അർജുൻ ആയങ്കിയെ പോലീസ് പിടികൂടിയപ്പോൾ.
കൊച്ചി: കോതമംഗലം, ഊന്നുകല്‍ പൊലീസ് സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്ത കേസുകളില്‍ ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങി എറണാകുളം പോലീസ്. തിങ്കളാഴ്ച കോടതിയില്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കുട്ടമ്പുഴ പോലീസ് അപേക്ഷ നല്‍കും.
ഇന്നലെ രാത്രി ഏഴരയോടെ എറണാകുളത്ത് എത്തിച്ച അര്‍ജുനെ കോതമംഗലം മജിസ്‌ട്രേട്ടിന് മുമ്പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. തിങ്കളാഴ്ച വരെയാണ് റിമാന്‍ഡ് കാലാവധി.
കോതമംഗലം ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. പ്രശാന്ത് കുമാറിനെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയതിനും സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തിയ ഊന്നുകല്‍ ഇന്‍സ്‌പെക്ടര്‍ ബി.എസ്. ആദര്‍ശിന് ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളി സന്ദേശം അയച്ചതിനുമുള്ള കേസുകളില്‍ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും.
കുട്ടമ്പുഴ ഇന്‍സ്‌പെക്ടര്‍ എ. ഷൈന്‍ കുമാറിനാണ് അന്വേഷണ ചുമതല. പുന്നേക്കാട് റിസോര്‍ട്ടില്‍ നിന്നു ക്രിമിനല്‍ ഗൂഢാലോചന കേസില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിക്ക് കോതമംഗലം മജിസ്‌ട്രേട്ട് കോടതി നല്‍കിയ ജാമ്യം റദ്ദാക്കിയിരുന്നു. കോതമംഗലം ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയതിനാലാണ് ജാമ്യം റദ്ദാക്കിയത്.
Tags : Police ArjunAyanki custody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs