പരിക്കേറ്റ രാജൻ
മറയൂർ: മറയൂർ പഞ്ചായത്തിൽ ചിന്നവരയിലെ കൃഷിയിടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ഗോത്രവാസിയെ കണ്ടെത്തി. വട്ടവട കൂടല്ലാർകുടി ഊർ സ്വദേശി രാജനെ (50) യാണ് കാലിൽ പരിക്കേറ്റ നിലയിൽ വെള്ളിയാഴ്ച പുലർച്ചെ കണ്ടെത്തിയത്.
നാട്ടുകാർ പരിക്കേറ്റ രാജനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. പരിക്ക് ഗുരുതരമായതിനാൽ കാന്തല്ലൂർ റെയ്ഞ്ച് ഓഫീസർ ഷിനു എസ്. മുഹമ്മദിന്റെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാലിന്റെ മുട്ടിനു താഴെ പൂർണമായും പരിക്കേറ്റിട്ടുണ്ട്. കാട്ടുപോത്ത് ഓടിച്ചപ്പോൾ വീണതാണെന്നാണ് പറയുന്നത്. ചുറ്റുമുള്ള കൃഷിയിടങ്ങളിൽ സംരക്ഷണ വേലിയുള്ളതിനാൽ കാട്ടുപോത്തിന്റെ സാന്നിധ്യത്തിന് സാഹചര്യമില്ലായെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
കാന്തല്ലൂർ റേഞ്ചിലെ ഉദ്യോഗസ്ഥരും മറയൂർ ചന്ദന ഡിവിഷൻ റാപ്പിഡ് റെസ്പോൺസ് ടീമംഗങ്ങളും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് കഴിഞ്ഞില്ലയെന്ന് റെയ്ഞ്ച് ഓഫീസർ ഷിനു എസ്. മുഹമ്മദ് പറഞ്ഞു. കൂടുതൽ വിശദമായ അന്വേഷണം നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു.
രാജൻ ആനക്കാൽപ്പെട്ടിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച ജോലി നിർത്തി പോവുകയാണെന്ന് സ്ഥല ഉടമയോടു രാജൻ പറഞ്ഞിരുന്നു. സാധനങ്ങളുമായി പോകുകയും ചെയ്തു. രാത്രി കൃഷിയിടത്തിൽ എത്തി. രാത്രി പത്തോടെയാണ് അപകടം ഉണ്ടായത് എന്ന് രാജൻ പറഞ്ഞു.
ബോധരഹിതനായി കിടന്ന രാജനെ പുലർച്ചെയാണ് നാട്ടുകാർ കണ്ടത്. രാജന് പരിക്കേറ്റതിനെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മറയൂർ പോലീസിലും വിവരം അറിയിച്ചിട്ടുള്ളതായും റെയ്ഞ്ച് ഓഫിസർ ഷിനു എസ്. മുഹമ്മദ് പറഞ്ഞു.
Tags : Nattuvisesham DistrictNews DeepikaNews