പ്രതീകാത്മക ചിത്രം
തൊടുപുഴ: മകള്‍ നല്കിയ വ്യാജ പീഡനക്കേസില്‍ അച്ഛനെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. അയ്യപ്പന്‍കോവില്‍ മേരികുളം സ്വദേശിക്കെതിരേ ഉപ്പുതറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി ജി.ആര്. ബില്കുല് വെറുതെ വിട്ടത്.
2024 സെപ്റ്റംബറിലാണ് പ്രായപൂര്‍ത്തിയാകാത്ത മകള്‍ അച്ഛനെതിരേ വ്യാജ പീഡന പരാതി നല്‍കുന്നത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം അച്ഛൻ പീഡനത്തിനിരയാക്കിയെന്നാണ് മകള്‍ പരാതി നല്‍കിയത്. എന്നാല്‍, കോളജ് വിദ്യാര്‍ഥിനിയായ മകളും ഒരു യുവാവുമായുള്ള ബന്ധത്തെ അച്ഛൻ എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ വഴക്കു പറഞ്ഞതിന്റെ വിരോധത്തിലും ബന്ധത്തിന് തടസമായ അച്ഛനെ ഒഴിവാക്കുന്നതിനുമായി മകളും കാമുകനും ചേര്‍ന്ന് വ്യാജ പീഡനക്കേസ് ചമക്കുകയായിരുന്നു.
പിതാവ് ജയിലിലായതിനു ശേഷം പെണ്‍കുട്ടിയുടെ വീട്ടില്‍ രാത്രിയെത്തിയ കാമുകനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ക്കെതിരേ പീഡനത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണവേളയില്‍ മകള്‍ കാമുകന് അനുകൂലമായി മൊഴി നല്‍കിയതിനെത്തുടര്‍ന്ന് കോടതി ഇയാളെ വെറുതെ വിട്ടു. പിന്നീട് പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം പോയി. പിതാവിനെതിരേയുള്ള കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും ഇളയ സഹോദരനെയും പ്രതിഭാഗം കോടതിയില്‍ സാക്ഷികളാക്കി വിസ്തരിച്ചു. പ്രതിഭാഗത്തിന്റെ വാദം വിശ്വസനീയമാണെന്നു കണ്ടെത്തി കോടതി പ്രതിയെ വെറുതെ വിടുകയായിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ ജോബി ജോര്‍ജ്, ബൈജു ഏബ്രാഹം, ജയിംസ് കാപ്പന്, ബൈജു ബാലകൃഷ്ണന്, ബിനീഷ് വിജയന്, അലന് ബെന്നി എന്നിവര്‍ ഹാജരായി.
Tags : Nattuvisesham DistrictNews DeepikaNews