കോട്ടയം ബേക്കര്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്.
കോട്ടയം: ചിങ്ങം പിറക്കും മുമ്പേ ഓണത്തിരക്കിലമര്‍ന്ന് കോട്ടയം നഗരം. കഴിഞ്ഞ രണ്ടു ദിവസമായി രാവിലെ മുതല്‍ രാത്രിവരെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. എംസി റോഡിലൂടെ ഏറ്റുമാനൂര്‍ ഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങള്‍ കുമാരനല്ലൂരില്‍ എത്തുമ്പോള്‍ മുതല്‍ കുരുക്കിലാകും. ഈ വാഹനങ്ങള്‍ നാഗമ്പടം റെയില്‍വേ മേല്‍പാലം കടക്കണമെങ്കില്‍ മണിക്കൂറുകളോളം സമയമെടുക്കും. കോടിമത ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ഏറെ സമയമെടുത്താണ് ബേക്കര്‍ ജംഗ്ഷന്, നാഗമ്പടം, ചെമ്പരത്തിമൂട്, ചവിട്ടുവരി എന്നിവിടങ്ങള്‍ കടന്നുപോകുന്നത്.
ചങ്ങനാശേരി ഭാഗത്തു നിന്നുമെത്തുന്ന വാഹനങ്ങള്‍ നാട്ടകം സിമന്റ് കവലയില്‍ എത്തുമ്പോള്‍ മുതല്‍ കുരുങ്ങും. ഈ വാഹനങ്ങള്‍ കോടിമത മേല്‍പാലം കടക്കുമ്പോഴും മണിക്കൂറുകള്‍ കഴിയും. ഇതേ അവസ്ഥ തന്നെയാണ് കെകെ റോഡിലും. ഈ റോഡിലൂടെ എത്തുന്ന വാഹനങ്ങള്‍ കഞ്ഞിക്കുഴി മുതല്‍ കുരുക്കിലാണ്. കോട്ടയം-കുമരകം റോഡിലും നഗരത്തിലെ ഇടറോഡുകളിലുമെല്ലാം കഴിഞ്ഞു രണ്ടു ദിവസങ്ങളായി വാഹനങ്ങള്‍ മുഴുവന്‍ കുരുങ്ങുകയാണ്.
നഗരം മുഴുവന്‍ കുരുക്കിലാകുന്നതോടെ ബേക്കര്‍ ജംഗ്ഷനില്‍നിന്ന് വാഹനങ്ങള്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് കടന്നു പോകണമെങ്കില്‍ ഏറെ സമയമെടുക്കും. പലപ്പോഴും ബേക്കര്‍ ജംഗ്ഷന്, ശാസ്ത്രി റോഡ്, തിരുനക്കര ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍നിന്നും ആകാശപ്പാതയ്ക്കു കീഴിലേക്കെത്തുന്ന വാഹനങ്ങള്‍ മുഴുവന്‍ കുരുക്കിലാകും. എല്ലാ സമയത്തും ഇവിടെ ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാണെങ്കിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ദിവസങ്ങളായി കോട്ടയം ചന്തയിലും നഗരത്തിലെ വസ്ത്ര വ്യാപാര ശാലകള്‍, ജ്വല്ലറികള്‍ തുടങ്ങി ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിലും ഇടറോഡുകളിലുമുള്ള അനധികൃത പാര്‍ക്കിംഗാണ് ഗതാഗതക്കുരുക്ക് വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്നും വ്യാപക പരാതിയുണ്ട്.
ബൈപാസ് റോഡുകള്‍ പലരും ഉപയോഗിക്കാറില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നഗരം ഓണാഘോഷത്തില്‍ മുങ്ങുന്നതോടെ നഗരത്തിലെ വാഹനത്തിരക്ക് പതിന്മടങ്ങായി വര്‍ധിക്കും. അടിയന്തരമായി നഗരത്തില്‍ ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
സിഗ്നൽ പ്രശ്നം, കുരുക്ക് രൂക്ഷം
നഗരത്തിലെ ഏറെ തിരക്കുള്ള ബേക്കര്‍ ജംഗ്ഷനില്‍ ഒട്ടുമിക്ക സമയങ്ങളിലും സിഗ്നല്‍ ലൈറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍കാലങ്ങളില്‍ സിഗ്നല്‍ ലൈറ്റുകള്‍ ഗതാഗതക്കുരുക്ക് വര്‍ധിപ്പിച്ചതോടെ പോലീസ് ഉദ്യോഗസ്ഥന് തന്നെ ഗതാഗത നിയന്ത്രിച്ചു വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതാണ് കുരുക്ക് വര്‍ധിപ്പിക്കുന്നതെന്നും പരാതിയുണ്ട്.
ഇവിടെ സെന്‍ട്രല്‍ ജംഗ്ഷനിൽനിന്ന് വന്നു നാഗമ്പടം ഭാഗത്തേക്കു വാഹനങ്ങള്‍ കടന്നു പോകുന്നതിനു കൂടുതല്‍ സമയവും കുമരകം റോഡില്നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് സെന്‍ട്രല്‍ ജംഗ്ഷനിലേക്കു പോകാന്‍ കുറഞ്ഞ സമയവുമാണ് നൽകിയിരിക്കുന്നത്. ഇതാണ് കുരുക്കിനു കാരണമെന്നും പരാതിയുണ്ട്. ഇതിനിടയില്‍ ചില വാഹനങ്ങള്‍ ട്രാഫിക് നിയമം തെറ്റിച്ചു പോകുന്നതും പതിവു കാഴ്ചയാണ്.
Tags : Nattuvisesham DistrictNews DeepikaNews