നവീകരണത്തിന്റെ പേരിൽ അടച്ചിട്ടിരിക്കുന്ന അടൂർ ഗാന്ധിസ്മൃതി മൈതാനം.
അടൂർ: സ്വാതന്ത്ര്യദിനാഘോഷം ഉൾപ്പെടെ ദേശീയ പ്രാധാന്യമുള്ള പൊതുപരിപാടികൾക്കു വർഷങ്ങളായി വേദിയായിരുന്ന ഗാന്ധിസ്മൃതി മൈതാനം ഇത്തവണയും സജ്ജമല്ല. നവീകരണത്തിന്റെ പേരിൽ പൊളിച്ചിട്ടിരിക്കുന്ന ഗാന്ധിസ്മൃതി മൈതാനത്ത് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും നടത്താനാകില്ല.
60 ലക്ഷം രൂപ ചെലവിൽ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ച മട്ടാണ്. നഗരത്തിന്റെ സാംസ്കാരിക കേന്ദ്രമായ മൈതാനം ഇപ്പോൾ നിർമാണാവശിഷ്ടങ്ങളും വലിയ കുഴികളും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയാണ്. മൈതാനത്ത് ടൈലുകൾ പാകുന്നതിനായി വലിയ കുഴികൾ എടുത്തെങ്കിലും തുടർപ്രവർത്തനങ്ങൾ നടന്നില്ല. പഴയ ഓപ്പൺ സ്റ്റേജ് മാറ്റി ആധുനിക രീതിയിലുള്ള ഇൻഡോർ സ്റ്റേജ് നിർമിക്കുന്നതിനുള്ള ജോലികളും അനിശ്ചിതത്വത്തിലാണ്.
പൊതുജനങ്ങൾക്കായി നിർമിക്കാനിരുന്ന ടോയ്ലറ്റ് നിർമാണവും പാതിവഴിയിൽ നിലച്ചു. നേരത്തേയുണ്ടായിരുന്ന റേഡിയോ കിയോസ്ക് തകർന്നതിനെത്തുടർന്ന് പുതിയത് സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിനും നടപടിയായിട്ടില്ല.
നവീകരണ പ്രവർത്തനങ്ങൾ നിലച്ചതോടെ മൈതാനത്തിന്റെ ശുചീകരണവും കൃത്യമായി നടക്കുന്നില്ലെന്ന പരാതിയുണ്ട്. മൈതാനത്തിനുള്ളിൽ ഭംഗിക്കായി വെള്ളം കെട്ടിനിർത്തുന്ന രണ്ട് സംവിധാനങ്ങളിൽ അഴുക്കുവെള്ളം കെട്ടിക്കിടക്കുകയാണ്. ഇതോടെ കൊതുകുകളും ഈച്ചകളും മറ്റ് പ്രാണികളും പെരുകിയിട്ടുണ്ട്. സമീപത്തെ ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാരും വ്യാപാരികളും കൊതുകുശല്യം മൂലം ഏറെ ബുദ്ധിമുട്ടുകയാണ്.
അടൂരിലെ സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം, സംയുക്ത ക്രിസ്മസ് ആഘോഷം തുടങ്ങി നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന പ്രധാന പരിപാടികൾക്കെല്ലാം വർഷങ്ങളായി വേദിയായിരുന്നത് ഗാന്ധിസ്മൃതി മൈതാനമായിരുന്നു. നഗരത്തിലെ സമ്മേളനങ്ങളുടെയും സാംസ്കാരിക പരിപാടികളുടെയും സിരാകേന്ദ്രമായിരുന്നു മൈതാനം.
സ്വാതന്ത്ര്യദിനാഘോഷം ഉൾപ്പെടെയുള്ള പ്രധാന പരിപാടികൾ നടക്കേണ്ട സമയത്തും മൈതാനം തുറന്നുകൊടുക്കാൻ കഴിയാത്തതിൽ നഗരവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.
Tags : Nattuvisesham DistrictNews DeepikaNews