പാലാ: നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളിക്കക്കണ്ടത്തിനെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്കി. യുഡിഎഫ് പിന്തുണയോടെ ഭരണത്തിലേറിയ സ്വതന്ത്ര മുന്നണിയിലെ ദിയാ ബിനുവിനെതിരേ സമീപദിവസം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അവിശ്വാസം പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് എല്‍ഡിഎഫ് നീക്കം.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ടെ കേരള കോണ്‍ഗ്രസ്-എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിജു പാലൂപ്പടവന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫിലെ 12 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട പ്രമേയം കോട്ടയത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ട്രീസാ ജോസ് മുമ്പാകെയാണ് സമര്‍പ്പിച്ചത്. രണ്ട് സിപിഎം അംഗങ്ങളും അവിശ്വാസപ്രമേയത്തില്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എല്ഡിഎഫിന്റേതായിട്ടാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുകയെന്ന് സിപിഎം ഏരിയ സെക്രട്ടറി സജേഷ് ശശി പറഞ്ഞു.
നിലവില്‍ വൈസ് ചെയര്‍പേഴ്സണ്‍ കോണ്‍ഗ്രസിലെ മായാ രാഹുലിനെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടില്ല. മായാ രാഹുല്‍ കോണ്‍ഗ്രസ് വിമതയായി സ്വതന്ത്രയായാണ് വിജയിച്ചത്.
സ്വതന്ത്ര മുന്നണിക്കെതിരേ പാലായില്‍ കേരള കോണ്‍ഗ്രസ് എം - സിപിഎം - കോണ്‍ഗ്രസ് സഖ്യം നിലവില്‍ വരുമോയെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. സ്വതന്ത്ര മുന്നണിയും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത സമീപകാലത്ത് വര്‍ധിച്ചു. രണ്ടു പോലീസ് കേസുകളും ഉണ്ടായി. കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കമ്മിറ്റിയില്‍ കോണ്‍ഗ്രസിലെ എല്ലാ കൗണ്‍സിലര്‍മാരും പ്രാദേശിക നേതാക്കളും സ്വതന്ത്ര മുന്നണിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്.
എന്നാല്‍ ജില്ലാ നേതാക്കളും സംസ്ഥാന നേതാക്കളും ഇടപെട്ട് ചില പ്രശ്നങ്ങളൊക്കെ പരിഹരിച്ചിരുന്നുവെങ്കിലും ഡിവൈഎഫ് ഐ ജില്ലാ സമ്മേളനത്തിന് കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് വിട്ടുനല്‍കിയ വിഷയത്തോടെ ഭിന്നത മൂര്‍ച്ഛിക്കുകയും അന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോകുകയുമായിരുന്നു.
കേരള കോണ്‍ഗ്രസിന് അതൃപ്തി
പാലാ: നഗരസഭയിലെ ഭരണപ്രതിസന്ധിയില്‍ യുഡിഎഫിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന് അതൃപ്തി. ഏറെ പ്രതീക്ഷയോടെയാണ് പാലാ നഗരസഭയില്‍ സ്വതന്തരെ ഒപ്പം നിര്‍ത്തി യുഡിഎഫ് ഭരണം പിടിച്ചതെന്നും ഭരണം നഷ്ടപ്പെടാതിരിക്കാന്‍ യുഡിഎഫ് നേതൃത്വം സ്വീകരിക്കുന്ന നിലപാടിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും മൂന്ന് കൗണ്‍സിലര്‍മാരുള്ള കേരള കോണ്‍ഗ്രസിന്റെ നിയോജകമണ്ഡലം പ്രസിഡന്റും യുഡിഎഫ് കണ്‍വീനറുമായ ജോര്‍ജ് പുളിങ്കാട് പറഞ്ഞു.
അവിശ്വാസം പാസാവാൻ 14 അംഗങ്ങളുടെ പിന്തുണ വേണം
പാലാ: നഗരസഭയില്‍ 26 അംഗങ്ങളാണുള്ളത്. 14 അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തെങ്കില്‍ മാത്രമേ പ്രമേയം പാസാവുകയുള്ളൂ. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ്-എം 10, സിപിഎം -രണ്ട് എന്നിങ്ങനെയും യുഡിഎഫില്‍ കോണ്‍ഗ്രസ്- ആറ്, കേരള കോണ്‍ഗ്രസ്- മൂന്ന്, കെഡിപി- ഒന്ന്, സ്വത-ഒന്ന്, സ്വതന്ത്ര മുന്നണി- മൂന്ന് എന്നിങ്ങനെയുമാണ് കക്ഷിനില. 21 നാണ് അവിശ്വാസം ചര്‍ച്ചയ്ക്കെടുക്കുന്നത്.
യുഡിഎഫ് നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകം
പാലാ: യുഡിഎഫ് നേതൃത്വത്തിന്റെ നിലപാട് പാലാ നഗരസഭയില്‍ നിര്‍ണായകമാവും. ഭരണം നഷ്ടപ്പെടാതിരിക്കാന്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്കിയാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിസന്ധിയിലാകും. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച് പിന്നീട് കോണ്‍ഗ്രില്‍ ചേര്‍ന്ന മായാ രാഹുലിന് വിപ്പ് ബാധകമായിരിക്കില്ല.
അവിശ്വാസം പൊതുജന താത്പര്യാർഥം: ബിജു പാലൂപ്പടവന്
പാലാ: അവിശ്വാസം നല്‍കിയത് പാലായുടെ പൊതുജന താത്പര്യാർഥവും ധാര്‍മികമായ കടമ എന്ന നിലയിലുമാണെന്ന് പ്രതിപക്ഷ നേതാവും കേരള കോണ്‍ഗ്രസ്-എമ്മിലെ കൗണ്‍സിലറുമായ ബിജു പാലൂപ്പടവന്.
എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവരാന്‍ ഇതുവരെ തയാറാകാതിരുന്നതു വളഞ്ഞ വഴിയിലൂടെ ചെയര്‍പേഴ്സണ്‍ സ്ഥാനം പിടിക്കാന്‍ പ്രതിപക്ഷത്തിന് താത്പര്യം ഇല്ലാതിരുന്നതിനാലാണ്. എന്നാല്‍ ഭരണപക്ഷത്തെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിലെ മുഴുവന്‍ നേതാക്കന്മാരും കൗണ്‍സിലര്‍മാരും ഒറ്റക്കെട്ടായി ചെയര്‍പേഴ്സണില്‍ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പാലായില്‍ ഒരു തരത്തിലും ഭരണം മുന്നോട്ട് പോകില്ലായെന്ന് മനസിലായതുകൊണ്ട് പ്രതിപക്ഷത്തിന്റെ ധാര്‍മികമായ കടമ എന്ന നിലയില്‍ മാത്രമാണ് ഇപ്പോള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ യുഡിഎഫിന്റെ ചെയർപേഴ്സൺ: ദിയാ ബിനു
പാലാ: സ്വതന്ത്ര മുന്നണി കൂട്ടായ്മയുടെ ചെയര്പേഴ്സണല്ല താനെന്നും മറിച്ച് യുഡിഎഫിന്റെ ചെയര്‍പേഴ്സനാണെന്നും ദിയാ ബിനു പുളിക്കക്കണ്ടം. തനിക്കെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത് നഗരസഭയിലെ പ്രതിപക്ഷമായ ഇടതു മുന്നണിയാണ്. തന്നെ ചെയര്‍പേഴ്സണായി തെരഞ്ഞെടുത്ത യുഡിഎഫില്‍ വിശാസമുണ്ടെന്നും യുഡിഎഫ് നേതാക്കള്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ദിയാ ബിനു പറഞ്ഞു.
Tags : Nattuvishesham District News