ചിറ്റാരിക്കല്‍: തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് എന്ന സ്വപ്നവുമായി ലയണല്‍ മെസിയുടെ അര്‍ജന്റീന കുതിക്കുമ്പോള്‍ ആര്‍പ്പുവിളികളുമായി ചിറ്റാരിക്കാലിലെ തോട്ടുവായില്‍ കുടുംബം. തോട്ടുവായില്‍ മോട്ടോഴ്സ് സ്ഥാപന ഉടമ സജിലാല്‍ പോളും മക്കളായ മാര്ട്ടിന് അര്‍ജന്റീന പോളും അലക്സ് ഏബ്രഹാം പോളും അര്‍ജന്റീനയുടെ അപരാജിതകുതിപ്പില് ആവേശകൊടുമുടിയേറിയിരിക്കുകയാണ്.
അര്‍ജന്റീനയോടുള്ള കടുത്ത ആരാധനയാണ് ബന്ധുക്കളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചും മൂത്തമകന് ആ പേരു നല്കാന് സജിലാലിന് പ്രചോദനമായത്. പുതുതായി വാങ്ങിയ കാറും പൂര്‍ണമായും അര്‍ജന്റൈന്‍ മയമാണ്. കാര്‍ മുഴുവന്‍ അര്‍ജന്റീനയുടെ പതാകയും ചിഹ്നങ്ങളും പതിപ്പിച്ചിരിക്കുകയാണ്. കാര്‍ സര്‍വീസിനു കൊണ്ടുപോകാന്‍ സമയമായെങ്കിലും ലോകകപ്പ് കഴിഞ്ഞ് സ്റ്റിക്കര്‍ നീക്കിയിട്ടു കൊണ്ടുപോകാനാണ് സജിയുടെ തീരുമാനം.
നീലയും വെള്ളയും ഇടകലര്‍ന്ന കുപ്പായത്തോടുള്ള സജിയുടെ ആരാധന ചെറുപ്പം തൊട്ടേയുള്ളതാണ്. 1986ല്‍ ഡീഗോ മറഡോണയും സംഘവും ലോകകപ്പ് നേടിയത് വായിച്ചറിഞ്ഞപ്പോള്‍ തന്നെ ആരാധന തലയ്ക്കുപിടിച്ചു. 1990ലെ ലോകകപ്പ് മത്സരങ്ങള്‍ രണ്ടരകിലോമീറ്റര്‍ നടന്നാണ് വായനശാലയിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയില്‍ കണ്ടത്. അന്നു ടെലിവിഷനും പത്രങ്ങളും എല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയതിനാല്‍ അര്‍ജന്റീനയുടെ ജഴ്സിയുടെ നിറം വെള്ളയും കറുപ്പും ആണെന്നായിരുന്നു വിചാരിച്ചിരുന്നതെന്ന് സജി പറയുന്നു.
ഫുട്ബോള്‍ പ്രേമി മാത്രമല്ല, ഒന്നാന്തരം ഫുട്ബോളറുമായിരുന്നു സജി. ചെമ്പേരിയില്‍ സ്കൂള്‍ പഠനകാലത്ത് സംസ്ഥാന സബ്ജൂണിയര്‍ ഫുട്ബോളില്‍ കണ്ണൂര്‍ ജില്ലയ്ക്കു വേണ്ടി കളിക്കുകയും കേരള ടീമിലേക്ക് സെലക്ഷന് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കളിക്കിടെ കാല്‍മുട്ടിനേറ്റ ഗുരുതരമായ പരിക്കുമൂലം കേരളത്തിന്റെ ജഴ്സി അണിയാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, സജിയുടെ ഫുട്ബോള്‍ കരിയറിന് തന്നെ വിരാമമിടേണ്ടിയും വന്നു. ഭാര്യ റോണിയ സൗദിയില്‍ നഴ്സാണ്. തോമാപുരം സെന്റ് തോമസ് സ്കൂളില്‍ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന മൂത്തമകന് മാര്ട്ടിന് അര്‍ജന്റീനയും മൂന്നാംക്ലാസില്‍ പഠിക്കുന്ന ഇളയമകന് അലക്സും അര്‍ജന്റീനയുടെ കട്ട ആരാധകരാണ്.
Tags : Nattuvishesham District News