പ്രതീകാത്മക ചിത്രം
കൊച്ചി: ബാറുകള്‍ക്കു പുലര്‍ച്ചെ മൂന്നു വരെ പ്രവര്‍ത്താനാനുമതി നല്‍കിയെന്നതിന്റെ മറവില്‍ രാത്രി വൈകിയുള്ള ഡിജെ പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നയപരിപാടിയുടെ ഭാഗമായി പുലര്‍ച്ചെ വരെ ബാറുകള്‍ക്ക് അനുമതി നല്കിയ നടപടി പിന്‍വലിക്കുന്ന കാര്യം പരിഗണനയിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അഞ്ചു ലക്ഷം രൂപ അധിക ലൈസന്‍സ് ഫീ അടയ്ക്കുന്ന പഞ്ചനക്ഷത്ര ബാറുകള്‍ക്കു പുലര്‍ച്ചെ മൂന്നുവരെ പ്രവര്‍ത്തനാനുമതി നല്കുന്നതില് മാറ്റം ഉണ്ടായാല്‍ത്തന്നെ പ്രശ്നത്തിനു പരിഹാരമാകില്ലേയെന്ന വാദത്തിനിടെയുള്ള കോടതിയുടെ ചോദ്യത്തിനു മറുപടിയായാണ് സര്‍ക്കാരിനു വേണ്ടി അഡീ. അഡ്വക്കറ്റ് ജനറല്‍ മറുപടി നല്‍കിയത്.
കൊച്ചിയില്‍ രാത്രി 11ന് ശേഷം ഡിജെ പാര്‍ട്ടികള്‍ നിരോധിച്ചതിനെതിരേ റാഡിസണ്‍ ബ്ലൂ ഹോട്ടല്‍ ലൈസന്‍സി ഉദയംപേരൂര്‍ സ്വദേശി മഹാദേവന് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജസ്റ്റീസ് മുരളി പുരുഷോത്തമന് ഹര്‍ജി വിധി പറയാന്‍ മാറ്റി.
ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് കൈമാറ്റമടക്കം നടക്കുന്നതായി കണ്ടെത്തിയതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിച്ചതോടെ കൊച്ചിയിലെ ലഹരിമരുന്നു കേസുകള്‍ കുറഞ്ഞിട്ടുണ്ട്. പാര്‍ട്ടികള്‍ ബുക്കു ചെയ്ത് പുറത്തുനിന്നെത്തിയിരുന്നവരാണു പ്രധാനമായും ലഹരി ഇടപാടുകള്‍ നടത്തിയിരുന്നത്.
അര്‍ധരാത്രിക്കു ശേഷം നടന്ന സംഭവങ്ങളെ തുടര്‍ന്നുള്ളതാണ് പല കേസുകളുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, ചെറുമീനുകള്‍ കുടുങ്ങുന്നതല്ലാതെ ഉറവിടം കണ്ടെത്താത്തതെന്തെന്ന് കോടതി ചോദിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നാണു മയക്കുമരുന്ന് വരുന്നതെന്നും തടയാന്‍ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടപടി സ്വീകരിക്കുന്നുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ മറുപടി.
ബാറുകള്‍ മാത്രമല്ല തിയറ്ററുകളടക്കം പുലര്‍ച്ചെ വരെ സജീവമാണെന്നും അധികാരപരിധി മറികടന്നാണ് എസ്എച്ച്ഒയും മറ്റും നോട്ടീസ് നല്‍കുന്നതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം.
Tags : HighCourt Kerala LateNightParties DJParties