വൈക്കം മുഹമ്മദ് ബഷീർ
വൈക്കം: ഗാന്ധിജിയെ വിദ്യാർഥിയായിരിക്കുമ്പോൾ തൊട്ടതിന്റെ അദ്ഭുതം പിൽക്കാലത്ത് മലയാള സാഹിത്യത്തിലെ സുൽത്താനായിമാറിയിട്ടും വൈക്കം മുഹമ്മദ് ബഷീറിനെ വിട്ടുപോയിരുന്നില്ല.
തലയോലപ്പറമ്പ് ഗവൺമെന്റ് യുപി സ്കൂളില്‍ മുഹമ്മദ് ബഷീര്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി വൈക്കം സത്യഗ്രഹവും മഹാത്മാഗാന്ധിയുടെ വരവുമുണ്ടാകുന്നത്. അന്ന് വൈക്കം സത്യഗ്രഹത്തിനെത്തിയ ഗാന്ധിജിയെ തൊടാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പലകുറി തന്റെ രചനകളിലുടെ പരാമർശിച്ചിട്ടുണ്ട്.
ഗാന്ധിജി കയറിയ കാറിന്റെ സൈഡില്‍ തൂങ്ങിയിരുന്നാണ് ബഷീര്‍ ഗാന്ധിജിയുടെ വലതുതോളില്‍ തൊട്ടത്. ഈ സംഭവത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ വഴക്ക് പറഞ്ഞെന്നും ഗാന്ധിജി പട്ടിണി മാറ്റുമോയെന്ന് ഉമ്മ ചോദിച്ചതായും ബഷീര്‍ പറഞ്ഞിട്ടുണ്ട്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചാല്‍ പട്ടിണി മാറുമെന്ന മറുപടിയും ബഷീർ ഉമ്മയ്ക്ക് നൽകിയിരുന്നു. സ്കൂൾ വിദ്യാർഥിയായിരിക്കെ ഗാന്ധിജിയോടുള്ള ആരാധനമൂലമാണ് ബഷീർ സ്വാതന്ത്ര്യ സമരത്തിലേക്ക് ആകൃഷ്ടനായത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായിരുന്ന അദ്ദേഹം ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായി കുട്ടിക്കാലത്തുതന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. കോഴിക്കോട്ട് നടന്ന ഉപ്പുസത്യാഗ്രഹ സമരത്തിൽ ബഷീർ സജീവമായി പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം ക്രൂരമായി പോലീസ് മർദ്ദനങ്ങൾക്ക് ഇരയാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ ജയിൽ ഉൾപ്പെടെയുള്ളവയിൽ അദ്ദേഹം തടവുകാരനായിരുന്ന കാലഘട്ടം അദ്ദേഹത്തിന്റെ ജീവിതത്തിലും എഴുത്തിലും വലിയ സ്വാധീനം ചെലുത്തി. യുവാവായിരിക്കെ അദ്ദേഹം ഖദർ വസ്ത്രങ്ങൾ മാത്രം ധരിച്ച് സ്വാതന്ത്ര്യസമര സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അദ്ദേഹം സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങി എഴുത്തിൽ വ്യാപൃതനായി. ബഷീറിന്റെ പല കൃതികളിലും ജയിൽ അനുഭവങ്ങളും സ്വാതന്ത്ര്യസമര കാലത്തെ ഓർമകളും പ്രതിഫലിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ മതിലുകൾഎന്ന നോവൽ ജയിൽ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടതാണ്. സ്വാതന്ത്ര്യ സമരകാലവും അക്കാലത്തെ അനുഭവങ്ങളും മനുഷ്യ സ്നേഹവും ദീനാനുകമ്പയുമൊക്കെ ബഷീറിന്റെ രചനകളെ ഏറെ ജീവസുറ്റവയാക്കിയിട്ടുണ്ട്.
80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആഹ്ലാദ ആരവങ്ങളിൽ ഭരതം മുഖരിതമാകുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിനെപോലുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ദീപ്തസ്മരണയും പ്രോജ്ജ്വലിക്കുകയാണ്.
Tags : Nattuvisesham DistrictNews DeepikaNews