പെരുമ്പടവ്: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് പറവൂർ വെള്ളച്ചാട്ടം. മഴക്കാലത്ത് വർണിക്കാനാവാത്ത സൗന്ദര്യമാണ് വെള്ളച്ചാട്ടത്തിന്. റീലുകളിലൂടെ പ്രസിദ്ധമായതോടെ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. കാലവർഷം സജീവമായതോടെ വിദൂരങ്ങളിൽ നിന്നുപോലും സഞ്ചാരികളുടെ ഒഴുക്കാണ്.
ചുരുങ്ങിയ വർഷത്തിനുള്ളിൽ ഇത്രയേറെ വിനോദസഞ്ചാരികളെ ആകർഷിച്ച കണ്ണൂരിലെ അപൂർവ്വം മഴക്കാല വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ പറവൂർ വെള്ളച്ചാട്ടം. ഇടവപ്പാതി തുടങ്ങിയാൽ ഇവിടെ സഞ്ചാരികൾ ഒഴിഞ്ഞ നേരമില്ല. വെള്ളച്ചാട്ടം ആസ്വദിക്കാൻ മാത്രമല്ല റീൽസ് എടുക്കാനും, കല്യാണ ഷൂട്ടിനും കുടുംബത്തോടൊപ്പം എത്തുന്നവർ ഏറെയാണ്.
നെറ്റിപ്പട്ടം പോലെ കരിമ്പാറക്കൂട്ടത്തിന് നടുവിൽ വെള്ളിനൂൽ കണക്കൊരു വെള്ളച്ചാട്ടം. അടുക്കുമ്പോൾ തന്നെ വെള്ളത്തുള്ളികൾ ശരീരവും മനസും നനച്ചു തുടങ്ങും. പച്ചപ്പിനിടയിൽ പാറക്കെട്ടുകൾക്കിടയിൽ കണ്ണും കാതും കവരുന്നൊരു കാഴ്ച. പണ്ടെങ്ങോ ഉപേക്ഷിക്കപ്പെട്ട പാറമടയിലേക്ക് ജലരേഖകൾ വീണ് ചിതറും. വഴിയാത്രക്കാർക്ക് ഒന്നിറങ്ങിയിട്ട് പോകാമെന്ന് തോന്നിപ്പിക്കുന്ന സൗന്ദര്യമുണ്ട് വെള്ളച്ചാട്ടത്തിന്. അവിചാരിതമായി കണ്ടവർക്കും കേട്ടറിഞ്ഞെത്തുന്നവർക്കും നിരാശയില്ല.
കുട്ടികൾക്കും സ്ത്രീകൾക്കുമെല്ലാം ഇറങ്ങാനാവും വിധം സുരക്ഷിതമാണ് പറവൂർ വെള്ളച്ചാട്ടം. അവധി ദിവസങ്ങളിൽ പ്രതിദിനം 500 പേരെങ്കിലും ഇവിടേക്ക് എത്തുന്നുണ്ടെന്നാണ് കണക്ക്.
കണ്ണൂരിൽനിന്ന് പറവൂരിലേക്ക് 35 കിലോമീറ്ററാണ് ദൂരം. പയ്യന്നൂരിൽ നിന്ന് 20 ഉം തളിപ്പറമ്പിൽ നിന്ന് 13ഉം പഴയങ്ങാടിയിൽ നിന്ന് 16ഉം മാതമംഗലത്തുനിന്ന് അഞ്ചും കിലോമീറ്ററുണ്ട്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്നതും ശബ്ദകോലാഹലങ്ങൾ ഇല്ലാത്തതും സഞ്ചാരികളെ ആകർഷിക്കുന്നു.
Tags : Nattuvishesham District News