മേപ്രാലിലേക്കുള്ള റോഡിൽ ദൈവപ്പറമ്പ് ഭാഗത്തെ വെള്ളക്കെട്ട്.
ചങ്ങനാശേരി: പത്തുദിവസം പിന്നിട്ടിട്ടും മൂലേപ്പുതുവല്‍ മേപ്രാല്‍ റോഡിലെ വെള്ളക്കെട്ട് ഇറങ്ങുന്നില്ല. ഈ റോഡിന്റെ പല ഭാഗങ്ങളും ചെളിവെള്ളവും പോളയും തിങ്ങിനിറഞ്ഞ നിലയിലാണ്. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു യാത്രക്കാര്‍ വെള്ളത്തിലൂടെ നീന്തിയാണ് എസി റോഡില്‍ എത്തിച്ചേരുന്നത്. ഓരോ മഴക്കാലത്തേയും ദുരിതത്തിന് മോചനമുണ്ടാകണമെങ്കില്‍ ഈ റോഡ് ഉയര്‍ത്തി നിര്‍മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
പായിപ്പാട് പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ ചങ്ങനാശേരി-ആലപ്പുഴ റോഡിലെ കിടങ്ങറ ഈസ്റ്റ് ഭാഗത്തുനിന്നും ഇടവന്തറ, അറുനൂറില്‍ പുതുവല്‍, നക്രാല്‍, മൂലേപ്പുതുവല്‍, കോമങ്കേരിച്ചിറ വഴി മേപ്രാലിലേക്കുള്ള റോഡാണിത്. കാല്‍നൂറ്റാണ്ട് മുന്‍പ് സി.എഫ്. തോമസ് എംഎല്‍എയുടെ ശ്രമഫലമായാണ് മൂന്നരകിലോമീറ്റര്‍ ദൂരംവരുന്ന ഈ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നത്. എസി റോഡില്‍ മേപ്രാല്‍ ജംഗ്ഷന്‍മുതല്‍ ദൈവംപറമ്പ് ക്ഷേത്ര ജംഗ്ഷന്‍വരെ റോഡ് ഒരടിയോളം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞയാഴ്ചയിലെ മഴയില്‍ ഈ ഭാഗത്തും വെള്ളം കയറിയെങ്കിലും മഴയുടെ ശക്തികുറഞ്ഞപ്പോള്‍ ഇവിടുത്തെ വെള്ളം ഇറങ്ങി. ഉയര്‍ത്താത്ത റോഡ് ഭാഗത്താണ് ഇപ്പോള്‍ വെള്ളക്കെട്ട് തുടരുന്നത്.
വെള്ളപ്പൊക്ക സമയമാകുമ്പോള്‍ ഈ റോഡില്‍ പൂര്‍ണമായും വെള്ളം കയറുന്നത് പതിവാണ്. ഇതോടെ റോഡും പാടശേഖരങ്ങളും തിരിച്ചറിയാനാകാത്ത അവസ്ഥയില്‍ വെള്ളം കയറുന്നതിനൊപ്പം പോളയും മാലിന്യങ്ങളും തിങ്ങുകയുമാണ് പതിവ്. വെള്ളക്കെട്ടുണ്ടായാല്‍ പിന്നെ വള്ളത്തിലാണ് ഈ റോഡിലെ സഞ്ചാരം. രോഗികളെയും വയോജനങ്ങളെയും ആശുപത്രിയില്‍ എത്തിക്കുന്നത് അതിസാഹസികമായാണ്.
Tags : Nattuvisesham DistrictNews DeepikaNews