പ്രതീകാത്മക ചിത്രം
തൊടുപുഴ: ജില്ലാ ആശുപത്രിയില്‍ മന്ത്രി കെ. മുരളീധരന് സന്ദര്‍ശനം നടത്തിയ വേളയില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ചികിത്സാ നിഷേധമോ ചികിത്സാ പിഴവോ അനാവശ്യമായ കാലതാമസമോ ഉണ്ടായിട്ടില്ല.
കഴിഞ്ഞ 10ന് രാവിലെ തൊടുപുഴ ജില്ലാ ആശുപത്രി കാഷ്വാലിറ്റിയില്‍ ചികിത്സയ്ക്കെത്തിയ രണ്ടു കുട്ടികളുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് തെറ്റായ വാര്‍ത്തയ്ക്കു കാരണമായത്. സംഭവത്തെക്കുറിച്ച് ആശുപത്രി സൂപ്രണ്ട് നടത്തിയ പരിശോധനയില്‍, രണ്ടു രോഗികള്‍ക്കും ആവശ്യമായ ചികിത്സയും വിദഗ്ധ ചികിത്സാ നിര്‍ദേശങ്ങളും സമയബന്ധിതമായി ലഭിച്ചതായി കണ്ടെത്തി.
പനി ബാധിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രണ്ടു വയസുകാരിയായ പെണ്‍കുട്ടിക്ക് ആവശ്യമായ അടിയന്തര ചികിത്സകള്‍ സമയബന്ധിതമായി നല്‍കിയതായും തുടര്‍ചികിത്സ ആവശ്യമായ സാഹചര്യത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റിയതായും ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
രാവിലെ 9.47നാണ് കുട്ടിയെ പനിയെത്തുടര്‍ന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. ഡ്യൂട്ടി ഡോക്ടര്‍ കുട്ടിയെ പരിശോധിച്ച് പനി കുറയ്ക്കുന്നതിനുള്ള മരുന്നും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനുള്ള ഒആര്‍എസ് ലായനിയും നല്കി. ശരീരോഷ്മാവ് കുറയ്ക്കുന്നതിനായി ഇളംചൂടുവെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കുകയും ചെയ്തു. പനി കുറയാത്തതിനെത്തുടര്‍ന്ന് കുട്ടിയെ ശിശുരോഗവിദഗ്ധന് പരിശോധിക്കുകയും നിരീക്ഷണത്തില്‍ തുടരുകയും ചെയ്തു.
തുടര്‍ന്ന് 12ഓടെ കുട്ടിക്ക് അപസ്മാരമുണ്ടായി. ഉടന്‍തന്നെ ഡ്യൂട്ടി ഡോക്ടര്‍ ആവശ്യമായ മരുന്നും ചികിത്സയും നല്കി. ശിശുരോഗ വിദഗ്ധനെ വിവരം അറിയിക്കുകയും വിദഗ്ധന്റെ നിര്‍ദേശപ്രകാരം തുടര്‍ചികിത്സ നല്‍കുകയും ചെയ്തു.
അപസ്മാരം നിയന്ത്രണവിധേയമാക്കുന്നതിനുള്ള ആവശ്യമായ ചികിത്സകള്‍ നല്‍കിയതിനെത്തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടു. തുടര്‍ന്നുള്ള നിരീക്ഷണത്തിനിടെ കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ന്യൂറോളജി വിദഗ്ധന്റെ അഭിപ്രായവും തേടി. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആവശ്യമായ മരുന്നു നല്കി.
കുട്ടിയുടെ തുടര്‍ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങളുള്ളആശുപത്രിയില് വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യം കണക്കിലെടുത്ത് ശിശുരോഗ വിദഗ്ധന്റെയും ന്യൂറോളജി വിദഗ്ധന്റെയും നിര്‍ദേശപ്രകാരം പ്രത്യേക സൗകര്യങ്ങളുള്ള ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
ഇതിനിടെ, മറ്റൊരു കുട്ടിയുമായി കാഷ്വാലിറ്റിയിലെത്തിയ ഒരു സ്ത്രീ മാധ്യമപ്രവര്‍ത്തകരോട് പരാതി പറയുന്നത് ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് മന്ത്രി കെ. മുരളീധരന് അടിയന്തരമായി അന്വേഷണം നടത്താന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്കി. ആശുപത്രി സൂപ്രണ്ട് കാഷ്വാലിറ്റിയിലെത്തി പരാതിക്കാരിയുമായി സംസാരിക്കുകയും ചികിത്സാ രേഖകള്‍ പരിശോധിക്കുകയും ചെയ്തു.
അവരുടെ കുട്ടി പേവിഷബാധയ്ക്കെതിരായ വാക്സിനേഷന്റെ മൂന്നാമത്തെ ഡോസ് സ്വീകരിക്കുന്നതിനായാണ് ആശുപത്രിയിലെത്തിയതെന്ന് വ്യക്തമായി.കുട്ടിയെ നേരത്തേതന്നെ ഡോക്ടര്‍ പരിശോധിക്കുകയും വാക്സിനേഷന് നല്‍കുന്നതിനുള്ള നിര്‍ദേശം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് വാക്സിനേഷനായി കാത്തിരിക്കുകയായിരുന്നുവെന്നും പരിശോധനയില്‍ വ്യക്തമായി.
ഇരു സംഭവങ്ങളിലും നടത്തിയ വിശദമായ പരിശോധനയില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുകോ, ചികിത്സ നല്കുന്നതില് അനാവശ്യമായ കാലതാമസം ഉണ്ടാകുകയോ ചികിത്സാ പിഴവ് സംഭവിക്കുകയോ ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മന്ത്രിയുടെ സന്ദര്‍ശനത്തിലും ചികിത്സാ സേവനങ്ങള്‍ക്ക് തടസമുണ്ടായില്ല.
മന്ത്രി ആശുപത്രി സന്ദര്‍ശിച്ച സമയത്ത് കാഷ്വാലിറ്റിയില്‍ രണ്ടു ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.45ഓടെ മന്ത്രി ആശുപത്രി സന്ദര്‍ശിച്ച് മടങ്ങിയ സമയത്തും രോഗികളുടെ ചികിത്സയിലും പരിചരണത്തിലും യാതൊരു തടസവും ഉണ്ടായിട്ടില്ല. ആശുപത്രിയില്‍ മന്ത്രിയുടെ മീറ്റിംഗ് നടക്കുന്ന ഹാളില്‍ കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരോ നഴ്സുമാരോ പങ്കെടുത്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Tags : Nattuvisesham DistrictNews DeepikaNews