ജോസ് റോഡുകളിലെ പാര്‍ക്കിംഗും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
Tags : Nattuvisesham DistrictNews DeepikaNews