കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയോട് ചേർന്നുകിടക്കുന്ന കല്ലടിക്കോടൻ മലനിര പ്രദേശവാസികൾക്ക് പേടിസ്വപ്നമായി മാറുന്നു. സമുദ്രനിരപ്പിൽ നിന്നു ഏകദേശം 1,103 മീറ്റർ (3,619 അടി) ഉയരത്തിൽ ആണ് കല്ലടിക്കോടൻ മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കല്ലടിക്കോടൻ മല ഭൂവിജ്ഞാനപരമായി കേരളത്തിലെ അതിപുരാതന ഭൂപ്രദേശങ്ങളിലൊന്നാണ്.
മലയുടെ അടിത്തറ രൂപപ്പെടുത്തുന്ന ചാർനോക്കൈറ്റ്, ഗ്നൈസ് തുടങ്ങിയ ശിലകൾക്ക് ഏകദേശം 250 മുതൽ 300 കോടി വർഷം വരെ പഴക്കമുണ്ടെന്നാണ് ഭൂവിജ്ഞാന പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് കാണുന്ന മലനിരകളുടെ രൂപം പിന്നീട് കോടിക്കണക്കിന് വർഷങ്ങളായി നടന്ന മണ്ണൊലിപ്പ്, മഴ, കാറ്റ്, ഭൂഘടനാ മാറ്റങ്ങൾ എന്നിവയുടെ ഫലമായാണ് രൂപപ്പെട്ടത്. മലയുടെ മുകളിൽ വ്യാപകമായി കാണുന്ന ചുവപ്പും തവിട്ടുനിറവുമുള്ള പാറകൾ ദീർഘകാല രാസവിഘടനത്തിലൂടെ രൂപപ്പെട്ട ലാറ്ററൈറ്റീകരണത്തിന്റെ ഫലമാണ്. മലയുടെ ബലക്ഷയത്തിന് പ്രധാനകാരണം പ്രകൃതിദത്ത ശിലാവിഘടനമാണ്. മഴ, ചൂട്, ഈർപ്പം, കാറ്റ് എന്നിവയുടെ ദീർഘകാല സ്വാധീനത്തിൽ പാറകളിൽ സൂക്ഷ്മവിള്ളലുകൾ രൂപപ്പെടുന്നു.
ചെടികളുടെ വേരുകൾ ഈ വിള്ളലുകളിലേക്ക് കടന്ന് വളരുന്നതും പാറകളെ കൂടുതൽ ദുർബലമാക്കുന്നു. മഴവെള്ളം തുടർച്ചയായി ശിലകളിലൂടെ ഒഴുകുമ്പോൾ ധാതുക്കൾ വിഘടിക്കുകയും പാറയുടെ ആന്തരിക ശക്തി കുറയുകയും ചെയ്യുന്നു. മലയുടെ മുകളിലെ ചുവന്ന ഉറച്ച പാറകൾ പുറത്തുനിന്ന് ശക്തമായി തോന്നുമെങ്കിലും അവയിൽ സൂക്ഷ്മസുഷിരങ്ങളും ചെറുവിള്ളലുകളും ഉണ്ട്.
ദീർഘകാല മണ്ണൊലിപ്പും കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം മൃദുവായ ഭാഗങ്ങൾ ഒലിച്ചുപോയി. കൂടുതൽ കഠിനമായ ചാർനോക്കൈറ്റ് പോലുള്ള ശിലകൾ അവശേഷിച്ചതാണ് ഇന്ന് കാണുന്ന മലനിരകൾ. മഴവെള്ളത്തിൽ ലയിച്ചിരിക്കുന്ന കാർബൺ ഡൈഓക്സൈഡ് ചെറിയ അളവിൽ കാർബോണിക് ആസിഡ് രൂപപ്പെടുത്തുന്നു. ഇത് ശിലകളിലെ ചില ധാതുക്കളെ ക്രമേണ വിഘടിപ്പിക്കുന്നു.
കല്ലടിക്കോട് പ്രദേശത്തെ ഗ്നൈസ്, ചാർനോക്കൈറ്റ് തുടങ്ങിയ ശിലകളിൽ ഫെൽഡ്സ്പാർ പോലുള്ള ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ വിഘടിക്കുമ്പോൾ കളിമണ്ണ് രൂപപ്പെടുകയും ശില ദുർബലമാകുകയും ചെയ്യുന്നു. ശിലകളിലെ ചെറിയ വിള്ളലുകളിലേക്ക് വേരുകൾ കയറി വളരുമ്പോൾ വിള്ളലുകൾ വികസിക്കുകയും കല്ലുകൾ പൊട്ടിപ്പൊടിയുകയും ചെയ്യും. വർഷത്തിൽ ധാരാളം മഴ ലഭിക്കുന്നതും ഉയർന്ന ഈർപ്പവും ചൂടും രാസവിഘടനത്തിന് കാരണമാകും. മലയുടെ താഴ്വാരത്തിലുള്ള കർഷകരും ഭീതിയിലാണ്.
മലഞ്ചെരിവുകളിലെ സ്വാഭാവിക വനാവരണം സംരക്ഷിക്കുകയും തദ്ദേശീയ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും മണ്ണൊലിപ്പ് കൂടുതലുള്ള പ്രദേശങ്ങളിൽ ആവശ്യമായ ചെരിവ് സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുകയാണ് സംരക്ഷണമാർഗം. ഭൂവിജ്ഞാന വിദഗ്ധരുടെ നേതൃത്വത്തിൽ മലയുടെ സ്ഥിരത ഇടയ്ക്കിടെ വിലയിരുത്തുകയും അപകടസാധ്യതയുള്ള മേഖലകൾ നിരീക്ഷിക്കുകയും ചെയ്യണം. കല്ലടിക്കോടൻ മലയെന്ന അപൂർവ ഭൗമപൈതൃകം വരുംതലമുറകൾക്കായി സംരക്ഷിക്കാൻ വനംവകുപ്പും പുരാവസ്തു വകുപ്പും തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags : Nattuvisesham District News