മാവേലിക്കര: ധന്യൻ മാർ ഇവാനിയോസ് തിരുമേനിയുടെ 72-ാം ഓർമപെരുന്നാളിനോട് അനുബന്ധിച്ച് എംസിവൈഎം മാവേലിക്കര ഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ മാർ ഇവാനിയോസ് തിരുമേനിയുടെ ജന്മഗൃഹത്തിൽനിന്ന് ആരംഭിച്ച തീർഥാടന പദയാത്രയ്ക്ക് ഭക്തിനിർഭരമായ തുടക്കം.
ഇന്നലെ രാവിലെ 6.30ന് ഇവാനിയോസ് തിരുമേനിയുടെ മാതൃ ഇടവകയായ പുതിയകാവ് സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ രൂപതാധ്യക്ഷൻ ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ ആരംഭിച്ചു .
തുടർന്ന് ധന്യൻ ആർച്ച്ബിഷപ് മാർ ഇവാനിയോസ് തിരുമേനിയുടെ ജന്മഗൃഹത്തിൽ നടന്ന ധൂപപ്രാർത്ഥനയ്ക്കു ശേഷം എംസിവൈ എം ഭദ്രാസന പ്രസിഡന്റ് രഞ്ചു രാജുവിന് വള്ളിക്കുരിശും ഭദ്രാസന ജനറൽ സെക്രട്ടറി റോഷ്മ പാപ്പച്ചന് എംസിവൈ എം പതാകയും കൈമാറി തീർതഥാടന പദയാത്രയുടെ ഉദ്ഘാടനം ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
ഭദ്രാസന വികാരി ജനറൽ മോൺ. ജോബ് കല്ലുവിളയിൽ, ബഥനി നവജീവൻ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. സിറിൽ ആനന്ദ് ഒഐസി എം. എസ്. അരുൺ കുമാർ എം എൽ എ എന്നിവർ പ്രസംഗിച്ചു. ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് തീർത്ഥാടന പദയാത്ര 14ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ ഇവാനിയോസ് തിരുമേനിയുടെ കബറിങ്കലിൽ സമാപിക്കും.
Tags : Nattuvishesham District News