തൊടുപുഴയിൽ ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണം ഫെയർ.
തൊടുപുഴ: ഉത്സവകാലത്ത് അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ പൂഴ്ത്തിവച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. തൊടുപുഴയില്‍ സപ്ലൈകോയുടെ ജില്ലാതല ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓണക്കാലത്ത് 1,65,000 മെട്രിക് ടണ്‍ അരിയാണ് സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കടകളിലൂടെയും മാവേലി സ്റ്റോറുകള്‍ വഴിയും സപ്ലൈകോ വഴിയും ലഭ്യമാക്കുന്നത്. സാധാരണ ലഭിക്കുന്ന നോര്‍മല്‍ വിഹിതം, സപ്ലൈകോയുടെ സബ്സിഡി വിഹിതം, സെപ്റ്റംബര്‍ മാസത്തെ അലോട്ട്മെന്റ് ഓഗസ്റ്റില്‍ കൊടുക്കുന്നത് ഉള്‍പ്പെടെയാണിത്.
മൂന്നു മെഗാ ട്രേഡ് ഫെയറുകളാണ് സിവില്‍ സപ്ലൈസ് വകുപ്പ് നടപ്പിലാക്കുന്നത്. ഇതിനു പുറമേ ജില്ലാ ഫെയറുകളും എല്ലാ നിയോജകമണ്ഡലത്തിലും പ്രാദേശിക ഫെയറുകളും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ആതിര ജോഷി ആദ്യ വില്‍പ്പന നടത്തി. വൈസ് ചെയര്മാന് കെ. ദീപക്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ്, തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.കെ. സ്മിത, ജില്ലാ സപ്ലൈ ഓഫീസര്‍ ബീന ഭദ്രന്, സപ്ലൈകോ മേഖലാ മാനേജര്‍ എം. ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvisesham DistrictNews DeepikaNews