പ്രതീകാത്മക ചിത്രം
കോട്ടയം: 2008 മുതൽ 2025 വരെയുള്ള 18 വർഷത്തിനിടെ സംസ്ഥാനത്ത് കാട്ടാനകളുടെ ആക്രമണത്തിൽ 581 പേർ കൊല്ലപ്പെടുകയും 1200 പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോജക്ട് എലിഫന്റ് ഡിവിഷനും വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി തയാറാക്കിയതാണ് പഠന റിപ്പോർട്ട്.
സംസ്ഥാനത്തെ 36 ഫോറസ്റ്റ് ഡിവിഷനുകളിൽനിന്നായി 214 ഗ്രാമങ്ങൾ കടുത്ത കാട്ടാന ആക്രമണ ഭീഷണി നേരിടുന്നതായി റിപ്പോർട്ട് പറയുന്നു. കണ്ണൻ ദേവൻ ഹിൽസ്, കുട്ടമ്പുഴ, ചിറ്റാർ, മാങ്കുളം, പടവയൽ, പീച്ചി തുടങ്ങിയ ഗ്രാമങ്ങൾ അതീവ ജാഗ്രതാ മേഖലകളാണ്. കൂടുതൽ പേർ കൊല്ലപ്പെട്ടത് നിലമ്പൂർ സൗത്ത് ഡിവിഷനിലാണ്-78. മണ്ണാർക്കാട്-64, പാലക്കാട്-57, മാങ്കുളം-57, മൂന്നാർ-50, പെരിയാർ ഈസ്റ്റ്-42 എന്നിങ്ങനെയാണ് മരണം സംഭവിച്ചത്.
കാടുകളിൽ സ്വാഭാവിക തീറ്റപ്പുല്ലുകൾ കുറയുകയും മഞ്ഞക്കൊന്ന, കൊങ്ങിണിപ്പൂവ്, യൂപറ്റോറിയം തുടങ്ങിയ അധിനിവേശ സസ്യങ്ങൾ വ്യാപകമാകുകയും ചെയ്തത് ആനകളെ തീറ്റതേടി നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുന്നുവെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം വനാതിർത്തികളിൽ വ്യാപകമായി കൃഷി ചെയ്യുന്ന വാഴ, തെങ്ങ്, കമുക്, കൈതച്ചക്ക, ചക്ക തുടങ്ങിയ പോഷകസമൃദ്ധമായ വിളകൾ കാട്ടാനകളെ ആകർഷിക്കുന്നു.
മഴക്കുറവും വേനൽക്കാലത്ത് കാടുകളിലെ ജലസ്രോതസുകൾ വറ്റുന്നതും ആനക്കൂട്ടങ്ങളെ കാടിറങ്ങാൻ നിർബന്ധിതരാക്കുന്നു. 2025ലെ കണക്കെടുപ്പു പ്രകാരം 2785 കാട്ടാനകളാണു കേരളത്തിലുള്ളത്. മനുഷ്യ-വന്യജീവി സംഘർഷത്തെ ‘സംസ്ഥാന ദുരന്ത’മായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ മാതൃകയിൽ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് ദക്ഷിണേന്ത്യൻ മേഖലയ്ക്കായി 999.87 കോടി രൂപയുടെ സമഗ്ര റീജണൽ ആക്ഷൻ പ്ലാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിഭാവനം ചെയ്തിട്ടുണ്ട്.
ഇതിൽ 50 ശതമാനം കേന്ദ്ര സഹായത്തോടെ നടപ്പാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആനകൾ കാടിറങ്ങുന്നതു തടയാൻ വിവിധ പദ്ധതികളും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. 2008 മുതൽ 2025 വരെ വിവിധ കാരണങ്ങളാൽ 695 കാട്ടാനകൾ ചരിഞ്ഞതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൽ 469 എണ്ണം സ്വാഭാവിക കാരണങ്ങളാലാണ്.
226 എണ്ണം മനുഷ്യ ഇടപെടലുകൾ മൂലമാണ്. മനുഷ്യ ഇടപെടൽ മൂലമുള്ള മരണങ്ങളിൽ 154 എണ്ണം അനധികൃത വൈദ്യുത വേലികളിൽനിന്നും താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനുകളിൽനിന്നുമുള്ള ഷോക്കേറ്റാണ്. ട്രെയിൻ തട്ടി 17 ആനകളും വാഹനാപകടങ്ങളിൽ 16 ആനകളും ചരിഞ്ഞു.
Tags : HumanWildlifeConflict ElephantAttacks Kerala ForestDepartment