തൃശൂർ: തേക്കിൻകാട് മൈതാനത്തിൽ കിഴക്കേഗോപുരനടയുടെ ഭാഗത്തായി പ്രത്യേകം കെട്ടിഉയർത്തിയ പൂവില്പനശാലകളിൽ പൂക്കളുടെ പൂരം. ഓണത്തെ വരവേൽക്കാൻ നാടുംനഗരവും ഒരുങ്ങുന്പോൾ ഓരോ മുറ്റത്തെയും വർണാഭമാക്കാനുള്ള പൂക്കളുടെ കൂന്പാരവുമായാണ് അന്യസംസ്ഥാനക്കാർ ഉൾപ്പെടെ കച്ചവടക്കാരെത്തിയിരിക്കുന്നത്.
തമിഴ്നാട്ടിലെ ഹൊസൂർ, ഡിണ്ടിഗൽ, സേലം എന്നിവിടങ്ങളിൽനിന്നും കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്നുമാണു പൂക്കളുടെ വരവ്. ഇത്തവണ അയൽസംസ്ഥാനങ്ങളിൽ മഴക്കെടുതിമൂലം പൂകൃഷി പാതിയും നശിച്ചതിനാൽ പൂക്കളുടെ വില കൈപൊള്ളിക്കും. കഴിഞ്ഞ വർഷത്തേക്കാൾ നാൽപതു രൂപയോളം ഓരോ ഇനത്തിനും കൂടിയിട്ടുണ്ടെന്നു വില്പനക്കാരനായ പ്രജീഷ് പറഞ്ഞു.
ചുവപ്പും ഓറഞ്ചും നിറംകലർന്ന പനിനീർ റോസാണു പൂക്കളിലെ സുന്ദരി. കിലോയ്ക്ക് അഞ്ഞൂറു രൂപയാണു വില. മഞ്ഞയും വെള്ളയും ഓറഞ്ചും നിറത്തിൽ നയനമനോഹരിയായ ചെണ്ടുമല്ലി വില്പനയിൽ എന്നും താരമാണ്. കിലോയ്ക്ക് 100 മുതൽ വില തുടങ്ങും.
ഇളംവയലറ്റ് നിറത്തിലെ വാടാമല്ലിക്കും പ്രിയമേറെ. മഞ്ഞ, വെള്ള, ഓറഞ്ച് നിറത്തിലെ ജമന്തിപ്പൂക്കളും മനംകവരും. വിലയിൽ കടുപ്പമുള്ള മുല്ലപ്പൂ ഇതുവരെ സജീവവിപണിയിലേക്കെത്തിയിട്ടില്ല. തുന്പ, അരളി, താമരപ്പൂവുകളൊക്കെ അത്തപ്പിറ്റേന്നത്തേക്ക് എത്തിയേക്കും.
പൂക്കളമൊരുക്കാൻ ആവശ്യമായ വിവിധയിനം പൂക്കൾ ശക്തൻ മാർക്കറ്റ്, സ്വരാജ് റൗണ്ട് പരിസരം തുടങ്ങി നഗരത്തിൽ പലയിടത്തും എത്തിയിട്ടുണ്ട്. ഓഫീസുകളിലും സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലുമെല്ലാം പൂക്കളമിടലും പൂക്കളമത്സരങ്ങളും നടക്കുന്നതിനാൽ പൂവിനു വൻ ഡിമാൻഡാണ്.
Tags : Nattuvishesham Districtnews The grand festival