കോട്ടയം: വിളവെടുപ്പ് സീസണില്‍ റംബുട്ടാനു വിലയില്ലാതായതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. വർഷങ്ങള്‍ക്കു മുമ്പു കിലോഗ്രാമിനു 350 രൂപ വരെ ലഭിച്ചിരുന്ന റംബുട്ടാന് ഇത്തവണത്തെ സീസണില്‍ ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥയിലാണ്. വല വിരിച്ചു സംരക്ഷിച്ച റംബുട്ടാന് തോട്ടങ്ങളില്‍നിന്നു വിളവെടുപ്പുപോലും കച്ചവടക്കാര്‍ എത്താതിരിക്കുന്ന സാഹചര്യമായതോടെ ജില്ലയിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്.
മുന്‍കാലങ്ങളില്‍ റംബുട്ടാന് പാകമാകുന്നതിനു മാസങ്ങള്‍ക്കു മുമ്പുതന്നെ മൊത്തക്കച്ചവടക്കാര്‍ സ്ഥലത്തെത്തി വ്യാപാരം ഉറപ്പിക്കുക പതിവായിരുന്നു. പലരും മികച്ച വിളവും വിലയും മുന്നില്‍ക്കണ്ട് ഒട്ടുമിക്ക റംബുട്ടാന് മരങ്ങളും വലകള്‍ വിരിച്ചു സംരക്ഷിച്ചിരുന്നു. എന്നാല്‍ വില കുറഞ്ഞതോടെ വ്യാപാരികള്‍ പഴം ശേഖരിക്കാന്‍ മടിക്കുകയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു റംബുട്ടാന് വിളവെടുപ്പ് സീസണായ ജൂലൈയില്‍ വില കുത്തനെ ഇടിയുകയാണ്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള നിരവധി കര്‍ഷകരാണ് മുന്‍ വര്‍ഷങ്ങളില്‍ റബര്‍ കൃഷി ഒഴിവാക്കി റംബുട്ടാനിലേക്കു തിരിഞ്ഞിരുന്നത്.
വിപണിയില്‍ കിലോഗ്രാമിനു 150 രൂപയ്ക്കാണു റംബുട്ടാന് വില്‍ക്കുന്നത്. മാസങ്ങള്‍ക്കു മുമ്പു വിലപറഞ്ഞുറപ്പിച്ച വ്യാപാരികളും റംബുട്ടാന് വാങ്ങാന്‍ എത്താത്ത സ്ഥിതിയുണ്ട്. ഉത്പാദനച്ചെലവ് കണക്കിലെടുക്കുമ്പോള്‍ കിലോഗ്രാമിനു കുറഞ്ഞത് 180 രൂപയെങ്കിലും ലഭിച്ചാലേ കൃഷി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കൂവെന്നു കര്‍ഷകര്‍ പറയുന്നു.
മുന്‍കാലങ്ങളില്‍ 300 മുതല്‍ 350 രൂപ വരെ വില ലഭിച്ചിരുന്ന സ്ഥാനത്താണ് 150 രൂപ ലഭിക്കുന്നത്. വിളവെടുപ്പ് സീസണില്‍ സാമൂഹികമാധ്യമങ്ങളിലൂടെ റംബുട്ടാനെതിരെ ബോധപൂര്‍വമായ പ്രചാരണങ്ങള്‍ നടക്കുന്നതായും ഇത് ആവശ്യകത കുറയ്ക്കാന്‍ കാരണമായതായും കച്ചവടക്കാര്‍ ആരോപിക്കുന്നു.
കൃഷി വര്‍ധിച്ചതോടെ ഉത്പാദനവും കൂടിയതാണ് വിലയിടിവിനു കാരണമായി പറയപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളില്‍ വീടുകളില്‍ നട്ടുവളര്‍ത്തുന്ന റംബുട്ടാന് മരങ്ങളും കായ്ച്ചു തുടങ്ങിയതോടെ പ്രാദേശികമായുള്ള വിപണനസാധ്യതയും കുറഞ്ഞു.
Tags : Nattuvishesham District News