കണ്ണൂർ: ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർക്ക് തെറ്റുതിരുത്തിയാൽ പാർട്ടിയിലേക്കു തിരിച്ചു വരാമെന്ന സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജന്റെ അഭിപ്രായത്തെ പാടേ തള്ളി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു എം.വി. ജയരാജൻ അഭിപ്രായപ്രകടനം നടത്തിയത്.
തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കി പാർട്ടി സ്ഥാനാർഥികളെ തോൽപ്പിച്ച് എംഎൽഎമാരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും അടഞ്ഞ അധ്യായമാണെന്ന് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റിയോഗം വ്യക്തമാക്കി. എം.വി. ജയരാജന്റെ അഭിപ്രായത്തെ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണൻ എംഎൽഎയും അപ്പോൾതന്നെ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎമ്മും തള്ളാൻ തീരുമാനിച്ചത്.
നിർണായക ഘട്ടത്തിൽ പാർട്ടിയെ പിന്നിൽനിന്ന് കുത്തിയവർക്കെതിരെ ഒരു തരത്തിലുമുള്ള ഒത്തുതീർപ്പുകളും വേണ്ട. പൂർണമായും അവഗണിക്കുകയാണ് ചെയ്യേണ്ടതെന്നാണ് ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്.
അതേ സമയം, ഇരുവരുടെയും മണ്ഡലങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള പൊതുപരിപാടികളിൽ എംഎൽഎമാർ എന്ന നിലയിൽ ഇരുവർക്കും പങ്കെടുക്കേണ്ട സാഹചര്യമുണ്ടാകും. അത്തരം അവസരങ്ങളിൽ ഇവരെ മാറ്റി നിർത്തിയിൽ പുതിയ വിവാദത്തിനിടയാക്കും. മാധ്യമങ്ങൾ പർവതീകരിച്ചു കാണിക്കുകയും പുതിയ വിവാദത്തിനിടയാക്കുകയുംചെയ്യും. അതിനാൽ ഇത്തരം സാഹചര്യത്തിൽ കരുതലോടു കൂടിയുള്ള നിലപാട് സ്വീകരിക്കണമെന്നും ചിലർ ചൂണ്ടിക്കാട്ടി.
എന്നാൽ പാർട്ടി നിയന്ത്രത്തിലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഒരു പരിപാടികളിലും വിട്ടുവീഴ്ച വേണ്ടെന്നാണ് പൊതുവായുള്ള നിലപാട്. ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരുടെ കാര്യത്തിൽ എം.വി. ജയരാജന് നേരത്തെയുള്ള നിലപാടിൽ മാറ്റം വന്നിട്ടുണ്ടോ എന്ന വിമർശനവും ഉയർന്നു.
ടി.കെ. ഗോവിന്ദനെതിരെ പൊതുയോഗത്തിൽ വർഗവഞ്ചകനെന്ന് വിശേഷിപ്പിച്ച ജയരാജൻ അഭിമുഖത്തിൽ നടത്തിയ പരാമർശം നേരത്തെയുള്ള നിലപാടിനെ മയപ്പെടുത്തുന്നതാണെന്ന കുറ്റപ്പെടുത്തലും ഉണ്ടായി. എം.വി. ജയരാജന്റെ പ്രസ്താനവനയെ തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചതും ചർച്ചയായി. നേതാക്കളുടെ ഭാഗത്തു നിന്നും ജാഗ്രതയോടെയുള്ള പെരുമാറ്റമാണ് വേണ്ടതെന്ന നിർദേശവും ഉയർന്നു.
Tags : Nattuvishesham District News