ഗുരുവായൂർ: സെപ്റ്റേജ് കളക്ഷൻ വാഹനം ഉപയോഗിച്ച് ചക്കംകണ്ടം ട്രീറ്റ്മെന്റ് പ്ലാന്റിൽ സെപ്റ്റേജ് മാലിന്യസംസ്കരണം നടത്തുന്ന വിഷയത്തിൽ സർവകക്ഷിയോഗം വിളിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. മണലൂർ, ഗുരുവായൂർ എംഎൽഎ മാരെ ഉൾപ്പെടുത്തി പ്രദേശത്തെ ജനങ്ങളെ പങ്കെടുപ്പിച്ച് യോഗം വിളിക്കും.
ജനങ്ങളുടെ ആശങ്ക പരിഹരിച്ചശേഷം തീരുമാനമെടുക്കും. ഇക്കാര്യത്തിൽ സിപിഐ കൗൺസിലർമാർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.പ്ലാന്റിന്റെ ശേഷി വർധിപ്പിച്ച് മാലിന്യം പ്ലാന്റിലെത്തിച്ച് സംസ്കരിച്ചാൽ മതിയെന്ന നിലപാടാണ് സിപിഐ പ്രതിനിധിയായ വൈസ് ചെയർപേഴ്സൺ കെ.കെ. ജ്യോതിരാ ജ് സ്വീകരിച്ചത്. വാഹനത്തിൽ മാലിന്യം പ്ലാന്റിലെത്തിച്ച് സംസ്കരിക്കുന്നതിൽ സിപിഐ എതിർക്കുന്നതായും പറഞ്ഞു.
സെപ്റ്റേജ് മാലിന്യ സംസ്കരണത്തിനായി നഗരസഭ 27 ലക്ഷം ചെലവഴിച്ചുവാങ്ങിയ വാഹനം ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഗുരുവായൂരിലെ ഭൂഗർഭ ജലത്തിൽ ഇ കോളി ബാക്ടീരയുടെ അളവ് കൂടുതലാണെന്ന് പൊള്യൂഷൻ കൺട്രോൾ ബോർഡ് അറിയിച്ചിട്ടുള്ളതാണ്. തോടുകളിലെ മാലിന്യം ഇല്ലാതാക്കാൻ വാഹനം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. വാഹനം ഉപയോഗിച്ച് മാലിന്യസംസ്കരണം നടത്തിയില്ലെങ്കിൽ നഗരസഭക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നടപടി ഉണ്ടാകും.
വാഹനത്തിൽ സെപ്റ്റേജ് മാലിന്യം പ്ലാന്റിൽ കൊണ്ടുപോകുന്നതിന് പ്രദേശ വാസികൾ കടുത്ത എതിർപ്പിലാണ്. ഈ സാഹചര്യത്തിലാണ് ഉടൻ സർവകക്ഷിയോഗം വിളിക്കാൻ തീരുമാനിച്ചത്. ചെയർപേഴ്സൺ സുനിത അരവിന്ദൻ അധ്യക്ഷയായി. പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, കൗൺസിലർമാരായ എ.എസ്. മനോജ്, ജോയ് ചെറിയാൻ, ആൻ്റോ തോമസ്, ജലീൽ പണിക്കവീട്ടിൽ, എ.ടി. ഹംസ, മെഹ്റൂഫ്, ബിന്ദു അജിത് കുമാർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
ഗാന്ധിപ്രതിമ പുനർനിർമിക്കാൻ കൗൺസിൽ തീരുമാനം
ഗുരുവായൂർ: പത്തുമാസമായിട്ടും ഗാന്ധി പ്രതിമക്ക് രൂപ സാദൃശ്യമായില്ല. ഗുരുവായൂർ നഗരസഭ ബയോ പാർക്കിലെ ഗാന്ധിപ്രതിമ പുനർനിർമിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ചൂൽപ്പുറത്തെ ബയോപാർക്കിൽ കഴിഞ്ഞ വർഷം ഒക്ടോബർ 25ന് ഹരിതകർമ സേനയുടെ നവീകരിച്ച ആഗ്രോ നഴ്സറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബയോ പർക്കിന് മുമ്പിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്കാണ് ഇതുവരെ രൂപസാദൃശ്ര്യം വരാത്തതിനാൽ പുതുക്കി പണിയാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച അജൻഡയിൽ ബിജെപി അംഗം ശോഭ ഹരി നാരായണനും സിപിഎം കൗൺസിലർ കെ.എസ്. അനൂപുമായി തർക്കമായി.ഗാന്ധി ഘാതക നുമായി ബന്ധപ്പെട്ട അനൂപിന്റെ പരാമർശമാണു തർക്കത്തിനു കാരണമായത്.
ഒടുവിൽ മനോഹരമായ ഗാന്ധി പ്രതിമ നിർമിക്കാൻ തീരുമാനിക്കാമെന്ന ചെയർപേഴ്സൺ സുനിത അരവിന്ദന്റെ വിശദീകരണത്തോടെയാണു തർക്കം അവസാനിച്ചത്. കഴിഞ്ഞ വർഷം ഉദ്ഘാടനദിവസം അനാശ്ചാദനം ചെയ്ത ഗാന്ധി പ്രതിമയെക്കുറിച്ച് വലിയ വിമർശനം ഉയർന്നിരുന്നു.പിന്നീട് അത് മൂടിയിടുകയായിരുന്നു.വരുന്ന ഒക്ടോബർ രണ്ടിന് പുതിയ ഗാന്ധി പ്രതിമ പൂർത്തീകരിക്കാനാണു ലക്ഷ്യം.
റെയിൽവെ മേൽപ്പാലത്തിലെ ലൈറ്റുകൾ പ്രകാശിക്കുന്നില്ലെന്ന മാധ്യമ വാർത്തകൾ യുഡിഎഫ് കൗൺസിലർ റഷീദ് കുന്നിക്കൽ ചെയർപേഴ്സന്റെ ശ്രദ്ധയിൽപെടുത്തി. മേൽപ്പാലത്തിലെ ലൈറ്റുകൾ നഗരസഭയുടെ ചുമതലയിൽ അല്ലെന്നും ചുമതലക്കാരായ ആർബിഡിസികെയെ വിവരം അറിയിച്ചതായും മുനിസിപ്പൽ എൻജിനീയർ അറിയിച്ചു.
Tags : Nattuvishesham District News