സാഹിത്യ അക്കാദമിയുടെ ഓണം പുസ്തകോത്സവത്തിൽനിന്ന്.
തൃശൂർ: ഓണത്തിന്റെ വരവറിയിച്ച് അത്തംനാളിൽ സാംസ്കാരിക നഗരിയുടെ സായാഹ്ന സൗഹൃദക്കൂട്ടായ്മയിൽ തെക്കേഗോപുരനടയിൽ വിരിയുന്ന അത്തപ്പൂക്കളത്തിനു മുധുരപ്പതിനെട്ട്.
ഇത്തവണ 1500 കിലോഗ്രാം പൂക്കളുപയോഗിച്ച് 60 അടി വ്യാസത്തിലാണു കളം തീർക്കുന്നത്. ഇതോടെ തൃശൂരിന്റെ ഓണാഘോഷത്തിനും ടൂറിസം വാരാഘോഷത്തിനും തുടക്കമാകും. 18 വർഷംമുന്പാണു തേക്കിൻകാട്ടിൽ തെക്കേഗോപുരനടയിൽ ആദ്യമായി പൂക്കളമൊരുങ്ങിത്.
പതിവിൽനിന്നു വിപരീതമായി കർക്കടകം അവസാനദിവസമായ നാളെയാണ് അത്തം. മൂലം നക്ഷത്രം രണ്ടുനാൾ കാണുന്നതിനാൽ അത്തം 11നാണു തിരുവോണം.
പൂക്കളം ഒരുക്കുന്നതിന്റെ ആദ്യപടിയായി കളത്തിന്റെ സ്കെച്ച് തയാറാക്കൽ ഇന്നലെയോടെ പൂർത്തിയായി. ഇന്നു കൂട്ടായ്മ പ്രവർത്തകർ പൂക്കൾ സ്വരൂപിച്ച് കളത്തിനായി മുറിച്ചു തയാറാക്കും. നാളെ പുലർച്ചെ മൂന്നിനുള്ള വടക്കുന്നാഥന്റെ നിയമവെടിക്കുശേഷം മുൻ എംഎൽഎ എം.കെ. കണ്ണൻ പൂക്കളത്തിലേക്കുള്ള ആദ്യപുഷ്പം അർപ്പിക്കുന്നതോടെ കളമിടലിനു തുടക്കമാകും. ക്ഷേത്രദർശനം കഴിഞ്ഞെത്തുന്നവരും പ്രഭാതസവാരിക്കാരും തുടങ്ങി ജാതിമത വർഗരാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകൾ പൂക്കളമിടാൻ ഒരുമിക്കും.
രാവിലെ 9.45നു ജില്ലാതല ഓണാഘോഷങ്ങളുടെ പതാക ഉയർത്തൽ രാജൻ ജെ. പല്ലൻ നിർവഹിക്കും. പത്തിന് അത്തപ്പൂക്കള സമർപ്പണം കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രനും മേയർ ഡോ. നിജി ജസ്റ്റിനും ചേർന്നു നിർവഹിക്കും. തുടർന്നു കിഴക്കുംപാട്ടുകര കുമ്മാട്ടിസംഘത്തിന്റെ കുമ്മാട്ടിയും താളമേളങ്ങളും അരങ്ങേറും. രാവിലെ പത്തരയ്ക്ക് തൃശൂർ വാദ്യഗുരുകുലം വിദ്യാർഥികൾ അവതരിപ്പിക്കുന്ന പഞ്ചാരിമേളം അത്തക്കളം കാണാനെത്തുന്നവർക്കു താളക്കൊഴുപ്പേകും.
വൈകീട്ട് ആറിനു പൂക്കളത്തിനുചുറ്റും വിളക്കു തെളിയിച്ചുള്ള ദീപച്ചാർത്തിനു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.വി. ജയകുമാർ കർത്ത ആദ്യതിരി തെളിക്കും.
തുടർന്നുള്ള സാംസ്കാരിക സായാഹ്നത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ എ. പ്രസാദ്, കൗൺസിലർ പൂർണിമ സുരേഷ്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് എന്നിവർ പ്രസംഗിക്കും. തുടർന്നു മുൻ മേയർ അജിത വിജയൻ, ജില്ലാ അഭിഭാഷക കൂട്ടായ്മ കൺവീനർ അഡ്വ. ദീപാ കുമാരൻ എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിനു വനിതകൾ അണിനിരക്കുന്ന കൈകൊട്ടിക്കളിയുമുണ്ടാകും.
Tags : Nattuvishesham Districtnews Athakkalam