പാലയൂർ: "മഴക്കാലത്ത് എന്ത് അരങ്ങാണ് കെട്ടുക' പാലയൂർ പളളി തിരുനാൾ ആഘോഷം അടുത്തപ്പോൾ കൈക്കാരൻമാരുടെ ആലോചന ഇതായിരുന്നു. എല്ലാ പള്ളികളിലും കടലാസിന്റെ അരങ്ങ് കെട്ടും. കർക്കടഞ്ചാദി പെരുന്നാൾ മഴക്കാലത്തായതിനാൽ കടലാസ് അരങ്ങുകൊണ്ട് നടക്കില്ല. പതിറ്റാണ്ടുകൾക്കുമുമ്പ് അരങ്ങ് കാര്യത്തിൽ ചൂട് പിടിച്ചആലോചനക്കിടയിലാണ് അന്നത്തെ വികാരിക്ക് കുരുത്തോല അരങ്ങെന്ന ആശയം മനസിൽ ഉയർന്നത്. പണ്ട് കുരുത്തോല ചീന്തിക്കെട്ടുകയായിരുന്നു.
1990 മുതലാണ് വളരെ അധ്വാനമുള്ള വെട്ടി മെടഞ്ഞ പ്രാവ് അരങ്ങ്കെട്ടാൻതുടങ്ങിയത്. ഇത് തിരുനാളിന്റെ വേറിട്ട കാഴ്ചയായി. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന മാർ തോമാശ്ലീഹായുടെ തർപ്പണ തിരുനാളിന്റെ മുഖ്യആകർഷണമായ കുരുത്തോല അലങ്കാരം പൂർത്തിയായി. യുവജനം, കമ്മിറ്റിക്കാർ, ഇടവകക്കാർ തുടങ്ങിയവരുടെ കുറെ ദിവസത്തെ അധ്വാനം നൂറുകണക്കിനു കുരുത്തോല ഉയർന്നു.
കെസിവൈഎമ്മിന്റെ സഹകരണത്തിൽ കൺവീനർ അതുൽ സുരേഷിന്റെ നേതൃത്വത്തിൽ ടി.ജെ. ഷാജു, ഇ.ടി. റാഫി, റോണാൾഡ് ആന്റണി, സജി ജോൺ, ഇ.ടി. ജോസ്, ജെഫിൻ ജോണി തുടങ്ങിയവർ ചേർന്ന് ഒരുക്കി.
തിരുനാളിന്റെ ഭാഗമായുള്ള ദീപാലങ്കാരത്തിന്റെ പണി ഇന്നു പൂർത്തിയാകുമെന്ന് കൺവീനർ ബിജു മുട്ടത്ത് അറിയിച്ചു. ദീപാലങ്കാര സ്വിച്ച് ഓൺ ഇന്നു രാത്രി ഏഴിന് ചാവക്കാട് താലൂക്ക് തഹസിൽദാർ കെ.ടി. ബാബു നിർവഹിക്കും. പ്രവാസികളും ഇടവക യൂണിറ്റുകളും ചേർന്നാണ് ദീപക്കാഴ്ച ഒരുക്കുന്നത്. സ്വിച്ച് ഓൺ കർമത്തിനുശേഷം ഇടവകയിൽ അമ്മമാരുടെയും കൊച്ചുകുട്ടികളുടെയും നൃത്തഅരങ്ങേറ്റവും ഉണ്ടായിരിക്കുമെന്ന് കൾച്ചറൽ കൺവീനർ സി. ജി. ജെയ്സൺ അറിയിച്ചു.
Tags : Nattuvishesham District News