കാസർഗോഡ്: പ്ലസ് വൺ പ്രവേശനോത്സവത്തിനു തൊട്ടുപിന്നാലെ റാഗിംഗുമായി ബന്ധപ്പെട്ട് ജില്ലയിൽ മൂന്ന് സ്കൂളുകളിൽ സംഘർഷം. എടനീർ, ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ വിദ്യാർഥികൾക്കും കുമ്പളയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്കുമാണ് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്.
എടനീർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ തടഞ്ഞുനിർത്തി കൈപിടിച്ചു തിരിക്കുകയും തുടർന്ന് തള്ളി നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്ന പരാതിയിൽ 20 പ്ലസ്ടു വിദ്യാർഥികൾക്കെതിരേ വിദ്യാനഗർ പോലീസ് കേസെടുത്തു. ചെവ്വാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം.
ഇന്നലെ രാവിലെയാണ് ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അക്രമത്തിനിരയായത്. ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ ഇട്ടില്ലെന്നുപറഞ്ഞ് നാല് പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് തടഞ്ഞുനിർത്തി അടിക്കുകയും താഴെയിട്ട് ചവിട്ടുകയും ചെയ്തതായാണ് പരാതി. മർദനമേറ്റ കുട്ടിയെ മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് വിദ്യാർഥിയും സ്കൂൾ അധികൃതരും ആദൂർ പോലീസിൽ പരാതി നൽകി. ചൊവ്വാഴ്ച ഈ സ്കൂളിലെ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ബസിനകത്തുവച്ച് സംഘർഷമുണ്ടായിരുന്നു. തുടർന്ന് ബുധനാഴ്ച പ്ലസ്ടു വിദ്യാർഥികൾക്ക് അവധി നൽകിയിരുന്നു. ഇന്നലെ ഇവർ തിരിച്ചെത്തിയതിനു പിന്നാലെയാണ് വീണ്ടും സംഘർഷമുണ്ടായത്.
കുമ്പളയിൽ സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന ഒമ്പതാംക്ലാസ് വിദ്യാർഥിയെ പത്താംക്ലാസുകാർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കുട്ടിയെ മർദിക്കുകയും വാഹനത്തിന്റെ താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് പരാതി. നേരത്തേ സീനിയർ വിദ്യാർഥികൾ ഈ കുട്ടിയെ ക്ലാസിൽനിന്ന് വിളിച്ചിറക്കാൻ ശ്രമിച്ചിരുന്നതായും പറയുന്നു. സംഘടിതമായ റാഗിംഗ് അക്രമങ്ങൾക്ക് ഏതാണ്ട് ഒരേ സ്വഭാവമായതിനാൽ ഓൺലൈൻ ഗെയിമുകളുടെ സ്വാധീനവും ഇതിനു പിന്നിലുണ്ടോയെന്ന സംശയമുയർന്നിട്ടുണ്ട്.
Tags : Nattuvishesham District News